ചെെനയിലെ എവർഗ്രാൻഡെ പ്രതിസന്ധി ആഗോള സാമ്പത്തിക പ്രതിസന്ധിയായി മാറുമോ? കൂടുതൽ അറിയാം
ചൈനയിലെ വലിയ റിയൽ എസ്‌റ്റേറ്റ് കമ്പനികളിൽ ഒന്നായ എവർഗ്രാൻഡെ തകർച്ചയുടെ വക്കിലാണ്. 2008ലെ യുഎസിലെ ലെമാൻ ബ്രദേഴ്‌സിന്റെ പതനത്തിന് സമാനമായ പ്രതിസന്ധിക്ക് ഇത് കാരണമായേക്കുമെന്ന് പറയപ്പെടുന്നു. ഇതിന് പിന്നാലെ ലോകത്തെ എല്ലാ ഓഹരി വിപണികളും തിരുത്തലിന് വിധേയമായി. എന്താണ് എവർഗ്രാൻഡെയുടെ പ്രതിസന്ധിയെന്നും ഇത് വിപണിയെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
കഥ ഇങ്ങനെ
ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്‌റ്റേറ്റ് കമ്പനിയാണ് എവർഗ്രാൻഡെ ഗ്രൂപ്പ്. 280 നഗരങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനി 1.2 ലക്ഷം പേർക്ക് തൊഴിൽ നൽകിയിട്ടുണ്ട്. 1300ൽ അധികം പ്രൊജക്ടുകളാണ് കമ്പനി രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുള്ളത്. കമ്പനിക്ക് ഇലക്ട്രിക് കാർ യൂണിറ്റ്, സ്പോർട്സ്, ടൂറിസം, ഇൻഷുറൻസ്, ആരോഗ്യ മേഖലകളിലും നിക്ഷേപമുണ്ട്. ഇത് ഫോർച്യൂൺ ഗ്ലോബൽ 500 ഗ്രൂപ്പ് എന്റർപ്രൈസാണ്, ഹോങ്കോങ്ങിന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം 110 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് റിയൽ എസ്റ്റേറ്റ് കമ്പനി റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇപ്പോൾ എവർഗ്രാൻഡെ വളരെ വലിയ പ്രതിസന്ധിയാണ് നേരിട്ടുവരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. 300 ബില്യൺ ഡോളറിൽ കൂടുതൽ കടമാണ് നിലവിൽ കമ്പനിക്കുള്ളത്. ചെെനയുടെ ജിഡിപിയുടെ 2 ശതമാനം വരും കമ്പനിയുടെ നിലവിലെ കടം. വായ്പ നൽകിയവർക്കും വിതരണക്കാർക്കും പണം നൽകുന്നതിന് കമ്പനി ഇപ്പോൾ ഫണ്ട് ശേഖരിക്കാൻ പ്രയാസപ്പെടുകയാണ്. മോശം പണമൊഴുക്കിനെ തുടർന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ എവർഗ്രാൻഡിനെ നിരവധി തവണ തരംതാഴ്ത്തി. കമ്പനിയുടെ ഓഹരി വില ഈ വർഷം 80 ശതമാനമാണ് ഇടിഞ്ഞത്. നിക്ഷേപകരിൽ നിന്നും വളരെ വലിയ പ്രതിഷേധമാണ് കമ്പനിയുടെ ഓഫീസുകൾക്ക് മുന്നിൽ അരങ്ങേറിയത്.
കമ്പനി പലിശ കുടിശ്ശിക തീർക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് ചൈനീസ് അധികൃതർ ബാങ്കുകളോട് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തപ്പോൾ എവർഗ്രാൻഡെ വാർത്തകളിൽ ഇടം നേടിയിരുന്നു. കമ്പനി വരാനിരിക്കുന്ന എല്ലാ പേയ്‌മെന്റ് ബാധ്യതകളിലും വീഴ്ച വരുത്താൻ സാധ്യതയുണ്ട്. ചൈനയിലെ മൊത്തം വസ്തു വിൽപ്പനയുടെ 4 ശതമാനവും കമ്പനിയാണ് വഹിക്കുന്നത്. വിൽപ്പനയിലെ മാന്ദ്യമാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
പ്രതിസന്ധിയിലേക്ക് നയിച്ചത് എന്ത്?
കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ചൈനീസ് സർക്കാർ രാജ്യത്തുടനീളമുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളെ പിന്തുണയ്ക്കാൻ ധനസഹായങ്ങൾ നൽകിയിരുന്നു. വായ്പയെടുക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറഞ്ഞു. ഇതിലൂടെ കമ്പനികൾക്ക് ധാരാളം ഭൂമി സ്വന്തമാക്കാൻ സാധിച്ചു. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ വാങ്ങൽ ആവേശം ചൈനയിൽ പരിമിതമായ ഭൂമിമാത്രമായി, ഇത് കൃത്രിമ ക്ഷാമം സൃഷ്ടിച്ചു. ഇത് സ്ഥലങ്ങളുടെ വില വർദ്ധിക്കാൻ കാരണമായി. ഇതോടെ ചെെനയിലെ സാധാരണ ജനങ്ങൾക്ക് മിതമായ നിരിക്കിൽ വീടും സ്ഥലവും സ്വന്തമാക്കാൻ സാധിക്കാതെയായി. ഇതിനൊപ്പം തന്നെ എവർഗ്രാണ്ടെ പോലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ കടം ഇരട്ടിയായി വർദ്ധിച്ചു.
അടുത്തിടെ ചൈനീസ് അധികൃതർ കടത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി റിയൽ എസ്റ്റേറ്റ് വായ്പകൾക്ക് പുതിയ പരിധികൾ ഏർപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കെതിരായ ഈ അടിച്ചമർത്തലാണ് എവർഗ്രാൻഡെയുടെ ബോണ്ടുകളിൽ നിന്നുള്ള പണലഭ്യത ഇല്ലാതാക്കിയത്.
ഇലക്ട്രിക് വാഹനങ്ങൾ, സ്പോർട്സ്, തീം പാർക്കുകൾ, ഭക്ഷണപാനീയങ്ങൾ, പലചരക്ക്, പാൽ ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് കമ്പനി വ്യാപിച്ചു. പുതിയ പദ്ധതികൾക്കായി കോടി കണക്കിന് രൂപയുടെ കടമാണ് കമ്പനി വാങ്ങികൂട്ടിയത്. മൂലധനം വേഗത്തിൽ സമാഹരിക്കുന്നതിന് കമ്പനികുറഞ്ഞ മാർജിനിൽ അപ്പാർട്ടുമെന്റുകൾ വിറ്റഴിച്ചു.
ഇത് വിപണിയെ എങ്ങനെ ബാധിക്കും?
എവർഗ്രാൻഡെ ഗ്രൂപ്പിന്റെ വിതരണക്കാരും ബോണ്ട് ഉടമകളും ബാങ്കുകളും തിരിച്ചടവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ ഉപഭോക്താക്കൾ അവരുടെ പുതിയ വീടുകളിലേക്ക് മാറാൻ വർഷങ്ങളായി കാത്തിരിക്കുകയാണ്. എവർഗ്രാൻഡെയുടെ തകർച്ച ചൈനയിലെ മുഴുവൻ റിയൽ എസ്റ്റേറ്റ് വ്യവസായത്തിലും ഒരു തരംഗം ഉണ്ടാക്കും. രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ എവർഗ്രാൻഡെ എല്ലാ കടപരിധികളും ലംഘിച്ചതായി കാണാം. കമ്പനി പണത്തിനായി വിറ്റഴിക്കാത്ത വീടുകൾ വിൽക്കാൻ ശ്രമിച്ചാൽ വീടുകളുടെ വില വീണ്ടും ഇടിഞ്ഞേക്കും. റിപ്പോർട്ടുകൾ പ്രകാരം ചൈനക്കാരുടെ മൊത്തം സമ്പത്തിന്റെ 70 ശതമാനവും റിയൽ എസ്റ്റേറ്റിലാണുള്ളത്.
റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ തകർച്ച ലഘൂകരിക്കാൻ ആവശ്യമായ രാഷ്ട്രീയ ശക്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എവർഗ്രാണ്ടെ സാഹചര്യം ആഗോള വിപണികളുടെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകാൻ സാധ്യതയില്ല. വസ്തുവകകളുടെയും പാർക്കിംഗ് സ്ഥലങ്ങളുടെയും രൂപത്തിൽ കടം തിരിച്ചടയ്ക്കാമെന്നും കമ്പനി പറയുന്നു. ഇന്ത്യൻ ലോഹങ്ങൾ, ഉരുക്ക്, ഇരുമ്പ് അയിർ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രാസവസ്തുക്കൾ, ടയർ മേഖലകൾ എന്നിവയെ ഇത് ബാധിക്കുമെന്ന് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
എവർഗ്രാൻഡെ പ്രതിസന്ധിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display