റഷ്യ-ഉക്രൈൻ ഏറ്റുമുട്ടൽ കൊടുമ്പിരി കൊള്ളുമ്പോൾ യുദ്ധ നാൾവഴികളിലേക്കും പ്രത്യാഘാതങ്ങളിലേക്കും ഒരു തിരനോട്ടം

Home
editorial
russia continues invasion of ukraine a timeline and its economic and stock market impact
undefined

റഷ്യൻ സേന ഉക്രൈനിലേക്ക് കടന്ന് കയറി ആക്രമണം നടത്തുമ്പോൾ ലോകം നിസഹായരായി നോക്കി നിൽക്കുകയാണ്. ഫെബ്രുവരി 24ന് ഉക്രൈനെതിരെ യുദ്ധം പ്രഖ്യപിച്ചു കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് ഇത്തരം ഒരു സംഘർഷത്തിന് തിരി കൊളുത്തിയത്. കരയിലൂടെയും വെള്ളത്തിലൂടെയും സേനയെ അയച്ചു കൊണ്ട് പുടിൻ ഉക്രൈനെ മൂന്ന് ഭാഗത്തുനിന്നായി വളഞ്ഞു. കീവ്, കാർകീവ് എന്നീ നഗരങ്ങളിലേക്ക് ബോംബ്, മിസൈൽ എന്നിവ ഉപയോഗിച്ച് റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ അനേകം പ്രദേശവാസികളും കൊല്ലപ്പെട്ടു. 7 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധം മൂലം പലായനം ചെയ്തത്.

സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയും ചർച്ചകൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധം ഉടൻ എങ്ങും അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇന്നത്തെ ലേഖനത്തിലൂടെ അടുത്തിടെ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

റഷ്യ- ഉക്രൈൻ സംഘർഷം; നാൾവഴികൾ

  • 1988-1991 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ച മുതൽ തന്നെ റഷ്യൻ ഫെഡറേഷൻ തങ്ങളുടെ സാമ്രാജ്യം വീണ്ടും പടുത്ത് ഉയർത്താനും പ്രദേശം വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. 1991 മുതൽ ഒരു സ്വതന്ത്ര രാഷ്ട്രമായി നില കൊണ്ടിരുന്ന ഉക്രൈൻ ഈ നീക്കം തടയാൻ  പാശ്ചാത്യ രാജ്യങ്ങളുടെ സഹായം നേടിയിരുന്നു. 
  • 2014ൽ റഷ്യൻ ഭാഷ സംസാരിക്കുന്ന ആളുകളെ സംരക്ഷിക്കാൻ എന്ന പേരിൽ ഉക്രൈനിലെ ക്രിമിയ പ്രദേശം റഷ്യ നിയമവിരുദ്ധമായി പിടിച്ചെടുത്തു. ഇതോടെ റഷ്യക്ക് പിന്തുണ നൽകിയും ഉക്രൈന് പിന്തുണ നൽകിയും അനേകം രാജ്യങ്ങൾ വാക്പോരിൽ ഏർപ്പെട്ടു. 
  • 2021 ജനുവരിയിൽ ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തെ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ(നാറ്റോ) ഭാഗമാകാൻ അനുവദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. (അംഗരാജ്യങ്ങളിൽ ഏതിനെങ്കിലും നേരെ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്നതിന് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ചേർന്ന് കൊണ്ട് രൂപപ്പെടുത്തിയ സംഘടനയാണ് നാറ്റോ എന്നത്.)

  • നാറ്റോ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നതിനോട് പുടിന് താത്പര്യമില്ല. മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നത് നാറ്റോ നിർത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനൊപ്പം തന്നെ മധ്യ, കിഴക്കൻ യൂറോപ്പിലെ സൈനിക വിന്യാസം നാറ്റോ പിൻവലിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിലേക്ക് വിപുലീകരിക്കില്ലെന്ന് നാറ്റോ 1990ൽ ഉറപ്പു നൽകിയിരുന്നെന്നും നാറ്റോ ഇപ്പോൾ അത് ലംഘിക്കുകയാണെന്നും റഷ്യ ആരോപിച്ചു. നയതന്ത്ര ചർച്ചകൾ ഫലം കാണുമെന്ന് തോതുന്നില്ല.

  • നാറ്റോയിൽ ചേരാൻ ഉക്രൈൻ താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് പരിശീലന അഭ്യാസമെന്ന പേരിൽ ലക്ഷക്കണക്കിന് സൈനികരെ ഉക്രൈൻ അതിർത്തികളിലേക്ക് അയയ്ക്കാൻ ആരംഭിച്ചു. 2021 അവസാനത്തോടെ, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യത്തെക്കുറിച്ച് പല രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ആശങ്കകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയ റഷ്യ ഉക്രൈനെ തങ്ങൾ ആക്രമിക്കില്ലെന്നും പറഞ്ഞു.

സംഭവവികാസങ്ങൾ

  • 2022 ഫെബ്രുവരി 21-ന്, ഉക്രൈനിലെ ഡൊനെറ്റ്സ്കിന്റെയും ലുഹാൻസ്കിന്റെയും സ്വതന്ത്ര രാജ്യങ്ങളായി പുടിൻ പ്രഖ്യാപിച്ചു. “സമാധാനം നിലനിർത്താൻ”  ഈ പ്രദേശങ്ങളിലേക്ക് പുടിൻ തന്റെ സൈന്യത്തെ അയച്ചു. 2014-ൽ റഷ്യൻ പിന്തുണയുള്ള വിമതർ ഉക്രൈനിൽ നിന്ന് ഈ പ്രദേശങ്ങൾ വേർപെടുത്തിയിരുന്നു.

  • മൂന്ന് ദിവസത്തിന് ശേഷം പ്രസിഡന്റ് പുടിൻ ഉക്രൈനിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ റഷ്യയുടെ പ്രവർത്തനത്തെ അപലപിച്ചു. തലസ്ഥാന നഗരിയായ കീവിലും കാർകീവിലും മിസൈൽ ആക്രമണങ്ങളും ബോംബാക്രമണങ്ങളും നടന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യൻ സേന നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.  ഗ്യാസ് പൈപ്പ് ലൈനുകൾ, ടെർമിനലുകൾ, പവർ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ആദ്യ ദിനം തന്നെ 137 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

  • 90 ദിവസത്തേക്ക് ഉക്രൈൻ സൈന്യത്തെ പൂർണ്ണമായി അണിനിരത്താൻ പ്രസിഡന്റ് സെലെൻസ്കി ഉത്തരവിട്ടു. സായുധ സേന റഷ്യൻ സൈന്യത്തിനെതിരെ ധീരമായി പോരാടുകയും രാജ്യത്തിലേക്കുള്ള അവരുടെ മുന്നേറ്റം തടയുകയും ചെയ്തു. റഷ്യൻ വ്യോമസേനയുടെ വിമാനങ്ങളും ഉക്രൈൻ വെടിവെച്ചിട്ടു. ഇതിനിടയിൽ, നിരവധി ഉക്രൈൻ പൗരന്മാർ തോക്കുകളും വെടിക്കോപ്പുകളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചു.

  • ഫെബ്രുവരി 27 ന്, ബെലാറസ് അതിർത്തിയിൽ റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്കായി പ്രതിനിധികളെ അയയ്ക്കാൻ ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി സമ്മതിച്ചു.  നിർഭാഗ്യവശാൽ ചർച്ച പരാജയപ്പെട്ടു. ഉക്രൈന് നേരെ നിരവധി മിസൈൽ ആക്രമണങ്ങളാണ് റഷ്യ നടത്തിയത്. ആണവ ആക്രമണത്തെ പറ്റിയുള്ള മുന്നറിയിപ്പും പുടൻ നൽകി. ആണവ പ്രതിരോധ സേനയോട് തയ്യാറായി ഇരിക്കാനും പുടിൻ ആവശ്യപ്പെട്ടു. 

പ്രത്യാഘാതം എങ്ങനെയാകും

ഉക്രൈനെതിരായ ആക്രമണത്തെത്തുടർന്ന് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, മറ്റ് സഖ്യകക്ഷികൾ എന്നിവ ചേർന്ന് കൊണ്ട് റഷ്യയ്‌ക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യയുടെ ബാങ്കുകൾ, എണ്ണ ശുദ്ധീകരണശാലകൾ, സൈനിക കയറ്റുമതി എന്നിവയെയാണ് അവർ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. പ്രസിഡന്റ് പുടിന്റെയും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെയും സ്വത്തുക്കൾ മരവിപ്പിക്കാനാണ് അന്താരാഷ്ട്ര സമൂഹം ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ പ്രവർത്തിക്കാനുള്ള റഷ്യയുടെ കഴിവിനെ തകർക്കാൻ റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റ് അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനത്തിൽ നിന്ന് നീക്കം ചെയ്യും. റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളെയും അവയുടെ അനുബന്ധ സ്ഥാപനങ്ങളെയും ഈ സംവിധാനത്തിൽ നിന്ന് യുഎസ് വിച്ഛേദിച്ചു. ഇത്തരം നടപടികൾ റഷ്യയെ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് മാറ്റിനിർത്തും എന്ന് ഉറപ്പാക്കും. റഷ്യൻ റൂബിൾ തകർന്നു ഇപ്പോൾ അതിന്റെ മൂല്യം 1 യുഎസ് സെന്റിൽ താഴെയാണ്.

യുദ്ധം മൂലം വിതരണ തടസം ഉണ്ടാകുമെന്ന ഭീതിയാൽ ക്രൂഡ് ഓയിൽ വില ബാരലിന് 109-110 ഡോളറായി ഉയർന്നു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറിക്കൊണ്ടിരിക്കുന്ന ആഗോള വിതരണ ശൃംഖലകളെ ഇത് പ്രതികൂലമായി ബാധിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് തുടരുന്നതിനാൽ ചരക്ക് കപ്പാസിറ്റിയിലും ഷിപ്പിംഗ് ചെലവിലും സമ്മർദ്ദം ഏറുന്നു. പണപ്പെരുപ്പ ഭീഷണിയാണ് പ്രധാനമായും ഉയരുന്നത്. യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. യുദ്ധം നിലനിൽക്കുന്നിടത്തോളം വിപണിയിൽ അനിശ്ചിതത്ത്വം നിലനിൽക്കും. ആണവ ആക്രമണം ഉണ്ടായാൽ വലിയൊരു തിരുത്തലിനാകും വിപണി സാക്ഷ്യം വഹിക്കുക.അതേസമയം റഷ്യ യുദ്ധം അവസാനിപ്പിച്ചാൽ വിപണി ശക്തമായ വീണ്ടെടുക്കൽ നടത്തിയേക്കാം. എന്നാൽ യുദ്ധം അവസാനിക്കാനുള്ള സാധ്യത വളരെ കുറവാണ്. സമാധാന ചർച്ചകളിലൂടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കാര്യങ്ങൾ മംഗളകരമായി അവസാനിക്കുമെന്നും നമ്മുക്ക് പ്രതീക്ഷിക്കാം.

വരും ദിവസങ്ങളിൽ എന്ത് തന്നെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023