കെ.എഫ്.സി, പിസ്സ ഹട്ട് എന്നിവയുടെ ഇന്ത്യൻ വിതരണ കമ്പനി ഓഹരി വിപണിയിലേക്ക്; ദേവയാനി ഇന്റർനാഷണൽ ഐപിഒയെ പറ്റി കൂടുതൽ അറിയാം
വിപണി വീണ്ടും മറ്റൊരു ഐപിഒ സീസണിന് ഒരുങ്ങുകയാണെന്നാണ് പ്രതീതമാകുന്നത്. സൊമാറ്റോ, ഗോഎയർ തുടങ്ങിയ കമ്പനികൾ അടുത്തിടെ ഇതിനായി സെബിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ പിസ്സ ഹട്ട്, കെഎഫ്‌സി എന്നിവയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി സ്ഥാപനമായ ദേവയാനി ഇന്റർനാഷണലും പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്.
ഐപിഒ വഴി 1400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 400 കോടി രൂപയുടെ ഫ്രെഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ പ്രെമോട്ടർമാരുടെ പക്കലുള്ള 12.5 കോടി രൂപയുടെ ഓഹരികളും ഇതിൽ ഉൾപ്പെടു. ഐപിഒ വഴി ലഭിക്കുന്ന പണം പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും നിലവിലുള്ള 357.7 കോടി രൂപയുടെ കടബാധ്യതകൾ തീർക്കാനും കമ്പനി ഉപയോഗിക്കും.
കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പരിശോധിച്ചു കൊണ്ട് കൂടുതൽ സാധ്യതകൾ വിലയിരുത്തുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്.
ദേവയാനി ഇന്റർനാഷണൽ
ദ്രുത സേവന റെസ്റ്റോറന്റുകളിൽ ഏറ്റവും വേഗതയിൽ വളരുന്ന കമ്പനികളിൽ ഒന്നാണ് ദേവയാനി ഇന്റർനാഷണൽ അഥവ ഡി.ഐ.എൽ. പ്രശസ്ത ഫാസ്റ്റ് ഫുഡ് വിതരണ കമ്പനികളായ പിസ്സ ഹട്ട്, കെ.എഫ്.സി, കോസ്റ്റ കോഫി എന്നിവയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി കമ്പനിയാണിത്. ദക്ഷിണേന്ത്യൻ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റ് ശൃംഖല വാങ്കോയും കമ്പനി പ്രവർത്തിപ്പിച്ചു വരുന്നു. ടിഡബ്ല്യുജി ടീയുടെ ഇന്ത്യയിലും യുകെയിലുമുള്ള റീട്ടെയിൽ, വിതരണ അവകാശം 2017ൽ ഡി.ഐ.എൽ ഏറ്റെടുത്തിരുന്നു.
2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 287 പിസാ ഹട്ട് സ്റ്റോറുകളും 264 കെ.എഫ്.സി സ്റ്റോറുകളും 44 കോസ്റ്റ കോഫി സ്റ്റോറുകളുമാണ് ദേവയാനി ഇന്റർനാഷണൽ ഇന്ത്യയിൽ നടത്തി വരുന്നത്. കമ്പനിയുടെ പ്രധാന ബ്രാൻഡുകളായ പിസ്സ ഹട്ട് ,കെ.എഫ്.സി എന്നിവയുടെ സി.എ.ജി.ആർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 13.85 ശതമാനം വർദ്ധിച്ച് 469 നിന്നും 605 സ്റ്റോറായി. ഇതിൽ നിന്നുള്ള മൊത്തം വരുമാനം എന്നത് 92.28 ശതമാനമായി ഉയർന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തങ്ങളുടെ സ്റ്റോറുകളെ വിപുലീകരിക്കാൻ തുടങ്ങി. ആറ് മാസം കൊണ്ട് 109 സ്റ്റോറുകളാണ് കമ്പനി പുതുതായി തുറന്നത്.
ആർജെ കോർപ്പ് ഗ്രൂപ്പിന്റെ അസോസിയേറ്റ് കമ്പനിയാണ് ദേവയാനി ഇന്റർനാഷണൽ. ഇന്ത്യയിലെ പെപ്‌സികോയുടെ ഏറ്റവും വലിയ ബോട്ട്ലിംഗ് പങ്കാളി കൂടിയാണ് ആർജെ ഗ്രൂപ്പ്. ബീവറേജസ്, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളിൽ എല്ലാം തന്നെ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. നിർദ്ദിഷ്ട ഐപിഒ ആർജെ കോർപിനും സിംഗപ്പൂർ ആസ്ഥാനമായ ഇൻവെസ്റ്റ്മെൻറ് കമ്പനി തേമാസെക്കിനും ഒരു ഭാഗിക എക്സിറ്റ് നൽകും. ജൂബിലൻറ് ഫുഡ് വർക്ക്സിന്റെ മുൻ സിഇഒ വിരാഗ് ജോഷിയുടെ നേതൃത്വത്തിലുള്ള ശക്തമായ മാനേജ്മെന്റ് ടീമാണ് ഡിഐഎല്ലിനെ മുന്നിലേക്ക് നയിക്കുന്നത്.
നഷ്ടം മാത്രം ഉണ്ടാക്കുന്ന കമ്പനിയോ?
കഴിഞ്ഞ മൂന്ന് വർഷമായുള്ള ഡി.ഐ.എല്ലിന്റെ പ്രകടനമാണ് മുകളിലെ ചാർട്ടിൽ നൽകിയിരിക്കുന്നത്. സ്റ്റോർ ശൃംഖല വിപുലീകരിക്കുന്നതിന് ആവശ്യമായി വന്ന ചെലവുകളെ തുടർന്നാണ് 2019-20 സാമ്പത്തിക വർഷം കമ്പനി നഷ്ടം റിപ്പോർട്ട് ചെയ്തത്. കമ്പനിക്ക് ഇനിയും ഈ നഷ്ടം വീണ്ടെടുക്കാനായിട്ടില്ല. 2020 സാമ്പത്തിക വർഷം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 15.7 ശതമാനം വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.
കൊവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗൺ എല്ലാ ക്യൂആർഎസ് കമ്പനികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഡി.ഐ.എല്ലിന്റെ എഫ്.ആർ.ബി സെഗ്മെന്റ് എന്നത് എയർപോർട്ട്, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലായതിനാൽ തന്നെ ഇവിടെ നിന്നുള്ള വരുമാനം താഴേക്ക് വീണിരുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകളിലൂടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്യുഎസ്ആർ കമ്പനിയാണ് ദേവയാനി ഇന്റർനാഷണൽ എന്നതും മറ്റൊരു പ്രത്യേകതയാണ്. 2020 ജൂണിൽ കെ.എഫ്.സിയും പിസ്സാ ഹട്ടും കോൺടാക്റ്റ്ലെസ് ഡെലിവറി ആരംഭിച്ചിരുന്നു. പ്രാധാന ബ്രാൻഡുകളുടെ കീഴിലുള്ള 61 സ്റ്റോറുകൾ അടച്ചിട്ടു കൊണ്ട് കമ്പനി ചെലവ് ചുരുക്കി. 2021 സാമ്പത്തിക വർഷം നഷ്ടം കുറയ്ക്കുന്നതിന് കമ്പനിയെ ഇത് ഏറെ സഹായിച്ചു.
മൊത്തത്തിലുള്ള കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപെട്ടതാണോ എന്ന് അറിയാൻ ക്യാഷ് ഫ്ലോയിലേക്ക് നോക്കിയാൽ മതിയാകും. 2019ൽ കമ്പനിയുടെ ക്യാഷ് ഫ്ലോ അഥവ പണമൊഴുക്ക് എന്നത് 17.29 കോടി രൂപയായിരുന്നു. 2020ൽ ഇത് 13.47 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വർഷം കമ്പനിയുടെ ഉള്ളിലേക്കുള്ള പണമൊഴുക്ക് 26.73 കോടി രൂപയായി രേഖപ്പെടുത്തി. എന്നാൽ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കി വരുന്നതിനാൽ ഭാവിയിലും ഇത്തരം നെഗറ്റീവ് ക്യാഷ് ഫ്ലോ കാണാനിടയുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
ഭാവികാല പദ്ധതികളും സാമ്പത്തികവും
ഓരോ വർഷവും കൂടുതൽ സ്റ്റോറുകൾ തുറന്നു കൊണ്ട് ബിസിനസ് കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ദേവയാനി ഇന്റർനാഷണൽ. ഇത് വരും പാദങ്ങളിൽ കമ്പനിയുടെ പ്രവർത്തന ചെലവ് വർദ്ധിപ്പിക്കും. ഈ സ്റ്റോറുകളുടെ ബാലാരിഷ്ടത വിട്ടുമാറുന്നത് വരെ ഇത് നഷ്ടം രേഖപ്പെടുത്തുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. എന്നാൽ ഇപ്പോൾ കൊവിഡിന്റെ രണ്ടാം തരംഗം അലയടിച്ചതോടെ അത് കമ്പനിയുടെ പ്രവർത്തനങ്ങളെയും മറ്റു വിപുലീകരണ പദ്ധതികളെയും സാരമായി ബാധിച്ചു. പുതിയ സ്റ്റോറുകൾ തുറക്കാനോ ലാഭമുണ്ടാക്കാനോ കഴിയുന്നില്ലെങ്കിൽ നിലവിൽ ഡി.ഐ.എല്ലുമായുള്ള കെ.എഫ്.സി, പിസ്സ ഹർട്ട് എന്നീ ബ്രാൻഡുളുടെ കരാർ അവസാനിപ്പിക്കുമെന്ന് ഡി.ആർ.എച്ച്.പി പറഞ്ഞിരുന്നു. നിലവിൽ ഡി.എഫ്.എല്ലിന്റെ വലിയ ശതമാനം വരുമാനവും വരുന്നത് ഈ രണ്ട് ബ്രാൻഡിൽ നിന്നുമാണ്. ഇതിനാൽ തന്നെ കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കുന്നതിനായി കമ്പനിക്ക് പ്രത്യേകം പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഐപിഒ വഴി ലഭിക്കുന്ന പണം ഉപയോഗിച്ചു കൊണ്ട് കടബാധ്യതകൾ വീട്ടാനാണ് ഡി.ഐ.എൽ ഇപ്പോൾ പദ്ധതിയിടുന്നത്. ഇത് കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വിപൂലീകരണത്തിനായി ഉപയോഗിക്കാൻ സഹായിക്കും.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപെട്ടാൽ Burger King, Barbeque Nation, Jubilant Foodworks, Westlife Development തുടങ്ങിയ കമ്പനികളാകും DIL-ന്റെ പ്രധാന എതിരാളികൾ.
ദേവയാനി ഇന്റർനാഷണലിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമ്പനിയുടെ ഭാവികാല വിപുലീകരണ പദ്ധതികളിൽ നിങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നുണ്ടോ ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display