ഇന്ത്യൻ സമ്പന്നർ, പട്ടികയിലെ ആദ്യ പത്ത് പേർ ഇവരൊക്കെ

Home
editorial
meet the top 10 richest indians
undefined

2021-2022 സാമ്പത്തിക വർഷം മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 166 ആയി ഉയർന്നതായി ഫോർബ്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവരുടെ മൊത്തം ആസ്തി 26 ശതമാനം ഉയർന്ന് 750 ബില്യൺ ആയതായി പറയപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഈ ബിസിനസ് മേധാവികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്ത് പേരെയാണ് മാർക്കറ്റ്ഫീഡ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 

ഗൗതം അദാനി

ഗൗതം അദാനിയുടെ മൊത്തം ആസ്തി മൂല്യം എന്നത് 122.3 ബില്യൺ ഡോളറാണ്. ഏകദേശം 9.31 ലക്ഷം കോടി രൂപ. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരികളിൽ ക്രമാതീതമായ വർധനവുണ്ടായതോടെ, കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനിയുടെ സമ്പത്ത് ഓരോ ആഴ്ചയും 6,000 കോടി രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ലോകത്തെ തന്നെ ആറാമത്തെ ധനികനാണ് ഇപ്പോൾ ഇദ്ദേഹം.

അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവ വഴി അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, പവർ ജനറേഷൻ & ട്രാൻസ്മിഷൻ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ അദാനി ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നതും അദാനി ഗ്രൂപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി ഉത്പാദകനാകാനുള്ള പദ്ധതികളും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ ഇതിനായി 20 ബില്യൺ ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തും.

മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ മേധാവിയാണ് മുകേഷ് അംബാനി. പെട്രോകെമിക്കൽസ്, ഓയിൽ & ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നീ ബിസിനസുകൾ അനുബന്ധ സ്ഥാപനങ്ങളിലൂടെ ആർഐഎൽ നടത്തിവരുന്നു. റിലയൻസും ഗ്രീൻ എനർജിയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ്. അടുത്ത 10 മുതൽ 15 വർഷത്തിനുള്ളിൽ കമ്പനി ഇതിനായി 80 ബില്യൺ ഡോളർ നിക്ഷേപം നടത്തും.

98 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 7.46 ലക്ഷം കോടി രൂപ. ലോകത്തിലെ തന്നെ പത്താമത്തെ ധനികനാണ് മുകേഷ് അംബാനി.

ശിവ നാടാർ

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ എച്ച്.സി.എൽ ടെക്നോളജീസിന്റ സഹസ്ഥാപകനാണ് ശിവ നാടാർ.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം അറിയപ്പെടുന്നു. 2020 ജൂലൈയിൽ, നാടാർ എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. പകരം മകളായ റോഷ്നി നാടാർ മൽഹോത്ര ആ സ്ഥാനം ഏറ്റെടുത്തു. നിലവിൽ എച്ച്‌സിഎൽ ടെക്കിന്റെ ചെയർമാനും സ്ട്രാറ്റജിക് അഡ്വൈസറുമാണ് അദ്ദേഹം. 

28 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 2.12 ലക്ഷം കോടി രൂപ. 

സൈറസ് പൂനാവാല

വാക്സിൻ കിംഗ് എന്ന് അറിയപ്പെടുന്ന  സൈറസ് പൂനാവാലയാണ് ആരോഗ്യ മേഖലയിലെ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ. ഇദ്ദേഹത്തിന്റെ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് നിർമിച്ചത്. പ്രതിവർഷം  1.5 ബില്യൺ ഡോസ് വാക്സിനാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ലിസ്റ്റഡ് ഫിനാൻഷ്യൽ സർവീസസ് സ്ഥാപനമായ പൂനവല്ല ഫിൻകോർപ്പിന്റെ ഭൂരിഭാഗം ഓഹരികളും പൂനവാലയുടെ ആസ്തികളിൽ ഉൾപ്പെടുന്നു.

26 ബില്യൺ ഡോളറാണ് (ഏകദേശം 1.98 ലക്ഷം കോടി രൂപ) ഇദ്ദേഹത്തിന്റെ ആസ്തി.

രാധാകിഷൻ ദമാനി

അവന്യൂ സൂപ്പർമാർട്ടിന്റെ (ഡിമാർട്ട്) സ്ഥാപകനായ രാധാകിഷൻ ദമാനിയുടെ മൊത്തം ആസ്തി എന്നത് 20 ബില്യൺ ഡോളറാണ്. ഏകദേശം 1.5 ലക്ഷം കോടി രൂപ. രാജ്യത്തുട നീളമായി 250 ഡിമാർട്ട് സ്റ്റോറുകളാണുള്ളത്. അദ്ദേഹം റീട്ടെയിൽ കിംഗ് എന്നും അറിയപ്പെടുന്നു. വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമന്റ്സ്, ടാറ്റ ട്രെന്റ് എന്നിവയിൽ ദമാനിക്ക് ഓഹരികളുണ്ട്.

സാവിത്രി ജിൻഡാൽ

മരിച്ചു പോയ ഓം പ്രകാശ് ജിൻഡാലിന്റെ ഭാര്യയായ സാവിത്രി ജിൻഡാലാണ് ജിൻഡാൽ ഗ്രൂപ്പിന്റെ അധ്യക്ഷ. അവരുടെ നാല് മക്കളാണ് ഇപ്പോൾ ഈ ബിസിനസ് നടത്തി വരുന്നത്. ഖനനം, വൈദ്യുതി, വ്യാവസായിക വാതകങ്ങൾ, സിമന്റ്, സ്റ്റീൽ നിർമ്മാണം എന്നിവയിൽ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു എനർജി എന്നിവ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളാണ്.

20 ബില്യൺ ഡോളറാണ് സാവിത്രിയുടെയും കുടുംബത്തിന്റെയും മൊത്തം ആസ്തി. ഏകദേശം 1.52 ലക്ഷം കോടി രൂപ.

ലക്ഷ്മി മിത്തൽ

ലോകത്തെ വലിയ സ്റ്റീൽ ആൻഡ് മൈനിംഗ് കമ്പനിയായ ആർസെലർ മിത്തലിന്റെ ചെയർമാനാണ് ലക്ഷ്മി മിത്തൽ. കമ്പനി 17 രാജ്യങ്ങളിൽ സ്റ്റീൽ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചു വരുന്നു. ലണ്ടനിലാണ് മിത്തൽ  താമസിക്കുന്നതെങ്കിലും അദ്ദേഹം കൈവശം വച്ചിരിക്കുന്നത് ഇന്ത്യൻ പാസ്‌പോർട്ടാണ്.  18 ബില്യൺ ഡോളർ, ഏകദേശം 1.37 ലക്ഷം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

കുമാർ മംഗലം ബിർള

ആദിത്യ ബിർള ഗ്രൂപ്പിന്റെ നാലാം തലമുറയിലെ നേതൃനിരയിൽ ഉള്ള വ്യക്തിയാണ് കുമാർ ബിർള. അൾട്രാടെക് സിമന്റ്, ഹിൻഡാൽകോ, ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ, ആദിത്യ ബിർള ക്യാപിറ്റൽ, ഐഡിയ സെല്ലുലാർ എന്നിവ കമ്പനിയുടെ ഗ്രൂപ്പ് ബിസിനസിൽ ഉൾപ്പെടുന്നു. 17.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 1.32 ലക്ഷം കോടി രൂപ.

ദിലീപ് ഷാംഗ്‌വി

ലോകമെമ്പാടും ഗണ്യമായ വിൽപ്പനയുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് സ്ഥാപിച്ച വ്യക്തിയാണ് ദിലീപ് ഷാങ്‌വി.

2014-ൽ 4 ബില്യൺ ഡോളറിന് എതിരാളിയായ റാൻബാക്സി ലബോറട്ടറീസ് വാങ്ങിയതുൾപ്പെടെയുള്ള ഏറ്റെടുക്കലുകളുടെ ഒരു പരമ്പരയിലൂടെയാണ് അദ്ദേഹം സൺ ഫാർമയെ വളർത്തിയെടുത്തത്. പുനരുപയോഗ ഊർജം, എണ്ണ, വാതക പ്രോജക്ടുകളിൽ അദ്ദേഹം വ്യക്തിപരമായി അനേകം  നിക്ഷേപം നടത്തിയിട്ടുണ്ട്. 16 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ഉദയ് കൊട്ടക്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഉദയ് കൊട്ടക്. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ മികച്ച നാല് ബാങ്കുകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ കമ്പനി ഇപ്പോൾ. വ്യക്തിഗത ധനകാര്യം, നിക്ഷേപ ബാങ്കിംഗ്, ലൈഫ് ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്റ് എന്നീ മേഖലകളിൽ കോർപ്പറേറ്റ്, റീട്ടെയിൽ ഉപഭോക്താക്കൾക്കായി ബാങ്കിംഗ് ഉൽപ്പന്നങ്ങളും സാമ്പത്തിക സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.14.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി.

Source: Forbes Real Time Billionaires List (as of 13/4/2022)

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023