ബിഎസ്ഇയെ പിന്നിലാക്കി ഇന്ത്യൻ വിപണിയിൽ എൻഎസ്ഇ നിലയുറപ്പിച്ചതെങ്ങനെ, എക്സ്ചേഞ്ചുകളെ പറ്റി കൂടുതൽ അറിയാം
സെക്യൂരിറ്റികളിൽ നിക്ഷേപം / വ്യാപാരം നടത്താൻ
അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്ന് പറയപ്പെടുക. ഓഹരി വിപണിയിലേക്ക് പുതുതായി വരുന്ന എല്ലാവർക്കും ഉണ്ടായേക്കാവുന്ന പൊതുവായ സംശയമാണ് എൻ.എസ്.ഇയിൽ ഇടപാട് നടത്തണമോ അതോ ബിഎസ്ഇയിൽ നടത്തണമോ എന്നത്. ഇന്ത്യയിലെ തന്നെ പ്രധാന വലിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എൻ.എസ്.ഇയും ബി.എസ്.ഇയും
മുംബെെയിലെ ദലാൽ സ്ട്രീറ്റിൽ 1875ലാണ് ഏഷ്യയിലെ തന്നെ ഏറ്റവും പുരാതന സ്റ്റോക്ക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമാകുന്നത്. 5400ൽ അധികം ലിസ്റ്റഡ് കമ്പനികളാണ് നിലവിൽ എൻ.എസ്.ഇയിൽ ഉള്ളത്. ഇതിന്റെ ബഞ്ച്മാർക്ക് സൂചികകളായ എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് എന്നിവ ലോകമെമ്പാടുമുള്ള നിക്ഷേപകർ നിരീക്ഷിച്ചുവരുന്നു. ബിഎസ്ഇയിലെ 30 കമ്പനികളെയാണ് സെൻസെക്സ് സൂചിപ്പിക്കുന്നത്. 2020 ലെ കണക്കുപ്രകാരം ലോകത്തെ പത്താമത്തെ ഏറ്റവും വില എക്സ്ചേഞ്ചാണ് ബിഎസ്ഇ.
മുംബെെ ആസ്ഥാനമായി 1992ൽ പ്രവർത്തനം ആരംഭിച്ചതാണ് എൻ.എസ്.ഇ അഥവ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വില എക്സ്ചേഞ്ചാണ് എൻഎസ്ഇ. 1600ൽ അധികം ലിസ്റ്റഡ് കമ്പനികളാണ് നിലവിൽ എൻഎസ്ഇയിൽ ഉള്ളത്. എൻഎസ്ഇയിലെ 50 കമ്പനികളെയാണ് ബഞ്ച് മാർക്ക് സൂചികയായ നിഫ്റ്റി 50 ട്രാക്ക് ചെയ്യുന്നത്.
എൻഎസ്‌ഇയും ബിഎസ്‌ഇയും കമ്പനികൾക്ക് ധനസമാഹരണത്തിനുള്ള ഒരു വേദി ഒരുക്കുന്നു. ഇക്വിറ്റി, കറൻസി, ഡെറ്റ് ഉപകരണങ്ങൾ, ഡെറിവേറ്റീസ് (എഫ് & ഒ), മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ വ്യാപാരം നടത്താൻ ഇത് സഹായിക്കുന്നു. റിസ്ക് മാനേജ്മെന്റ്, ക്ലിയറിംഗ്, സെറ്റിൽമെന്റ്, നിക്ഷേപക വിദ്യാഭ്യാസം എന്നീ സേവനങ്ങളും നൽകി വരുന്നു. സെബിയുടെ മാർഗനിർദ്ദേശ പ്രകാരമാണ് ഈ രണ്ട് എക്സ്ചേഞ്ചുകളും പ്രവർത്തിക്കുന്നത്.
എൻ.എസ്.ഇയുടെ മുന്നേറ്റത്തിനുള്ള കാരണങ്ങൾ
ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു നൂറ്റാണ്ടിലേറയായി ബിഎസ്ഇ പ്രവർത്തിച്ചുവരുന്നുണ്ട്. മൂലധന വിപണിയിൽ സുതാര്യത മെച്ചപ്പെടുത്താനാണ് കേന്ദ്ര സർക്കാർ എൻഎസ്ഇ കൂടി അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രേരിത സ്റ്റോക്ക് എക്സ്ചേഞ്ചായിരുന്നു ഇത്, അക്കാലത്ത് ചില പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഇതിന് ശക്തമായ പിന്തുണ നൽകിയിരുന്നു. രാജ്യത്തുടനീളം ട്രേഡിംഗ് ടെർമിനലുകൾ സ്ഥാപിക്കാൻ എൻഎസ്‌ഇക്ക് അനുമതി ലഭിച്ചിരുന്നു.അതേസമയം ബിഎസ്‌ഇക്ക് ഈ അനുമതി ലഭിച്ചില്ല.
ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ഓഹരി വ്യാപാരത്തിന്റെ ഒരു പ്രധാന ഭാഗം പിടിച്ചെടുക്കാൻ എൻഎസ്‌ഇക്ക് കഴിഞ്ഞു. ട്രേഡിംഗ് സിസ്റ്റങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവർ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. ഇന്ത്യൻ വിപണിയിൽ ഓട്ടോമേറ്റഡ്, പേപ്പർലെസ് ട്രേഡിംഗിന് തുടക്കം കുറിച്ചത് എൻഎസ്ഇ ആയിരുന്നു. രാജ്യത്തെ ആദ്യ ഡെപ്പോസിറ്ററിയായ എൻഎസ്ഡിഎല്ലും എൻഎസ്ഇയാണ് സ്ഥാപിച്ചത്. ക്ലിയറിംഗ് കോർപ്പറേഷൻ സ്ഥാപിച്ച ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് കൂടിയാണ് എൻഎസ്‌ഇ.
എൻഎസ്‌ഇയുടെ വരവോടെ, ഓഹരി വിപണിയിലെ നിക്ഷേപവും വ്യാപാരവും ഏറെ സുതാര്യവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായി മാറി.
ഉയർന്ന ലിക്യുഡിറ്റി
കൂടുതൽ ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാനായി ഇരു എക്സ്ചേഞ്ചുകളും തമ്മിൽ കടത്ത മത്സരത്തിലാണ്. വോളിയം കൂടുന്നതിലൂടെ കമ്പനിയുടെ വരുമാനവും വർദ്ധിക്കും. ഓഹരിയിലും, ഡെറിവേറ്റീവിലും വ്യാപാരം നടത്താൻ ഉയർന്ന വോളിയം ആവശ്യമാണ്. ഉയർന്ന വോളിയം വളരെ പെട്ടന്ന് വിൽക്കാനും വാങ്ങാനും നിക്ഷേപകരെയും വ്യാപാരികളെയും സഹായിക്കും.
ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവു കൂടുതൽ ശരാശരി പ്രതിദിന വിറ്റുവരവുള്ളത് എൻഎസ്‌ഇക്കാണ്. ഉദാഹരണത്തിന് 2021 ജൂലെെ 12ന് 15.76 ലക്ഷം റിലയൻസിന്റെ ഓഹരികളാണ് ബിഎസ്ഇയിൽ ട്രേഡ് ചെയ്തിരുന്നത്. അതേസമയം എൻ.എസ്.ഇയിൽ 39.6 ലക്ഷം റിലയൻസ് ഓഹരികളാണ് ട്രേഡ് ചെയ്തിരുന്നത്.
ഡെറിവേറ്റീവുകളിലെ വ്യാപാരം
ഡെറിവേറ്റീവ് ട്രേഡിംഗ് എന്താണെന്ന് അറിയാത്തവർക്കായി ചെറിയ ഒരു വിശദീകരണം.
ഒരു ആസ്തിയിൽ നിന്നും മൂല്യം ഉൾകൊണ്ട് പ്രവർത്തിക്കുന്ന ഉപകരണത്തെയാണ് ഡെറിവേറ്റീവ് എന്ന് പറയുന്നത്. ഈ ആസ്തി ഒരു ഓഹരിയോ, ചരക്കോ, സൂചികയോ ആകാം. വലിയ സ്ഥാപനങ്ങളും വ്യാപാരികളും തങ്ങളുടെ റിസ്ക് തടയുന്നതിനായി ഡെറിവേറ്റീവുകളെ ഹെഡ്ജിംഗിനായി ഉപയോഗിക്കാറുണ്ട്. എഫ് ആൻഡ് ഒ ആണ് പൊതുവെ ഉപയോഗിക്കുന്ന ഡെറിവേറ്റീവ് ട്രേഡുകൾ.
ഒരു നിശ്ചിത തീയതിയിൽ നിശ്ചിത വിലയ്ക്ക് അടിസ്ഥാന ആസ്തിയുടെ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അളവ് വാങ്ങുന്നതിനും വിൽക്കുന്നതിനും രണ്ട് പേർ തമ്മിൽ ഉണ്ടാക്കുന്ന ഒരു കരറാണിത്.
ഡെറിവേറ്റീവ് വിപണിക്കായി എൻ.എസ്.ഇയിൽ വളരെ വലിയ ലിക്യുഡിറ്റിയാണുള്ളത്. എൻഎസ്‌ഇ, ബിഎസ്‌ഇ എന്നിവയിലെ എഫ് & ഒ ആക്റ്റിവേറ്റഡ് സ്റ്റോക്കുകളുടെ വോള്യം പരിശോധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും. മിക്ക സമയത്തും, ബിഎസ്‌ഇയിൽ പൂജ്യം കരാറുകൾ കാണപ്പെടുമ്പോൾ എൻഎസ്‌ഇയിൽ നിഫ്റ്റി 50യുടെയും ബാങ്ക് നിഫ്റ്റിയുടെയും അനേകം കരാറുകൾ വ്യാപാരം നടത്തുന്നത് കാണാം.
നിഗമനം
ശക്തമായ വളർച്ചയുണ്ടെങ്കിൽ പോലും എൻഎസ്‌ഇയെ ഒരു വശത്ത് ബിഎസ്‌ഇ പിന്നിലാക്കുന്നു. സെൻസെക്സ് എന്ന ബ്രാൻഡിനെ ഇപ്പോഴും ലോകം മുഴുവൻ ഊറ്റുനോക്കുകയും ഇതിനെ ഇന്ത്യൻ വിപണിയുടെ പ്രകടനമായി വിലയിരുത്തുകയും ചെയ്യുന്നു.
ഉയർന്ന ലിക്യുഡിറ്റി ഉള്ളതിനാൽ ഇൻട്രോഡേ, സ്വിഗ്, ഡെറിവേറ്റീവ് ട്രേഡിംഗ് എന്നിവയ്ക്കായി എൻഎസ്ഇ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഒരു ദീർഘകാല നിക്ഷേപകനാണെങ്കിൽ എവിടെ നിന്നും വാങ്ങുന്നു എന്നത്തിൽ പ്രാധാന്യമില്ല. വിവിധ മേഖലകളിലായി അയ്യായിരത്തിലധികം ഓഹരികൾ വാങ്ങാൻ ബിഎസ്ഇ അനുവദിക്കുന്നു. എൻഎസ്‌ഇ, ബിഎസ്‌ഇ എന്നിവയിലെ സ്‌ക്രിപ്റ്റുകളുടെ വിലയിൽ ചെറിയ വ്യത്യാസമുണ്ടാകാം. എങ്കിലും നിക്ഷേപം / വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ചെവ് രണ്ട് എക്സ്ചേഞ്ചിലും സമാനമാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പതിവ് സാങ്കേതിക തകരാറുകൾ കാരണം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ സ്കാനറിന് കീഴിലാണ്. ഒരുപക്ഷേ 2021 ഫെബ്രുവരി 21ന് നടന്ന സാങ്കേതിക പ്രശ്നം നിങ്ങൾക്ക് ഓർമ ഉണ്ടാകും. ഇത് എന്താണെന്ന് ഓർമ ഇല്ലെങ്കിൽ ലിങ്ക് സന്ദർശിക്കുക. രണ്ട് സേവന ദാതാക്കളിൽ നിന്നുള്ള ടെലികോം ലിങ്കുകളുടെ അസ്ഥിരത അതിന്റെ റിസ്ക് മാനേജുമെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് എക്സ്ചേഞ്ച് അറിയിച്ചു. ഇത് നിരവധി നിക്ഷേപകർക്ക് പണം നഷ്ടമാകാൻ കാരണമായി.
സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സെബി അടുത്തിടെ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം കൊണ്ടുവന്നിരുന്നു. സാങ്കേതിക തടസ്സങ്ങളോട് 30 മിനിറ്റിനുള്ളിൽ പ്രതികരിക്കുകയോ 45 മിനിറ്റിനുള്ളിൽ പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ എക്സ്ചേഞ്ചുകൾക്ക് മേൽ 2 കോടിയോ അതിൽ കൂടുതൽ രൂപയോ പിഴ ഇടാക്കുമെന്ന് സെബി അറിയിച്ചു. 21 ദിവസത്തിനുള്ളിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളും മറ്റ് മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളും ഇത് സംബന്ധിച്ച വിശകലന റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
Post your comment
No comments to display