സി.ഡി.എസ്.എൽ, ഓഹരിയിലെ മുന്നേറ്റ സാധ്യത ഇനിയും അവസാനിച്ചിട്ടില്ല?
ഇന്ത്യയിലെ രണ്ട് സെൻട്രൽ ഡിപോസിറ്ററി സേവനങ്ങളിൽ ഒന്നാണ് സെൻട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് അഥവ സിഡിഎസ്എൽ. ഡീമാറ്റ് അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് ഇവരിൽ നിന്നും അനേകം മെയിലുകൾ വന്നിട്ടുണ്ടാകും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രൊമോട്ടറായി 1999 ലാണ് സിഡിഎസ്എൽ സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായി 3 കോടി ഉപയോക്താക്കളെ സ്വന്തമാക്കിയ ഡിപോസിറ്ററിയും സിഡിഎസ്എല്ലാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 272 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപത്തിലൂടെ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ഓഹരി അസ്ഥിരമായ നിലയിൽ സാവധാനമാണ് നീങ്ങിയിരുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ശക്തമായിരുന്നിട്ടും മുൻകാലങ്ങളിൽ ഇത്തരം ഒരു നേട്ടം കെെവരിക്കാൻ സാധിച്ചിട്ടില്ല.
ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടിൽ സിഡിഎസ്എൽ ഒരു ഒറ്റയായ കമ്പനിയാണ്. കമ്പനിക്ക് കാലക്രമേണ വളർച്ച കെെവരിക്കുന്ന ഒരു ബിസിനസ് മോഡൽ ഉള്ളതായി കാണാം. സിഡിഎസ്എല്ലിന്റെ ബിസിനസ് മോഡലും സാമ്പത്തിക സ്ഥിതിയും വളർച്ചയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ബിസിനസ് മോഡൽ
കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെ സിഡിഎസ്എല്ലിന്റെ ലാഭവും ഓഹരി വിലയും കുതിച്ചുയർന്നിരുന്നു. 2020ൽ മാത്രം ഇന്ത്യയിൽ 49 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ഇന്ത്യയിലുടനീളം 589 രജിസ്റ്റർ ചെയ്ത ഡിപോസിറ്ററി പങ്കാളികളും 290 ലക്ഷം നിക്ഷേപകരുമാണ് കമ്പനിയിലുള്ളത്.
സിഡിഎസ്എൽ അതിന്റെ വരുമാനത്തിന്റെ 60 ശതമാനത്തോളം നേരിട്ടോ അല്ലാതെയോ ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്ന് നേടുന്നു. വരുമാനം സൂക്ഷ്മമായി പരിശോധിച്ചാൽ, സിഡിഎസ്എൽ അതിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ട്രാൻസാക്ഷൻ നിരക്കുകളിൽ നിന്നും വാർഷിക ഇഷ്യു നിരക്കുകളിൽ നിന്നും നേടുന്നതായി കാണാം.
ട്രാൻസാക്ഷൻ നിരക്കുകൾ
ഒരോ ഇടപാട് നടക്കുമ്പോഴും സിഡിഎസ്എൽ അതിൽ നിന്ന് നിരക്കുകൾ ഈടാക്കും. സെക്യൂരിറ്റികളുടെ വാങ്ങൽ, വിൽപ്പന, കൈമാറ്റം എല്ലാത്തിനും ഇത് ബാധകമാണ്. ഇടപാടുകളുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിൽ ഗണ്യമായി വർദ്ധിച്ചു. ഇതിനൊപ്പം ‘ട്രാൻസാക്ഷൻ ചാർജുകൾ’ വിഭാഗത്തിൽ നിന്നുള്ള വരുമാനവും വർദ്ധിച്ചു.
വാർഷിക ഇഷ്യു നിരക്കുകൾ
സെബിയുടെ ചട്ടമനുസരിച്ച് എല്ലാ ലിസ്റ്റഡ് കമ്പനികളും എൻഎസ്‌ഡിഎല്ലും സിഡിഎസ്‌എല്ലുമായി ഒരു ബന്ധം പുലർത്തേണ്ടതുണ്ട്. ലിസ്റ്റഡ് കമ്പനികൾ സിഡിഎസ്‌എല്ലിനും എൻഎസ്ഡിഎല്ലിനും വാർഷിക ഇഷ്യു നിരക്ക് നൽകേണ്ടതുണ്ട്. സെബി ‘വാർഷിക ഇഷ്യു ചാർജുകൾ’ നിയന്ത്രിക്കുകയും ഓരോ അഞ്ച് വർഷം കൂടുമ്പോൾ അവ പുതുക്കുകയും ചെയ്യും. ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്നും അവരുടെ ഓഹരികൾ സൂക്ഷിക്കുന്നതിന് ഡിപോസിറ്ററി ഈടാക്കുന്ന ഫീസാണിത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരികൾ ട്രെയിഡ് ചെയ്യപ്പെടുന്നു എങ്കിലും, അവ ഡിപോസിറ്ററികളിൽ സൂക്ഷിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും ഡാറ്റ വെയർഹൗസ് ആവശ്യമാണ്.
ഏറ്റവും വലിയ കെവൈസി രജിസ്ട്രി
കെവെെസി എന്നത് ഇന്ന് വളരെ പരിചിതമായ ഒരു പദമാണ്. ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങണമെങ്കിൽ പോലും ഇപ്പോൾ കെവെെസി നിർബന്ധമാണ്. സാമ്പത്തിക ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ തടയാൻ ബാങ്കുകളും കമ്പനികളും ഉപയോഗിക്കുന്ന സുരക്ഷാ പരിശോധന പ്രക്രിയയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ കെവെെസി രജിസ്ട്രി കമ്പനിയാണ് സിഡിഎസ്എൽ.
മറ്റു വരുമാനങ്ങൾ
ഐപിഒയിലും സെക്യൂരിറ്റികളുടെ കൈമാറ്റം ഉൾപ്പെടുന്ന സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്കും വ്യാപാരികൾക്കും എല്ലാ മാസവും ലഭിക്കുന്ന ഇലക്ട്രോണിക് കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും കമ്പനി ഈടാക്കുന്നു. ഇൻഷുറൻസ് ക്ലെയിമുകൾ സംഭരിക്കുന്നതിനുള്ള സേവനങ്ങളും മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ പോലുള്ള പ്ലാറ്റ്ഫോമുകളിലെ ചരക്ക് വ്യാപാരത്തിനുള്ള ചരക്ക് മാർക്കറ്റ് രസീതുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അനുബന്ധ സ്ഥാപനങ്ങൾ
സിഡിഎസ്എൽ വെഞ്ചേഴ്സ് ലിമിറ്റഡ്
സിഡിഎസ്‌എൽ വെൻഞ്ചേഴ്സ് ലിമിറ്റഡ് ആണ് കമ്പനിയുടെ കെവൈസി ബിസിനസ്സ് നിയന്ത്രിക്കുന്നത്. ജിഎസ്ടി സുവിധ കേന്ദ്രങ്ങളുടെ വെണ്ടർ കൂടിയാണ് കമ്പനി. 2021 മാർച്ച് വരെയുള്ള കണക്കു പ്രകാരം 216 നിക്ഷേപകരാണ് കമ്പനിക്കുള്ളത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന വാഗ്ദാനം ചെയ്യുന്ന ലൈഫ് ഇൻഷുറൻസ് കമ്പനികൾക്കായി കമ്പനി ഒരു ക്ലെയിം രജിസ്ട്രിയും നടത്തിവരുന്നു.
സിഡിഎസ്എൽ ഇൻഷുറൻസ് റിപോസിറ്ററി ലിമിറ്റഡ്
ഇൻഷുറൻസ് റെഗുലേറ്ററി ആൻറ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സിആർഎല്ലിനെ നിയന്ത്രിക്കുന്നത്. ലൈഫ് പോളിസികൾ, മോട്ടോർ പോളിസികൾ, ആരോഗ്യ നയങ്ങൾ, മറ്റ് ജനറൽ (നോൺ-ലൈഫ്) പോളിസികൾ എന്നിവ കൈവശം വയ്ക്കാൻ പോളിസി ഹോൾഡർമാരെ പ്രാപ്തരാക്കുന്ന ബിസിനസാണ് കമ്പനി നടത്തിവരുന്നത്.
സിഡിഎസ്എൽ കമ്മോഡിറ്റി റിപോസിറ്ററി ലിമിറ്റഡ്
ഓഹരി വിപണിയിൽ ഒരു ഇലക്ട്രോണിക് രൂപത്തിൽ ‘ഷെയർ സർട്ടിഫിക്കറ്റുകൾ’ സംഭരിക്കുന്നതുപോലെ ചരക്ക് വിപണികളിൽ ഇലക്ട്രോണിക് വെയർഹൗസ് രസീതുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻറ് റെഗുലേറ്ററി അതോറിറ്റിയാണ് സിഡിഎസ്എല്ലിനെ നിയന്ത്രിക്കുന്നത്.
സാമ്പത്തിക നില
- മുകളിലുള്ള ചാർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ കമ്പനിയുടെ വരുമാനവും അറ്റാദായവും 2018 സെപ്റ്റംബർ മുതൽ സ്ഥിരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 3 വർഷത്തിനിടയിൽ കമ്പനി 16 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 51 ശതമാനവും അറ്റാദായം 89 ശതമാനവും ഉയർന്നു.
- കമ്പനിക്ക് സ്ഥിര ആസ്തികൾ ഇല്ല. ഇതിനാൽ തന്നെ കമ്പനിക്ക് അധികം ചെലവുകളുമില്ല.
- ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും, കമ്പ്യൂട്ടർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചെലവുകൾ എന്നിവ മാത്രമാണ് സിഡിഎസ്‌എല്ലിന്റെ പ്രധാന ചെലവുകൾ. വരുമാനത്തിലെ ഏത് വർദ്ധനവും അറ്റാദായത്തെ പ്രതിഫലിപ്പിക്കും.
- കമ്പനിക്ക് കട ബാധ്യതകളില്ല.
- കമ്പനിയുടെ ഓഹരി വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൂന്ന് വർഷം കൊണ്ട് 240 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. നിങ്ങൾ സ്റ്റോക്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ നിങ്ങളുടെ നിക്ഷേപം 3.5 മടങ്ങ് വർദ്ധിക്കുമായിരുന്നു.
- കമ്പനിയുടെ ചാർട്ട് സൂചിപ്പിക്കുന്നത് 2020 ൽ ഓഹരി അതിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും കാഴ്ചവച്ചുവെന്നാണ്. ഇതിന് മുൻ കാലങ്ങളിൽ കമ്പനിയുടെ വ്യാപാര വോള്യം വളരെ കുറവായിരുന്നു. 2020-21 സാമ്പത്തിക വർഷത്ത വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവരുടെ ഓഹരി പങ്കാളിത്തം 7 ശതമാനം വർദ്ധിച്ചു.
നിഗമനം
സിഡിഎസ്‌എല്ലുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ചർച്ചചെയ്യേണ്ടതുണ്ട്. കമ്പനിയുടെ ലാഭം ഓഹരി വിപണിയെ ആശ്രയിച്ചിരിക്കും. കൂടുതൽ ആളുകൾ നിക്ഷേപം നടത്തിയാൽ കമ്പനിക്ക് കൂടുതൽ ലാഭം ലഭിക്കും. ട്രേഡിംഗ്, ഡെലിവറി അളവുകളിൽ കുറവുണ്ടായാൽ അത് കമ്പനിയുടെ ലാഭത്തെ ബാധിക്കും. ദീർഘകാലത്തേക്ക് നോക്കിയാൽ കമ്പനി സെബിയുടെ നിയന്ത്രണം കൈകാര്യം ചെയ്യേണ്ടതുണ്ട് ഒപ്പം അതിന്റെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്. ജീവനക്കാരുടെ ശമ്പളത്തിനായുള്ള കമ്പനിയുടെ ചെലവ് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്.
2020-21 സാമ്പത്തിക വർഷത്തെ കമ്പനിയുടെ റാലി ഒരുപാട് പേർക്ക് നേട്ടമുണ്ടാക്കി നൽകിയിട്ടുണ്ട്. ഇപ്പോൾ ഓഹരി വളരെ ഉയർന്ന നിലയിലാണ് നിൽക്കുന്നത്. ഇവിടെ രണ്ട് സാധ്യതകളാണ് നിലവിലുള്ളത്. ലാഭമെടുപ്പിനെ തുടർന്ന് ഓഹരി താഴേക്ക് വീണേക്കാം. അല്ലങ്കിൽ ഒരുപക്ഷേ ഓഹരി നിലവിലെ പ്രതിരോധം തകർത്ത് കൊണ്ട് വീണ്ടും ശക്തമായ ഒരു മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചേക്കാം. ഇതിൽ ഏത് സംഭവിക്കുമെന്ന് ആർക്കും തന്നെ പറയാനാകില്ല. സാധ്യതകൾ പറയാൻ മാത്രമെ സാധിക്കുകയുള്ളു. സിഡിഎസ്എല്ലിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display