5000 രൂപയുമായി ദലാൽ തെരുവിൽ എത്തി, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകൻ; അറിയാം രാകേഷ് ജുൻജുൻവാലയുടെ ജീവിതകഥ

ഇന്ത്യയുടെ വാറൻ ബുഫറ്റ്, ബുൾ മാർക്കറ്റിന്റെ രാജാവ് എന്നിങ്ങനെ അനേകം പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യയിലെ തന്നെ പ്രമുഖ നിക്ഷേപകരിൽ ഒരാളായ രാകേഷ് ജുൻജുൻവാല. നിക്ഷേപത്തിലൂടെയും ട്രെഡിംഗിലൂടെയും കോടീശ്വരനായി മാറിയ ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഓഹരി വിപണിയലേക്ക് ചുവടുവയ്ക്കുന്ന അനേകം പേർക്ക് ഇദ്ദേഹം പ്രചോദനമാകുന്നു. രാകേജ് ജുൻജുൻവാലയുടെ ജീവിതവും അദ്ദേഹത്തിന്റെ നിക്ഷേപ രീതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.
രാകേഷ് ജുൻജുൻവാല
മുംബെെയിലെ ഒരു ഇടത്തരം കുടുംബത്തിൽ 1960ലാണ് രാകേഷ് ജുൻജുൻവാല ജനിക്കുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ തന്റെ അച്ഛനിൽ നിന്നും ഓഹരി വിപണിയെ പറ്റിയും നിക്ഷേപത്തെ പറ്റിയും അറിഞ്ഞിരുന്നു. അന്ന് മുതൽക്കെ ജുൻജുൻവാലയ്ക്ക് വിപണിയോടുള്ള കൌതുകം അടക്കാനായില്ല. ഓഹരി വിപണി എങ്ങനെ പ്രവർത്തിക്കുന്നു? ആളുകൾ എങ്ങനെ പണം ഉണ്ടാക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾ കുട്ടി ജുൻജുൻവാലയുടെ മനസിൽ ജന്മം എടുത്തു. സ്ക്കൂൾ കാലഘട്ടത്തിന് ശേഷം അദ്ദേഹം ഓഹരി വിപണിയിൽ തന്റെ കരിയർ ആരംഭിക്കണം എന്ന് തീരുമാനിച്ചു. എങ്കിലും കോളേജിൽ പോകാനും ബിരുദ്ധം സ്വന്തമാക്കാനും അച്ഛന്റെ ആഗ്രഹ പ്രകാരം ജുൻജുൻവാല തയ്യാറായി. 1985ൽ ചാർട്ടേഡ് അക്കൌണ്ടന്റായി ബുരുദ്ധം നേടി പുറത്തിറങ്ങിയ അദ്ദേഹം ഓഹരി വിപണിയിലേക്ക് ചുവടുവച്ചു.
25മാത്തെ വയസിൽ 5000 രൂപയുമായാണ് ജുൻജുൻവാല ദലാൽ തെലുവിലേക്ക് ഇറങ്ങിയത്. അന്ന് സെൻസെക്സ് 150 പോയിന്റിലാണ് നിലനിന്നിരുന്നത്. അച്ഛനിൽ നിന്നോ അച്ഛന്റെ സുഹൃത്തുക്കളിൽ നിന്നോ അദ്ദേഹത്തിന് മൂലധനം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും, ചെറിയ മൂലധനത്തിൽ നിന്ന് മതിയായ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു. സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന വരുമാനം ലഭിക്കുമെന്ന വാഗ്ദാനവുമായി അദ്ദേഹം തന്റെ അടുത്ത ചില സുഹൃത്തുക്കളെ സമീപിച്ച് കൊണ്ട് ധനസമാഹരണത്തിന് ശ്രമിച്ചു.
1986ലാണ് ജുൻജുൻവാലയ്ക്ക് തന്റെ ആദ്യത്തെ വലിയ ലാഭം ലഭിക്കുന്നത്. ടാറ്റാ ടീയിൽ ഉണ്ടായ വലിയ ഒരു നീക്കം സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഓഹരി ഒന്നിന് 43 രൂപ നിരക്കിൽ 5000 ഓഹരികളാണ് അദ്ദേഹം അന്ന് വാങ്ങിയിരുന്നത്. ഓഹരി വില ഉയർന്ന് 143 രൂപയായി. ഇതോടെ മൊത്തം ലാഭമെന്ന് 5 ലക്ഷം രൂപയായി രാകേഷിന് ലഭിച്ചു. പിന്നീട് മുന്നിലേക്ക് അനേകം ഓഹരികളിൽ നിന്നായി വളരെ മികച്ച രീതിയിൽ ലാഭം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ടാറ്റാ പവറിൽ നിക്ഷേപം നടത്തി കൊണ്ട് 1986 മുതൽ 1989 കാലയളവിനുള്ളിൽ തന്നെ 20 മുതൽ 25 ലക്ഷം രൂപവരെ വിപണിയിൽ നിന്നും ജുൻജുൻവാല സ്വന്തമാക്കി.
പോർട്ട്ഫോളിയോയിലെ പ്രധാന ഓഹരികൾ
36 വർഷത്തെ തന്റെ കരിയറിനുള്ളിൽ അനേകം മൾട്ടിബാഗർ ഓഹരികൾ കണ്ടെത്താൻ ജുൻജുൻവാലയ്ക്ക് സാധിച്ചു. 2002ൽ ഓഹരി ഒന്നിന് 3 രൂപ നിരക്കിലാണ് അദ്ദേഹം ടെെറ്റാൻ കമ്പനി ലിമിറ്റഡ് വാങ്ങിയത്. ഇപ്പോൾ അതിന്റെ വില 2435 രൂപയിൽ എത്തിനിൽക്കുന്നു. ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗ് റിപ്പോർട്ട് പ്രകാരം 24237.8 കോടി രൂപ മൂല്യമുള്ള 39 കമ്പനികളുടെ ഓഹരികളാണ് ജുൻജുൻവാല കെെവശംവച്ചിട്ടുള്ളത്.
ഫോർബ്‌സിന്റെ കണക്കനുസരിച്ച്, രാകേഷ് ജുൻജുൻവാലയുടെ ആസ്തി 5.9 ബില്യൺ ഡോളറാണ്. ഫോർബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ 48-ാമത്തെ ധനികനാണ് ജുൻജുൻവാല. വൈസ്രോയ് ഹോട്ടൽസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, പ്രജ് ഇൻഡസ്ട്രീസ്, കോൺകോർഡ് ബയോടെക് തുടങ്ങിയ വലിയ കമ്പനികളുടെ ഡയറക്ടർ ബോർഡിലും അദ്ദേഹമുണ്ട്. രാകേഷ് ജുൻജുൻവാലയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനമാണ് റെയർ എന്റർപ്രൈസസ്. ബോളിവുഡ് ചിത്രങ്ങളോടുള്ള പ്രിയം മൂലം ഒന്നിലധികം ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം, അദ്ദേഹം തന്റെ എയർലൈൻ-ആകാശ എയർ ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. അദ്ദേഹം 35 മില്യൺ ഡോളർ നിക്ഷേപിക്കുകയും കമ്പനിയുടെ 40 ശതമാനം ഓഹരി കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും താങ്ങാനാവുന്നതുമായ എയർലൈൻ ആകാനാണ് ആകാശ എയർ ലക്ഷ്യമിടുന്നത്.
ജുൻജുൻവാലയുടെ ജീവിതത്തിൽ നിന്നും പഠിക്കേണ്ടുന്ന പാഠങ്ങൾ
ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും വളരെ ബുള്ളിഷായാണ് രാകേഷ് ജുൻജുൻവാല കാണുന്നത്. രാജ്യത്തിന്റെ വളർച്ചാ സാധ്യതയിലുള്ള തന്റെ ശക്തമായ വിശ്വാസമാണ് സമ്പത്ത് ഉണ്ടാക്കുന്നതിൽ തനിക്ക് വിജയം നേടി നൽകിയതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യൻ വിപണി നീണ്ട കാളയോട്ടത്തിലാണെന്നും റീട്ടെയിൽ നിക്ഷേപകർ മികച്ച വരുമാനത്തിനായി യുഎസ് വിപണിയിലല്ല മറിച്ച് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കണമെന്നും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ജുൻജുൻവാല പറഞ്ഞു. നിലവിൽ, ഇന്ത്യൻ മെറ്റൽ, ബാങ്കിംഗ്, ഫാർമ മേഖലകളിൽ അദ്ദേഹം ബുള്ളിഷ് ആണ്.
പത്രം, മീഡിയ എന്നിവയിൽ വരുന്ന ഓഹരി ശുപാർശകൾ സ്വീകരിക്കരുതെന്ന് അദ്ദേഹം പറയുന്നു. അറിയപ്പെടുന്ന കമ്പനികളിലെ ഓഹരികൾ ഉയർന്ന വിലയിൽ വാങ്ങി ആളുകൾ അവസാനം നഷ്ടത്തിൽ ആകുന്നുവെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്ത ബിസിനസുകളുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുകയും അവരുടെ സ്വന്തം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. നിങ്ങളുടെ തെറ്റുകളിൽ നിന്ന് സ്വയം പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. ഹ്രസ്വകാല തിരുത്തലുകളെ കുറിച്ച് വിഷമിക്കേണ്ടതില്ലെന്നുംഅവ സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കണമെന്നും ക്ഷമയോടെ കുറഞ്ഞ വിലയിൽ നിക്ഷേപിക്കാനും അദ്ദേഹം പറയുന്നു. പക്വതയോടെ ദീർഘകാല അടിസ്ഥനത്തിൽ മാത്രം നിക്ഷേപം നടത്താനും അദ്ദേഹം പറയുന്നു.
രാകേഷ് ജുൻജുൻവാല ഒരു ഓഹരിയിൽ നിക്ഷേപം നടത്തിയെന്ന് കേട്ട് ഉടൻ തന്നെ അതിലേക്ക് നിക്ഷേപിക്കാതെ ഇരിക്കുക. എന്ത് കൊണ്ടാണ് അദ്ദേഹം ആ ഓഹരി വാങ്ങിയതെന്ന് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചതിന് ശേഷം മാത്രം സ്വയം തീരുമാനമെടുക്കുക.
Post your comment
No comments to display