പൊന്നും വില കൊടുത്ത് ട്വിറ്റർ വാങ്ങാനുള്ള തീരുമാനം മണ്ടത്തരം? മസ്കിന്റെ പുതിയ നീക്കം ഇങ്ങനെ
ഇപ്പോൾ വാർത്തകളിൽ എല്ലാം തന്നെ ഇടംപിടിച്ചിരിക്കുന്ന ഒന്നാണ് ട്വിറ്റർ. രാഷ്ട്രിയ നേതാക്കളും, സ്പോർട്ട് താരങ്ങളും തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ അവരുടെ ആരാധകരുമായി വിവരങ്ങൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്ന ഫ്ലറ്റ്ഫോമാണ് ട്വിറ്റർ. ഏതൊരു സാധാരണക്കാരനും തന്റെ അഭിപ്രായം ട്വിറ്ററിലൂടെ ലോകത്തോടെ പങ്കുവയ്ക്കാം എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. 330 മില്യൺ ജനങ്ങളാണ് ഓരോ മാസവും ട്വിറ്റർ ഉപയോഗിക്കുന്നത്.
ഈ കഴിഞ്ഞ മാർച്ച് മുതൽ തന്നെ ടെസ്ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം ഇപ്പോൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇലോൺ മസ്ക്.
എന്ത് കൊണ്ടാണ് മസ്ക്ക് ട്വിറ്ററിന് മേൽ കണക്കുവച്ചിരുന്നത്? എന്ത് കൊണ്ടാണ് ഇപ്പോൾ ഇടപാട് മരവിപ്പിച്ചത്? ഈ സാമൂഹ്യ മാധ്യമത്തിന്റെ പ്രസക്തി എന്താണ്? ട്വിറ്റർ സ്വകാര്യവത്ക്കരിച്ചത് കൊണ്ട് മസ്ക്കിനുള്ള നേട്ടം എന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് മാർക്കറ്റഫീഡ് ഇന്ന് പരിശോധിക്കുന്നത്.
ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതി
2006 പ്രവർത്തനം ആരംഭിച്ച ട്വിറ്റർ രണ്ട് ബിസിനസ് സൈക്കിളിലാണ് പ്രവർത്തിക്കുന്നത്.
പരസ്യം: പ്ലാറ്റ്‌ഫോം ബ്രാൻഡുകളെയും കമ്പനികളെയും അവരുടെ ഉൽപ്പന്നങ്ങൾ ടാർഗെറ്റഡ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ അവ പ്രമോട്ട് ചെയ്യാൻ അനുവദിക്കുന്നു. 38 ദശലക്ഷം പ്രതിദിന ആക്ടീവ് മൊണറ്റസ്ഡ് യൂസേഴ്സാണ് ഇത് ഉപയോഗിക്കുന്നത്. ഡിജിറ്റൽ പരസ്യങ്ങൾക്കും സജീവമായ ഒരു കമ്മ്യൂണിറ്റിയും സൃഷ്ടിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമാണ് ട്വിറ്റർ.
മൂന്ന് തരത്തിലാണ് പരസ്യങ്ങൾ നടപ്പിലാക്കുന്നത്:
1. Promoted tweets: ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രമോട്ടുചെയ്‌ത ട്വീറ്റുകൾ ട്വിറ്റർ ശുപാർശ ചെയ്യുന്നു. ട്വിറ്ററിലെ അനലിറ്റിക്കൽ റെക്കോർഡുകളുടെ സഹായത്തോടെ പരസ്യദാതാക്കൾക്ക് അവരുടെ ടാർഗെറ്റ് പ്രേക്ഷകരെ കണ്ടെത്താനാകും.
2. Promoted Accounts: “Who to follow” എന്ന ടാബിൽ ചില പ്രൊഫൈലുകൾ ട്വിറ്റർ ശുപാർശ ചെയ്യുന്നു. പരസ്യദാതാക്കളുടെ അക്കൗണ്ടുകളും ഇതിൽ അടങ്ങിയിരിക്കാം.
3. Promoting a trending topic: ഹാഷ്‌ടാഗുകളുടെ സഹായത്തോടെ ട്വീറ്റുകളെ ഒരു വിഷയത്തിലേക്ക് തരംതിരിക്കാൻ ട്വിറ്റർ സഹായിക്കുന്നു. ഈ ഹാഷ്‌ടാഗുകൾ പ്രമോട്ട് ചെയ്യുന്നത് പരസ്യദാതാക്കളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കും.
Data licensing: ഡാറ്റയെ ഭാവിയുടെ സമ്പത്ത് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. കമ്പനികൾക്ക് അവരുടെ ഉപയോഗ ഡാറ്റയിലൂടെ ഉപയോക്താക്കളുടെ പെരുമാറ്റം നേരിട്ട് വിശകലനം ചെയ്യാനും പഠിക്കാനും കഴിയും. വിവിധ കമ്പനികൾക്ക് വിശകലനം ചെയ്യുന്നതിനായി ട്വിറ്റർ തങ്ങളുടെ കൈവശമുള്ള ഡാറ്റാ പണം വാങ്ങിൽ വിൽക്കുന്നു. എന്നാൽ കഴിഞ്ഞ ചില വർഷങ്ങളായി ട്വിറ്ററിന് ഈ മേഖലയിൽ വലിയ വളർച്ച ഉള്ളതായി കാണുന്നില്ല. 500 മില്യൺ ഡോളർ മാത്രമാണ് പ്രതിവർഷം കമ്പനി ഇതിൽ നിന്നും വരുമാനമായി നേടിയത്. മൊത്തം വരുമാനത്തിന്റെ 11 ശതമാനം മാത്രമാണിത്.
ലാഭക്ഷമത
കമ്പനിയുടെ ലാഭക്ഷമത എത്രയെന്ന് നോക്കാം :
കഴിഞ്ഞ 10 വർഷ കാലയളവിൽ ട്വിറ്റർ രണ്ട് തവണ മാത്രമെ ലാഭത്തിലായിട്ടുള്ളു. അതും 36 ശതമാനത്തിന്റെ സി.എ.ജി.ആർ വരുമാനത്തിൽ.
കൊവിഡിന് ശേഷം പല കമ്പനികളും തങ്ങളുടെ പരസ്യ ബജറ്റ് ഗണ്യമായി കുറച്ചത് ട്വിറ്ററിന്റെ ലാഭക്ഷമതയെ സാരമായി ബാധിച്ചു.
പരസ്യത്തിലൂടെയാണ് ട്വിറ്ററിന്റെ പ്രധാന വരുമാനം വരുന്നത് എന്നതിനാൽ തന്നെ കൂടുതൽ ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിൽ ചേർന്നാൽ മാത്രമേ കമ്പനിക്ക് വളരാൻ കഴിയൂ. ട്വിറ്ററിന്റെ നിലവിലെ ഉപയോക്താക്കളുടെ കണക്കുകൾ നോക്കാം.
2015-16 വരെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ട്വിറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ 2016ൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ട്വിറ്ററിന് സാധിച്ചില്ല. ഉപയോക്തൃ അടിത്തറയിൽ ട്വിറ്റർ അതിന്റെ സാച്ചുറേഷൻ പോയിന്റിൽ എത്തിയിരിക്കാമെന്ന് വിമർശകർ പ്രസ്താവിച്ചു.
കൗതുകകരമെന്നു പറയട്ടെ, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ട്വിറ്ററിന്റെ ഉപയോക്തൃ അടിത്തറ വിശകലനം ചെയ്യുന്നത് മറ്റൊരു കഥ പറയുന്നു:
ട്വിറ്ററിന് അതിന്റേതായ സവിശേഷതകൾ ഉണ്ടെങ്കിലും, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോസ്റ്റുകൾ, ഫോട്ടോകൾ, വാർത്തകൾ മുതലായവ ഉപയോഗിച്ച് ഉപയോക്താക്കളുമായി ഇടപഴകാൻ ശ്രമിക്കുന്നതായി കാണാം. ഇതിനാൽ തന്നെ ട്വിറ്റർ ഉപയോക്താക്കളുമായി കൂടുതൽ ഇടപഴകേണ്ട ആവശ്യകത ഉണ്ടെന്നത് വ്യക്തമാണ്.
ട്വിറ്ററിന്റെ ഭാവി
വിപണനക്കാർ, പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, ബ്രാൻഡുകൾ എന്നിവർക്കിടയിൽ അറിയപ്പെടുന്ന ഒരു മാർക്കറ്റിംഗ് എഞ്ചിനാണ് ട്വിറ്റർ. എന്നാൽ പ്ലാറ്റ്‌ഫോം അതിന്റെ ഉപയോക്താക്കളെ നിലനിർത്തുന്നതിൽ പരാജയപ്പെടുന്നതായി കാണാം. ടിക്ടോക്ക്, സ്നാപ്പ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വരവ് ട്വിറ്ററിന് തിരിച്ചടിയായി.
ട്വിറ്റുകൾ വായിക്കുന്നതിനായി ഉപയോക്താക്കളിൽ നിന്നും പ്രതിമാസ ഫീസ് ഈടാക്കുന്ന തരത്തിൽ ഒരു സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത പ്ലാറ്റ്‌ഫോമായി മാറാൻ ട്വിറ്ററിന് കഴിയില്ല. അത്തരമൊരു നീക്കം അടിസ്ഥാനപരമായി പ്ലാറ്റ്‌ഫോമിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കും.
ട്വിറ്റർ ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോമായി തുടരുകയും ആഡ്-ഓൺ പെയ്ഡ് ഫീച്ചറുകൾ അവതരിപ്പിക്കുകയും വേണം. ട്വിറ്റർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനങ്ങൾ ഏതെല്ലാം എന്ന് നോക്കാം.
1. Spaces: ഇതൊരു ലൈവ് ഓഡിയോ ഫ്ലാറ്റ്ഫോമാണ്, ക്ലബ്ഹൌസിന്റെ എതിരാളിയാണിത്.
2. Revue: ഒരു ന്യൂസ് ലെറ്റർ പ്രൊവൈഡറാണിത്.
3. Sphere: ഗ്രൂപ്പ് ചാറ്റ് സേവനം നൽകുന്ന ഒരു ആപ്പാണിത്.
മസ്ക്കിന്റെ കൈയ്യിൽ എത്തിയാൽ
മാർച്ച് 14ന് ടെസ്ല സിഇഒ ആയ ഇലോൺ മസ്ക്ക് ട്വിറ്ററിന്റെ 9 ശതമാനം ഓഹരികൾ വാങ്ങി കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡറായി മാറി. ശേഷം ഏപ്രിൽ 14ന് ട്വിറ്ററിന്റെ 100 ശതമാനം ഓഹരികൾ 44 ബില്യൺ ഡോളറിന് വാങ്ങാൻ തയ്യാറാണെന്ന് മസ്ക് പറഞ്ഞിരുന്നു. അതായിത് ഓഹരി ഒന്നിന് 54.23 ഡോളർ വിലയ്ക്ക്. അതേസമയം ട്വിറ്റർ ഓഹരികൾ അപ്പോൾ 51.7 ഡോളർ നിരക്കിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്.
ട്വിറ്റർ ബോർഡ് തുടക്കത്തിൽ ഈ ഏറ്റെടുക്കൽ കമ്പനിക്കും അതിന്റെ മൂല്യങ്ങൾക്കും ഭീഷണിയായി കണക്കാക്കി. അതിനാൽ തന്നെ മസ്ക്കിന്റെ നടപടിക്ക് വിലങ്ങിടാൻ കമ്പനി പോയിസൺ പിൽ അവതരിപ്പിച്ചു. ഏതെങ്കിലും വ്യക്തിയോ ഗ്രൂപ്പോ കമ്പനിയുടെ ഓഹരി 15 ശതമാനത്തിൽ കൂടുതൽ സ്വന്തമാക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിലവിലുള്ള ഓഹരി ഉടമകൾക്ക് കിഴിവിൽ അധിക സ്റ്റോക്കുകൾ വാങ്ങാനുള്ള അവകാശം ഇത് നൽകുന്നു. ഇത് പ്രകാരം ഇലോൺ മസ്ക് ട്വിറ്ററിന്റെ 15 ശതമാനത്തിലധികം ഓഹരികൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണെങ്കിൽ, മറ്റെല്ലാ ഓഹരിയുടമകൾക്കും വലിയ വിലക്കിഴിവിൽ പുതിയ ഓഹരികൾ നൽകാൻ സാധിക്കും. ഇതോടെ മസ്ക്ക് കൈവശംവച്ചിട്ടുള്ള ഓഹരികളിലൂടെ കമ്പനിക്ക് മേലുള്ള നിയന്ത്രണ സാധ്യത കുറയുകയും, ഓപ്പം ഓഹരി ഏറ്റെടുക്കൽ ചെലവേറിയതുമാകുന്നു.
ഏപ്രിൽ 26നാണ് സ്ഥാപനം 44 ബില്യൺ ഡോളറിന് മസ്കിന് നൽകുന്നതായി ട്വിറ്റർ വ്യക്തമാക്കിയത്. പണമിടപാട് ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25.5 ബില്യൺ ഡോളർ വായ്പ ഇനത്തിൽ മസ്ക് വാങ്ങും. 21 ബില്യൺ ഇക്യുറ്റി ഫണ്ടിലൂടെ കണ്ടെത്തും.
തന്റെ ഏറ്റെടുക്കൽ കമ്പനിയുടെ ലാഭം വർധിപ്പിക്കുക മാത്രമല്ലെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. ട്വിറ്റർ മൊത്തത്തിൽ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. പ്രസിദ്ധീകരിച്ച ട്വീറ്റുകൾ പരിഷ്‌ക്കരിക്കുന്നതിന് “എഡിറ്റ്” ബട്ടണും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിന് സ്പാംബോട്ടുകളും അവതരിപ്പിക്കാൻ മസ്ക് ലക്ഷ്യമിടുന്നു. ട്വിറ്ററിന്റെ അൽഗോരിതം ഓപ്പൺ സോഴ്‌സ് ആയിരിക്കണമെന്നും ഉപയോക്താക്കൾക്ക് അവരുടെ ഫീഡുകൾ ക്രമീകരിക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകണമെന്നും ഇലോൺ മസ്‌ക് ആവശ്യപ്പെട്ടു.
മസ്കിന്റെ പുതിയ നീക്കം
ട്വിറ്റർ വാങ്ങാനുള്ള തീരുമാനം ഇപ്പോൾ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ട്വിറ്ററിലെ വ്യാജ അകൌണ്ടുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എക്സചേഞ്ചിൽ നൽകിയ കണക്കിൽ 5 ശതമാനം മാത്രം വ്യാജ അക്കൌണ്ടുകളാണ് ഉള്ളതെന്നാണ് ട്വിറ്റർ അവകാശപ്പെടുന്നത്. എന്നാൽ 4 ഇരട്ടി വ്യാജ അകൌണ്ടുകൾ ഉണ്ടെന്നാണ് മസ്ക് ആരോപിക്കുന്നത്. എക്സചേഞ്ചിലെ കണക്ക് പ്രകരാം ആണ് താൻ 44 ബില്യൺ ഡോളറിന്റെ ഓഫർ ആദ്യം മുന്നിലേക്ക് വച്ചതെന്നാണ് മസ്കിന്റെ വാദം.
തുടർച്ചയായി നഷ്ടം വരുത്തുന്ന ട്വിറ്റർ വാങ്ങാനുള്ള തീരുമാനം മണ്ടത്തരം ആണെന്ന് മനസിലാക്കി ഇടപാടിൽ നിന്നും പിന്തിരിയാൻ ആണോ മസ്ക്ക് ശ്രമിക്കുന്നത്? അതോ ഇത്തരം പ്രസ്താവനകളിലൂടെ കമ്പനിയുടെ വിപണി മൂല്യം ഇടിച്ച് കുറഞ്ഞ വിലയിൽ ട്വിറ്റർ സ്വന്തമാക്കാൻ ആണോ മസ്ക്ക് ശ്രമിക്കുന്നത്? നിങ്ങൾക്ക് എന്ത് തോന്നുന്നു കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display