ഏറ്റുമുട്ടാൻ ഒരുങ്ങി സിംഹങ്ങൾ; ഹരിത ഊർജ മേഖലയിൽ ആധിപത്യം നേടാനായി കച്ചകെട്ടി റിലയൻസ്- അദാനി ഗ്രൂപ്പുകൾ, വിജയം ആർക്കൊപ്പം?
അടുത്തിടെ ഗ്ലാസ്‌ഗോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ 2070ഓടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 500 ജിഗാവാട്ടിന്റെ ഫോസിൽ ഇതര വൈദ്യുതി ഉൽപാദന ശേഷി സ്ഥാപിക്കാനും 2030-ഓടെ ഇന്ത്യയുടെ ആവശ്യമായ ഊർജ്ജത്തിന്റെ 50 ശതമാനവും പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കാനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. ഒരേ സമയപരിധിക്കുള്ളിൽ 1 ബില്യൺ ടൺ പ്രൊജക്റ്റ് എമിഷൻ കുറയ്ക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇന്ത്യ ഫോസിൽ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് തുടരുന്നതിനാൽ, ഈ ഹരിത ലക്ഷ്യങ്ങളിൽ എത്തിച്ചേരുക എന്നത് ഒരു വലിയ ദൗത്യമായിരിക്കും.
രാജ്യത്ത് ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്ന ഹരിത ഊർജ്ജ മേഖലയിൽ ആധിപത്യം സ്ഥാപിക്കുവാനായി റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും തമ്മിൽ കടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ഇന്ത്യയിൽ ഹരിത ഊർജ്ജം വർദ്ധിപ്പിക്കുന്നതിനായി ഇരു കമ്പനികളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
റിലയൻസിന്റെ തന്ത്രപരമായ നീക്കം
വളരെ വലിയ പദ്ധതികളുമായി ഹരിത ഊർജ മേഖലയിലേക്ക് പ്രവേശിച്ച കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സോളാർ, ഗ്രീൻ ഹൈഡ്രജൻ, ബാറ്ററികൾ, ഫ്യൂവൽ സെല്ലുകൾ എന്നിവയിൽ 10 ബില്യൺ ഡോളർ (74,400 കോടി രൂപ) നിക്ഷേപിക്കുന്നതിനുള്ള പദ്ധതി ചെയർമാൻ മുകേഷ് അംബാനി വെളിപ്പെടുത്തിയിരുന്നു. സോളാർ ഫോട്ടോവോൾട്ടെയ്ക് മൊഡ്യൂൾസ്, ഇന്ധന സെല്ലുകൾ, ഊർജ്ജ സംഭരണ ബാറ്ററികൾ എന്നിവയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി നാല് “ഗിഗാ ഫാക്ടറികൾ” സ്ഥാപിക്കുന്നതിലേക്കാണ് നിക്ഷേപത്തിന്റെ ഒരു പ്രധാന ഭാഗം മാറ്റിവയ്ക്കുക.
2020-21 വാർഷിക പൊതുയോഗത്തിൽ ഗുജറാത്തിലെ ജാംനഗറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ഗിഗാ കോംപ്ലക്സ് വികസിപ്പിക്കാൻ കമ്പനി ആരംഭിച്ചതായി അംബാനി പ്രഖ്യാപിച്ചു. 5,000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയം ലോകത്തിലെ ഏറ്റവും വലിയ സംയോജിത പുനരുപയോഗ ഊർജ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായി മാറും. മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന് സോളാർ മൊഡ്യൂളുകളും അവശ്യ ഘടകങ്ങളും തദ്ദേശീയമായി നിർമ്മിക്കാനും ആർഐഎൽ ശ്രമിക്കുന്നു. ചൈനീസ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സംരംഭം സഹായിക്കും.
ഏറ്റെടുക്കലുകളും ലക്ഷ്യങ്ങളും
ആർഐഎല്ലിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ റിലയൻസ് ന്യൂ എനർജി സോളാർ (RNES) അടുത്തിടെ നോർവേ ആസ്ഥാനമായുള്ള REC സോളാർ ഹോൾഡിംഗ്‌സിനെ 771 മില്യൺ ഡോളറിന് ഏകദേശം 5,740 കോടി രൂപയ്ക്ക് ഏറ്റെടുത്തു. സോളാർ ഗ്രേഡ് റോ പോളിസിലിക്കണിനൊപ്പം സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മുൻനിര നിർമ്മാതാക്കളാണ് ആർഇസി. സ്റ്റെർലിംഗ് & വിൽസൺ സോളാറിന്റെ 40 ശതമാനം ഓഹരിയും 2,755 കോടി രൂപയ്ക്ക് ആർഎൻഇഎസ് ഏറ്റെടുത്തു.
2030ഓടെ 100 ജിഗാവാട്ട് സൗരോർജം ഉൽപ്പാദിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഹൈഡ്രജൻ, സൗരോർജ്ജ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിനായി കമ്പനി കാർബൺ ഫൈബർ പ്ലാന്റുകളിലും നിക്ഷേപിക്കും. ഈ മുഴുവൻ ആവാസവ്യവസ്ഥയും ഒരു സമർപ്പിത റിന്യൂവബിൾ എനർജി പ്രോജക്ട് മാനേജ്‌മെന്റ് ആൻഡ് കൺസ്ട്രക്ഷൻ ഡിവിഷൻ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും. 2035 ഓടെ കാർബൺ-സീറോ ആകുക എന്ന ലക്ഷ്യം കൈവരിക്കാൻ ഈ ഘടകങ്ങൾ റിലയൻസിനെ സഹായിക്കും. എണ്ണ ശുദ്ധീകരണത്തിൽ നിന്നും പെട്രോകെമിക്കൽസിൽ നിന്നും വരുമാനത്തിന്റെ 60 ശതമാനവും ഇപ്പോഴും സ്വന്തമാക്കുന്ന ഒരു കമ്പനി എന്ന നിലയിൽ ആർഐഎൽ ഈ പദ്ധതികൾ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്.
അദാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജി പദ്ധതികൾ
സൗരോർജ്ജം, കാറ്റ്, ഹരിത ഹൈഡ്രജൻ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ ഏകദേശം 1.4 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മൊത്തം പോർട്ട്‌ഫോളിയോയിൽ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപാദന ശേഷിയുടെ വിഹിതം നിലവിലുള്ള 21 ശതമാനത്തിൽ നിന്ന് 63 ശതമാനമായി വർദ്ധിപ്പിക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ഇതിനാെപ്പം 2025-ഓടെ അദാനി പോർട്ടുകളെ നെറ്റ് സീറോ കാർബൺ എമിറ്റർ ആക്കാനും 2030-ഓടെ എല്ലാ ഡാറ്റാ സെന്ററുകൾക്കും പുനരുപയോഗിക്കാവുന്ന ഊർജം നൽകാനും കമ്പനി ലക്ഷ്യമിടുന്നു. മാത്രമല്ല, 2025 വരെ അദാനി ഗ്രൂപ്പ് അതിന്റെ ആസൂത്രിത മൂലധന ചെലവിന്റെ 75 ശതമാനം ഹരിത സാങ്കേതികവിദ്യകൾക്കായി ചെലവഴിക്കും.
2021 ഒക്ടോബറിൽ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 3.5 ബില്യൺ ഡോളറിന് ഏകദേശം 26,000 കോടി രൂപയ്ക്ക് എസ്ബി എനർജി ഇന്ത്യയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി. ജപ്പാൻ ആസ്ഥാനമായുള്ള സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെയും ഭാരതി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായിരുന്നു ബി എനർജി ഇന്ത്യ. ഇന്ത്യയിലെ പുനരുപയോഗ ഊർജ മേഖലയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
വിപണിയിലെ സാധ്യതകൾ
2020-ലെ കണക്കനുസരിച്ച് സ്ഥാപിത ശേഷിയുടെ അടിസ്ഥാനത്തിൽ കാറ്റ് ശക്തിയിലും പുനരുപയോഗിക്കാവുന്ന വൈദ്യുതിയിലും ഇന്ത്യ നാലാം സ്ഥാനത്താണ്. സൗരോർജ്ജത്തിൽ അഞ്ചാം സ്ഥാനമാണ് രാജ്യത്തിനുള്ളത്. ശുദ്ധമായ ഊർജം വർധിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്‌സിഡിയും ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 2040 ആകുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ 49 ശതമാനം പുനരുപയോഗ ഊർജത്തിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്രീൻ ഹൈഡ്രജനും ഇന്ത്യയിൽ വളരാനുള്ള ശക്തമായ ശേഷിയുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യൻ പുനരുപയോഗ ഊർജ മേഖലയ്ക്ക് മൊത്തം 5.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 2028 ആകുമ്പോഴേക്കും ഈ മേഖലയിൽ 500 ബില്യൺ ഡോളറിന്റെ ഏകദേശം 37.25 ലക്ഷം കോടി രൂപയുടെ നിക്ഷേപം കാണാനാകും. ഇന്ത്യയിലെ രണ്ട് വലിയ വ്യവസായ പ്രമുഖർ ഗ്രീൻ എനർജി മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ, കൂടുതൽ മത്സരങ്ങൾക്കും നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും സാക്ഷ്യം വഹിക്കാൻ നമുക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിത ഊർജ ലക്ഷ്യങ്ങളുമായി അംബാനിയും അദാനിയും തങ്ങളുടെ ബിസിനസ്സ് തന്ത്രങ്ങൾ വിന്യസിച്ചു കഴിഞ്ഞു.
എന്നിരുന്നാലും, ഹരിത ഊർജ്ജ പ്രതിബദ്ധതകൾ നടപ്പിലാക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഠിനമായ കാര്യമായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, വൻകിട കോർപ്പറേറ്റുകൾ, പൊതുജനങ്ങൾ എന്നിവർ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് യോജിച്ച നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. കാലാവസ്ഥാ പ്രവർത്തനത്തിന്റെ അടിയന്തിരാവസ്ഥ നാം തിരിച്ചറിയുകയും അതിനായിവാദിക്കുകയും വേണം. വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ പുനരുപയോഗ ഊർജ വിന്യാസം അതിവേഗം വർദ്ധിപ്പിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഹരിത ഊർജ്ജ വിപ്ലവത്തിന് കളമൊരുങ്ങി കഴിഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിനും അദാനി ഗ്രൂപ്പും ആഗോള പുനരുപയോഗ ഊർജ മേഖലയിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമാകും? ഇന്ത്യയിലെ ഹരിത ഊർജത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display