വിപണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ആർക്കീഗോസ് ക്യാപിറ്റൽസിന്റെ തകർച്ച, ബാങ്കുകൾക്ക് നഷ്ടമായത് ദശലക്ഷം കോടികൾ

Home
editorial
the collapse of archegos capital explained
undefined

പോയമാസം ആഗോള വിപണികൾ എല്ലാം തന്നെ താഴേക്ക് വീഴുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. യുഎസ് ട്രഷറി ബോണ്ട് വരുമാനം ഉയർന്നതിനൊപ്പം വർദ്ധിച്ചു വരുന്ന കൊവിഡ്  കേസുകളും ലോക്ക്ഡൗൺ ആശങ്കയും വിപണിയുടെ പതനത്തിന് കാരണമായി.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനം ആർക്കീഗോസ് ക്യാപിറ്റൽ തകർന്നത് കഴിഞ്ഞ ആഴ്ച വിപണിയിൽ ആശങ്ക പരത്തിയിരുന്നു. ഇതെതുടർന്ന് പല പ്രമുഖ  ബാങ്കുകളും കനത്ത നഷ്ടം നേരിട്ടു. ആർക്കീഗോസ് ക്യാപിറ്റൽ തകർന്നതെങ്ങനെയെന്നും ഇത് ഓഹരി വിപണിയെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

Archegos Capital

യുഎസ്, ചെെന, ജാപ്പനീസ് ഓഹരി വിപണികളിൽ നിക്ഷേപം നടത്തിവന്നിരുന്ന ഒരു സ്വകാര്യ കുടുംബ ഓഫീസ് സ്ഥാപനമാണ് ആർക്കീഗോസ് ക്യാപിറ്റൽ. വലിയ  നിക്ഷേപകർക്കായി  ഓഹരി വിപണികളിൽ നിക്ഷേപം നടത്തുക, അവരുടെ സമ്പത്ത് നിയന്ത്രിക്കുക തുടങ്ങിയ സേവനങ്ങളാണ് കമ്പനി നടത്തിവന്നിരുന്നത്. നൂറ് മില്യൺ ഡോളറിന് മുകളിൽ നിക്ഷേപിക്കാൻ ആസ്തിയുള്ള നിക്ഷേപകരാണ് കമ്പനിയുടെ ഉപഭോക്താക്കളായിരുന്നവർ ഏറെയും.

ടൈഗർ മാനേജ്‌മെന്റിന്റെ മുൻ ഇക്വിറ്റി അനലിസ്റ്റായ ബിൽ ഹ്വാങ്ങാണ് ആർക്കീഗോസ് ക്യാപിറ്റൽ സ്ഥാപിച്ചത്. 2012ൽ ഇയാൾ ഇൻസെെഡർ ട്രെയിഡിംഗ് നടത്തിയതായി  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കണ്ടെത്തി. കേസിൽ 44 മില്യൺ ഡോളർ ബില്ലിന് പിഴ നൽകേണ്ടി വന്നു. കേസിനെ തുടർന്ന്  നിക്ഷേപ ഉപദേശക ബിസിനസിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം നിർബന്ധിതനായി. ഇതിന് പിന്നാലെ ബിൽ തന്നെ സ്ഥാപനത്തെ ഒരു കുടുംബ ഓഫീസാക്കി മാറ്റി. ഇത്തരം കുടുംബ ഓഫീസുകൾ എല്ലാം തന്നെ  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ അന്വേഷണ പരിധിക്ക് പുറത്താണുള്ളത്. അതിനാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ഒരു വിവരങ്ങളും പുറത്തുള്ളവർക്ക് ലഭിക്കില്ല.

തകർച്ചയുടെ കാരണം 

കഴിഞ്ഞ ആഴ്ചയിൽ ആർക്കീഗോസ് ക്യാപിറ്റൽസിന് നിക്ഷേപമുള്ള  ചില ഓഹരികളിൽ ശക്തമായ ഇടിവ് സംഭവിച്ചതിനെ തുടർന്ന് കമ്പനി 20 ബില്യൺ ഡോളറിന്റെ ഏകദേശം 1.46 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിരുന്നു. വളരെ കുറഞ്ഞ വിലയ്ക്കാണ് കമ്പനി ഈ ഓഹരികൾ എല്ലാം തന്നെ വിറ്റത്. ViacomCBS, Discovery Communications, Baidu Inc, GSX Techedu, Tencent Holdings തുടങ്ങിയ ഓഹരികൾ ഇതിൽ ഉൾപ്പെടും. സ്വാപ്പ്സ് കാരണം കമ്പനി ഈ ഓഹരികളുമായി വലിയ സമ്പർക്കം പുലർത്തിയിരുന്നു. 

സ്വാപ്പ്സ് എന്നാൽ എന്ത് ?

വലിയ നിക്ഷേപ സ്ഥാപനങ്ങൾ വ്യാപാരം നടത്താൻ ഉപയോഗിക്കുന്ന ഒരു തരം ഡെറിവേറ്റീവ് ഉപകരണമാണ് സ്വാപ്പ്സ്. ഇത്തരം വ്യാപാരങ്ങൾ ഒന്നും തന്നെ പൊതുവിപണിയിൽ റിപ്പോർട്ട് ചെയ്യപ്പെടില്ല. മുൻ‌കൂറായി വലിയ തുക നൽകാതെ തന്നെ സെക്യൂരിറ്റികളിൽ ഉയർന്ന പോസിഷനുകൾ എടുക്കാൻ നിക്ഷേപകർക്ക്  ഇതിലൂടെ സാധിക്കും. സ്വാപ്പുകളിൽ നിക്ഷേപിക്കുന്നതിനായി മിക്ക സ്ഥാപനങ്ങളും വിവിധ ബാങ്കുകളിൽ നിന്നായി ദശലക്ഷ കണക്കിന് രൂപ വായ്പ്പയെടുക്കും. ഇതിനെ ലിവറേജ് എന്ന് അറിയപ്പെടും. വിപണികൾ കുതിച്ചുകയറുമ്പോൾ സ്വാപ്പുകൾ ആർക്കീഗോസ് ക്യാപിറ്റലിന് ഉയർന്ന ലാഭം നേടി കൊടുക്കും. ഓഹരികൾ മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിൽ ബിൽ ഇവയ്ക്ക് മുകളിൽ ഉയർന്ന പോസിഷനുകൾ എടുത്തിരുന്നു.

ഓഹരികൾ വാങ്ങുന്നതിനായി ബിൽ ബാങ്കിൽ നിന്നും ഉയർന്ന ലിവറേജ് കെെപറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തിപരിചയം കണക്കിലെടുത്ത് കൊണ്ട് ബാങ്കുകൾ കണ്ണും പൂട്ടി പണം നൽകി. നേരത്തെ സമാനമായ ഇടപാടുകളിലൂടെ ബില്ലിൽ നിന്നും ബാങ്കുകൾക്ക് കോടികൾ കമ്മീഷൻ ലഭിച്ചിരുന്നു.

ഇത്തരം ഇടപാടിൽ സ്ഥപനങ്ങൾ വാങ്ങുന്ന ഓഹരികൾ എല്ലാം തന്നെ വായ്പ്പ നൽകിയ ബാങ്കുമായി പണയത്തിൽ ഏർപ്പെട്ടിരിക്കും. പണയം  വച്ചിട്ടുള്ള ഓഹരിയിൽ വില ഇടിവ് സംഭവിച്ചാൽ നിക്ഷേപകർക്ക് മാർജിൻ കോൾ ലഭിക്കുകയും കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ കൂടുതൽ പണം നിൽകുന്നതിലൂടെ പണയ ഓഹരിയുടെ വില ഇടിഞ്ഞാലും വായ്പ്പ നൽകിയ ബാങ്കുകൾക്ക് നഷ്ടം സംഭവിക്കില്ല.

ആർക്കീഗോസ് ക്യാപിറ്റൽസിന് എന്ത് സംഭവിച്ചു?

കുറച്ചു പണം മാത്രം നൽകി പോസിഷനുകൾ എടുക്കാൻ അനുവദിക്കുന്നതിനാൽ കൂടുതൽ ഓഹരികളിൽ നിക്ഷേപം നടത്താൻ സ്വാപ്പിലൂടെ സാധിക്കും. ഈ ഘട്ടത്തിൽ  അപ്രതീക്ഷിതമായി ഓഹരി വിലയിൽ ഇടിവ് സംഭവിച്ചാൽ ബാങ്കുകൾ തങ്ങളുടെ ക്ലെെയിന്റുകൾക്ക് വേണ്ടി കെെവശമുള്ള ഓഹരികൾ വിറ്റഴിക്കും. മാർജിന് കോൾ ലഭിച്ചതിന് പിന്നാലെ ഉപഭോക്താവിന് നഷ്ടം നികത്തുന്നതിനായി കൂടുതൽ പണം നിക്ഷേപിക്കാൻ സാധിച്ചില്ലെങ്കിൽ ബാങ്കുകൾ അഥവ ബ്രോക്കർമ്മാർ ഈ ഓഹരികൾ വിൽക്കുകയും തങ്ങളുടെ പണം തിരികെ പിടിക്കുകയും ചെയ്യും. ഓഹരി വില വീണ്ടും ഇടിഞ്ഞാൽ വായ്പ്പ നൽകിയവർക്ക് കൂടുതൽ നഷ്ടം സംഭവിച്ചേക്കാം. ഇത് ഒഴിവാക്കാനാണ് ഈ നടപടി.

ഇത് തന്നെയാണ് ആർക്കീഗോസ് ക്യാപിറ്റൽസിന്റെ കാര്യത്തിലും സംഭവിച്ചത്. കമ്പനിക്ക് നിക്ഷേപമുള്ള വിയകോം സി ബി എസ്, ബൈഡു, ടെൻസെന്റ് എന്നീ ഓഹരികൾ താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി. ViacomCBS കഴിഞ്ഞ ബുധനാഴ്ച 23 ശതമാനവും വ്യാഴാഴ്ച 30 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഓഹരി വില അമിതമാണെന്ന് ചൂണ്ടികാട്ടി  വിദഗ്ദ്ധർ തരം താഴ്ത്തിയതാണ് ഓഹരിയുടെ പതനത്തിന് കാരണമായത്. ഇതിനൊപ്പം നിക്ഷേപമുള്ള  മറ്റു കമ്പനികളുടെ ഓഹരികൾ കൂടി ഇടിഞ്ഞു തുടങ്ങി.

നഷ്ടം നികത്തുന്നതിനായി ആർക്കീഗോസ് ക്യാപിറ്റൽസ് തങ്ങളുടെ പോർട്ട്ഫോളിയോയിലെ ഓഹരികൾ ഏറെയും വിറ്റഴിക്കാൻ  ആരംഭിച്ചു. എന്നിരുന്നാലും വായ്പ്പ സ്ഥാപനങ്ങൾ നൽകിയ മാർജിൻ കോൾ നിറവേറ്റാൻ ആർക്കീഗോസ് ക്യാപിറ്റൽസിന് സാധിച്ചില്ല. സ്ഥാപനത്തിന്റെ പ്രൈം ബ്രോക്കർമാരായ ഗോൾഡ്മാൻ സാച്ച്സ്, മോർഗൻ സ്റ്റാൻലി എന്നിവർ ആർക്കീഗോസിന്റെ എല്ലാ നിക്ഷേപ ഓഹരികളും ഇതെതുടർന്ന് വിൽക്കാൻ ആരംഭിച്ചു. ഇതോടെ മുകളിൽ പറഞ്ഞ കമ്പനികളുടെ ഓഹരികൾ എല്ലാം തന്നെ തകർന്നടിഞ്ഞു.

പ്രത്യാഘാതം

ആർക്കീഗോസ് ക്യാപിറ്റൽസുമായി കരാറിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്രോക്കർമാർക്ക് 6 ബില്യണിന്റെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പണയ ഉരുപ്പടിയായി അവർ കൈവശം വച്ചിരുന്ന ഓഹരിയുടെ വില അതിവേഗം നഷ്ടപ്പെട്ടതാണ് ഇതിന് കാരണം.

ജപാനിലെ ഏറ്റവും വലിയ നിക്ഷേപ ബാങ്കായ നോമുറ ഹോൾഡിംഗ്സിന് 2 ബില്യൺ ഡോളറിന്റെ നഷ്ടവും  സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ക്രെഡിറ്റ് സ്യൂസെ ബാങ്കിന്  4 ബില്യൺ ഡോളർ നഷ്ടവും സംഭവിച്ചതായാണ് ലഭ്യമാകുന്ന വിവരം.

ആർക്കീഗോ ക്യാപിറ്റലുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാ
പ്രമുഖ ബാങ്കിംഗ്, ധനകാര്യ  സ്ഥാപനങ്ങളുടെയും ഓഹരികൾ തിങ്കളാഴ്ച കൂപ്പുകുത്തി. മോർഗൻ സ്റ്റാൻലി ഓഹരി 2.6 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് 1.7 ശതമാനം നേട്ടം കെെവരിച്ചു. Nomura ഓഹരി 16.3 ശതമാനവും Credit Suisse 14 ശതമാനവും നഷ്ടം രേഖപ്പെടുത്തി. വർഷത്തിലെ ഏറ്റവും വലിയ വീഴ്ചയാണിത്. 

നിഗമനം

ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ബിൽ ഹ്വാങ്ങും അദ്ദേഹത്തിന്റെ സ്ഥാപനമായ  ആർക്കീഗോസ് ക്യാപിറ്റൽസും ഏങ്ങനെയാണ് വിപണിയുടെ നേരിയ പതനത്തിന് കാരണമായതെന്ന്. റെഗുലേറ്റർമാരുടെ പരിധിക്ക് പുറത്ത് പ്രവർത്തിക്കാൻ കഴിയുന്ന ഇത്തരം വലിയ സ്ഥാപനങ്ങൾ ഉയർത്തുന്ന അപകടസാധ്യത  നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബ ഓഫീസുകൾ ഒന്നും തന്നെ  സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ പരിതിയിൽ വരുന്നില്ല. അതിനാൽ തന്നെ ഒരുതരത്തിലുള്ള വ്യാപാര വിവരങ്ങളും കമ്പനി അധികൃതർക്ക് കെെമാറേണ്ടതിന്റെ ആവശ്യമില്ല. അവർ അത്യാഗ്രഹത്തിന്റെ പുറത്ത് ലിവറേജിന്റെ പിൻബലത്തിൽ ഉയർന്ന വ്യാപാരങ്ങൾ നടത്തുന്നു. ചെറിയ ഒരു അശ്രദ്ധ പോലും ഇത്തരം വ്യാപാരങ്ങളെ വൻ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. ആർക്കീഗോസിന്റെ തകർച്ച ഏവർക്കും ഒരു പാഠമായിരിക്കുകയാണ്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023