തേജസ് നെറ്റ്‌വർക്ക്സ് ഒരു മൾട്ടിബാഗർ ഓഹരിയോ? കൂടുതൽ അറിയാം
ആഗോള സമ്പദ് വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തുന്നതിൽ ടെലികോം കമ്മ്യൂണിക്കേഷൻ മേഖല പ്രധാന പങ്കുവഹിക്കുന്നു. ഭാരതി എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളും മറ്റു ഇന്റെർനെറ്റ് സേവന ദാതാക്കളും മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ വരിക്കാർക്ക് നൽകാനുള്ള മത്സരത്തിലാണ്. ആശയവിനിമയ ശൃംഖലകൾ ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പിക്കുന്നതിനായ് ചില കമ്പനികൾ പ്രത്യേക നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങളും സേവനങ്ങളും ടെലികോം കമ്പനികൾക്ക് നൽകുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ബിസിനസുകൾക്ക് മുമ്പത്തേക്കാൾ വേഗതയേറിയ നെറ്റുവർക്ക് ആവശ്യമുള്ളതിനാൽ ഇത്തരം കമ്പനികളുടെ ഉത്പ്പന്നങ്ങൾക്കുള്ള ആവശ്യകതയും വർദ്ധിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നൂതന നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങളും പരിഹാരങ്ങളും നൽകി വരുന്ന Tejas Networks എന്ന കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Tejas Networks
ടെലികോം, ഇന്റെർനെറ്റ് സേവന ദാതാക്കൾ വെബ്-സ്കെയിൽ ഇന്റർനെറ്റ് കമ്പനികൾ എന്നിവർക്കായി ഒപ്റ്റിക്കൽ, ഡാറ്റ നെറ്റ്‌വർക്കിംഗ് ഉത്പ്പന്നങ്ങളുടെ രൂപകൽപ്പന, വികസനം, വിപണനം എന്നിവ നടത്തി വരുന്ന സ്ഥാപനമാണ് തേജസ് നെറ്റ്‌വർക്ക് ലിമിറ്റഡ്. ഇതിനൊപ്പം ഇന്ത്യയിലെയും ലോകത്തെ വിവിധ രാജ്യങ്ങളിലെയും പ്രതിരോധ കമ്പനികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും നെറ്റ്‌വർക്ക് ആവശ്യകതകളും വലിയ തോതിൽ കമ്പനി നിറവേറ്റുന്നു. ബെംഗളൂരു ആസ്ഥാനമായി 2000-ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ ഓഹരി വിപണിയിൽ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെടുന്ന ഡീപ്-ടെക്നോളജി കമ്പനിയാണിത്. അത്യാധുനിക എഞ്ചിനീയറിംഗ് നവീകരണങ്ങളേയൊ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളേയൊ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതാണ് ഡീപ്-ടെക്നോളജി.
തേജസ് നെറ്റുവർക്കിന്റെ ഫോർട്ട്ഫോളിയൊ ഇങ്ങനെ
- Integrated Optical Products: ഒപ്റ്റിക്കൽ ട്രാൻസ്മിഷനും ബ്രോഡ്‌ബാൻഡ് ആക്‌സസ്സിനുമായി ഉപയോഗിക്കുന്നു.
- Wireless Products: എൽ.ഇ.ടി, 5 ജി വയർലെസ് സേവനങ്ങൾക്കായി ഉപയോഗിക്കുന്നു.
- Switches: ഡേറ്റ സെന്ററുകൾ, ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള വിന്യാസങ്ങൾ എന്നിവയ്ക്കുള്ള ഇൻഫ്രാസ്ട്രക്ചർ നിർമിക്കാൻ ഇത് ഉപയോഗിക്കുന്നു.
- Network management software
ആഗോള ഒപ്റ്റിക്കൽ അഗ്രഗേഷൻ വിഭാഗത്തിലെ മികച്ച 10 വിതരണക്കാരുടെ പട്ടികയിൽ കമ്പനി ഇടം നേടിയിട്ടുണ്ട്. 75ൽ അധികം രാജ്യങ്ങളിലായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ചില വർഷങ്ങളായി ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യുഎസ്എ, മെക്സിക്കോ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിനായി തേജസ് നെറ്റ്‌വർക്ക്സ് ശ്രദ്ധകേന്ദ്രീകരിച്ചു.
ശക്തമായ ക്ലയന്റ് അടിത്തറ
പ്രമുഖ ഇന്ത്യൻ, അന്തർദേശീയ സ്ഥാപനങ്ങൾക്കായി മികച്ച റിസർച്ച് & ഡവലപ്മെന്റിന്റെ സഹായത്തോടെ വിപുലമായ ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്ന കമ്പനിയാണ് തേജസ് നെറ്റുവർക്ക്. RailTel Corp, L&T Construction, Airtel, Tata Communications, Power Grid, GAIL, BSNL, Mexico-based GigNet എന്നീ സ്ഥാപനങ്ങളിൽ നിന്നായി കമ്പനിക്ക് നിരന്തരമായി ഓർഡറുകൾ ലഭിച്ചു വരുന്നു. മുംബൈയിൽ ഇന്ത്യയുടെ ആദ്യത്തെ മെട്രോ ഡിഡബ്ല്യുഡിഎം നെറ്റ്‌വർക്ക് നിർമിക്കുന്നതിൽ തേജസ് നെറ്റ്‌വർക്ക്സ് നിർണായക പങ്കുവഹിച്ചിരുന്നു. നിലവിലുള്ള ഫൈബർ നെറ്റ്‌വർക്കുകളിൽ ബാൻഡ്‌വിഡ്ത്ത് വർദ്ധിപ്പിക്കാൻ ഈ സംവിധാനം ഏറെ സഹായകരമാകും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനായി സ്മാർട്ട് കമ്മ്യൂണിക്കേഷൻ ശൃംഖലയും കമ്പനി നിർമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ വ്യാവസായിക ടൗൺഷിപ്പിനായി തേജസ് നെറ്റ്‌വർക്കുകൾ ബെംഗളൂരിൽ വിപുലമായ ഒരു സ്മാർട്ട് സിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഒപ്പം ദ്വീപുകളിലെ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിക്കായി സ്മാർട്ട് എൽ.ടി.ഇ അഥവ 4ജി സേവനങ്ങൾ, പരിഹാരങ്ങൾ എന്നിവയും കമ്പനി നൽകി വരുന്നു.
സാമ്പത്തിക സ്ഥിതി
2017 മുതൽ തേജസ് നെറ്റുവർക്ക്സ് സ്ഥിരതയില്ലാത്ത വരുമാനമാണ് കെെവരിച്ചു വരുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനി 1.39 CAGR വളർച മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം മേഖലയുടെ ശരാശരി വരുമാനം 7.67 ശതമാനമാണ്. 2019 സാമ്പത്തിക വർഷം കമ്പനി 937.01 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്. അറ്റാദായത്തിലും കമ്പനി സ്ഥിരമായ വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 2019-2020 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 424.19 കോടി രൂപയായി കുറഞ്ഞു. ഇതേ സാമ്പത്തിക വർഷം 237.12 കോടി രൂപയുടെ നഷ്ടമാണ് തേജസ് നെറ്റ്‌വർക്ക്സ് രേഖപ്പെടുത്തിയത്.
2021 സാമ്പത്തിക വർഷം ഡിസംബറിലെ മൂന്നാം പദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 3.68 ശതമാനമായി വർദ്ധിച്ച് 9.23 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 55.6 ശതമാനം വർദ്ധിച്ച് 134.88 കോടി രൂപയായി.
ആഭ്യന്തര, ആഗോള വിപണികളിൽ നിന്നുള്ള പുതിയ ഓർഡറുകളുടെ വരവാണ് വരുമാന വർദ്ധനത്തിന് കാരണമായത്. കൊവിഡ് മൂലം ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ ഒപ്റ്റിക് ഫൈബർ വഴിയുള്ള അതിവേഗ ഹോം ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ ആവശ്യകത വർദ്ധിച്ചു. ടെലികോം സേവന ദാതാക്കളും നെറ്റുവർക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനായി തേജസ് നെറ്റുവർക്ക്സിന്റെ സഹായം തേടി.
കമ്പനിയുടെ ആർ.ഒ.സി.ഇ -11.23 ശതമാനമാണ്. മേഖലയിലുള്ള മറ്റുസ്ഥാപനങ്ങളുമായി നോക്കുമ്പോൾ ഇത് വളരെ കുറവാണ്. അതേസമയം വിപണിയുടെ 2.39 ശതമാനം പങ്കാളിത്തം കെെവരിക്കാൻ മാത്രമാണ് കമ്പനിക്ക് ഇതുവരെ സാധിച്ചത്. OnMobile Global, Sterlite Technologies, HFCL, GTPL Hathway എന്നീ സ്ഥാപനങ്ങളുമായി കമ്പനി കടുത്ത മത്സരം നേരിട്ടുവരികയാണ്.
ഓഹരി നിലവാരം
2018 മുതൽ തേജസ് നെറ്റുവർക്ക്സിന്റെ ഓഹരി വില താഴേക്ക് ഇടിയുകയാണ്. അതിനൊപ്പം കമ്പനിയുടെ 2020 സാമ്പത്തിക വർഷത്തെ മോശം പ്രകടനം നിക്ഷേപകരുടെ പ്രതീക്ഷ ഇല്ലാതെയാക്കി. 2020 മെയ്യിൽ ഓഹരി എക്കാലത്തേയും താഴ്ന്ന നിലയായ 28.90 രൂപ രേഖപ്പെടുത്തി. തുടർന്ന് 480 ശതമാനത്തിലേറെ നേട്ടം കെെവരിച്ച ഓഹരി ഇപ്പോൾ 170 രൂപയെന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഭാവിയിലെ കമ്പനിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ നിക്ഷേപകർ ഓഹരിയിലേക്ക് തിരികെ വന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
എന്നാൽ കമ്പനിയുടെ പ്രെമോട്ടർമാരുടെ ഓഹരി വിഹിതം പൂജ്യമാണ്. ഇൻസൈഡർ വിൽപനയുടെ ഫലമായി കഴിഞ്ഞ ചില മാസങ്ങളായി തേജസ് നെറ്റുവർക്ക്സിന്റെ ഓഹരി സാങ്കേതികപരമായി ദുർബലമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഉദാഹരണത്തിന് 2021 ഫെബ്രുവരിയിൽ കമ്പനിയുടെ പ്രെമോട്ടർമാരിൽ ഒരാളായ ആർ.മുരളി ഓഹരി ഒന്നിന് 175 രൂപ വീതം 53 ലക്ഷം രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. തേജസ് നെറ്റുവർക്ക്സിലെ ഏറ്റവും വലിയ ഇൻസെെഡർ വിൽപ്പനകളിൽ ഒന്നാണിത്. കമ്പനിയുടെ മേൽ പ്രെമോട്ടർമാർക്ക് വിശ്വാസമില്ലാത്തതിനാൽ തന്നെ റീട്ടെയിൽ നിക്ഷേപകർ ഓഹരിയിൽ ഏറെ ജാഗ്രത പുലർത്തുകയാണ്. ഇത് ചാർട്ടിൽ കാണപ്പെടുന്ന വോളിയത്തിൽ നിന്നും വ്യക്തമാണ്.
നിഗമനം
2020ലെ മോശം സാമ്പത്തിക നിലയും പ്രെമോട്ടർമാർ ഓഹരി വിറ്റഴിച്ചതുമാണ് പ്രധാനമായും തേജസ് ഓഹരിക്ക് മേൽ നിലനിൽക്കുന്ന ആശങ്ക. എന്നിരുന്നാലും ഓർഡറുകളുടെ എണ്ണത്തിലും ഉത്പ്പന്ന വിൽപ്പനയിലും തേജസ് നെറ്റ്‌വർക്കുകൾ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. കമ്പനിയുടെ ആർ ആന്റ് ഡി വിഭാഗം നിരന്തരമായി ഏറ്റവും പുതിയ നെറ്റ്‌വർക്കിംഗ് പരിഹാരങ്ങൾ വികസിപ്പിക്കുന്നു. വരും കാലങ്ങളിൽ കമ്പനി ക്രമാനുഗതവും സ്ഥിരവുമായ വളർച്ച കെെവരിക്കാൻ സാധ്യതയുണ്ട്. 2021 ജനുവരി- മാർച്ച് പാദത്തിൽ കമ്പനിയുടെ പ്രകടനം എങ്ങനെയുണ്ടാകുമെന്നും ഒപ്പം മത്സരം ഏറിയ മേഖലയിൽ പിടിച്ചുകയറാൻ കമ്പനി ഏത് തരം വിപൂലീകരണ പദ്ധതികൾ രൂപീകരിക്കുമെന്നും നമുക്ക് കണ്ടറിയാം.
Post your comment
No comments to display