Dixon Technologies- മുന്നിലേക്കുള്ള നിക്ഷേപ സാധ്യതകൾ
റീട്ടെയിൽ നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളിൽ ഒന്നാണ് ഡിക്സൺ ടെക്നോളജീസ്. കഴിഞ്ഞ ഒരു വർഷമായി വളരെ മികച്ച റിട്ടേണാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. ഡിക്സണിന്റെ ബിസിനസ് എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? ടിവി, മൊബെെൽ എന്നിവ നിർമിക്കുന്ന കമ്പനി ആയിട്ട് കൂടി അവരുടെ ഉത്പന്നങ്ങൾ എന്തു കൊണ്ടാണ് വിപണിയിൽ ലഭ്യമാകാത്തത്. ഡിക്സോൺ ടെക്നോളജീസ് എന്ന കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Dixon Technologies
1994ൽ കളർ ടെലിവിഷൻ നിർമാണത്തിലൂടെ പ്രവർത്തനം ആരംഭിച്ച ഡിക്സൺ ടെക്നോളജീസ് പിന്നീട് വിവിധ ഇലക്ട്രോണിക് മേഖലകളിലേക്ക് തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു. 1993ലാണ് കമ്പനി സ്ഥാപിക്കുന്നത്. നിലവിൽ ഗാർഹിക ഉപകരണങ്ങൾ, ലൈറ്റിംഗ്, മൊബൈൽ ഫോണുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമായി 14 അത്യാധുനിക ഉത്പാദന കാര്യാലയങ്ങളും മൂന്ന് ഗവേഷണ-വികസന കേന്ദ്രങ്ങളുമാണ് കമ്പനിക്കുള്ളത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കമ്പനിയുടെ നിർമാണ ശാലകൾ.
ഉപഭോക്തൃ ഡ്യൂറബിളുകൾ, ലൈറ്റിംഗ്, മൊബൈൽ ഫോണുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ഡിസൈൻ കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങളും സേവനങ്ങളുമാണ് കമ്പനി ചെയ്തു വരുന്നത്. വാസ്തവത്തിൽ ഇത് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയാണ്. 2016ൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിച്ചത് മുതൽ മേഖലയിൽ കമ്പനിക്ക് ശക്തമായ സ്വാധീനം ഉള്ളതായി കാണാം. ഫോണുകൾക്ക് മാത്രമല്ല. മറിച്ച് ഉപകരണത്തിന്റെ പ്രധാന ഘടകങ്ങളായ ബാറ്ററികൾ, ഷീറ്റ് മെറ്റീരിയലുകൾ എന്നിവ നിർമിക്കുന്നതിനായും കമ്പനി യുണിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.
2020ൽ കമ്പനി മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് കൂടി ചവടുവച്ചു. ഇതിന്റെ ഭാഗമായി പ്രതിദിനം 190-200 ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ക്വാട്രോ റിയൽ-ടൈം ക്വാണ്ടിറ്റേറ്റീവ് മൈക്രോ പിസിആർ അനലൈസർ മെഷീനുകൾ കമ്പനി നിർമിച്ചു. കൊവിഡ് പരിശോധനയ്ക്കായി ഈ ഉത്പന്നത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ലഭിച്ചു.
കാത്തിരുന്ന ഓഹരി വിഭജനം
200 മുതൽ 2000 രൂപ വരെ വിലയിൽ വ്യാപാരം നടത്തുന്ന ഓഹരികൾക്ക് 20000 രൂപയിൽ വ്യാപാരം നടത്തുന്ന ഓഹരികളേക്കാൾ ലിക്യുഡിറ്റി ഉണ്ടാകും. വലിയ ശതമാനം റീട്ടെയിൽ നിക്ഷേപകരും ഈ ഉയർന്ന വിലയിൽ ഓഹരി വാങ്ങാൻ തയ്യാറാകില്ല.
ഇക്കാരണത്താൽ തന്നെ ഡിക്സൺ 20000ൽ വ്യാപാരം നടത്തിയ സമയത്ത് റീട്ടെയിൽ നിക്ഷേപകർക്ക് ഏറെയും അതിൽ നിക്ഷേപം നടത്താൻ സാധിച്ചിരുന്നില്ല. തങ്ങളുടെ മൂലധനം ഓഹരിയിൽ കുടങ്ങി പോകുമെന്ന് ഭയന്ന് ഇവർ ഡിക്സണിൽ നിന്നും അകന്ന് നിന്നു. 1:5 എന്ന അനുപാതത്തിൽ ഡിക്സണിന്റെ ഓഹരി വിഭജനം നടക്കുകയും വില 4000ലേക്ക് എത്തുകയും ചെയ്തു.ഇതിന് പിന്നാലെ നിരവധി റീട്ടെയിൽ നിക്ഷേപകർ ഡിക്സണിലേക്ക് നിക്ഷേപിക്കാൻ തുടങ്ങി.
സാമ്പത്തിക സ്ഥിതി
കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതാണ്. 2012 മുതൽ 2021 വരെ കമ്പനിയുടെ വരുമാനം കുതിച്ചുയർന്നു. 2021ൽ കമ്പനിയുടെ മൊത്തം വിൽപ്പന വോള്യം എന്നത് 573 കോടി രൂപയായിരുന്നു. 2021ൽ ഇത് 6449.75 കോടി രൂപയായി. 30 ശതമാനമാണ് കഴിഞ്ഞ 5 വർഷത്തെ കമ്പനിയുടെ വാർഷിക വളർച്ചാ നിരക്ക്. ഇതേകാലയളവിൽ മേഖലയുടെ വളർച്ച 14 ശതമാനം മാത്രമാണ്.
2015ൽ കമ്പനിയുടെ ലാഭം എന്നത് 11 കോടി രൂപയായിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷം 2021ൽ ഇത് 159.80 കോടി രൂപയായി. 5 വർഷത്തിനുള്ളിൽ വരുമാനത്തിൽ 60 ശതമാനത്തിന്റെ പ്രതിവർഷ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദശകത്തിൽ കമ്പനിയുടെ വിപണി വിഹിതം 5 ശതമാനമാണ് വർദ്ധിച്ചത്.
2019ൽ കമ്പനിയുടെ ഇപിഎസ് 11 രൂപയായിരുന്നു. 2021 സാമ്പത്തിക വർഷം ഇത് 27.49 രൂപയായി ഉയർന്നു. ഇക്കാരണത്താൽ തന്നെയാണ് ഡിക്സണിനെ റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ഞങ്ങൾ വിശേഷിപ്പിച്ചത്. കമ്പനിയുടെ 35 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ കെെവശമാണുള്ളത്. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 10.76 ശതമാനത്തിൽ നിന്നും 19.84 ശതമാനമായി തങ്ങളുടെ വിഹിതം ഉയർത്തി.
സർക്കാർ പദ്ധതികളിൽ നിന്നുള്ള നേട്ടം
രാജ്യത്തെ ഉത്പാദ ശേഷി വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നു. ഇതിനായി ഇറക്കുമതി വെട്ടിക്കുറച്ചു കൊണ്ട് ഇന്ത്യയിൽ തന്നെ നിർമാണങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പിഎൽഐ സ്കീമുകൾ, മേക്ക്-ഇൻ-ഇന്ത്യ തുടങ്ങിയ നിരവധി സംരംഭങ്ങൾ ഈ കമ്പനികൾക്ക് വളരാൻ അവസരം ഒരുക്കി നൽകി.
ഉദാഹരണത്തിന് ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യയുടേത്. കേന്ദ്ര സർക്കാർ വിദേശ കമ്പനികളെ ഇവിടെ ഉത്പ്പാദനം നടത്താൻ പ്രേരിപ്പിച്ചാൽ, ഡിക്സൺ പോലുള്ള കമ്പനികൾക്ക് ഇത് നേരിട്ട് പ്രയോജനം നൽകും. സ്മാർട്ട്ഫോൺ നിർമാതാവ് മാത്രമല്ല ഡിക്സൺ. ടിവി, വാഷിംഗ് മിഷൻ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മേഖലയുടെ വളർച്ചാ സാധ്യത ഏറെയാണ്. എന്നാൽ ഡിക്സണിന് നിലവിലെ വിജയം എത്ര നാൾ തുടരാനാകുമെന്ന ചോദ്യം പ്രസക്തമാണ്.
ഡിക്സണിന്റെ മുന്നേറ്റത്തിലൂടെ നിങ്ങൾക്ക് നേട്ടം കെെവരിക്കുവാൻ സാധിച്ചുവോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display