സാമ്പത്തിക പ്രതിസന്ധിയിൽ കുഴഞ്ഞ് ശ്രീലങ്ക, അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക എന്ന രാജ്യംകടന്ന് പോകുന്നത്. സൈന്യത്തിനും പോലീസിനും എതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭം സോഷ്യൽ മീഡിയയിലൂടെ നിങ്ങളും കണ്ട് കാണുമെന്ന് വിശ്വസിക്കുന്നു. സംഘർഷം രൂക്ഷമായതിന് പിന്നാലെ മന്ത്രിസഭ പിരിച്ചുവിടുകയും പുതിയ ധനമന്ത്രി സ്ഥാനം ഏൽക്കുകയും ചെയ്തു. എന്നാൽ സ്ഥാനം ഏറ്റു ഒരു ദിവസം തികയുന്നതിന് മുമ്പ് തന്നെ അദ്ദേഹം രാജിവച്ച് മാറുകയാണ് ചെയ്തത്.
മതപരമായും സാംസ്കാരികപരമായും സാമൂഹികപരമായും ശ്രീലങ്ക ഇന്ത്യയോട് ഏറെ അടുത്ത് നിൽക്കുന്ന രാജ്യമാണ്. എന്നാൽ സാമ്പത്തിക പരമായി നോക്കിയാൽ ഇന്ത്യയോട് അത്ര അടുപ്പമില്ലാത്തെ രാജ്യമാണ് ശ്രീലങ്കയെന്ന് കാണാം. ചൈനയുടെ കടകെണിയിൽ പെട്ട് സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ശ്രീലങ്ക ഇപ്പോൾ. 2018ൽ മുതൽ ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചിട്ടും സർക്കാർ ഇത് മറികടക്കാൻ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്ത് കൊണ്ടാണ് ശ്രീലങ്ക ഇത്തരം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിവീണത്? ഇതുമായി ബന്ധപ്പെട്ട 5 പ്രധാന കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
വിദേശനാണ്യ കരുതൽ ശേഖരം കുറയുകയും , പണപ്പെരുപ്പം 17.5 ശതമാനമായി ഉയരുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷം കൊണ്ട് തന്നെ ശ്രീലങ്ക തങ്ങളുടെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ 70 ശതമാനവും ചെലവാക്കി. 2022 ഫെബ്രുവരിയിലെ കണക്കുപ്രകാരം രാജ്യത്തെ കരുതൽ ഡോളർ ശേഖരം എന്നത് 2.3 ബില്യൺ ഡോളറാണ്. എന്നാൽ 2022 ഓടെ ചൈനയ്ക്ക് അവർ നൽകേണ്ടുന്ന കടം എന്ന് 4 ബില്യൺ ഡോളറോളം വരും. രാജ്യത്തിന്റെ ഒരു ബില്യൺ കടം എന്നത് ജൂലൈയിൽ കാലാവധി കഴിയുന്ന അന്താരാഷ്ട്ര ബോണ്ടുകൾക്ക് നൽകേണ്ടതാണ്. ചൈന, ജപ്പാൻ, ഏഷ്യൻ ഡവലപ്പ്മെന്റ് ബാങ്ക് എന്നിവർക്കാണ് ഇത് ലഭിക്കേണ്ടത്. 2022 ലെ കണക്കുപ്രകാരം മൊത്തം അടയ്ക്കേണ്ടുന്ന കടം എന്നത് 50.7 ബില്യണാണ്.
രാജ്യത്തെ റീട്ടെിൽ പണപ്പെരുപ്പം എന്നത് 17.5 ശതമാനമായി രേഖപ്പെടുത്തി. ഇത് ഏഷ്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. ഭക്ഷ്യ വിലകയറ്റം എന്നത് 25.7 ശതമാനമായി കാണപ്പെടുന്നു. 2022 മാർച്ച് 30ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2021 ഓഗസ്റ്റിലും സമാനമായ രീതിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
രാജപക്സെ കുടുംബമാണ് രാജ്യത്തിന്റെ മുഴുവൻ ഭരണവും നടത്തുന്നത്.
ശക്തരായ രാജപക്‌സെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ശ്രീലങ്കൻ രാഷ്ട്രിയം മുന്നോട്ട് പോയിരുന്നത്. മന്ത്രിസഭയിലും ഗവൺമെന്റിലും ജുഡീഷ്യറിയിലും സ്വാധീനമുള്ള സ്ഥാനങ്ങൾ രാജപക്സെ കുടുംബത്തിലുള്ളവരാണ് വഹിച്ചിരുന്നത്. ഇതിനാൽ തന്നെ സ്വജനപക്ഷപാതം രാജ്യത്ത് ശക്തമായി വളർന്നു. ശ്രീലങ്കയുടെ പ്രധാനമന്ത്രിയാണ് മഹിന്ദ രാജപക്‌സെ. അദ്ദേഹത്തിന്റെ ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ ഗോതഭയ രാജപക്‌സെയെ മുമ്പൊരിക്കൽ തിരഞ്ഞെടുപ്പ് പോലും നടത്താതെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചിരുന്നു. ബേസിൽ രാജപക്‌സെ എന്ന മറ്റൊരു സഹോദരൻ രാജ്യത്തിന്റെ ധനമന്ത്രിയായി ചുമതലവഹിച്ചിരുന്നു.
മഹിന്ദയുടെ മൂത്ത സഹോദരൻ ചമൽ രാജപക്‌സെ 2010-15 കാലയളവിൽ ശ്രീലങ്കൻ പാർലമെന്റിന്റെ സ്പീക്കറായി പദവിവഹിച്ചിരുന്നു. പിന്നീട് 2022 ഏപ്രിൽ വരെ അദ്ദേഹം ജലസേചന മന്ത്രിയായി തുടർന്നു. രാജപക്സെയുടെ ബന്ധുക്കളിൽ പലരും രാജ്യത്തെ പ്രധാന പദവികളിൽ സേവനം അനുഷ്ടിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നപ്പോൾ പോലും ഇവരിൽ പലർക്കും വിദേശ രാജ്യങ്ങളിലെ പൌരത്തം ഉണ്ടായിരുന്നു എന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
മന്ത്രിസഭ പിരിച്ചുവിട്ടതിന് ശേഷം അടിയന്തരമായി രൂപീകരിച്ച മന്ത്രിസഭയിൽ രാജപക്സെ കുടുംബത്തിൽ നിന്നുള്ള മുൻ മന്ത്രിമാരായ 4 പേരെയും ഉൾപ്പെടുത്തിയില്ല. ഇതേതുടർന്ന് കുടുംബത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭക്ഷണം, ഊർജ്ജം, ഇന്ധനം എന്നിവ ഇല്ലാതെ നട്ടംതിരിഞ്ഞ് ശ്രീലങ്ക
ശ്രീലങ്കയിൽ ഭക്ഷണം, പവർ, ഇന്ധനം എന്നിവയുടെ ക്ഷാമം രൂക്ഷമാവുകയാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ജനങ്ങൾ മണിക്കൂറുകളോളം തെരുവിൽ ക്യൂ നൽക്കുകയാണ്. മണ്ണെണ്ണ, പാൽപ്പൊടി, അരി, പഞ്ചസാര എന്നിവയുടെ വില ഇരട്ടിയായി. ജൈവ വളത്തെ പ്രോഹത്സാഹിപ്പിക്കുന്നതിനായി രാസവസ്തുക്കളുടെ ഇറുക്കുമതിയും ശ്രീലങ്കൻ സർക്കാർ നിരോധിച്ചിരുന്നു. ഇത് രാജ്യത്തെ കാർഷിക ഉത്പാദനം കുറയാൻ കാരണമായി. ഇത് കർഷകരെ സാമ്പത്തികമായി തളർത്തുകയും രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് കാരണം ആകുകയും ചെയ്തു. ഇത് ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധിക്കാൻ കാരണമായി.
ആവശ്യത്തിന് ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയാത്തിനെ തുടർന്ന് രാജ്യം പവർ കട്ടിലേക്ക് പോയി. ലൈൻ ഓഫ് ക്രെഡിറ്റ് വഴി കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ ഏകദേശം 200,000 മെട്രിക് ടൺ ഇന്ധനമാണ് കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകി സഹായിച്ചത്. എന്നാൽ അധിക കാലം ഇത്തരത്തിൽ മുന്നോട്ട് പോകാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ല.
ഇന്ധന ക്ഷാമം രൂക്ഷമായതോടെ പമ്പുകളിൽ സൈന്യത്തെ നിർത്തി വിതരണം നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് വരെ ശ്രീലങ്ക എത്തപ്പെട്ടു. ഇത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് കാരണമായി.
ടൂറിസത്തിലൂടെയും തെയില കയറ്റുമതി ചെയ്യുന്നതിലൂടെയുമാണ് ശ്രീലങ്കയ്ക്ക് ഡോളർ ലഭിച്ചു കൊണ്ടിരുന്നത്. വളരെ ആവശ്യമുള്ള വസ്തുക്കളാണ് രാജ്യം പുറത്തേക്ക് കയറ്റി അയച്ചിരുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ തുടർച്ചയായ ലോക്ക്ഡൌൺ മൂലം കയറ്റു മതി കുറയുകയും അത് ഡോളറിന്റെ വരവിനെ ബാധിക്കുകയും ചെയ്യ്തു.
ശ്രീലങ്കയെ കടകെണിയിൽ കുടുക്കി ചൈന
ശ്രീലങ്കയുടെ കടബാധ്യതയിൽ നിന്ന് ചൈനയ്ക്ക് വളരെയധികം നേട്ടമാണുള്ളത്. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ 10 ശതമാനത്തോളം ചൈനയ്ക്ക് കടപ്പെട്ടിരിക്കുന്നു. 2020 സാമ്പത്തിക വർഷം ശ്രീലങ്കയുടെ പ്രധാന ഇറക്കുമതി പങ്കാളിയായി കൊണ്ട് ചൈന ഇന്ത്യയെ മറികടന്നു. ഇന്ത്യയുടെ കയറ്റുമതി ബാസ്‌ക്കറ്റിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശ്രീലങ്കയ്ക്ക് എങ്കിലും, അതിന്റെ സ്ഥാനം ഏറെ നിർണായകമാണ്. 2021 സെപ്റ്റംബറിൽ ഇത് സംബന്ധിച്ച് ഒരു ലേഖനം ഞങ്ങൾ പ്രസ്ദ്ധീകരിച്ചിരുന്നു. വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
ശ്രീലങ്കയുടെ അവസാന ആശ്രയം ഇന്ത്യയായേക്കാം
ഇന്ത്യ ശ്രീലങ്കയ്ക്ക് 1.5 ബില്യൺ ഡോളറാണ് ക്രെഡിറ്റ് ലൈനായി നൽകിയത്. പെട്രോളിയം വാങ്ങാനും 500 മില്യൺ യുഎസ് ഡോളർ ക്രെഡിറ്റ് ലൈനിൽ നൽകിയിട്ടുണ്ട്. 400 മില്യൺ ഡോളറിന്റെ കറൻസി സ്വാപ്പ് നീട്ടിക്കൊണ്ടും 515 മില്യൺ ഡോളറിന്റെ ഏഷ്യൻ ക്ലിയറിംഗ് യൂണിയൻ സെറ്റിൽമെന്റ് മാറ്റിവയ്ക്കാനും ഇത് ശ്രീലങ്കയെ സഹായിച്ചു. ഇതിനൊപ്പം തന്നെ ശ്രീലങ്കയിലെ നിക്ഷേപം വർദ്ധിപ്പിക്കാമെന്നും ഇന്ത്യ ഉറപ്പ് നൽകി. ഇന്ത്യ ശ്രീലങ്കയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ, അതിന്റെ ഏറ്റവും വലിയ പങ്കാളിയും കടം നൽകിയിട്ടുള്ളതുമായ ചൈന കണ്ണടയ്ക്കുന്നതായി തോന്നുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകത്തെ വരുമാനം കുറഞ്ഞ രാജ്യമായ ശ്രീലങ്കയ്ക്ക് തുടർച്ചയായി കടം നൽകി കൊണ്ടിരുന്ന ചൈന ഇപ്പോൾ സഹായം നിർത്തുമ്പോൾ അത് ഇന്ത്യയ്ക്ക് അനുകൂലമായ അവസരം ഒരുക്കുന്നു.
Post your comment
No comments to display