വിപണി ദുർബലമായി നിന്നപ്പോഴും കരടികളെ വെല്ലുവിളിച്ച് റാലി നടത്തി മെറ്റൽ ആൻഡ് മൈനിംഗ് മേഖലയിലെ ഓഹരികൾ, കാരണം അറിയാം
ഇന്ത്യയിലെ മെറ്റൽ മൈനിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുന്നതായി കാണാം. നിഫ്റ്റി മെറ്റൽ സൂചിക എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഉക്രൈൻ- റഷ്യ സംഘർഷം , വർദ്ധിച്ചുവരുന്ന എണ്ണവില, തകർന്ന വിതരണ ശൃംഖല, ഉയർന്ന പണപ്പെരുപ്പം എന്നിവയ്ക്കിടയിൽ ലോഹ, ഖനന ഓഹരികൾ കഴിഞ്ഞ 3-4 മാസങ്ങളിൽ മികച്ച വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. ഈ മുന്നേറ്റത്തിനുള്ള കാരണമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ഒറ്റനോട്ടത്തിൽ
2022ന്റെ തുടക്കത്തിൽ നിഫ്റ്റി മെറ്റൽ സൂചിക സാധാരണ രീതിയിലുള്ള നീക്കമാണ് കാഴ്ചവച്ചത്. രണ്ട് റാലികകളും തുടർച്ചയായ ലാഭമെടുപ്പും ഇതിൽ അരങ്ങേറി. ഫെബ്രുവരി അവസാനത്തോടെ ഗ്യാപ്പ്-ഡൗൺ ഓപ്പണിംഗ് ആരംഭിച്ചതായി കാണാം. റഷ്യ-ഉക്രൈൻ സംഘർഷം ആരംഭിച്ചതാണ് ഇതിന് കാരണമായത്.
റഷ്യ ഉക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നിഫ്റ്റി മെറ്റൽ സൂചികയിൽ കുത്തനെയുള്ള മുന്നേറ്റം കാണപ്പെട്ടു. ഈ സമയം തുടർച്ചയായ മൂന്ന് ട്രേഡിംഗ് സെഷനുകളിലായി നിഫ്റ്റി മെറ്റൽ 16 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം നിഫറ്റി മെറ്റൽ സൂചിക നിഫ്റ്റി സൂചികയ്‌ക്കെതിരെ നീങ്ങി. നിഫ്റ്റി മെറ്റൽ മുന്നേറ്റം നടത്തിയപ്പോൾ നിഫ്റ്റി 50 ഓഹരികൾ തകർന്നടിഞ്ഞു. ശക്തമായ മുന്നേറ്റത്തിന് ഒടുവിൽ മെറ്റൽ സൂചിക ലാഭമെടുപ്പിനെ തുടർന്ന് താഴ്ക്ക് വണു.
ആഗോള വിപണികൾ ഇടിഞ്ഞപ്പോഴും മെറ്റൽ മേഖല മുന്നേറ്റം നടത്തിയത് എന്തു കൊണ്ട് ?
ഉയർന്ന മാർജിനുകൾക്ക് കാരണമായി മെറ്റൽ വില വർദ്ധനവ്
ഉക്രൈൻ-റഷ്യ പ്രതിസന്ധി ആഗോളതലത്തിൽ മെറ്റൽ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക വിപണിയിൽ നിലനിന്നിരുന്നു. ഇതേതുടർന്ന് ലോകമെമ്പാടുമുള്ള ഓഹരി വിലകൾ കുതിച്ചുയരാൻ തുടങ്ങി. ഉരുക്ക്, നിക്കൽ, അലൂമിനിയം, ചെമ്പ് എന്നിങ്ങനെയുള്ള ലോഹം ഖനനം ചെയ്ത് എടുക്കുന്നതിനുള്ള ചെലവ് നിശ്ചിത വിലയിൽ തന്നെയാണുള്ളത്.വിപണി വില ഉത്പാദന ചെലവിനേക്കാൾ കൂടുതൽ ആണെങ്കിൽ നിർമാതാവിന് ലാഭം കിട്ടും. ഇക്കാരണത്താലാണ് മെറ്റൽ ഓഹരികൾ റെക്കോഡ് ഉയരങ്ങൾ കീഴടക്കിയത്.
രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി കയറ്റുമതിക്കാർ
രൂപയുടെ മൂല്യം ഇടിയുന്നത് പൊതുവെ കയറ്റുമതിക്കാർക്ക് ഗുണം ചെയ്യും. ഇതിലൂടെ ഒരു കയറ്റുമതിക്കാരന് കയറ്റുമതി ചെയ്യുന്ന ഓരോ ഡോളറിനും കൂടുതൽ രൂപ ലഭിക്കും. ഇന്ത്യൻ രൂപ (INR) എക്കാലത്തെയും ഏറ്റവും ദുർബലമായ നിരക്കായി ഒരു യുഎസ് ഡോളറിനും 77 രൂപയായി. ഒരു ഇന്ത്യൻ കമ്പനി കയറ്റുമതി ചെയ്യുന്ന ഓരോ ഡോളറിന്റെ ലോഹത്തിനും പ്രതിഫലമായി കൂടുതൽ രൂപ ലഭിക്കും. ഇതിലൂടെ ലോഹ വില കുറയുകയാണെങ്കിൽപ്പോലും, രൂപയുടെ മൂല്യം ദുർബലമായാൽ ഇന്ത്യൻ ലോഹ കമ്പനികൾക്ക് കയറ്റുമതിയിൽ നിന്ന് നേട്ടമുണ്ടാകും.
ആഗോള വിതരണ ക്ഷാമം
ആഗോള അലുമിനിയം കയറ്റുമതിയുടെ ഏകദേശം 9 മുതൽ 10 ശതമാനം, നിക്കൽ കയറ്റുമതിയുടെ 11 മുതൽ 12 ശതമാനം, താപ കൽക്കരി കയറ്റുമതിയുടെ 20 ശതമാനം, ആഗോള സ്റ്റീൽ വ്യാപാരത്തിന്റെ 12 ശതമാനം എന്നിങ്ങനെ റഷ്യയാണ് സംഭാവന ചെയ്യുന്നത്. നിലവിലെ ഉപരോധങ്ങൾ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, ലോഹങ്ങൾ എന്നിവ കയറ്റുമതി ചെയ്യാനുള്ള റഷ്യയുടെ കഴിവിനെ ഗണ്യമായി ഇല്ലാതെയാക്കും. ഇന്ത്യക്ക് ഈ അവസരം ഉപയോഗിക്കാനും ലോഹ വ്യവസായത്തിൽ കയറ്റുമതി വർദ്ധിപ്പിക്കാനും സാധിക്കും.
മുന്നിലേക്ക് എങ്ങനെ?
വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനായി മാർച്ച് ആദ്യവാരം ഉക്രൈനും റഷ്യയും തുർക്കിയിൽ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ബഹിഷ്‌കരിക്കാൻ ആഗോള രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യുഎഇ ഒപെക്കിനെ പ്രേരിപ്പിച്ചത് റെക്കോർഡ് ഉയരത്തിൽ നിന്നും എണ്ണവില കൂപ്പുകുത്താൻ കാരണമായി. എണ്ണയുടെ കൂടുതൽ ഉൽപ്പാദനം എണ്ണവില കുറയ്ക്കുകയും പണപ്പെരുപ്പ നിരക്ക് കുറയ്ക്കുകയും ചെയ്യും.
ഇന്ത്യയിലെ മെറ്റൽ കമ്പനികൾ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾക്കായി നോക്കുകയാണ്. അന്താരാഷ്‌ട്ര വിപണിയിലെ വില വർധനവ് ആഭ്യന്തര വിപണിയിൽ ലോഹവില ഉയരാൻ ഇടയാക്കും. ഇത് അടിസ്ഥാന സൗകര്യ പദ്ധതികൾ കൂടുതൽ ചെലവേറിയതാക്കും. ലോഹങ്ങളുടെ വിലക്കയറ്റം, രൂപയുടെ മൂല്യം ഇടിയുന്നത്, നഷ്ടപ്പെട്ട വിപണി തിരികെപിടിക്കാനുള്ള സാധ്യത എന്നിവ ലോഹ വിപണികളിലെ നിലവിലെ ബുൾ റണ്ണിന് ആക്കം കൂട്ടിയതായി തോന്നുന്നു. ലോഹ വിപണികൾ ട്രാക്കുചെയ്യുന്നതിന് കയറ്റുമതി, ഉപരോധം, ആഗോള വിതരണ ശൃംഖല തുടങ്ങിയ ഘടകങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം. സമഗ്രമായ ഗവേഷണം നടത്തിയതിന് ശേഷം മാത്രം വിപണിയിൽ നിക്ഷേപം നടത്തുക.
Post your comment
No comments to display