അറിയാം പി.എഫിന്റെ നിക്ഷേപ രീതികൾ, കൂടുതൽ സുതാര്യത ആവശ്യമോ?
കടപത്രങ്ങളും ഓഹരി നിക്ഷേപവും അപകടമാണെന്ന് ചിന്തിച്ചു കൊണ്ട് കിട്ടുന്ന ശമ്പളം മിച്ചംപിടിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ആളാണോ നിങ്ങൾ? ആണെന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഓഹരി വിപണിയിലും കടപത്രങ്ങളിലും നിക്ഷേപിക്കുകയാണ്. എങ്ങനെയാണെന്ന് അല്ലേ? പ്രൊവിഡന്റ് ഫണ്ടിലൂടെ. ഇ.പി.എഫ്.ഒ അഥവ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനെെസേഷന് തങ്ങളുടെ പണത്തിന്റെ 15 ശതമാനം വരെ ഇക്യൂറ്റി മാർക്കറ്റിലും 85 ശതമാനം പണം കടപത്രങ്ങളിലും നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ എങ്ങനെയാകും പ്രൊവിഡന്റ് ഫണ്ടിന്റെ പ്രവർത്തനങ്ങൾ ? ഇതിലൂടെ നിങ്ങൾക്കുള്ള നേട്ടമെന്താണ് തുടങ്ങിയ ചോദ്യങ്ങൾക്കാണ് മാർക്കറ്റ്ഫീഡ് ഇന്ന് ഉത്തരം തേടുന്നത്.
പ്രൊവിഡന്റ് ഫണ്ടെന്ന ആശയം
പ്രൊവിഡന്റ് ഫണ്ടിൽ നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം നിങ്ങൾ ഇ.പി.എഫ്.ഒക്ക് നൽകുന്നു. ഇതേപോലെ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനവും സമാനമായ തുക നിങ്ങളുടെ പേരിൽ ഇ.പി.എഫിന് നൽകുന്നു. മാസാമാസം ലഭിക്കുന്ന ഈ തുക ഇ.പി.എഫ്.ഒ ദീർഘകാല ബോണ്ടുകളിലേക്കും ഇക്യൂറ്റി ഓഹരികളിലേക്കും നിക്ഷേപിക്കും. ഈ തുക സാവധാനം വളർന്ന് കൊണ്ടേയിരിക്കും. എപ്പോഴാണോ നിങ്ങൾ പണം പിൻവലിക്കുന്നത് അത് വരെയുള്ള തുകയും അതിന്റെ പലിശയും നിങ്ങൾക്ക് ലഭിക്കും. പലിശ നിരക്ക് അടിയ്ക്കടി മാറികൊണ്ടിരിക്കും. ഇത് കേന്ദ്ര ബോർഡാണ് തീരുമാനിക്കുക. 2021 സാമ്പത്തിക വർഷം 8.5 ശതമാനമാണ് വാർഷിക പലിശ നിരക്ക്.
ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമോ തൊഴിൽ രഹിതനായാലോ നിങ്ങൾ ഈ തുക പിൻവലിക്കാവുന്നതാണ്. തൊഴിൽ രഹിതനായതിന് ശേഷം ഒരാൾക്ക് 1 മുതൽ 2 മാസത്തിന് ഉള്ളിൽ ഈ തുക പിൻവലിക്കാം. പി.എഫിന്റെ 75 ശതമാനം തുക തൊഴിൽ നഷ്ടപ്പെട്ട് ഒരു മാസത്തിനുള്ളിലും 25 ശതമാനം തുക 2 മാസത്തിന് ശേഷവും പിൻവലിക്കാം. വീട് വാങ്ങുക, കല്യാണം, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി ഒരാൾക്ക് വിരമിക്കുന്നതിന് മുമ്പ് തന്നെ പി.എഫ് തുക പിൻവിലക്കാവുന്നതാണ്.
എവിടെയാണ് പി.എഫ് തുക നിക്ഷേപിക്കുക?
ഇ.പി.എഫ്.ഒയുടെ മൊത്തം അസറ്റ് അണ്ടർ മാനേജ്മെന്റ് എന്നത് 11 ലക്ഷം കോടി രൂപയാണ്. ഇ.പി.എഫ്.ഒ ജീവനക്കാർ എല്ലാം തന്നെ സാമ്പത്തിക വിദഗ്‌ദ്ധരോ അതിൽ പരിശീലനം ലഭിച്ചവരോ അല്ല. ഇക്കാരണത്താൽ തന്നെ ഇത്രയധികം പണം കെെകാര്യം ചെയ്യാനും ഇവർക്ക് സാധിക്കില്ല. ഇതേതുടർന്ന് SBI, UTI, ICICI എന്നീ സ്ഥാപനങ്ങളെ ഫണ്ട് മാനേജർമ്മാരായി ഇ.പി.എഫ്.ഒ നിയമിച്ചിട്ടുണ്ട്. 2019ൽ ഇ.പി.എഫ്.ഒ എസ്ബിഐ മ്യൂച്ചൽ ഫണ്ട്, യുടിഐ അസറ്റ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളെ ഫണ്ട് മാനേജരായി മൂന്ന് വർഷത്തേക്ക് നിയമിച്ചിരുന്നു. ഇ.പി.എഫ്.ഒ നേരിട്ട് ഓഹരികളിൽ നിക്ഷേപം നടത്തുന്നില്ല.
കൊവിഡ് പ്രതിസന്ധി
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇ.പി.എഫ്.ഒക്ക് വളരെ വലിയ നഷ്ടം നേരിടേണ്ടി വന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ ഓഹരി വിപണിയിൽ വളരെ വലിയ ഒരു സെൽ ഓഫ് നടന്നിരുന്നു. ഒപ്പം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അവർക്ക് തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും പണം ചെലവാക്കേണ്ടി വരികയും ചെയ്തു. തുടർന്ന് 71.01 ലക്ഷം ഇ.പി.എഫ് അക്കൗണ്ടുകളാണ് 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ പിൻവലിക്കപെട്ടത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വരിക്കാർക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളിൽ നിന്ന് മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും അലവൻസ് കവിയാത്ത തുകയും പിൻവലിക്കാൻ സർക്കാർ അനുമതി നൽകി. ലോക്ക്ഡൗൺ തുടരുന്നതിനാൽ നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. കൊവിഡിനെ തുടർന്ന് ഇ.പി.എഫ്.ഒ 60.88 ലക്ഷം പിൻവലിക്കൽ ക്ലെയിമുകളാണ് 2021 ജനുവരി 31 വരെ സെറ്റിൽ ചെയ്തത്. ഇത് ഏകദേശം 15255 കോടി രൂപ വരും.
ലോക്ക്ഡൗണിന് ശേഷമുള്ള ഇ.പി.എഫ്.ഒ ഡാറ്റ സമ്പദ് വ്യവസ്ഥ വിണ്ടെടുക്കുന്നുവെന്നതിന്റെ സൂചനയാണ് നൽകുന്നത്. 2020 ഡിസംബറിൽ 12.54 ലക്ഷം ആളുകളാണ് ഇ.പി.എഫ്.ഒയിൽ അംഗമായത്. 2021 ജനുവരിയിൽ 13.36 ലക്ഷം പേരും അംഗമായി. പ്രതിവർഷ മൊത്തം വരിക്കാരിൽ 28 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ 2.61 ലക്ഷം സ്ത്രീ വരിക്കാരും പുതുതായി ഇ.പി.എഫ്.ഒയുടെ ഭാഗമായി.
ഇ.പി.എഫ്.ഒ കൂടുതൽ സുതാര്യമാക്കണോ?
ഇ.പി.എഫ്.ഒയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വളരെ നിഗൂഢമാണ്. ആർക്കും തന്നെ അറിയില്ല പണം എവിടേക്ക് പോകുന്നുവെന്നും എവിടെ നിന്നും വരുന്നുവെന്നതും. ഒരു സാധാരണ പി.എഫ് അക്കൗണ്ട് ഉടമയ്ക്ക് പണം എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. നിക്ഷപങ്ങളുടെ കാര്യത്തിൽ ഇ.പി.എഫ്.ഒ കൂടുതൽ സുതാര്യമാകണമെന്ന് നിരവധി സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപെട്ടിട്ടുണ്ട്. പൊതുജനാഭിപ്രായത്തിൽ, ഭാരത് 22, സിപിഎസ്‌ഇ ഇടിഎഫുകൾ, ഇപിഎഫ്‌ഒ പോലുള്ള പെൻഷൻ ഫണ്ടിന് അനുചിതമെന്ന് പറയപ്പെടുന്നു. കാരണം ഇത് ഒന്നും തന്നെ ഉയർന്ന വരുമാനം നൽകിയിട്ടില്ല. വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് ഇ.പി.എഫ.ഒ എന്ന ഓർഗനെെസേഷൻ ശക്തിപെടുത്തിയേടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇ.പി.എഫ്.ഒ മോശമായി മാനേജ് ചെയ്യുന്ന ഒരു സംഘടനയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display