ചരക്ക് വിപണിയിലെ വ്യാപാര രീതിയും എം.സി.എക്സിലെ നിക്ഷേപ സാധ്യതയും; കൂടുതൽ അറിയാം

Home
editorial
an explainer on commodities trading and indias mcx
undefined

ധാരാളം പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമായ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലോഹ ശേഖരവും നമുക്ക് ഉണ്ട്. ജനസംഖ്യയുടെ നല്ല ഒരു ശതമാനം ആളുകളും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കാണാം. ഇത് വ്യവസായത്തെ മുന്നിലേക്ക് കൊണ്ട് പോകുന്നു.

സ്വർണം, ചെമ്പ്, ക്രൂഡ് ഓയിൽ, പയറുവർഗ്ഗങ്ങൾ മുതലായ ചരക്ക് വസ്തുകൾ വ്യാപാരം ചെയ്യുന്നതിന് ഇന്ത്യയിൽ ചില എക്സ്ചേഞ്ചുകൾ ഉണ്ട്. ഇന്നത്തെ ലേഖനത്തിലൂടെ ഇന്ത്യയിലെ ചരക്ക് വ്യാപാര രംഗത്തെ പറ്റിയും രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി ഡെറിവേറ്റീവ് എക്സ്ചേഞ്ചായ എം.സി.എക്സിനെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

എന്താണ് കമ്മോഡിറ്റി ട്രേഡിംഗ് ?

മനുഷ്യ ജീവിതത്തിൽ ആവശ്യമായ വസ്തുക്കളെയാണ് കമ്മോഡിറ്റി അഥവ ചരക്ക് എന്ന് വിളിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, ഊർജം, മെറ്റൽ തുടങ്ങിയ എന്തും ഈ വിഭാഗത്തിൽ ഉൾപ്പെടും. ലളിതമായി പറഞ്ഞാൽ ഇത്തരം വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് കമ്മോഡിറ്റി വ്യാപാരം എന്ന് പറയുന്നത്. ഉത്പാദകർക്ക് തങ്ങളുടെ ഉത്പന്നം ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വിൽക്കാൻ ഈ ഫ്ലാറ്റ്ഫോം സഹായിക്കും.

കമ്മോഡിറ്റി ഫ്യൂച്ചർസ്, ഓപ്ഷൻ കരാറുകളിലൂടെയാണ് ഇത്തരം വ്യാപാരങ്ങൾ സാധാരണയായി നടക്കുന്നത്. ഉത്പന്നത്തിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് കരാറുകളുടെ മൂല്യം നിശ്ചയിക്കുക. ഭാവിയിൽ ഒരു നിർദ്ദിഷ്ട തീയതിയിൽ ഒരു ചരക്കിന്റെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അളവ് നിർദ്ദിഷ്ട വിലയ്ക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഈ കരാർ അനുവദിക്കുന്നു.  കാലാവധി പൂർത്തിയാകുമ്പോൾ, കരാറിന്റെ നിബന്ധനകൾ അനുസരിച്ച് ഒരാൾക്ക് ചരക്ക് ഫിസിക്കലായി വാങ്ങി നൽകുകയോ പണം നൽകുകയോ ചെയ്യാം.

എക്സ്ചേഞ്ചിൽ പ്രധാനമായും നാല് തരം ചരക്കുകളാണ് ട്രേഡ് ചെയ്യുന്നത്:

  1. Metals – സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് എന്നിവ ഇതിൽ ഉൾപ്പെടും. 

  2. Energy – ക്രൂഡ് ഓയിൽ, ഗ്യാസ് ഓൺലെെൻ, ഹീറ്റിംഗ് ഗ്യാസ് എന്നിവ ഇതിൽ ഉൾപ്പെടും. 

  3. Agriculture – ഗോതമ്പ്, അരി, കൊക്കോ, റാഗി, സോയ എന്നിവ ഇതിൽ ഉൾപ്പെടും. 

  4. Livestock & Meat – മുട്ട, കന്നുകാലി, പന്നിയിറച്ചി എന്നിവ ഇതിൽ ഉൾപ്പെടും. 

ചരക്ക് വ്യാപാരം സാധാരണയായി ബാരൽ എണ്ണ, ബുഷെൽ ധാന്യം, കിലോഗ്രാം ഗോതമ്പ് മുതലായവയിൽ ലോട്ട് അളവിലാണ് നടക്കുന്നത്.

Multi Commodity Exchange (MCX)

രാജ്യത്ത് ചരക്ക് ഡെറിവേറ്റീവുകളുടെ ഓൺലൈൻ വ്യാപാരം സുഗമമാക്കുന്നതിനുള്ള ഫ്ലാറ്റ്ഫോമാണ് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്. സെബിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം 2003ലാണ് പ്രവർത്തനം ആരംഭിച്ചത്. പല എന്റിറ്റികളും ഒരു എക്സ്ചേഞ്ചിൽ ചരക്ക് ഡെറിവേറ്റീവുകൾ വാങ്ങുകയും വിൽക്കുകയും  ചെയ്യുമ്പോൾ, അത് പ്രധാന ചരക്കുകളുടെ മികച്ച വില കണ്ടെത്താൻ സഹായകരമാകുന്നു.

മറ്റു എക്സ്ചേഞ്ചുകളെ പോലെ തന്നെ എംസിഎക്സിന് വരുമാനം ലഭിക്കുന്നത് ട്രാൻസാക്ഷൻ ഫീസ്, ബ്രോക്കറുകളിൽ നിന്നുള്ള സബ്സ്ക്രിപ്ഷൻ  പ്രവേശന ഫീസ്, ടെർമിനൽ ചാർജുകൾ എന്നിവയിൽ
നിന്നുമാണ്. ചരക്ക് എഫ് & ഒ കരാറുകളുടെ മൊത്തം വിറ്റുവരവിലാണ് കമ്പനിയുടെ ഇടപാട് ഫീസ് കണക്കാക്കുന്നത്. ഇന്ത്യൻ ചരക്ക് ഡെറിവേറ്റീവ് വിപണിയിൽ എംസിഎക്സിന് 95.04 ശതമാനം ഓഹരി വിഹിതമാണുള്ളത്. 

മറ്റ് ഓഫറുകൾ

എം‌സി‌എക്സ്  ഇന്ത്യൻ കമ്മോഡിറ്റി ഇൻഡൈസസ്  അഥവ  iCOMDEX വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ചരക്ക് ഫ്യൂച്ചേഴ്സ് വില സൂചികകളുടെ തത്സമയ ഡാറ്റ ലഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, എക്‌സ്‌ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്ന ചരക്ക് ഫ്യൂച്ചർ കരാറുകളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത സൂചികകൾ വിശകലനം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. ഇതിൽ  iCOMDEX Base Metals, iCOMDEX Bullion, iCOMDEX Crude Oil എന്നീ സൂചികകൾ ഉൾപ്പെടും.

ComRIS  എന്നറിയപ്പെടുന്ന ഒരു വെബ് അധിഷ്ഠിത ഡാറ്റ സേവനവും കമ്പനി നടത്തുന്നു. രജിസ്റ്റർ ചെയ്ത വെയർഹൗസുകളിലെ എല്ലാം ചരക്ക്  ഇടപാടുകളുടെയും ഇലക്ട്രോണിക് റെക്കോർഡായി ഇതിലൂടെ സൂക്ഷിക്കുന്നു. ട്രേഡിംഗ് വോള്യങ്ങൾ, വില, വിലകളിലെ മാറ്റങ്ങൾ എന്നിവ എം‌സി‌എക്‌സിൽ സുതാര്യമാണ്.

ട്രേഡ് ക്ലിയറിംഗ്, സെറ്റിൽമെന്റ് സേവനങ്ങളും ഡാറ്റ ഫീഡ് സേവനങ്ങളും എംസിഎക്സ് നൽകുന്നു. മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രമുഖ എക്സ്ചേഞ്ചുകളുമായും കമ്പനിക്ക് സഖ്യമുണ്ട്. ചൈനയിലെ ഡാലിയൻ കമ്മോഡിറ്റി എക്സ്ചേഞ്ച് , ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച്, തായ്‌വാൻ ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച്  എന്നിവ ഇതിൽ ഉൾപ്പെടും.

എം‌സി‌എക്‌സിൽ വ്യാപാരം ചെയ്യുന്ന പ്രധാന ചരക്കുകൾ?

  • Bullion -ഗോൾഡ്, ഗോൾഡ് ഗ്വിനിയ, ഗോൾഡ് പെറ്റൽ, ഗോൾഡ് ഗ്ലോബൽ, സിൽവർ എന്നിവ ഇതിൽ ഉൾപ്പെടും.

  • Agriculture Commodities – ഏലം, കോട്ടൺ, ക്രൂഡ് പാം ഓയിൽ, കപാസ്, മെന്ത ഓയിൽ, കാസ്റ്റർ സീഡ്, ആർ‌ബിഡി പാമോലിയൻ, കുരുമുളക് എന്നിവ ഇതിൽ ഉൾപ്പെടും.

  • Energy – അസംസ്കൃത എണ്ണ, പ്രകൃതിവാതകം, ബ്രെന്റ് ക്രൂഡ് ഓയിൽ എന്നിവ ഇതിൽ ഉൾപ്പെടും.

  • Metal – അലുമിനിയം, കോപ്പർ, ലെഡ്, നിക്കൽ, സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടും.

സാമ്പത്തിക സ്ഥിതി

കമ്പനിയുടെ വരുമാനവും വളർച്ചയും ഒത്തു ചേരുന്നില്ലെന്ന് കാണാം. 2021ലെ മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 41.3 ശതമാനം ഇടിഞ്ഞ് 98.44 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം ആദായം 19.6 ശതമാനം ഇടിഞ്ഞ് 108.46 കോടി രൂപയായി. കമ്മോഡിറ്റി ഫ്യൂച്ചറിലെ ശരാശരി ദിനംപ്രതി ടേൺ ഓവർ 13 ശതമാനം ഇടിഞ്ഞ് 31823 കോടിയായി.

2020-21 സാമ്പത്തിക വർഷം അറ്റാദായം 4.77 ശതമാനം ഇടിഞ്ഞ് 225.22 കോടി രൂപയായി. കമ്പനിയുടെ ഇപിഎസ് 4.8 ശതമാനം ഇടിഞ്ഞ് 44.25 ആയി. കൊവിഡ് വ്യാപനം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ 5 വർഷമായി കമ്പനി 20.31 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. കമ്പനി പൂർണമായും കടരഹിതമാണ്. കമ്പനി മികച്ച ഡിവിഡന്റുകളും നൽകി വരുന്നു.

നിഗമനം

നിങ്ങളുടെ പോര്ട്ട്ഫോളിയൊ വൈവിധ്യവത്കരിക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ് കമ്മോഡിറ്റി വ്യാപാരം. ഹെഡ്ജിംഗിലൂടെ അപകടസാധ്യതകൾ പരിമിതപ്പെടുത്തുന്നതിനായി ധാരാളം നിക്ഷേപകർ ഇത് ഉപയോഗിക്കുന്നു. ഇതിന് ഉയർന്ന ലിക്യുഡിറ്റി ഉള്ളതിനാൽ സുരക്ഷിതമാണെന്ന് പറയാം. ചരക്ക് വിപണികളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കാർഷികോത്പ്പന്നങ്ങളുടെ ഉത്പാദനം സാധാരണയായി കാലാവസ്ഥയെ സ്വാധീനിക്കുന്നു, ഇത് ഈ കമ്മോഡിറ്റികളുടെ വിലയെ സാരമായി ബാധിച്ചേക്കാം. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രിയ സാഹചര്യങ്ങളും കമ്മോഡിറ്റി വിലയിൽ മാറ്റം വരുത്തിയേക്കാം.ചരക്ക് വിലയുടെ വ്യത്യസ്ത ട്രെന്റുകളെ കുറിച്ച് മനസിലാക്കിയതിന് ശേഷം മാത്രമെ കമ്മോഡി വ്യാപാരത്തിലേക്ക് കടക്കാവു.
 
സീറോഡ, അപ്‌സ്റ്റോക്സ്, എയ്ഞ്ചൽ ബ്രോക്കിംഗ് തുടങ്ങിയവയിലൂടെ നിങ്ങൾക്ക് കമ്മോഡിറ്റി ട്രേഡിംഗ് നടത്താവുന്നതാണ്.

അതേസമയം നിക്ഷേപകർ എംസിഎക്സ് കമ്പനിയെ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കുന്നു. കാരണം ഭാവിയിലെ കമ്പനിയുടെ വളർച്ച സാധ്യത മുന്നിൽ കണ്ടാണ് ഇവർ ഇത് ചെയ്യുന്നത്.  പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അടുത്തിടെ ഓഹരിയിലെ തന്റെ നിക്ഷേപം 3.92 ശതമാനത്തിൽ നിന്നും 4.90 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി കൂടുതൽ ചരക്കുകളിൽ ഫ്യൂച്ചർ കരാറുകൾ ഏർപ്പെടുത്താനുള്ള പദ്ധതികൾ അടുത്തിടെ എം.സി.എക്സ് പ്രഖ്യാപിച്ചിരുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023