ഇന്ധനവില കുതിച്ചുയരുമ്പോൾ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളിലെ നിക്ഷേപ സാധ്യതകൾ
പെട്രോൾ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പ്രിയം ഇന്ത്യയിൽ വർദ്ധിച്ചുവരുന്നതായി കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി നിരവധി കമ്പനികൾ ദീർഘദൂര ഇലക്ട്രിക് സ്കൂട്ടറുകളും ഇ-ബൈക്കുകളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് വിപണിയിൽ വിവിധ തരത്തിലുള്ള സൂപ്പർ ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാണ്. 2021ൽ മാെത്തം രജിസ്റ്റർ ചെയ്ത പ്രതിവർഷ ഇലക്ട്രിക് ബൈക്കുകളുടെ എണ്ണം എന്നത് 132 ശതമാനം വർദ്ധിച്ച് 233971 യൂണിറ്റായതായി കാണാം. ഇലക്ട്രിക് വിപ്ലവത്തിനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവഹന നിർമാണ കമ്പനികളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ഹീറോ ഇലക്ട്രിക്
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും വലിയ കമ്പനിയാണ് ഹീറോ ഇലക്ട്രിക്. 2017ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ലിഥിയം അയൺ ബാറ്ററി അധിഷ്ഠിത സ്കൂട്ടർ പുറത്തിറക്കിയത്. രാജ്യത്തെ 325 നഗരങ്ങളിലായി 600ൽ അലധികം ഡീലർഷിപ്പ് ശൃംഖലകളിലായി കമ്പനി പ്രവർത്തിച്ചു വരുന്നു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏകദേശം 9 വ്യത്യസ്ത ഇലക്ട്രിക് ബൈക്ക് മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ വില 46,640 രൂപ മുതൽ 83,940 രൂപ വരെയാണ്. 2021ൽ ഹീറേ ഇലക്ട്രിക് 46260 യൂണിറ്റുകൾ വിറ്റഴിച്ചു. കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി നിരവധി ഓൺലൈൻ റീട്ടെയിൽ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വിപണിയിൽ ഹീറോ ഇലക്ട്രിക് 31 ശതമാനം വിപണി വിഹിതം മാത്രമാണുള്ളത്. വരും വർഷങ്ങളിൽ, കമ്പനി അതിന്റെ ഉൽപ്പാദന ശേഷി വിപുലീകരിക്കാനും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു.
ഏഥർ ഇലക്ട്രിക്
2013-ൽ ആണ് ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ഏഥർ എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായത്. കമ്പനിക്ക് ഹീറോ മോട്ടോർകോർപ്പിന്റെ പിന്തുണയുണ്ട്. ഏകദേശം 32 ശതമാനം ഓഹരി വിഹിതമാണ് ഹീറോയ്ക്ക് ഇതിലുള്ളത്. കമ്പനി ആരംഭിച്ചത് മുതൽ 160 മില്യൺ ഡോളറിലധികം ഏകദേശം 1,200 കോടി രൂപ സമാഹരിച്ചു.
ബെംഗളൂരു ആസ്ഥാനമായുള്ള ഇ-സ്കൂട്ടർ നിർമ്മാതാവ് ഇന്ത്യയിൽ 450X, 450 പ്ലസ് എന്നീ രണ്ട് പ്രീമിയം മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. 2021ൽ 15,921 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. കൂടാതെ 11 ശതമാനം വിപണി വിഹിതവും രേഖപ്പെടുത്തി.
ഏഥർ എനർജി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ വേരിയന്റുകളിൽ പ്രവർത്തിക്കാൻ തുടങ്ങി, അത് ദൈർഘ്യമേറിയ ശ്രേണിയും നൽകുന്ന പണത്തിന് മികച്ച മൂല്യവും വാഗ്ദാനം ചെയ്യുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വാർഷിക ഉൽപ്പാദന ശേഷി ഒരു ദശലക്ഷം സ്കൂട്ടറുകളായി ഉയർത്താൻ കൂടുതൽ ഫണ്ട് സ്വരൂപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലുടനീളം 5,000 ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാനും അതിന്റെ നെറ്റ്‌വർക്ക് 600 സ്റ്റോറുകളായി വർദ്ധിപ്പിക്കാനുമുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു.
ടിവിഎസ് ഇലക്ട്രിക് മൊബിലിറ്റി
ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡിന്റെ ഇവി വിഭാഗമാണ് ടിവിഎസ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. ഇലക്ട്രിക് വാഹനങ്ങളുടെ സഹ-നിർമ്മാണത്തിനായി ബിഎംഡബ്ല്യു മോട്ടോറാഡുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് ടാറ്റ പവറുമായി തന്ത്രപരമായ സഹകരണവും കമ്പനി ഉറപ്പിച്ചിട്ടുണ്ട്.
TVS iQube ആണ് ടിവിഎസ് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കിയ ഇലക്ട്രിക്ക് ഇരുചക്ര വാഹനം. 2021ൽ 5976 യൂണിറ്റിന്റെ വാർഷിക വിൽപ്പനയാണ് കമ്പനിക്കുണ്ടായത്.
ബജാജ് ഓട്ടോ ലിമിറ്റഡ്
2020 ജനുവരിയിൽ ബജാജ് ഓട്ടോ ലിമിറ്റഡ് അതിന്റെ ഐക്കണിക് സ്കൂട്ടറായ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചു. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലായാണ് പുതിയ വാഹനം കമ്പനി അവതരിപ്പിച്ചത്. ഇതോടെ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ 4 ശതമാനം വിപണി വിഹിതം നേടാൻ കമ്പനിക്ക് കഴിഞ്ഞു.
വരും ആഴ്ചകളിൽ ഇ-സ്‌കൂട്ടർ ചേതക്കിന്റെ നെറ്റ്‌വർക്ക് ഇരട്ടിയാക്കാനാണ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. 2021ൽ ഇത് എട്ട് നഗരങ്ങളിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. 2022-ന്റെ ആദ്യ ആറ് ആഴ്ചകളിൽ നെറ്റ്‌വർക്കിൽ 12 പുതിയ നഗരങ്ങൾ കൂടി ഉൾപ്പെടുത്താൻ സാധിച്ചു. ഇവി ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ 300 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബജാജ് ഓട്ടോ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒല ഇലക്ട്രിക്
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് ഒല ഇലക്ട്രിക് മൊബിലിറ്റി. 2021 ഡിസംബറിൽ Ola S1, Ola S1 പ്രോ ഇ-സ്കൂട്ടറുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് കമ്പനി വാർത്തകളിൽ ഇടംപിടിച്ചു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകളാണ് കമ്പനിക്ക് ലഭിച്ചത്. 1102 യൂണിറ്റുകളാണ് കമ്പനി ജനുവരി മാസം മാത്രം വിറ്റഴിച്ചത്. എന്നാൽ ഉൽപ്പാദനം വൈകുന്നത് ഒല ഇലക്ട്രിക്കിനെ പ്രതികൂലമായി ബാധിച്ചു. മോശം ക്വാളിറ്റി ഉള്ള വാഹനങ്ങൾ ലഭിച്ചതിനാൽ ഉപഭോക്താക്കൾ പരാതി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പോയമാസം ഒല ഇലക്ട്രിക് 200 മില്യൺ ഡോളർ ഏകദേശം 1,490.5 കോടി രൂപ ഫണ്ടിംഗിൽ 5 ബില്യൺ ഡോളറിന്റെ മൂല്യത്തിൽ സമാഹരിച്ചു.
മുന്നിലേക്ക് എന്താകും?
ഇന്ധന വില വർദ്ധനവിനെ തുടർന്ന് 2021-ൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന ഇരട്ടിയിലധികമായി. ഗവൺമെന്റിൽ നിന്നുള്ള വിവിധ സബ്‌സിഡികൾ ഇലക്ട്രിക്, പെട്രോൾ സ്‌കൂട്ടർ എന്നീ മോഡലുകൾ തമ്മിലുള്ള വില വ്യത്യാസം കുറയ്ക്കാൻ സഹായിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ മൊത്തം ഇന്ത്യൻ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടർ വിൽപ്പനയുടെയും 1.45 കോടി യൂണിറ്റിന്റെ വെറും 1 ശതമാനം മാത്രമാണ് ഇലക്ട്രിക് മോഡലുകൾ ഉള്ളത്. 2030-ഓടെ ഈ വിഹിതം 40 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ എണ്ണ ഇറക്കുമതി കുറയ്ക്കാനും മലിനീകരണത്തെ ചെറുക്കാനുമാണ് സർക്കാർ ശ്രമം.
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗം ഇപ്പോഴും പരിണാമ ഘട്ടത്തിലാണ്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ അവെൻഡസ് കാപ്പിറ്റലിന്റെ റിപ്പോർട്ട് അനുസരിച്ച് 2025 ഓടെ ഇന്ത്യൻ ഇവി വിപണി 50,000 കോടി രൂപയുടെ അവസരമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളും ലെഗസി വാഹന നിർമ്മാതാക്കളും ചേർന്ന് അടുത്ത 3-5 വർഷത്തിനുള്ളിൽ 10,000 കോടിയിലധികം രൂപയുടെ നിക്ഷേപം തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹന ബിസിനസിലേക്ക് മാറ്റിയിട്ടുണ്ട്.
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display