ഇലക്ട്രിക് വാഹന മേഖല കീഴടക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, ടാറ്റാ മോട്ടോഴ്സിനുള്ള വെല്ലുവിളിയോ?
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ജനപ്രിയമാവുകയാണ്.
ഇലക്ട്രിക് വാഹന രംഗത്തെ സാധ്യതകൾ മനസിലാക്കി കൊണ്ട് ഇപ്പോഴിത അദാനി ഗ്രൂപ്പും ഇവി രംഗത്തേക്ക് ചുവട് ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇവി മേഖലയിൽ എങ്ങനെ നിലയുറപ്പിക്കാൻ പദ്ധതിയിടുന്നുവെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ഇവിയിലേക്കുള്ള നീക്കം
- ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ‘അദാനി’ എന്ന പേരിൽ എസ്.ബി. അദാനി ഫാമിലി ട്രസ്റ്റ് ഒരു ട്രേഡ് മാർ്ക്ക് രജിസ്റ്റർ ചെയ്തു.
- അദാനി ഗ്രൂപ്പ് ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾക്കായി ഗുജറാത്തിലെ മുന്ദ്രയിൽ റിസർച്ച് & ഡെവലപ്‌മെന്റ് സംവിധാനം സ്ഥാപിക്കും.
- അദാനിയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉപയോഗിക്കുന്നതിനായി ഇലക്ട്രിക് വാണിജ്യ വാഹനങ്ങൾ നിർമ്മിക്കുക എന്നതാണ് കമ്പനിയുടെ ആദ്യ പദ്ധതി.
- ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ബാറ്ററികൾ നിർമ്മിക്കാനും ഇന്ത്യയിലുടനീളം ഇവി ചാർജിംഗ് സ്റ്റേഷൻ ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു.
അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി പദ്ധതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിത ഊർജ ലക്ഷ്യങ്ങളുമായി അദാനി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ വിന്യസിച്ചിരിക്കുകയാണ്. സോളാർ, കാറ്റ്, ഗ്രീൻ ഹൈഡ്രജൻ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ മൊത്തം പോർട്ട്‌ഫോളിയോയിലുള്ള പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപാദന ശേഷിയുടെ വിഹിതം നിലവിലുള്ള 21 ശതമാനത്തിൽ നിന്ന് 63 ശതമാനമായി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
2025 വരെ ആസൂത്രിത മൂലധനച്ചെലവിന്റെ 75 ശതമാനം ഗ്രീൻ ടെക്‌നോളജികൾക്കായി കമ്പനി ചെലവഴിക്കും. 2021 ഒക്ടോബറിൽ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 3.5 ബില്യൺ ഡോളറിന് എസ്ബി എനർജി ഇന്ത്യയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. ജപ്പാൻ ആസ്ഥാനമായുള്ള സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെയും ഭാരതി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്ബി എനർജി ഇന്ത്യ. രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിൽ നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
ഊർജ മേഖലയിലേക്ക് കടക്കുന്നതിനായി അടുത്തിടെ അദാനി ഗ്രൂപ്പ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം ആരംഭിച്ചു. ഗ്രീൻ ഹൈഡ്രജനും മറ്റ് ഉൽപ്പന്നങ്ങളായ വിൻഡ് ടർബൈനുകളും സോളാർ മൊഡ്യൂളുകളും ബാറ്ററികളും ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ കമ്പനിയാകാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
മുന്നിലേക്ക് എങ്ങനെ?
ഇന്ത്യൻ ഇവി വിപണി ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ഇലക്‌ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം നമ്മുടെ രാജ്യത്തെ ഹരിത ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. ഇതിന് സർക്കാർ, ഓട്ടോമൊബൈൽ, വാഹന ഘടക നിർമ്മാതാക്കൾ, കെമിക്കൽ നിർമ്മാതാക്കൾ തുടങ്ങിയവരിൽ നിന്നുള്ള ഏകോപിത ശ്രമങ്ങൾ ആവശ്യമാണ്. മാത്രമല്ല, ഇവി വിപ്ലവത്തിന് ഗവേഷണത്തിലും ഉൽപ്പന്ന വികസനത്തിലും ഗണ്യമായ നിക്ഷേപം ആവശ്യമാണ്, പ്രത്യേകിച്ചും ബാറ്ററി/ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ.
കെെവശമുള്ള നിക്ഷേപം ഉപയോഗിച്ചു കൊണ്ട് മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. നെറ്റ്-സീറോ എമിഷൻ എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് പുതിയ നീക്കം. രാജ്യത്ത് ചെലവ് കുറഞ്ഞ ഇവികൾ നിർമ്മിക്കുന്നതിന് അദാനി ഗ്രൂപ്പ് കമ്പനിയുടെ കഴിവുകൾ പ്രയോജനപ്പെടുത്തും. ഇത് ഇവി മേഖലയിൽ ശക്തമായ മത്സരത്തിന് ഇടയാക്കും.
കമ്പനി ഈ പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.
Post your comment
No comments to display