Data Patterns (India) Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
data patterns india ipo all you need to know
undefined

ഡാറ്റാ പാറ്റേൺസ് ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിലേക്ക് അതിവേഗം വളർന്ന് കയറുന്ന ഇലക്‌ട്രോണിക് സിസ്റ്റം വിതരണക്കാരാണ് ഡാറ്റാ പാറ്റേൺസ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ ഇന്ന് ആരംഭിക്കുന്ന ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Data Patterns (India) Ltd

പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക്‌സ് സൊല്യൂഷൻസ് പ്രൊവൈഡറാണ് ഡാറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്. തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ ഉൽപ്പന്ന വ്യവസായത്തെ കമ്പനി പരിപാലിക്കുന്നു. ബഹിരാകാശം, വ്യോമ, കര, കടൽ എന്നിങ്ങനെ പ്രതിരോധ, എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമുകളുടെ മുഴുവൻ സ്പെക്‌ട്രത്തിലേക്കും കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രോണിക് ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ഫേംവെയർ, പ്രൊഡക്ട് പ്രോട്ടോടൈപ്പ് എന്നിവയുടെ രൂപകൽപ്പനയും വികസനവും ഡിപിഐഎല്ലിന്റെ പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നു. പ്രോസസറുകൾ, പവർ, റേഡിയോ ഫ്രീക്വൻസികൾ, എംബഡഡ് സോഫ്‌റ്റ്‌വെയർ എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക്സ് സൊല്യൂഷനുകളുടെ വിപുലമായ ശ്രേണിയാണ് കമ്പനിക്കുള്ളത്. തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ, ബ്രഹ്മോസ് മിസൈൽ പ്രോഗ്രാം, പ്രിസിഷൻ അപ്രോച്ച് റഡാറുകൾ, കമ്മ്യൂണിക്കേഷൻസ് ഇന്റലിജൻസ് സിസ്റ്റങ്ങൾ എന്നിവയ്ക്കായി അവരുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു. ഫങ്ഷണൽ ടെസ്റ്റിംഗും മൂല്യനിർണ്ണയവും, പരിസ്ഥിതി പരിശോധനയും സ്ഥിരീകരണവും, എഞ്ചിനീയറിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

2021 സെപ്റ്റംബർ 30 വരെ കമ്പനിയുടെ ഓർഡർ ബുക്ക് 581.29 കോടി രൂപയായിരുന്നു. മൊത്തം ഓർഡറുകളുടെ ഏകദേശം 70 ശതമാനം ഏക-വെണ്ടർ അടിസ്ഥാനത്തിൽ ഉൽപ്പാദന കരാറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 20 ശതമാനം ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനും (DRDO) മറ്റ് പ്രതിരോധ ഏജൻസികൾക്കും വേണ്ടി ഏറ്റെടുക്കുന്ന വികസന കരാറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ബാക്കി 10 ശതമാനവും സേവന കരാറുകളാണ്.

ഡിപിഐഎല്ലിന് ചെന്നൈയിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു നിർമ്മാണ യൂണിറ്റ് ഉണ്ട്.  പ്രതിരോധ, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന ഉയർന്ന വിശ്വാസ്യതയുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങളുടെ രൂപകല്പന, നിർമ്മാണം, യോഗ്യത, ലൈഫ് സൈക്കിൾ പിന്തുണ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടുണ്ട്. 

ഐപിഒ എങ്ങനെ

ഡിസംബർ 14ന് ആരംഭിച്ച ഐപിഒ ഡിസംബർ 16ന് അവസാനിക്കും. ഓഹരി ഒന്നിന് 555- 585 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

2 രൂപ മുഖവിലയ്ക്ക് 348.22 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. നിലവിലുള്ള നിക്ഷേപകരിൽ നിന്നും 240 കോടി രൂപയുടെ ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 25 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,625 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 325 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും.

  • നിലവിലുള്ള വായ്പ അടച്ചു തീർക്കുന്നതിനായി കമ്പനി 60.8 കോടി രൂപ ഉപയോഗിക്കും.

  • ഫണ്ടിംഗ് പ്രവർത്തന മൂലധന ആവശ്യകതകൾക്കായി 95.2 കോടി രൂപ ഉപയോഗിക്കും.
  • ചെന്നൈയിൽ കമ്പനിയുടെ നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനായി 59.8 കോടി രൂപ ഉപയോഗിക്കും.

  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ വിഹിതം എന്നുള്ളത് 58.63 ശതമാനത്തിൽ നിന്നും 45.62 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഡാറ്റ പാറ്റേൺസിന് വരുമാനത്തിലും ലാഭത്തിലും സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.  2019-21 സാമ്പത്തിക വർഷത്തിനിടയിൽ, ഇന്ത്യയിലെ എല്ലാ പ്രതിരോധ, എയ്‌റോസ്‌പേസ് കമ്പനികളിൽ നിന്നും കമ്പനി ഏറ്റവും ഉയർന്ന വരുമാന വളർച്ചയായ 71 ശതമാനം രേഖപ്പെടുത്തി. 2021 സാമ്പത്തിക വർഷത്തിൽ വരുമാനം 43.5 ശതമാനം വർധിച്ച് 224 കോടി രൂപയായി. അറ്റ മാർജിനുകൾ 2020 സാമ്പത്തിക വർഷത്തിൽ 13.1 ശതമാനം ആയിരുന്നത് 2021 സാമ്പത്തിക വർഷത്തിൽ 24.5 ശതമാനമായി ഉയർന്നു. അതേസമയം, 2021 സെപ്തംബർ 30-ന് അവസാനിച്ച ആറ് മാസത്തെ പ്രതിവർഷ വരുമാനം 117 ശതമാനം ഉയർന്ന് 96.5 കോടി രൂപയായി.

164 ശതമാനം അറ്റാദായ വളർച്ചയോടെ, ഇന്ത്യയുടെ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക്‌സ് മേഖലയിൽ അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് ഡിപിഐഎൽ.   2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിനുകൾ, മൂലധനത്തിന്റെ വരുമാനം (ROCE), ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം (ROE) എന്നിവ എതിരാളികളെ അപേക്ഷിച്ച് മികച്ചതാണ്. 

അപകട സാധ്യതകൾ

  • കമ്പനിയുടെ ബിസിനസ്സ് ഇന്ത്യാ ഗവൺമെന്റിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുമുള്ള കരാറുകളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. പ്രതിരോധ അല്ലെങ്കിൽ ബഹിരാകാശ ബജറ്റിലെ ഇടിവ്, ഓർഡറുകൾ കുറയ്ക്കൽ, നിലവിലുള്ള കരാറുകൾ അവസാനിപ്പിക്കൽ എന്നിവ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

  • ഡാറ്റാ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡിന്റെ മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലധികവും ഡിആർഡിഒ ഡിഫൻസ് പൊതുമേഖലാ സ്ഥാപനങ്ങൾ പോലുള്ള പരിമിതമായ എണ്ണം ഉപഭോക്താക്കളെ ആശ്രയിച്ചിരിക്കുന്നു. ഇതിൽ ഏതെങ്കിലും പ്രധാന ഉപഭോക്താക്കളുടെ നഷ്ടം അല്ലെങ്കിൽ അവരിൽ നിന്നുള്ള ഓർഡറുകൾ കുറയുന്നത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാം.

  • ഉപഭോക്താക്കളുമായി, പ്രത്യേകിച്ച് സർക്കാർ സ്ഥാപനങ്ങളുമായി ഏർപ്പെട്ടിരിക്കുന്ന കരാറുകളിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് കമ്പനിയുടെ പ്രശസ്തിയേയും പ്രവർത്തന ഫലങ്ങളേയും പ്രതികൂലമായി ബാധിച്ചേക്കാം.

  • കമ്പനി കർശനമായ ഗുണനിലവാര ആവശ്യകതകൾക്കും ഉപഭോക്തൃ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമാണ്. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് കമ്പനിയുടെ നിലവിലുള്ളതും ഭാവിയിലെതുമായ ഓർഡറുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം.

  • കമ്പനിയുടെ ഡിസൈൻ & എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സൗകര്യങ്ങൾ അടച്ചുപൂട്ടുകയോ മന്ദഗതിയിലാകുകയോ ചെയ്യുന്നത് അതിന്റെ സാമ്പത്തിക പ്രകടനത്തെ ദോഷകരമായി ബാധിക്കും.

  • പ്രവർത്തനങ്ങളിൽ നിന്നുള്ള അപര്യാപ്തമായ പണമൊഴുക്ക് അല്ലെങ്കിൽ ഫണ്ട് കടമെടുക്കാനുള്ള കഴിവില്ലായ്മ എന്നിവ കമ്പനിയുടെ ബിസിനസിനെ സാരമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ കൺസൾട്ടന്റുകൾ എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഡിസംബർ 2നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനവും ക്യുഐബിക്കായി മാറ്റിവച്ചിരിക്കുകയാണ്. 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യുഷൻസിനായും 35 ശതമാനം റിട്ടെയിൽ നിക്ഷേപകർക്കായും മാറ്റിവച്ചിട്ടുണ്ട്.

ഐപിഒയ്ക്ക് മുമ്പായി തന്നെ വിവിധ നിക്ഷേപകരിൽ നിന്നും 176 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. നോമുറ ഫണ്ടുകൾ, വൈറ്റ് ഓക്ക് ക്യാപിറ്റൽ, ഇനാം, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് (എംഎഫ്) ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫ് എന്നിവർ ഇതിൽ ഉൾപ്പെടും.

നിഗമനം

തന്ത്രപ്രധാനമായ പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക് സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ, ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ഡാറ്റ പാറ്റേൺസ് ഇന്ത്യക്ക് സാധിച്ചേക്കാം. ഇന്ത്യൻ പ്രതിരോധ ആവാസവ്യവസ്ഥയിലെ നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും കമ്പനിക്ക് വലിയ ഓർഡറുകൾ ലഭിക്കുന്നത് തുടരുന്നു. ആഭ്യന്തര ഉൽപ്പാദനത്തിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, പ്രതിരോധ ഇറക്കുമതി നിയന്ത്രിക്കപ്പെടുന്നതിനാൽ കമ്പനികൾക്ക് വലിയ നേട്ടം കെെവരിക്കാൻ സാധിച്ചേക്കുമെന്ന് കരുതുന്നു. എന്നിരുന്നാലും, പരിമിതമായ ക്ലയന്റ് അടിത്തറ, കടുത്ത മത്സരം, കാര്യമായ പ്രവർത്തന മൂലധന ആവശ്യകതകൾ എന്നിവ കാരണം ഡിപിഐഎൽ അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നുണ്ട്.

ലിസ്റ്റ് ചെയ്തതിന് ശേഷം MTAR ടെക്‌നോളജീസ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, പാരസ് ഡിഫൻസ് & സ്‌പേസ് ടെക്, ആസ്ട്ര മൈക്രോവേവ് പ്രോഡക്‌ട്‌സ്, സെന്റം ഇലക്‌ട്രോണിക്‌സ് എന്നിവയുമായി കമ്പനി നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റ് വിപണിയിൽ കമ്പനിക്ക് മികച്ച സ്വീകാര്യതയുള്ളതായി കാണാം. 610 രൂപയുടെ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാർക്കറ്റിൽ വ്യാപാരം നടത്തുന്നത്.  ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രെെബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തുക.

ഈ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023