Electronics Mart India Ltd IPO; അറിയേണ്ടതെല്ലാം
ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കുകയാണ്. ഇലക്ട്രോണിക് റീട്ടെയിൽ മേഖലയിൽ വളർന്ന് കൊണ്ടിരിക്കുന്ന കമ്പനികളിൽ ഒന്നാണ് ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ ലേഖനത്തിലൂടെ
മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.
Electronics Mart India Ltd
1980ൽ പ്രവർത്തനം ആരംഭിച്ച ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രാജ്യത്തെ നാലാമത്തെ ഇലക്ട്രോണിക്ക് റീട്ടെയിൽ സ്ഥാപനമാണ്. വരുമാനത്തിലേക്ക് നോക്കിയാൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റീജിയണൽ കമ്പനിയും ഇവരാണ്. തെലഗാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രധാന കേന്ദ്രങ്ങൾ. എയർ കണ്ടീഷണർ, ടെലിവിഷൻ, വാഷിംഗ് മെഷീൻ, റഫ്രീജിറേറ്റർ, മൊബൈൽ ഫോണുകൾ, ചെറിയ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കമ്പനിയുടെ ബിസിനസ് മോഡൽ എങ്ങനെ?
- ഉപഭോക്താക്കൾക്ക് ഉയർന്ന ദൃശ്യപരതയും എളുപ്പത്തിലുള്ള പ്രവേശനക്ഷമതയും ഉറപ്പാക്കുന്ന റീട്ടെയിൽ ഇടങ്ങൾ സുരക്ഷിതമാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- ഉടമസ്ഥാവകാശ മാതൃകയിൽ, ഭൂമിയും കെട്ടിടവും ഉൾപ്പെടെയുള്ള അടിസ്ഥാന സ്വത്ത് ഇഎംഐഎൽ സ്വന്തമാക്കി.
- ലീസ്, റെന്റൽ മാതൃകയിൽ, കമ്പനി പ്രോപ്പർട്ടി ഉടമകളുമായി ദീർഘകാല പാട്ടക്കരാറുകളിൽ ഏർപ്പെടുന്നു.
- റീട്ടെയിൽ, മൊത്തവ്യാപാരം, ഇ-കൊമേഴ്‌സ് എന്നിങ്ങനെ മൂന്ന് ചാനലുകളിലൂടെ കമ്പനി ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്നു.
ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം ഇഎംഐഎല്ലിന് രാജ്യത്തെ 36 നഗരങ്ങളിലായി 112 സ്റ്റോറുകളിൽ കമ്പനിയുടെ പ്രവർത്തിച്ചുവരുന്നു. 70-ലധികം ഉപഭോക്തൃ ഡ്യൂറബിൾ, ഇലക്ട്രോണിക് ബ്രാൻഡുകളിൽ നിന്ന് 6,000-ലധികം സ്റ്റോക്ക്-കീപ്പിംഗ് യൂണിറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ബജാജ് ഇലക്ട്രോണിക്സ്, ക്യുഐ, കിച്ചൺ സ്റ്റോറീസ് എന്നിങ്ങനെ ഉള്ള ബ്രാൻഡുകൾ കമ്പനിക്കുണ്ട്.
ഐപിഒ എങ്ങനെ?
ഓക്ടോബർ 4ന് ആരംഭിക്കുന്ന ഐപിഒ ഓക്ടോബർ 7ന് അവസാനിക്കും. ഓഹരി ഒന്നിന് 56-59 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
10 രൂപ മുഖവിലയ്ക്ക് 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 254 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,986 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 3302 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.
ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും:
- പുതിയ സ്റ്റോറുകളും വെയർഹൌസുകളും തുറക്കുന്നതിനായി 111.44 കോടി രൂപ മാറ്റിവെയ്ക്കും.
- വർക്കിംഗ് കാപ്പിറ്റലിനായി 220 കോടി രൂപ മാറ്റിവെയ്ക്കും.
- കടബാധ്യതകൾ വീട്ടാനായി 55 കോടി രൂപ ഉപയോഗിക്കും.
- പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.
ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 77.97 ശതമാനമായി കുറയും.
സാമ്പത്തിക സ്ഥിതി
കൊവിഡ് പ്രതിസന്ധി കമ്പനിയുടെ വിൽപ്പനയേയും വരുമാനത്തെയും സാരമായി ബാധിച്ചിരുന്നു. 2016-21 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 17.9 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കൈവരിച്ചത്. 2022 സാമ്പത്തിക വർഷം അറ്റാദായം 78 ശതമാനം വർദ്ധിച്ച് 81.6 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 1 ശതമാനം ഇ-കൊഴ്സ് പ്ലാറ്റ്ഫോമുകളാണ് സംഭാവന ചെയ്തത്.
2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1410.02 കോടി രൂപയായി രേഖപ്പെടുത്തി. അറ്റാായം 40.65 കോടി രൂപയാണ്. വരും പാദങ്ങളിൽ കമ്പനിയുടെ മാർജിൻ 6.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപകട സാധ്യതകൾ
- നിലവിൽ ആന്ധ്രയിലും, തെലഗാനയിലുമാണ് കമ്പനി പ്രവർത്തിച്ചുവരുന്നത്. എന്നാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് ബാധ്യതകൾ വർദ്ധിക്കാൻ കാരണമാകും.
- മത്സരാധിഷ്ഠിത വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഓൺലൈൻ റീട്ടെയിലർമാരിൽ നിന്ന് കമ്പനി കടുത്ത മത്സരത്തെ നേരിടുന്നുണ്ട്.
- പ്രധാന 5 ബ്രാൻഡുകളിൽ നിന്നായാണ് കമ്പനിയുടെ 61 ശതമാനം വരുമാനവും വരുന്നത്. ഇതിൽ ഉണ്ടാകുന്ന വിൽപ്പന കുറവ് കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും.
- പുറത്തുനിന്നുള്ള വിതരണത്തിൽ ഉണ്ടാകുന്ന തടസങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.
- ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാർക്കറ്റിന്റെ ട്രെൻഡും മനസിലാക്കുന്നതിൽ പരാജയപ്പെട്ടാൽ അത് കമ്പനിയുടെ വിൽപ്പനയെ ബാധിച്ചേക്കും.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമ്മാർ. സെപ്റ്റംബർ 23നാണ് കമ്പനി ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
നിഗമനം
ഏട്ട് ഔട്ട്ലെറ്റുകളുമായി ഇഎംഐഎൽ നാഷണൽ കാപ്പിറ്റൽ റീജിയണിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 ഓളം സ്റ്റോറുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്പനിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും കാര്യക്ഷമമായ സപ്ലൈ ചെയിൻ മാനേജ്മെന്റ് ഉറപ്പാക്കാനും പദ്ധതിയുണ്ട്.
ഗ്രേമാർക്കറ്റിൽ കമ്പനിയുടെ പ്രീമിയം 32-33 രൂപ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി പഠിച്ചതിന് ശേഷം മാത്രം സ്വയം നിഗമനത്തിൽ എത്തിച്ചേരുക.
ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യയുടെ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display