എസ്കോർട്ട്സ് ലിമിറ്റഡുമായി കെെകോർത്ത് കുബോട്ട, കൂടുതൽ അറിയാം
നവംബർ 18-ന്, ജപ്പാൻ ആസ്ഥാനമായുള്ള കുബോട്ട കോർപ്പറേഷൻ ഒരു കോ-പ്രൊമോട്ടറായി കമ്പനിയിൽ ചേരുമെന്ന് എസ്കോർട്ട്സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. വിദേശ സ്ഥാപനം 9,400 കോടി രൂപ കമ്പനിയിൽ നിക്ഷേപിക്കും. ഈ നിക്ഷേപത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ വിപണിയായ ഇന്ത്യയുടെ ഗണ്യമായ പങ്ക് നേടാൻ എസ്കോർട്ട്സ് ശ്രമിക്കുന്നു. ഈ വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഓഹരി 10 ശതമാനത്തിന്റെ മുന്നേറ്റമാണ് സ്വന്തമാക്കിയത്.
ഇടപാടിന്റെ വിശദാംശങ്ങൾ
ഒരു സംയുക്ത സംരംഭത്തിലൂടെ 2018-ൽ കുബോട്ട കോർപ്പറേഷനുമായി എസ്കോർട്ട്സ് തങ്ങളുടെ പങ്കാളിത്തം ആരംഭിച്ചു. 2020-ന്റെ തുടക്കത്തിൽ രണ്ട് സ്ഥാപനങ്ങളും പരസ്പരം പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തി. നിലവിൽ, ജാപ്പനീസ് സ്ഥാപനത്തിന് എസ്കോർട്ട്സിൽ 9 ശതമാനം ഓഹരിയുണ്ട്. ഇടപാടിന് ശേഷം ഇത് 53.5 ശതമാനമായി വർദ്ധിക്കും.
നിലവിലെ കരാറുകൾ പ്രകാരം 1,870 കോടി രൂപയുടെ ഓഹരികൾ കുബോട്ട കോർപ്പറേഷന് മുൻഗണനാടിസ്ഥാനത്തിൽ നൽകും. ഈ ഓഹരികൾക്ക് സാധാരണ ഓഹരികളേക്കാൾ ഉയർന്ന മുൻഗണന ഉണ്ടായിരിക്കും. ഇതിനൊപ്പം തന്നെ എസ്കോർട്ട്സിന്റെ 7,500 കോടി രൂപയുടെ ഓഹരികൾക്കായി കുബോട്ട ഓപ്പൺ ഓഫർ നൽകും. എന്നാൽ എസ്കോർട്ട്സ് ലിമിറ്റഡിന്റെ നിലവിലുള്ള പ്രൊമോട്ടർമാരായ നന്ദ കുടുംബം ഈ ഇടപാടിൽ കമ്പനിയുടെ ഒരു ഓഹരിയും വിൽക്കില്ല. 11.6 ശതമാനം വിഹിതമാണ് അവരുടെ കെെവശമുള്ളത്.
ഷെയർ ഹോൾഡിംഗ് പാറ്റേൺ ഇങ്ങനെ:
കുബോട്ട അഗ്രികൾച്ചറൽ മെഷിനറി ഇന്ത്യ എസ്കോർട്ട്സ് ലിമിറ്റഡുമായി ലയിപ്പിച്ച് കൊണ്ട് പുതിയ സ്ഥാപനത്തിന് എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡ് എന്ന് പേര് നൽകും. കാർഷിക ഉപകരണ മേഖലയിൽ ആഗോള നേതൃത്വം കൈവരിക്കാനാണ് സംയുക്ത സ്ഥാപനം ഉദ്ദേശിക്കുന്നത്.
Kubota Corp
ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള കമ്പനിയാണ് കുബോട്ട കോർപ്പറേഷൻ. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 1960-ൽ കമ്പനി ജപ്പാനിൽ ആദ്യത്തെ ഫാം ട്രാക്ടർ വികസിപ്പിച്ചെടുത്തു. നിലവിൽ, കുബോട്ട ലോകമെമ്പാടുമുള്ള ട്രാക്ടറുകളുടെയും മറ്റ് കാർഷിക യന്ത്രങ്ങളുടെയും ഒരു സമ്പൂർണ്ണ നിർമാതാവാണ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ ഏതാണ്ട് 67 ശതമാനവും ജപ്പാന് പുറത്ത് നിന്ന്, പ്രധാനമായും വടക്കേ അമേരിക്കയിൽ നിന്നാണ് ലഭിക്കുന്നത്. സാമ്പത്തിക സ്ഥിതി നോക്കുമ്പോൾ, 2020ൽ കുബോട്ട ഒരു ലക്ഷം കോടി രൂപയുടെ വരുമാനം റിപ്പോർട്ട് ചെയ്തു. ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) വിപണിയിലേക്ക് കടക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഓട്ടോമേഷൻ സാങ്കേതികവിദ്യയുടെ ഭാഗമായി ഡ്രൈവറില്ലാ ട്രാക്ടറുകൾക്കൊപ്പം ഇലക്ട്രിക് ട്രാക്ടറുകളുടെ പ്രോട്ടോടൈപ്പുകൾ 2020-ൽ കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ, കുബോട്ടയുടെ സാങ്കേതിക പുരോഗതിയിൽ നിന്ന് എസ്കോർട്ട്സിന് പ്രയോജനം നേടാനാകും.
Escorts Ltd
1944 ൽ ഹരി പ്രസാദ് നന്ദയും യുദി നന്ദയും ചേർന്നാണ് എസ്കോർട്ട്സ് സ്ഥാപിച്ചത്. തുടക്കത്തിൽ, ഒരു അമേരിക്കൻ കാർഷിക യന്ത്ര നിർമ്മാതാവായ മാസി ഫെർഗൂസണുമായുള്ള ഫ്രാഞ്ചൈസി ഉടമ്പടി പ്രകാരം കമ്പനി ട്രാക്ടറുകൾ വിറ്റു. ഫോർഡ് മോട്ടോഴ്‌സ്, ജെസിബി, ടഡാനോ എന്നീ ജാപ്പനീസ് ക്രെയിൻ നിർമ്മാതാക്കളുമായി സംയുക്ത സംരംഭങ്ങളും പങ്കാളിത്തവും രൂപീകരിച്ചത് ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിൽ അറിവും അനുഭവവും നേടാൻ എസ്കോർട്ട്സിനെ സഹായിച്ചു. നിലവിൽ, കമ്പനിക്ക് ഹരിയാനയിൽ 1.2 ലക്ഷം ട്രാക്ടർ വാർഷിക ശേഷിയുള്ള 3 പ്ലാന്റുകളുണ്ട്. പ്രതിവർഷം 2,500 ട്രാക്ടർ നിർമിക്കാൻ ശേഷിയുള്ള ഒരു ഉൽപ്പാദന യൂണിറ്റും കമ്പനിക്ക് പോളണ്ടിലുണ്ട്. 50,000 ശേഷിയുള്ള മറ്റൊരു പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കാൻ കുബോട്ടയുമായുള്ള ഒത്തുചേരൽ കമ്പനിയെ സാഹിക്കും.
പ്രശസ്ത ഇന്ത്യൻ ഇരുചക്രവാഹനങ്ങളായ രാജ്ദൂത്, യമഹ RX100 എന്നിവ എസ്കോർട്ട്സിന്റെ പ്ലാന്റിലാണ് അസംബിൾ ചെയ്യുന്നത്.
കമ്പനിക്ക് നിലവിൽ മൂന്ന് ബിസിനസ് രീതികളാണുള്ളത് :
Tractor & Related: ട്രാക്ടറുകളാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. സ്പ്രേയറുകൾ, എഞ്ചിനുകൾ, കൊയ്ത്തു യന്ത്രങ്ങൾ, സ്പെയർ പാർട്സ് മുതലായവും ഇതിനൊപ്പം നൽകി വരുന്നു. വിവിധ പവർ ശ്രേണികളെ അടിസ്ഥാനമാക്കി എസ്കോർട്ട്സ് മൂന്ന് മോഡലുകൾ നിർമ്മിക്കുന്നു. 52 ശതമാനം ആഭ്യന്തര വിപണി വിഹിതവുമായി 41-50 എച്ച്പി ട്രാക്ടർ ശ്രേണിയിൽ കമ്പനി മുന്നിലാണ്. മാത്രമല്ല, മൊത്തത്തിലുള്ള വിൽപ്പനയുടെ അടിസ്ഥാനത്തിൽ ട്രാക്ടറുകളുടെ നാലാമത്തെ വലിയ നിർമ്മാതാക്കളാണ് എസ്കോർട്ട്സ്, 12 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.
Construction equipment: നിർമ്മാണത്തിനും ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും എസ്കോർട്ട്സ് പരിഹാരങ്ങൾ നൽകുന്നു. ഇത് മണ്ണ് നീക്കുന്നതിനുള്ള ഉപകരണങ്ങൾ, ക്രെയിനുകൾ, കോംപാക്‌ടറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. റോഡ് നിർമ്മാണ അടിസ്ഥാന സൗകര്യ വികസനം, ഉരുക്ക് വ്യവസായം എന്നിവയിലെ പുരോഗതി കമ്പനിക്ക് ഗുണം ചെയ്യും. എന്നാൽ ഇത് കമ്പനിക്ക് കുറഞ്ഞ ലാഭമുള്ള മാർജിൻ ബിസിനസ് സെഗ്‌മെന്റാണ്.
Railway equipment: റെയിൽവേ വ്യവസായത്തിന് ബ്രേക്ക് സിസ്റ്റം, ഗിയർ, മറ്റ് എഞ്ചിനീയറിംഗ് ഘടകങ്ങൾ എന്നിവ നൽകുന്നതാണ് ഈ സെഗ്‌മെന്റ്.
സാമ്പത്തിക സ്ഥിതി
കമ്പനിയുടെ 5 വർഷത്തെ സി.എ.ജിആർ വിൽപ്പന വളർച്ച എന്നത് 15.7 ശതമാനമാണ്. 2016 സാമ്പത്തിക വർഷം 51455 രൂപയുൽ നിന്നും 2021ൽ 106741 രൂപയായി ഇത് ഉയർന്നു. ഇതേകാലയളവിൽ വരുമാനത്തിലും 15.7 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് ഉണ്ടായത്. ലാഭം 50 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയിൽ 871 കോടി രൂപയാക്കാൻ 2021 സാമ്പത്തിക വർഷം കമ്പനിക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും, ഇൻപുട്ട് മെറ്റീരിയലുകളുടെയും ചരക്കുകളുടെയും വിലക്കയറ്റം ഉയർന്ന ചെലവുകളുള്ള ട്രാക്ടർ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. ലാഭ മാർജിനിലെ വർദ്ധനവ് ചുവടെയുള്ള ചാർട്ടിൽ കാണിച്ചിരിക്കുന്നു.
12 ശതമാനം ലാഭ മാർജിൻ അർത്ഥമാക്കുന്നത്, വരുമാനമായി ലഭിക്കുന്ന ഓരോ 100 രൂപയ്ക്കും, എല്ലാ ചെലവുകൾക്കു ശേഷവും കമ്പനിക്ക് 12 രൂപ അറ്റലാഭമായി നിലനിർത്താം എന്നതാണ്. ഡെറ്റ് ഇക്വിറ്റി അനുപാതം ഏതാണ്ട് പൂജ്യമായതിനാൽ കമ്പനിയെ ഫലത്തിൽ ഇത് കടം രഹിതമാക്കുന്നു.
നിഗമനം
അടുത്തിടെയായി ഇന്ത്യൻ ട്രാക്ടർ വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കൊവിഡ്-19 പകർച്ചവ്യാധി സൃഷ്ടിച്ച കർഷകരുടെ സാമ്പത്തിക അരക്ഷിതാവസ്ഥ, ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർദ്ധനവ്, അസ്ഥിരമായ മൺസൂൺ കാലാവസ്ഥ എന്നിവയാണ് പ്രധാനമായി നിലനിൽക്കുന്ന ആശങ്കകൾ. എന്നിരുന്നാലും, അഗ്രി മെഷിനറിയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ, കർഷകർക്ക് എളുപ്പത്തിൽ ലഭിക്കുന്ന കുറഞ്ഞ പലിശ വായ്പകൾ, കാർഷിക ഉപകരണങ്ങളുടെ സബ്‌സിഡികൾ/നികുതി ഇളവുകൾ എന്നിവയാണ് ട്രാക്ടർ വ്യവസായത്തിന് ശക്തി പകരുന്നത്.
കുബോട്ട കോർപ്പറേഷൻ ഒരു പ്രൊമോട്ടറായി ചേരുന്നതോടെ ആഭ്യന്തര വിപണി വിഹിതം വർധിപ്പിക്കുകയും ട്രാക്ടറുകളുടെ ആഗോള ആവശ്യകത പരിഹരിക്കാൻ ഉൽപ്പാദന ശേഷി ഉപയോഗിക്കുകയും ചെയ്യുന്നത് എസ്കോർട്ട്സിന്റെ ലാഭം മികച്ചതാക്കിയേക്കും.
എസ്കോർട്ട്സിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.
Post your comment
No comments to display