Sula Vineyards Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
sula vineyards ltd ipo all you need to know
undefined

പ്രമുഖ വൈൻ വിൽപ്പന കമ്പനിയായ സുല വൈൻയാർഡ്സ് ലിമിറ്റഡിന്റെ ഐപിഒ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

Sula Vineyards Ltd

2023 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം സുല വൈൻയാർഡ്സ് ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ ഉത്പാദന കമ്പനി. 50 ശതമാനത്തിൽ ഏറെ വൈൻ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും കൂടുതൽ വിപണി വിഹിതവും കമ്പനിക്കാണുള്ളത്.

സുല വൈൻയാർഡിന്റെ ബിസിനസ് രണ്ടായി തരംതിരിച്ചിരിക്കുന്നു.

  1. വൈനിന്റെ ഉത്പാദനം, വിതരണം, കയറ്റി അയക്കൽ.
  2. റിസോർട്ട് തുടങ്ങിയ വൈൻ ടൂറിസം സ്ഥലങ്ങളിൽ വിൽപ്പന, സേവനം എന്നിവ നൽകുക.

ഫാക്ട് ഷീറ്റ്:

  • SVL അതിന്റെ മുൻനിര ബ്രാൻഡായ 'SULA' ന് കീഴിൽ വിവധ നിറത്തിലുള്ള വൈനുകൾ വിതരണം ചെയ്യുന്നു. RASA, Dindori, The Source, Satori, Madera, Dia എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള വൈനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
  • 56 തരം വൈനുകളാണ് കമ്പനി കർണാടക, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിൽ നിന്നായി ഉത്പാദിപ്പിക്കുന്നത്.
  • 'Elite' (₹950+), 'Premium' (₹700-950), 'Economy' (₹400-700), 'Popular' (₹400) ഇങ്ങനെ നാല് സെഗ്മെന്റിലായാണ് കമ്പനി ഉത്പന്നങ്ങൾ ഇറക്കുന്നത്.
  • 13000ൽ അധികം റീട്ടെയിൽ പോയിന്റുകൾ ഉള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിതരണ നെറ്റുവർക്കാണ് കമ്പനിക്കുള്ളത്.


2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 2290 ഏക്കറിലായി കമ്പനിക്ക് മുന്തിരി തോട്ടമുണ്ട്. 8000ൽ ഏറെ ഹോട്ടലുകളിലായി കമ്പനി തങ്ങളുടെ സേവനങ്ങൾ നൽകി വരുന്നു. സുല വൈൻയാർഡിന് സോഷ്യൽ മീഡിയയിൽ ശക്തമായ പിന്തുണയാണുള്ളത്.

ഐപിഒ എങ്ങനെ?

ഡിസംബർ 12ന് ആരംഭിച്ച ഐപിഒ ഡിസംബർ 14ന് അവസാനിക്കും. 340- 357 രൂപയുടെ പ്രൈസ് ബാൻഡാണ് ഐപിഒക്കായി നിശ്ചയിച്ചിരിക്കുന്നത്.

2.69 കോടി  ഇക്വുറ്റി ഓഹരികളാണ് ഐപിഒക്ക് ഓഫർ ഫോർ സെയിലിനായി വരിക. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 42 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,994 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 546 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. 340- 357 രൂപയുടെ പ്രൈസ് ബാൻഡാണ് ഐപിഒക്കായി നിശ്ചയിച്ചിരിക്കുന്നത്.

ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്ന നിലയിലാണ് ഐപിഒ നടത്തുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ ഉള്ള നേട്ടം കൈവരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 28.44 ശതമാനത്തിൽ നിന്നും 27.33 ശതമാനമായി കുറയും. (പ്രൊമോട്ടർ ഹോൾഡിംഗ് കുറവാണെന്നുള്ളത് ആശങ്ക ഉയർത്തുന്നു.)

സാമ്പത്തിക സ്ഥിതി

2020 സാമ്പത്തിക വർഷം 15.94 കോടി രൂപയുടെ നഷ്ടമാണ് കമ്പനി വരുത്തിയിരുന്നത്. എന്നാൽ അടുത്ത രണ്ട് വർഷത്തിൽ കമ്പനി ലാഭത്തിലായത് കാണാം. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 20 ശതമാനം ഇടിഞ്ഞ്,  2022ൽ ഇത് 8.6 ശതമാനം ആയി ഉയർന്നു. അതേസമയം കടം 368.24 കോടി രൂപയിൽ നിന്നും 228.93 കോടി രൂപയായി രണ്ട് വർഷം കൊണ്ട് കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു.

അപകട സാധ്യതകൾ

  • ഇന്ത്യയിലെ മദ്യവ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും കർശനമായ ലൈസൻസിംഗിനും എക്സൈസ് വ്യവസ്ഥകൾക്കും വിധേയമാണ്. നിയമത്തിൽ വന്നേക്കാവുന്ന മാറ്റങ്ങൾ കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
  • കാലാവസ്ഥയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ കമ്പനിയുടെ വൈനിന്റെ അസംസ്കൃത വസ്തുവായ മുന്തിരിയെ ബാധിച്ചേക്കും.
  • ഉപഭോക്താക്കളുടെ താത്പര്യ മാറി മാറി വന്നേക്കാം.  ഇത് അനുസരിച്ച് മാറ്റം വരുത്താൻ കമ്പനിക്ക് ആയില്ലെങ്കിൽ അതും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിചേക്കാം.
  • ഇന്ത്യയിൽ അന്താരാഷ്‌ട്ര വൈനുകളുടെ ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തുന്നത് കമ്പനിക്ക് നേട്ടമാണ്. എന്നാൽ ഭാവിയിൽ ഇതിൽ മാറ്റം സംഭവിച്ചാൽ അതും കമ്പനിക്ക് പ്രതികൂലമാകും.
  • കമ്പനിയുടെ ബ്രാൻഡിലാണ് എസ്.വി.എൽ ഏറെയും ആശ്രയിക്കുന്നത്. ഇത് നിലനിർത്താൻ സാധിച്ചില്ലെങ്കിൽ അതും പ്രതികൂലമായി ബാധിച്ചേക്കും.

ഐപിഒ വിവരങ്ങൾ ചരുക്കത്തിൽ

ഡിസംബർ 5നാണ് കമ്പനി ഐപിഒക്കായി ആർഎച്ച്പി സമർപ്പിച്ചത്. ഇത് വായിക്കാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഐപിഒക്ക് മുമ്പായി വിവിധ നിക്ഷേപകരിൽ നിന്നായി കമ്പനി 288.10 കോടി രൂപ സമാഹരിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ADIA), ഗോൾഡ്മാൻ സാച്ച്സ്, മോർഗൻ സ്റ്റാൻലി, ബിഎൻപി പാരിബാസ് ആർബിട്രേജ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് മൗറീഷ്യസ് എന്നിവരാണ് മാർക്യൂ നിക്ഷേപകർ.

നിഗമനം

2.4 ലക്ഷം കോടി രൂപയുടെ ആൽക്കഹോളിക്ക് ബീവറേജസ് മാർക്കറ്റിൽ വൈനിന്റെ വിഹതം വെറും 1 ശതമാനം മാത്രമാണ്. ഇന്ത്യയിൽ പ്രതിശീർഷ വീഞ്ഞിന്റെ ഉപഭോഗം പ്രതിവർഷം വെറും 40 മില്ലി ആണ്. എങ്കിലും സുല വൈനുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ വൈൻ ടൂറിസത്തിന് തുടക്കം കുറിച്ചത് എസ്.വി.എല്ലാണ്. രാജ്യത്തെ ആദ്യ വൈൻ ടേസ്റ്റിംഗ് റൂം, ആദ്യത്തെ മുന്തിരിത്തോട്ടം റിസോർട്ട്, ആദ്യത്തെ വൈൻ സംഗീതോത്സവം, നാസിക്കിലെ തങ്ങളുടെ കേന്ദ്രത്തിൽ ആദ്യത്തെ വൈനറി ടൂറുകൾ എന്നിവ കമ്പനി ആരംഭിച്ചു.

മുന്നിലേക്ക് SVL അവർ ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മറ്റു ബ്രാൻഡുകളെക്കാൾ സ്വന്തം ബ്രാൻഡുകൾക്ക് കൂടുതൽ പ്രധാന്യം നൽകും. ഇന്ത്യൻ വൈൻ വിപണിയിൽ വരുമാനവും വിപണി വിഹിതവും വർധിപ്പിക്കുന്നതിന് ‘എലൈറ്റ്’, ‘പ്രീമിയം’ വിഭാഗങ്ങൾക്ക് കീഴിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വിതരണ ശേഷിയും കമ്പനി പ്രയോജനപ്പെടുത്തും.

ലിസ്റ്റ് ചെയ്ത് കഴിഞ്ഞാൽ United Spirits, Radico Khaitan, United Breweries എന്നിവരുമായി കമ്പനി മത്സരിക്കേണ്ടി വരും. ഫ്രാറ്റെല്ലിയും ഗ്രോവർ സാമ്പയും സുല വൈൻയാർഡിന്റെ ലിസ്റ്റുചെയ്യാത്ത ആഭ്യന്തര എതിരാളികളാണ്.

ഗ്രേ മാർക്കറ്റിൽ കമ്പനിയുടെ ഓഹരി 34 രൂപയുടെ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്.  ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി പഠിച്ചതിന് ശേഷം മാത്രം സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

ഈ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023