ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) ഭേദഗതി ബില്ല്, അറിയേണ്ടതെല്ലാം
നിരവധി കാരണങ്ങൾ ചുണ്ടിക്കാട്ടി ലോകസഭയിൽ ദിവസങ്ങളായി ഭാരണപക്ഷത്തിനെതിരെ പ്രതിപക്ഷം രൂക്ഷമായ പ്രതിഷേധം നടത്തിവരികയാണ്. ഈ പ്രതിഷേധങ്ങൾക്ക് ഇടയിലും അനേകം ബില്ലുകളാണ് സർക്കാർ പാസാക്കിയത്. ഇതിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനു വഴിയൊരുക്കുന്ന ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) ഭേദഗതി ബില്ലും ഉണ്ടായിരിന്നു.
നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിച്ചതിന് പിന്നാലെ സർക്കാർ ഇപ്പോൾ പൊതു ഇൻഷുറൻസ് കമ്പനികളെ കൂടി സ്വകാര്യവത്ക്കരിക്കാൻ പദ്ധതിയിടുകയാണ്. എന്തിനാണ് സർക്കാർ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവത്ക്കരിക്കാൻ ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് ജനറൽ ഇൻഷുറൻസ്?
ലെെഫ് ഇൻഷുറൻസ് പോളിസികൾ ഒഴികെ മറ്റുള്ള എല്ലാ ഇൻഷുറൻസുകളും ഇതേ കാറ്റഗറിയിൽ വരുന്നതാണ്. വാഹന അപകടം, തീപിടുത്തം, സാധനങ്ങളുടെ നഷ്ടം, ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ജനറൽ ഇൻഷുറൻസ് വിഭാഗത്തിൽ വരുന്നതാണ്.
ജനറൽ ഇൻഷുറൻസ് ബിസിനസ് ഭേദഗതി ബില്ലിന് കീഴിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള പ്രധാന ജനറൽ ഇൻഷ്യുറൻസ് കമ്പനികൾ:
- National Insurance.
- New India Assurance.
- Oriental Insurance.
- United India Insurance
General Insurance Corporation (GICRE), New India Assurance (NIACL) എന്നീ കമ്പനികൾ രണ്ടും എൻ.എസ്.ഇ, ബി.എസ്.ഇ എന്നിവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
1972ലെ ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) നിയമം ഉപയോഗിച്ച്, സർക്കാർ ഇൻഷുറൻസ് മേഖലയെ ‘ദേശസാൽക്കരിച്ചു’. മേഖലയുടെ 100 ശതമാനം വിഹിതവും സർക്കാർ ഏറ്റെടുത്തു. ഈ നിയമങ്ങൾ ഇളവ് ചെയ്തു നൽകി കൊണ്ട് പിന്നീട് ഇത്തരം കമ്പനികളിലേക്ക് വിദേശ, സ്വകാര്യ നിക്ഷേപം അനുവദിക്കുകയും ചെയ്തു. ഈ പറഞ്ഞ കമ്പനികളിൽ എല്ലാം തന്നെ 50 ശതമാനത്തിലേറെ വിഹിതമാണ് സർക്കാരിന്റെ കെെവശമുള്ളത്.
എന്താണ് ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) ഭേദഗതി ബിൽ?
സർക്കാർ ഉടമസ്ഥതയിലുള്ള ജനറൽ ഇൻഷുറൻസ് ബിസിനസിൽ ഇനിപ്പറയുന്ന പരിഷ്കാരങ്ങൾ വരുത്താൻ ബിൽ കാരണമാകും.
- Remove Government Shareholding Threshold: ഇൻഷുറൻസ് കമ്പനിയിൽ കുറഞ്ഞത് 51 ശതമാനം ഓഹരി എങ്കിലും കെെവശം വയ്ക്കാനുള്ള കേന്ദ്രത്തിന്റെ അവശ്യകത ബിൽ നീക്കം ചെയ്യുന്നു. ഇതിലൂടെ സർക്കാരിന് ഇഷ്ടാനുസരണം കമ്പനികൾ ഏത് സമയത്തും സ്വകാര്യവത്ക്കരിക്കാൻ സാധിക്കും.
- Transfer Administrative And Operational Control From Government: ഭരണ ചുമതലകളും മറ്റു ഉത്തരവാദിത്തങ്ങളും സർക്കാരിൽ നിന്ന് ഡയറക്ടർമാർക്കോ മറ്റ് പങ്കാളികൾക്കോ കൈമാറും. അതോടൊപ്പം ഒരു കമ്പനി സ്വകാര്യവത്ക്കരിപ്പെട്ടാൽ പിന്നീട് അത് 1972ലെ ജനറൽ ഇൻഷുറൻസ് ബിസിനസ് ബില്ലിന് കീഴിൽ വരില്ല.
- Defines Responsibilities And Liabilities Of Directors Of Companies: ഇതിലൂടെ കമ്പനിയുടെ ഡയറക്ടർമാരുടെ ഉത്തരവാദിത്തങ്ങളും ബാധ്യതയും നിർവചിക്കുന്നു.
പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത് എന്തിന് ?
തൊഴിൽ സുരക്ഷ
സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനുശേഷം, കമ്പനിക്ക് ജീവനക്കാരുടെ നയം മാറ്റാനും കമ്പനിയിൽ ചില പ്രധാന പുനഃസംഘടന നടത്താനും സാധിക്കും. ഇതിലൂടെ ഫലപ്രദമല്ലാത്ത ചില ജീവനക്കാരെ പുറത്താക്കാൻ കമ്പനിക്ക് സാധിക്കും. ജീവനക്കാരുടെ യൂണിയനുകളുടെ ആവശ്യങ്ങൾ സർക്കാരിനെ പോലെ സ്വകാര്യ ഓഹരി ഉടമകൾ അംഗീകരിക്കില്ല. അതിനാൽ തന്നെ യൂണിയനുകൾക്ക് അവരുടെ അധികാരം നഷ്ടപ്പെടും.
പെൻഷൻ വാങ്ങുന്നവരുടെ ആശങ്ക
പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലെ ചില ജീവനക്കാർക്ക് വിരമിച്ചതിനുശേഷം ഇൻഷുറൻസിന് നൽകാൻ ഇത്തരം കമ്പനികൾ ബാധ്യസ്ഥരാണ്. സ്വകാര്യവത്ക്കരണം നടന്നാൽ നയങ്ങളിൽ മാറ്റം സംഭവിക്കാം. പെൻഷൻ ഫണ്ട് കൃത്യമായി ലഭിക്കുമെന്നതിൽ സർക്കാർ ഇത് വരെ ഉറപ്പ് നൽകിയിട്ടില്ല.
പോളിസി ഉടമകളുടെ ആശങ്ക
ഒരു പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇൻഷ്വറൻസ് പോളിസികൾ വാങ്ങുന്നത് സുരക്ഷിതമാണെന്ന് ഏവർക്കും അറിയാം. സ്വകാര്യവത്ക്കരണത്തിന് ശേഷം ഇതിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. അത് പോളിസി ഉടമകളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായേക്കാം.
നിഗമനം
ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ് സർക്കാർ ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവത്ക്കരിക്കാൻ ഒരുങ്ങുന്നത്:
- വരുമാനം വർദ്ധിപ്പിക്കുക.
- കമ്പനികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക.
- മികച്ച സേവനം നൽകുക.
- ലഭ്യമാകുന്ന തരത്തിൽ വിദഗ്ദ്ധരെ നിയമിക്കുക.
- കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുക.
- നഷ്ടത്തിലുള്ള കമ്പനികളുടെ ഭാരം ഒഴിവാക്കുക.
ഈ കമ്പനികളുടെ സ്വകാര്യവൽക്കരണം അത്ര എളുപ്പമുള്ള കാര്യമല്ല. സ്വകാര്യവത്ക്കരണം അംഗീകരിക്കാത്ത ജീവനക്കാർക്കായി സർക്കാർ പ്രത്യേക വ്യവസ്ഥകൾ പ്രഖ്യാപിക്കേണ്ടതുണ്ട്. ഭേദഗതിയിലൂടെ സർക്കാരിന് സ്വകാര്യവൽക്കരിക്കാനുള്ള അധികാരം ലഭിച്ചിട്ടുണ്ടെങ്കിലും ഈ പ്രക്രിയ ഉടൻ സംഭവിക്കുമെന്നില്ല.
2021 അവസാനത്തോടെ ഒരു പൊതു ഇൻഷുറൻസ് കമ്പനിയെയും രണ്ട് പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവൽക്കരിക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ, ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. ഈ വർഷാവസാനത്തോടെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സ്വകാര്യവൽക്കരിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു.
ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവത്ക്കരിക്കുന്നതിലൂടെ കമ്പനികൾ മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display