വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ, കമ്പനി ഉന്നതങ്ങളിലേക്കൊ പടുകുഴിയിലേക്കൊ?

Home
editorial
government becomes largest stakeholder in vodafone idea what next
undefined

സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ. വിഐ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിൽ ആകുകയും സർക്കാരിനും ബാങ്കിനും ഒരുപോലെ കടബധ്യത വരുത്തിവയ്ക്കുകയും ചെയ്തിരുന്നു. വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശികയിൽ തീർപ്പുകൽപ്പിക്കാത്ത എല്ലാ പലിശയും ഇക്വിറ്റിയിലേക്ക് പരിവർത്തനം ചെയ്തതിന് ശേഷമാണ് ഗവൺമെന്റ് ഏറ്റവും വലിയ ഓഹരിയുടമയായത്. 16,000 കോടി രൂപ വിലമതിക്കുന്ന വിഐയുടെ 35.8 ശതമാനം ഓഹരികൾ ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ സ്വന്തമാകും. ഇത് സംബന്ധിച്ച വിവരങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ‘തീർപ്പുകൽപ്പിക്കാത്ത’ എജിആർ കുടിശ്ശിക നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ ചില ടെലികോം കമ്പനികൾ സമ്മർദ്ദത്തിലായി. ഈ കുടിശ്ശിക ആയിരക്കണക്കിന് കോടിയായി ഉയർന്നിരുന്നു. പല കമ്പനികൾക്കും ഇത് താങ്ങാൻ കഴിഞ്ഞില്ല. എജിആർ കുടിശ്ശിക മൂലം ദുരിതത്തിലായ ടെലികോം കമ്പനികൾക്ക് സാമ്പത്തിക പാക്കേജുകൾ സർക്കാർ നൽകിയിരുന്നു. ഈ ദുരിതാശ്വാസ പാക്കേജിലൂടെ വോഡഫോൺ ഐഡിയയെയും ഭാരതി എയർടെല്ലിനെയും നിലനിർത്താൻ കഴിഞ്ഞു. നേരിയ തോതിൽ എങ്കിലും കുടിശ്ശിക വീട്ടാൻ ഇത് കമ്പനികളെ സഹായിച്ചു. 58,254 കോടി രൂപ എജിആർ കുടിശ്ശികയായി വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുണ്ട്. 7,854 കോടി രൂപ അഥവ മൊത്തം കുടിശ്ശികയുടെ 13 ശതമാനം കമ്പനി തിരിച്ചടച്ചു. എയർടെൽ, ജിയോ എന്നിവയിൽ നിന്ന് കമ്പനി കടുത്ത മത്സരമാണ് നേരിട്ടത്. വിഐയ്ക്കും എയർടെലിനും തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനൊപ്പം എജിആർ കുടിശ്ശിക തീർക്കുക എന്നത് ദുഷ്‌കരമായ ദൗത്യമായിരുന്നു.

സ്പെക്‌ട്രം, എജിആർ കുടിശ്ശികകൾ എന്നിവയിൽ തീർപ്പാക്കാത്ത എല്ലാ പലിശയും ടെലികോം കമ്പനികളിലെ ഇക്വിറ്റി ഓഹരികളാക്കി മാറ്റാൻ സർക്കാർ ഒടുവിൽ തീരുമാനിച്ചു.  വോഡഫോൺ ഐഡിയ ഇത് അംഗീകരിച്ചു.

വായ്പ നൽകുന്നയാൾ കെട്ടിക്കിടക്കുന്ന കടം ഇക്വിറ്റി ഷെയർഹോൾഡിംഗിലേക്ക് മാറ്റുന്നത് ബിസിനസ്സ് ലോകത്തെ വളരെ സാധാരണമായ ഒരു സമ്പ്രദായമാണ്. വോഡഫോൺ ഐഡിയയുടെ 16,000 കോടി രൂപ വിലമതിക്കുന്ന 35.8 ശതമാനം ഓഹരികളാണ് ഇപ്പോൾ സർക്കാരിന്റെ കെെവശമുള്ളത്. ഇതോടെ വോഡഫോൺ പിഎൽസിയുടെയും ആദിത്യ ബിർള ഗ്രൂപ്പിന്റെയും സംയുക്ത പ്രൊമോട്ടർ ഹോൾഡിംഗ് 72 ശതമാനത്തിൽ നിന്നും  46 ശതമാനമായി കുറഞ്ഞു. ഇന്ത്യ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നിയമപരമായ അണ്ടർ‌ടേക്കിംഗ് വഴിയോ അല്ലെങ്കിൽ ഏതെങ്കിലും ട്രസ്റ്റി തരത്തിലോ മറ്റ് അനുയോജ്യമായ ക്രമീകരണം വഴിയോ ഓഹരികൾ കൈവശം വയ്ക്കാം എന്ന് വോഡഫോൺ ഐഡിയ എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

വോഡഫോൺ ഐഡിയ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റില്ല

പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി ലോവർ സർക്യൂട്ട് രേഖപ്പെടുത്തി. ഒരു ശരാശരി ഷെയർഹോൾഡറുടെ മനസ്സിൽ ആദ്യം വരുന്ന ചോദ്യം ഇതാണ്: വോഡഫോൺ ഐഡിയ ഒരു പൊതുമേഖലാ സ്ഥാപനമായി മാറുമോ? ഇല്ല.

ഭൂരിഭാഗം ഓഹരികളും കൈവശമുള്ളത് കൊണ്ട് മാത്രം സർക്കാർ കമ്പനിയെ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയില്ല. ഓഹരികളൊന്നും ഏറ്റെടുക്കാൻ സർക്കാർ പണം നൽകില്ലെന്നും ടെലികോം കമ്പനികളെ പൊതുമേഖലാ സ്ഥാപനങ്ങളാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രായ് സ്ഥിരീകരിച്ചു.

കമ്പനിയുടെ ബിസിനസ് നിയന്ത്രിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് വോഡഫോൺ ഐഡിയയുടെ മാനേജിംഗ് ഡയറക്ടർ രവീന്ദർ തക്കർ പ്രസ്താവനയിൽ പറഞ്ഞു. ഷെയർഹോൾഡർമാർക്ക് വോട്ടിംഗ് അവകാശം 13 ശതമാനം വരെ ആക്കാൻ അനുവദിക്കുന്ന തരത്തിൽ അസോസിയേഷന്റെ ആർട്ടിക്കിൾ ഭേദഗതി ചെയ്തതായി അദ്ദേഹം പ്രസ്താവിച്ചു, ഇത് ഓഹരി വിഹിതം 21 ശതമാനത്തിൽ താഴെയാണെങ്കിൽ പോലും തീരുമാനങ്ങൾ എടുക്കാൻ പ്രൊമോട്ടർമാരെ അനുവദിക്കുന്നു. ചുരുക്കി പറഞ്ഞാൽ പ്രമോട്ടർമാരായ വോഡഫോൺ ഗ്രൂപ്പും ആദിത്യ ബിർള ഗ്രൂപ്പും കമ്പനിയെ നിയന്ത്രിക്കുന്നത് തുടരും.

ഇത് സംബന്ധിച്ച് എംഡി രവീന്ദർ തക്കറിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ വോഡഫോൺ ഐഡിയ 11 ശതമാനം മുന്നേറ്റം നടത്തി.

സർക്കാർ ഉദ്യോഗസ്ഥരും കമ്പനി മാനേജ്‌മെന്റും ഉറപ്പുനൽകുന്നുണ്ടെങ്കിലും, വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമ സർക്കാരാണെന്ന കാര്യം മറന്നുകൂട. നാളെ ഈ വാക്ക് മാറ്റിപറയുകയോ, കമ്പനിയുടെ തീരുമാനങ്ങളിലേക്ക് സർക്കാർ കെെകടത്തുകയോ ചെയ്തേക്കാം.

മുന്നിലേക്ക്

തീർപ്പാക്കാത്ത കുടിശ്ശിക ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഒരൊറ്റ ട്രേഡിംഗ് സെഷനിൽ തന്നെ കമ്പനിയുടെ ഓഹരി 40 ശതമാനം മൂക്കും കുത്തി താഴെ വീണു. മാനേജ്‌മെന്റ് തീരുമാനങ്ങളിൽ പങ്കെടുക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് എംഡി രവീന്ദർ തക്കർ പ്രഖ്യാപിച്ചതിന് ശേഷം കമ്പനിയുടെ ഓഹരി 11 ശതമാനത്തിന്റെ മുന്നേറ്റം നടത്തി.

വോഡഫോൺ ഐഡിയയ്ക്ക് ശേഷം, ടാറ്റാ ടെലിസർവീസസ് എജിആർ കുടിശ്ശികയിൽ തീർപ്പാക്കാത്ത എല്ലാ പലിശയും സർക്കാരിന് വേണ്ടി ഇക്വിറ്റിയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ടാറ്റ ടെലിസർവീസിന് 16,798 കോടി രൂപ എജിആർ കുടിശ്ശികയുണ്ട്, അതിൽ 4,197 കോടി രൂപ തിരിച്ച് അടച്ചിട്ടുണ്ട്. ഇതിന് ശേഷം കമ്പനിയുടെ മൊത്തം കുടിശ്ശികയുള്ള ഓഹരികളുടെ ഏകദേശം 9.5 ശതമാനം സർക്കാർ കൈവശം വയ്ക്കുമെന്ന് കരുതപ്പെടുന്നു. പ്രഖ്യാപനത്തിന് ശേഷം കമ്പനിയുടെ ഓഹരി വില ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

മുകേഷ് അംബാനിയുടെ ജിയോയ്ക്ക് മത്സരാധിഷ്ഠിത വിലനിർണ്ണയത്തിലൂടെ ഗണ്യമായ വിപണി വിഹിതം പിടിച്ചെടുക്കാൻ സാധിച്ചു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2009ൽ 21 ടെലികോം കമ്പനികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 2021ൽ ഇത് 6 കമ്പനികളായി കുറഞ്ഞു. ആറെണ്ണത്തിൽ, രണ്ടെണ്ണം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ്, ഇതിൽ ഒന്ന് പ്രവർത്തനരഹിതമാണ്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ കമ്പനികളെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു കമ്പനി അടച്ചുപൂട്ടുകയാണെങ്കിൽ, ടെലികോം മേഖലയിൽ മറ്റു രണ്ട് കമ്പനികൾ ആധിപത്യം സ്ഥാപിക്കും. ഇത് ടെലികോം കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കളുടെ മേൽ കൂടുതൽ വിലപേശൽ അധികാരം നൽകുകയും, അത് ശരാശരി ഇന്ത്യൻ പൗരന്റെയും സർക്കാരിന്റയും താത്പര്യങ്ങൾക്ക് എതിരാകുകയും ചെയ്യും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023