Tata Elxsi: ദീർഘകാല നിക്ഷേപ സാധ്യതകൾ ഏറെ
ടാറ്റാ ഗ്രൂപ്പിന് കീഴിൽ അനേകം കമ്പനികളും ബിസിനസുകളുമുണ്ടെങ്കിലും നിക്ഷേപകരുടെ ശ്രദ്ധപിടിച്ചു പറ്റിയ ഓഹരികളിൽ ഒന്നാണ് ടാറ്റാ എൽക്സി. കഴിഞ്ഞ ആഴ്ച കമ്പനിയുടെ നാലാം പാദ ഫലം പുറത്തുവന്നിരുന്നു. ഇതോടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിഞ്ഞു.
Tata Elxsi
ഡിസൈൻ, ടെക്നോളജി സേവനങ്ങൾ നൽകുന്ന ലോകത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് ടാറ്റാ എൽക്സി. ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്ഡ്, മൊബിലിറ്റി, വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ടാറ്റാ എൽക്‌സി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഉത്പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയിലേക്ക് ലോകം അതിവേഗം മാറുന്നതിനാൽ തന്നെ ഈ അപ്ലിക്കേഷനുകളെല്ലാം ഭാവിയിൽ വലിയ തോതിൽ ഉപയോഗിക്കപ്പെടും.
1989 മെയ് 5നാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ എന്നിവയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കമ്പനി ഇന്ന് ലോകത്തെ തന്നെ ഒരു പ്രീമിയം എഞ്ചിനീയറിംഗ് സേവന ദാതാവായി സ്വയം വികസിച്ചു.
ഓട്ടോമോട്ടീവ്, ഗാർഹിക വീട്ടുപകരണങ്ങൾ, സെമികണ്ടക്ടർ , മീഡിയ,ബ്രോഡ്കാസ്റ്റ് , ആശയവിനിമയം, റെയിൽ, ആരോഗ്യം തുടങ്ങി നിരവധി വ്യവസായ മേഖലകളിൽ കമ്പനി സേവനം അനുഷ്ടിക്കുന്നു.
ഗവേഷണം, രൂപകൽപ്പന, ടെസ്റ്റ് & വാലിഡേഷൻ, ഓപ്പറേറ്റ്, ഓട്ടോമേറ്റ് എന്നിവയാണ് ടാറ്റാ എൽക്സി നൽകുന്ന പ്രധാന സേവനങ്ങൾ.
പണ്ട് കാലങ്ങളിൽ കാറുകൾ യാത്ര ചെയ്യാൻ മാത്രമാണ് ഉപയോഗിച്ചിരുന്നത് . ഇന്നത്തെ കാലഘട്ടത്തിൽ അത് വിനോദത്തിനും പ്രത്യേക അനുഭവങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും മാറിയിരിക്കുന്നു. ഡിജിറ്റൽ ഡാഷ്‌ബോർഡുകളാണ് പുതിയ പാസഞ്ചർ കാറുകളെ പിന്തുണയ്‌ക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും അനലിറ്റിക്‌സിന്റെയും സംയോജനം യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നു. എഐ, വെർച്വൽ റിയാലിറ്റി എന്നിവ ഭാവിയിൽ എല്ലാ മേഖലയിലും നിർണായകമാകും. ഇതിനാൽ തന്നെ കമ്പനിയുടെ ഭാവിയിലെ ബിസിനസ് സാധ്യത വളരെ വലുതാണ്. ഇത് ദീർഘകാല നിക്ഷേപകർക്ക് ഏറെ പ്രയോജനം ചെയ്യും.
നാലാം പാദ ഫലം
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും ടാറ്റാ എൽക്സി മൂന്നാം പാദത്തിൽ ശക്തമായ നേട്ടം കെെവരിച്ചു. മാർച്ചിലെ നാലാം പാദത്തിലും മുൻ പാദത്തേക്കാൾ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവച്ചത്. 2021 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 18 ശതമാനം വർദ്ധിച്ച് 518 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള പ്രതിവർഷ ലാഭം 40.3 ശതമാനം വർദ്ധിച്ച് 115 കോടി രൂപയായി.
കമ്പനിയുടെ EBITDA മാർജിനും നെറ്റ് മാർജിനും 32.4 ശതമാനവും 21.9 ശതമാനവുമായി ശക്തമായ നിലയിലാണ് കാണപ്പെടുന്നത്. എല്ലാ മേഖലയിലുമുള്ള വളർച്ചയാണ് ഇതിന് കരുത്തേകിയത്.
കമ്പനിയുടെ ഏറ്റവും വലിയ ഡിവിഷനായ എംബെഡഡ് പ്രൊഡക്ട് ഡിസൈൻ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വളർച്ച നേടി. ഇതേകാലയളവിൽ കമ്പനിയുടെ ഐ.ഡി.വി വിഭാഗം 9.1 ശതമാനം ഉയർന്നു.
ഗതാഗതം, മീഡിയ, കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥിരമായ വളർച്ച കൈവരിച്ചു. 2012 മുതൽ കമ്പനിയുടെ വരുമാനം സ്ഥിരമായ വളർച്ച കെെവരിച്ചു വരികയാണ്.
ആദ്യമായി 2020ൽ കമ്പനിയുടെ അറ്റാദായത്തിൽ ഇടിവ് സംഭവിച്ചു.
എന്നാൽ 2021ൽ കമ്പനി ശക്തമായ മുന്നേറ്റം നടത്തി തിരികെ കയറി.
ഒരു നിക്ഷേപകൻ എന്ന നിലയിൽ ഇപിഎസിന്റെ പ്രധാന്യം ശ്രദ്ധികേണ്ടത് അനിവാര്യമാണ്. 2020 ഒഴികെയുള്ള എല്ലാ സമ്പത്തിക വർഷങ്ങളിലും ടാറ്റാ എൽക്സിയുടെ EPS വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ ഇപിഎസ് 28ൽ നിന്നും 59.11 ആയി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ അറ്റവരുമാനം അഞ്ച് ഇരട്ടിയായി വർദ്ധിച്ചു. മൊത്തത്തിൽ കമ്പനിക്ക് ശക്തമായ അടിത്തറയാണുള്ളത്.
മുന്നിലേക്ക് എങ്ങനെ ?
കൊവിഡ് വെെറസ് വ്യാപനത്തെ തുടർന്ന് ഐടി മേഖലയിലേക്ക് ഏവരും ശ്രദ്ധേ കേന്ദ്രീകരിക്കാൻ തുടങ്ങി. പ്രത്യേകിച്ച് എഐ, ക്ലൗഡ് എന്നീ മേഖലകളിൽ. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ടാറ്റാ എൽക്സിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതായി കാണാം. 2020 മാർച്ചിൽ എഫ്.ഐ.ഐ.എസിന് 10.7 ശതമാനം നിക്ഷേപമാണ് ടാറ്റാ എൽക്സിയിൽ ഉണ്ടായിരുന്നത്. 2021 മാർച്ചിൽ ഇത് 12.06 ശതമാനമായി വർദ്ധിപ്പിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം വർദ്ധിക്കുന്നത് കമ്പനിക്ക് വളരെ നല്ലതാണ്.
ഡാറ്റയിലും ഉള്ളടക്ക നിർമാണത്തിലുമുണ്ടായ അപ്രതീക്ഷിത ഉയർച്ച
ടാറ്റാ എൽക്സിയുടെ ബിസിനസ് വിപുലീകരിക്കാൻ സഹായിച്ചു. കഴിഞ്ഞ വർഷം കമ്പനി 284 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖലയിലെ ഹെവിവെയിറ്റുകളിൽ ഒന്നാണ് ടാറ്റാ മോട്ടോർസ്.
ഡിസൈൻ, എഞ്ചിനീയറിംഗ് ഓട്ടോ അനുബന്ധ ഉത്പ്പന്നങ്ങൾ എന്നിവയിൽ കമ്പനിക്ക് പ്രാഗത്ഭ്യമുണ്ട്. സ്മാർട്ട് ടിവി, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കായി ക്ലൗഡ് സേവനങ്ങളും അപ്ലിക്കേഷൻ ഫ്രെയിംവർക്കുകളും രൂപകൽപ്പന ചെയ്യാൻ കമ്പനി സഹായിക്കുന്നു. ഈ ഓഹരിയിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ദീർഘകാല നിക്ഷേപകർക്ക് ഇത് നേട്ടമുണ്ടാക്കും.
Post your comment
No comments to display