ഫലപ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ടിസിഎസ്, നിക്ഷേപകർ ഭയപ്പെടേണ്ടതുണ്ടോ?
ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) തങ്ങളുടെ നാലാം പാദ ഫലം കുറച്ച് ദിവസങ്ങൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ ടി.സി.എസ് ഓഹരിയിൽ ശക്തമായ സെൽ ഓഫ് നടന്നു.
കമ്പനിയുടെ നാലാം പാദഫലം നിക്ഷേപകരെ നിരാശപ്പെടുത്തിയോ? ടി.സി.എസ് നിക്ഷേപം അപകടത്തിലാണോ? തുടങ്ങിയ കാര്യങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
നാലാം പാദ ഫലം വരുന്നതിന് മുമ്പത്തെ ദിവസം ഓഹരി എക്കാലത്തേയും ഉയർന്ന നിലയായ 3354 രൂപയിലായിരുന്നു. ഫലം വന്നതിന് പിന്നാലെ ടി.സി.എസ് ഓഹരി താഴേക്ക് വീണ് 3073 രൂപവരെ എത്തി. എന്നാൽ ശക്തമായി തിരികെ കയറിയ ഓഹരി ഏപ്രിൽ 16ന് 3195 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഫലം പ്രതീക്ഷിച്ചു കൊണ്ട് ഓഹരി ശക്തമായ മുന്നേറ്റം നടത്തിയതായി ചാർട്ട് പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാകും. ക്യ4 ഫലം പ്രഖ്യാപിച്ച ദിവസത്തെയാണ് ചാർട്ടിൽ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
നാലാം പാദ ഫലത്തെ അടിസ്ഥാനമാക്കി കമ്പനിയെ പറ്റി വ്യക്തമായ ഒരു വ്യാഖ്യാനം നടത്തുകയാണ് ഞങ്ങൾ. കമ്പനിയുടെ ഫലത്തെ പറ്റിയുള്ള നിങ്ങളുടെ ആശങ്ക ദുരീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
പോസിറ്റീവ് അപ്പ്ഡേറ്റ്സ്
മാർച്ചിലെ നാലാം പാദത്തിൽ ടി.സി.എസിന്റെ പ്രതിവർഷ അറ്റാദായം 14.8 ശതമാനം വർദ്ധിച്ച് 9246 കോടി രൂപയായി. ഇതേകാലയളിവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 9.4 ശതമാനം ഉയർന്ന് 43705 കോടി രൂപയായി. ഒറ്റനോട്ടത്തിൽ ഇത് വളരെ മികച്ചതാണെന്ന് തോന്നാം.
കമ്പനിയുടെ വരുമാനത്തേക്കാൾ മികച്ച മുന്നേറ്റമാണ് അറ്റാദായം രേഖപ്പെടുത്തുന്നത്. ഇത് ടിസിഎസിന്റെ മികച്ച മാനേജിംഗ് രീതിയെ സൂചിപ്പിക്കുന്നു. ഒരു കമ്പനിക്ക് വരുമാനത്തിൽ നിന്നും മികച്ച ലാഭമുണ്ടാക്കാൻ സാധിച്ചാൽ ആ കമ്പനി ശരിയായ പാതയിലാണെന്ന് വേണം വിലയിരുത്താൻ.
ഇതിനൊപ്പം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. ഒപ്പം കമ്പനി ഈ പാദത്തിൽ 9.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഡീലുകൾ സ്വന്തമാക്കി.
ഇതോടെ കമ്പനിയുടെ വാർഷിക ബുക്ക് ഓർഡർ 31.6 ബില്യണായി. പോയവർഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വർദ്ധനവാണുള്ളത്. ഒപ്പം കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും വർദ്ധനവ് രേഖപ്പെടുത്തി. മികച്ച ലാഭവിഹിതം നൽകുകയും വലിയ ഓർഡറുകൾ നേടുന്നതിനാലും കമ്പനിക്ക് മേൽ ആശങ്ക ഉയർത്തേണ്ടതിന്റെ ആവശ്യകതയില്ല.
നോൺ- പോസിറ്റീവ് അപ്പ്ഡേറ്റ്സ്
നിരവധി ശുഭസൂചനകൾക്ക് ഒപ്പം നിക്ഷേപകരെ അലട്ടുന്ന ചില പ്രശ്നങ്ങൾ കൂടി ടി.സി.എസ് ഫലം കാഴ്ചവക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ 1.7 ശതമാനം ഉയർന്ന് 26.8 ശതമാനമായി. എന്നാൽ മൂന്നാം പാദത്തെ അപേക്ഷിച്ച് നോക്കിയാൽ ഇത് 0.2 ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇത് അൽപ്പം ആശങ്ക ഉയർത്തു.
ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിലൂടെ ഓരോ ഷെയറിൽ നിന്നുമുള്ള വരുമാനം എത്രയെന്ന് കണക്കാക്കാൻ നിക്ഷേപകരെ EPS സഹായിക്കും. ഇപിഎസ് വർദ്ധിപ്പിക്കുന്നത് ഓഹരി ഉടമകൾക്ക് ആത്മവിശ്വാസം പകരുന്നു. അതേസമയം ഇപിഎസ് കുറയുന്നത് നിക്ഷേപകരിൽ ആശങ്ക ഉയർത്തും. 2018 സാമ്പത്തിക വർഷം ടിസിഎസിന്റെ ഇപിഎസ് നിരക്ക് 66.48 ആയിരുന്നു. 2020ൽ ഇത് 86.18 ആയി വർദ്ധിച്ചു. എന്നാൽ 2021ൽ 0.63 ശതാമാനം വർദ്ധനവ് മാത്രമാണ് ഇപിഎസിൽ ഉണ്ടായത്.
ഇപിഎസിലെ ഈ ഇടിവ് ഓഹരി ഉടമകളെ നിരാശയിൽ ആഴ്ത്തി.കൊവിഡിന് മൂന്ന് വർഷം മുമ്പ് ടിസിഎസിന്റെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 7 ശതമാനം ആയിരുന്നു. എന്നാൽ നിലവിലെ ഓഹരി വില വരും വർഷങ്ങളിൽ 10 ശതമാനത്തിൽ കൂടുതൽ വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു. ഇത് കെെവരിക്കുകയെന്നത് അൽപ്പം പ്രയാസമാണ്. കമ്പനിയുടെ റിസൾട്ട് നല്ലതാണെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇതിന് സാധിച്ചില്ല.
ഫലങ്ങൾ പ്രതീക്ഷയ്ക്ക് താഴെവന്നതോ, ഫലങ്ങളിൽ അമിത പ്രതീക്ഷ അർപ്പിച്ചതോ?
ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ല. ലോകമെമ്പാടുമുള്ള ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് പോലും ഇതിൽ പൊതുവായ ഒരു അഭിപ്രായമില്ല. പല ബ്രോക്കിംഗ് സ്ഥാപനങ്ങളും നാലാം പാദത്തിനുശേഷം ഓഹരിക്ക് വിൽപ്പന റേറ്റിംഗ് നൽകിയിട്ടുണ്ട്, അതേസമയം ചില ബ്രോക്കിംഗ് സ്ഥാപനങ്ങൾ ഇപ്പോഴും ടിസിഎസിന് ബെെ റേറ്റിംഗ് നൽകുന്നു.
കൊവിഡ് മഹാമാരി എല്ലാ കമ്പനികളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. സമ്പദ് വ്യവസ്ഥ കുതിച്ചുയർന്നില്ലെങ്കിലും 2020 ഏപ്രിൽ മുതൽ ഓഹരി വിപണി ശക്തമായ കാളയോട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. നിഫ്റ്റി 50യിൽ സ്വാധീനമുള്ള ടിസിഎസ് ഓഹരിയും കുതിച്ചുയർന്നു. 2020 മാർച്ചിൽ ഓഹരി എക്കാലത്തേയും താഴ്ന്ന നിലയായ 1506 രൂപ രേഖപ്പെടുത്തി. 2021 ഏപ്രിൽ 9ന് ഓഹരി എക്കാലത്തേയും ഉയർന്ന നിലയായ 3354 രൂപയിൽ എത്തി. ഇത് അർത്ഥമാക്കുന്നത് ഓഹരി വേണ്ടതിലധികം ഉയർച്ച കെെവരിച്ചുവെന്നും ഇപ്പോൾ പ്രീമിയം വിലയിലാണ് വ്യാപാരം നടത്തുന്നതെന്നുമാണ്.
കമ്പനിയുടെ നില മികച്ചതാണെന്ന് ഏവരും വിശ്വസിക്കുന്നു. എന്നാൽ ഇനിയും വളർച്ച നേടാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഏവരും. ഉദാഹരണത്തിന് കമ്പനിയുടെ 26.8 ശതമാനം പ്രവർത്തന മാർജിൻ എന്നത് അസാധാരണമാണ്, ഇത് ഇവിടെ നിന്ന് വർദ്ധിപ്പിക്കുന്നതിന് കമ്പനി വളരെയധികം പരിശ്രമിക്കേണ്ടി വരും. ഇതിനാലാണ് നിക്ഷേപകരിൽ ആശങ്കനിലനിൽക്കുന്നത്. വളർച്ച പൂർത്തിയാക്കിയ ഏതൊരു കമ്പനിയും ഇതേ ആശങ്ക പ്രകടിപ്പിക്കുന്നത് സ്വഭാവികമാണ്.
അനലിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുമ്പോൾ തീർച്ചയായും തമ്മൾ കമ്പനിയുടെ അടസ്ഥാന പ്രവർത്തനങ്ങളിലേക്ക് നോക്കേണ്ടതുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാൻഡ് ആയ ടാറ്റാ കുടുംബത്തിന്റെ ഭാഗമാണ് ടി.സി.എസ്. ഇത് ഇന്ത്യയിലെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നാണ്. അതിനാൽ തന്നെ ദീർഘകാലത്തേക്കുള്ള ടി.സി.എസ് നിക്ഷേപത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ല. കമ്പനിയുടെ മാനേജ്മെന്റ് ദീർഘകാല നേട്ടത്തിനായി പ്രവർത്തിക്കുകയും നിക്ഷേപകർക്ക് മികച്ച ലാഭവിഹിതം നൽകാനും ശ്രമിക്കുന്നു.
നല്ല ഒരു നിക്ഷേപ സാധ്യത ഇപ്പോഴും ടിസിഎസിൽ ഉണ്ടോ എന്നതാണ് ചോദ്യം. ഉണ്ടെന്നതാണ് സത്യം. എന്നാൽ നമ്മൾ കരുതുന്ന അത്ര വേഗത്തിൽ വളർച്ച കെെവരിക്കുമോ ?
Post your comment
No comments to display