എട്ട് നിലയിൽ പൊട്ടി FTX; പാപ്പരായത് ലോകത്തെ രണ്ടാമത്തെ വലിയ ക്രിപ്പ്റ്റോ എക്സ്ചേഞ്ച്, ക്രിപ്പ്റ്റോ വിപണി വൻ പ്രതിസന്ധിയിൽ?

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്പ്റ്റോ കറൻസി എക്സ്ചേഞ്ചായ എഫ്.ടി.എക്സ് പാപ്പരായ വാർത്ത ഞെട്ടലോടെയാണ് ക്രിപ്പ്റ്റോ നിക്ഷേപകർ കേട്ടറിഞ്ഞത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി ബിറ്റ്കോയിൻ ഉൾപ്പെടെ ഉള്ള ക്രിപ്പ്റ്റോ കറൻസികൾ കൂപ്പുകുത്തിയിരുന്നു. പാപ്പരത്ത നടപടികൾ ആരംഭിച്ചതിന് പിന്നാലെ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് സാം ബാങ്ക്സ്മാൻ രാജിവെച്ചു. മണികൂറുകൾ കൊണ്ട് അദ്ദേഹത്തിന്റെ 16 ബില്യൺ ഡോളർ ആസ്തി വട്ടപൂജ്യത്തിലേക്ക് വീണു.
ഇന്നത്തെ ലേഖനത്തിലൂടെ എഫ്ടിഎക്സ് എങ്ങനെയാണ് തകർന്നടിഞ്ഞതെന്നും ഇത് ക്രിപ്പ്റ്റോ മേഖലയെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നത്.
എഫ്ടിഎക്സിന്റെ ചരിത്രം
2017-ൽ, മുൻ വാൾസ്ട്രീറ്റ് വ്യാപാരിയായ സാം ബാങ്ക്മാൻ-ഫ്രൈഡ് ക്രിപ്‌റ്റോയിൽ ഏർപ്പെടാൻ ആഗ്രഹിക്കുകയും അലമേഡ റിസർച്ച് എന്ന പേരിൽ ഒരു പ്രൊപ്രൈറ്ററി ട്രേഡിംഗ് സ്ഥാപനം സ്ഥാപിക്കുകയും ചെയ്തു. സ്ഥാപനം ഡിജിറ്റൽ അസറ്റ് ഉൽപ്പന്നങ്ങളും അവയുടെ ഡെറിവേറ്റീവുകളും വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം മുൻ ഗൂഗിൾ ജീവനക്കാരനായ ഗാരി വാങുമായി ചേർന്ന് അദ്ദേഹം എഫ്ടിഎക്സ് സ്ഥാപിച്ചു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വിവിധ ക്രിപ്‌റ്റോ നാണയങ്ങളുടെയും ടോക്കണുകളുടെയും വൻ ഇടപാടുകൾ നടത്തി. ക്രിപ്പ്റ്റോ ബയേഴ്സിനെയും സെല്ലേഴ്സിനെയും ഒരുമിപ്പിച്ച് കൊണ്ട് കമ്പനി കമ്മീഷനും ബ്രോക്കറേജും സ്വന്തമാക്കി.
എഫ്ടിഎക്സിലേക്ക് ഫിയറ്റ് കറൻസികൾ ഡെപ്പോസിറ്റ് ചെയ്തു കൊണ്ട്
നിക്ഷേപകർക്ക് ക്രിപ്പ്റ്റോ വിൽക്കുകയോ വാങ്ങുകയോ ചെയ്യാവുന്നതാണ്. വലിയ ട്രേഡുകളിൽ കയറാൻ താത്പര്യം ഉള്ളവർക്ക് എഫ്ടിഎക്സ് ഉയർന്ന ലിവറേഡജ് നൽകുന്നു. (ട്രേഡ് ചെയ്യാനായി പണം കടമായി നിൽകുന്നതിനെയാണ് ലിവറേജ് എന്ന് പറയുന്നത്. ഇതിലൂടെ കൂടുതൽ ക്വാണ്ടിറ്റിയിൽ ഉപഭോക്താക്കൾക്ക് ട്രേഡ് ചെയ്യാവുന്നതാണ്.
എഫ്.ടി.ടി ടോക്കൺ
എഫ്ടിഎക്സ് തങ്ങളുടേതായ ക്രിപ്പ്റ്റോ ടോക്കനും അവതരിപ്പിച്ചിരുന്നു. ടോക്കൻ കൈവശം ഉള്ളവർക്ക് കുറഞ്ഞ നിരക്കിലും, എളുപ്പത്തിലും പണം പിൻലിക്കാൻ സാധിക്കും. കമ്പനിയുടെ ലാഭം ഉപയോഗിച്ച് കൊണ്ട് അവർ തന്നെ ടോക്കനുകൾ വാങ്ങി, ഇത് വില ഉയരാൻ കാരണമായി.
Sequoia, Softbank തുടങ്ങിയ മാർക്വീ നിക്ഷേപകർക്കൊപ്പം, FTX അതിവേഗം ലോകത്തിലെ രണ്ടാമത്തെ വലിയ എക്സ്ചേഞ്ചായി മാറി. എഫ്ടിഎക്സിന്റെ ഏറ്റവും ഉയർന്ന സമയത്ത് അതിന്റെ പ്രതിദിന വോള്യം എന്നത് 2 ബില്യൺ ഡോളർ വരെ എത്തിയിരുന്നു. കമ്പനി അതിന്റെ പ്രാരംഭ ഘട്ടത്തിൽ നിക്ഷേപകനായി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്സ്ചേഞ്ചായ ബിനാൻസിനെയും കൊണ്ടുവന്നിരുന്നു. ബാങ്ക്സ്മാന്റെ മാധ്യമങ്ങളുമായും യുവ നിക്ഷേപകരുമായും ഉള്ള ബന്ധം FTX ന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമായി.
സംഭവിച്ചത് എന്ത്?
- FTX സ്ഥാപിച്ചതു മുതൽ, സ്ഥാപനത്തിന് അലമേഡ റിസർച്ചുമായി സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ലെന്ന് സാം ബാങ്ക്മാൻ പറഞ്ഞിരുന്നു. എന്നാൽ നവംബർ 2-ന് കോയിൻ ഡെസ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ രണ്ട് സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.
- കുറഞ്ഞ വിലയ്ക്ക് (കോടിക്കണക്കിന് വിലമതിക്കുന്ന) എഫ്ടിടി ടോക്കണുകൾ അലമേഡ കൈവശം വച്ചിരുന്നതായി റിപ്പോർട്ട് പ്രസ്താവിച്ചു. അങ്ങനെ, FTT യുടെ വിലകൾ വർദ്ധിച്ചപ്പോൾ, അലമേഡയുടെ ആസ്തികളുടെ മൂല്യവും കുതിച്ചുയർന്നു.
- ഈ ഉയർന്ന തോതിലുള്ള ടോക്കണുകൾ ഈടായി ഉപയോഗിച്ച് കൊണ്ട് അലമേഡ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം കടം വാങ്ങാൻ തുടങ്ങി. അലമേദയ്ക്ക് ഈ വായ്പകൾ നൽകാൻ എഫ്ടിഎക്സ് ഉപഭോക്തൃ ഫണ്ട് ഉപയോഗിച്ചതായും ആരോപണമുയർന്നിരുന്നു.
- FTT യുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ്, രണ്ട് സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കും.
- കമ്പനിയുടെ റിസ്ക് മാനേജ്മെന്റ്, സാമ്പത്തിക സ്ഥിതി എന്നിവയെ ആളുകൾ ചോദ്യം ചെയ്തു.
എഫ്ടിഎക്സ് - ബിനാൻസ്
- എഫ്.ടിഎക്സിനെ ഉയർന്ന നിലയിൽ എത്തിയപ്പോൾ ബിനാൻസും പിന്തുണച്ചിരുന്നു. ഇരു കമ്പനികളും തുല്യ എതിരാളികളായിരുന്നു. ബിനാൻസിന്റെ ക്രിപ്പ്റ്റോ ലോകത്തെ ഏകാധിപത്യത്തിന് എഫ്.ടിഎക്സ് വെല്ലുവിളി ഉയർത്തിയിരുന്നു.
- ബിനാൻസ് നേരത്തെ എഫ്ടിഎക്സ് ടോക്കൻസ് കൈവശം വെച്ചിരുന്നതായി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. നേരത്തെ എഫ്ടിഎക്സ് സിഇഒ ബിനാൻസിന് എതിരെ അനേകം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം മിണ്ടാതെ ഇരുന്ന ബിനാൻസ് സിഇഒ കൃത്യ സമയം നോക്കി ഇരുന്ന് എഫ്.ടിഎക്സിന് പണികൊടുത്തു.
എഫ്ടിടിയിൽ ബിനാൻസിൻറെ സ്ഥാനം ഏകദേശം 5 ശതമാനം ആയിരുന്നു. ഇത് ഏകദേശം $580 ദശലക്ഷം വരും. 2-3 ദിവസങ്ങൾക്കുള്ളിൽ, 6 ബില്ല്യൺ ഡോളർ മൂല്യമുള്ള FTT നിക്ഷേപകർ പിൻവലിച്ചു, കൂടാതെ തന്നെ ടോക്കൺ 90 ശതമാനത്തിൽ അധികം തകർന്നു! പണലഭ്യതക്കുറവ് കാരണം FTX അതിന്റെ പ്ലാറ്റ്‌ഫോമിൽ നിന്നും പിൻവലിക്കാനുള്ള സംവിധാനം താത്ക്കാലികമായി നിർത്തിവെച്ചു.
FTT യുടെ വില ഇടിഞ്ഞാൽ, അലമേഡ റിസർച്ചിന്റെ ബാലൻസ് ഷീറ്റ് തൽക്ഷണം പട്ടപൂജ്യമാകും. ഇത് കമ്പനിയുടെ തകർച്ചയ്ക്ക് കാരണമാകും. ഇത് അനുബന്ധ സ്ഥാപനമായ എഫ്.ടി.എക്സിനെ ബാധിച്ചു.
സമീപകാല സംഭവങ്ങൾ
എഫ്ടിഎക്സിനെ ഏറ്റെടുക്കുമെന്ന് ബിനാൻസ് സിഇഒ CZ നവംബർ 8ന് പറഞ്ഞിരുന്നു. FTX.com പൂർണ്ണമായും ഏറ്റെടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് അവർ ഒരു നോൺ-ബൈൻഡിംഗ് കരാറിലും ഒപ്പുവച്ചു. എന്നാൽ എഫ്ടിഎക്സിനെ സംബന്ധിച്ച മോശം വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം കരാറിൽ നിന്നും പിൻമാറി.നവംബർ 11-ന് കമ്പനി പാപ്പരത്വം പ്രഖ്യാപിച്ചു. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സെക്വോയ FTX-ലെ തങ്ങളുടെ 150 ദശലക്ഷം ഡോളർ നിക്ഷേപം പൂജ്യം ഡോളറായതായി അറിയിച്ചു. അലമേദയുമായി എഫ്ടിഎക്സിനുള്ള ബന്ധം നിക്ഷേപകർ ആരും തന്നെ കാര്യമാക്കിയിരുന്നില്ല. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ സോഫ്റ്റ്‌ബാങ്കിനും 100 മില്യൺ ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്നു. റൊയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ഉപഭോക്താക്കളുടെ ഒരു ബില്യൺ ഡോളർ നിക്ഷേപം എഫ്ടിഎക്സിൽ നഷ്ടമായിട്ടുണ്ട്.
യുഎസ് സെക്യുരിറ്റി ആൻഡ് എക്സ്ചേഞ്ച്, ജസ്റ്റിസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിഇഒ സാം ബാങ്ക്മാൻ കൂടുതൽ പ്രശ്നത്തിലേക്ക് വീണേക്കാം.
എഫ്.ടി.എക്സിന്റെ തകർച്ച ക്രിപ്പ്റ്റോ വ്യാവസായത്തിന് മേൽ ആളുകളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ക്രിപ്പ്റ്റോ ലോകമെമ്പാടുമുള്ള റീട്ടെയിൽ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള ഒരു ഉയർന്ന പോരാട്ടത്തെ അഭിമുഖീകരിക്കുന്നത് തുടരുന്നു. എഫ്ടിഎക്സ് ഉപഭോക്താക്കൾക്ക് നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display