ഉയരങ്ങൾ കീഴടക്കി നിൽക്കുന്ന ഇന്ത്യൻ വിപണി തൊട്ടാൽ പൊട്ടുന്ന കുമിളയോ? കരടികളുടെ സാന്നിധ്യം മുൻകൂട്ടി അറിയാം
കൊവിഡ് വെെറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി 2020 മാർച്ചിൽ ഭയാനകരമായി കൂപ്പുകുത്തിയിരുന്നു. കാര്യങ്ങൾ മെച്ചപ്പെടുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ തന്നെ നിഫ്റ്റി, സെൻസെക്സ് എന്നീ സൂചികകൾ താഴ്ന്ന നിലയിൽ നിന്നും എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. കൊവിഡ് മൂലം വിവിധ ബിസിനസുകൾ തകരുകയും ആളുകൾക്ക് ജോലി നഷ്ടപ്പെട്ടുകയും ചെയ്തിരുന്നു. വികസിത രാജ്യങ്ങൾ പോലും കൊവിഡ് മഹാമാരിക്ക് മുന്നിൽ പതറി നിന്നിരുന്നു. ലോക സർക്കാരുകൾ എല്ലാം തന്നെ സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുകയും പലിശനിരക്കുകൾ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ വളരെ വലിയ ഉയരത്തിലാണുള്ളത്. നിലവിൽ ഉയർന്ന് കേൾക്കുന്ന ചോദ്യമെന്തെന്നാൽ ഉയരങ്ങൾ കീഴടക്കി തല ഉയർത്തി നിൽക്കുന്ന ഇന്ത്യൻ വിപണി യഥാർത്ഥത്തിൽ ഒരു ചീട്ട് കൊട്ടാരമാണോ എന്നതാണ്. ഇതിലും വലിയ ഒരു പതനത്തിന് വിപണി ഉടൻ സാക്ഷ്യം വഹിച്ചേക്കുമോ?
നാൾ വഴി
2020 മാർച്ചിൽ ലോക്ക്ഡൗൺ വന്നതിന് പിന്നാലെ ആഗോള വിപണികൾ ഇന്ത്യക്കൊപ്പം കൂപ്പുകുത്തി. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ നിന്നും ഇന്ത്യ സാവധാനം കരകയറി വരുന്നതാണ് നമ്മൾ കണ്ടത്.
ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും ചേർന്ന് കൊണ്ട് അനേകം സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. ഇതിനൊപ്പം മോറട്ടോറിയം, വായ്പാ ഇളവുകൾ എന്നിവയും സർക്കാർ നടപ്പാക്കി. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നത് സാമ്പത്തിക നപടിയും സർക്കാർ സ്വീകരിച്ചു. ആർബിഐ പലിശ നിരക്ക് കുറയ്ക്കുകയോ പൊതുജനങ്ങളിൽ നിന്ന് സർക്കാർ ബോണ്ടുകൾ വാങ്ങുകയോ ചെയ്യുന്നതാണ് മോണേറ്ററി സ്റ്റിമുലസ് എന്ന് പറയുന്നത്. ഇത് പണം കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കുന്നു. കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്നതിലൂടെ ആളുകൾ കൂടുതൽ ലോൺ എടുക്കുകയും അത് ബിസിനസ് തുടങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉപയോഗിക്കും.
ഏവരിലേക്കും പണം എത്തിച്ചു കൊണ്ട് സാമ്പത്തിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഈ പണം ബിസിനസിലേക്ക് പോയി എങ്കിലും കൂടുതലായും ഓഹരി വിപണിയിലേക്കാണ് പോയത്. ലോക്ക്ഡൗൺ സമയത്ത് വരുമാനം ഉണ്ടാക്കുന്നതിനായി നിരവധി റീട്ടെയിൽ വ്യാപാരികൾ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിച്ചു. 2020 ഏപ്രിൽ- 2021 ജനുവരി കാലയളവിൽ ഒരു കോടിയിൽ ഏറെ ആളുകളാണ് ഡിമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ചത്.
സമ്പദ്‌വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യപ്പെട്ട വലിയ തുകകൾ ഏറെയും ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കപ്പെട്ടു. ഇത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമായി.
പിഇ റേഷിയോ
ഓഹരി വിപണി അമിതവിലയിലാണോ എന്ന് അറിയാനുള്ള ഒരു മാർഗമാണ് നിഫ്റ്റി 50യുടെ പിഇ റേഷിയോ. ഓരോ ഓഹരിയുടെയും വരുമാനത്തെയോ ഇപിഎസിനെയോ ഹരിച്ചാണ് ഓഹരിയുടെ വിലയായി പിഇ റേഷിയോ കണക്കാക്കുന്നത്. ഇപിഎസ് അടിസ്ഥാനപരമായി കമ്പനിയുടെ ലാഭം കമ്പനിയുടെ കുടിശ്ശികയുള്ള ഷെയറുകളാൽ വിഭജിക്കപ്പെടുന്നു. ഇപി റേഷിയോ കൂടുതലാണെങ്കിൽ ഓഹരി അമിത വിലയിലാണുള്ളതെന്ന് മനസിലാക്കാം.
നിഫ്റ്റി 50യിലെ 50 കമ്പനികളെ നേക്കിയാൽ ഇതിന്റെ ശരാശരി പിഇ അനുപാതം എന്നത് 20.34 ആണ്. ചരിത്രം പരിശോധിച്ചാൽ നിഫ്റ്റിയുടെ പിഇ റേഷിയോ 25-28 എന്ന നിരക്കിലേക്ക് പോകുമ്പോഴെല്ലാം തന്നെ വിപണി ഇടിഞ്ഞിട്ടുണ്ട്. 2021 മാർച്ചിൽ നിഫ്റ്റിയുടെ പിഇ റേഷിയോ എന്നത് 42 ആയിരുന്നു. ഇത് വളരെ കൂടുതലാണ്. 2021 ജൂലെെയിലും പിഇ റേഷിയോ എന്നത് 28ന് മുകളിലാണ്.
ഓഹരി വിപണി അമിത വിലയിലാണുള്ളതെങ്കിലും കമ്പനികൾ മികച്ച നേട്ടം കെെവരിക്കാൻ തുടങ്ങിയാൽ വിപണികളുടെ മൂല്യനിർണ്ണയം ന്യായീകരിക്കപ്പെടും. ഒരു കമ്പനി ഉയർന്ന ലാഭം ഉണ്ടാക്കിയാൽ അത് നല്ല ഇപിഎസ് ആയി മാറുന്നതാണ്. ഇപിഎസ് വർദ്ധിച്ചാൽ പിഇ റേഷിയോ താനെ കുറയും.
വാറൻ ബുഫെ ഇൻഡികേറ്റർ
ജിഡിപി റേഷിയോ അല്ലെങ്കിൽ വാറൻ ബുഫെ ഇൻഡിക്കേറ്റർ എന്നിവ അമിത വിലയുള്ള വിപണിയെ സൂചിപ്പിക്കുന്ന മറ്റൊരു മെട്രിക്കാണ്. ഇന്ത്യയുടെ മാർക്കറ്റ് കാപ് ടു ജിഡിപി അനുപാതം 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 115 ശതമാനത്തിലാണ് ഇപ്പോഴുള്ളത്. ഇത് സൂചിപ്പിക്കുന്നത് ഓഹരി വിപണി രാജ്യത്തിന്റെ ജിഡിപിയേക്കാൾ വളരെ മുകളിലാണെന്നാണ്. യുഎസ് പോലുള്ള രാജ്യങ്ങളിൽ ലിസ്റ്റുചെയ്ത കമ്പനികളുടെ വിപണി മൂലധനം ജിഡിപിയേക്കാൾ 1.99 മടങ്ങ് കൂടുതലാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ വികസിത രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ഇന്ത്യയെ താരതമ്യം ചെയ്യാനാകില്ല.
ആഭ്യന്തര ആഗോള നിക്ഷേപകർ തമ്മിലുള്ള ഏറ്റുമുട്ടൽ
അമേരിക്ക, യുകെ പോലെയുള്ള വികസിത രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിച്ച റിട്ടേൺ ലഭിക്കാത്തതിനെ തുടർന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ ലാഭം പ്രതീക്ഷിച്ച് കൊണ്ട് ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ നിക്ഷേപിക്കാൻ ആരംഭിച്ചു.
2020 മാർച്ചിൽ വിപണി ഇടിഞ്ഞതിന് പിന്നാലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അവസരം തിരിച്ചറിഞ്ഞ് ഇന്ത്യൻ വിപണിയിൽ വളരെ വലിയ നിക്ഷേപം നടത്തി. 65000 കോടി രൂപയുടെ നിക്ഷേപമാണ് എഫ്.ഐഐഎസ് ഇന്ത്യൻ വിപണിയിൽ നടത്തിയത്. എഫ്ഐഐസ് നിക്ഷേപം പിൻവലിച്ചതിന് പിന്നാലെ ആഭ്യന്തര നിക്ഷപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടി താഴേക്ക് വീഴുന്നതിൽ നിന്നും വിപണിയെ തടഞ്ഞു.
ഇന്ത്യൻ വിപണി അമിത വിലയിലേക്ക് ഉയർന്നതിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പ്രാധാന പങ്കുവഹിച്ചു. എന്നാൽ 2021 ഏപ്രിൽ മുതൽ എഫ്ഐഐഎസ് തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിച്ച് വരികയാണ്. ഏപ്രിൽ- ജൂലെെ കാലയളവിൽ എഫ്ഐഐഎസ് 30000 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്.
മുന്നിലേക്ക് എങ്ങനെ?
ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം കൊവിഡ് കാലഘട്ടത്തിൽ വന്ന എല്ലാ ഐപിഒകളും വളരെ ഉയർന്ന ലിസ്റ്റിംഗ് ഗെയിനാണ് രേഖപ്പെടുത്തിയത്. നിക്ഷേപകരുടെ ശ്രദ്ധ നേടുന്നതിനായി കമ്പനികൾ അവരുടെ ഐപിഒകളെ മനപൂർവ്വം വിലകുറച്ച് കാണിക്കുന്നതാകാം ഇതിന് കാരണം.
വിപണിയിലെ അപകടസാധ്യതയോ ചാഞ്ചാട്ടമോ കാരണം നിക്ഷേപകർ പെട്ടെന്ന് പണം പിൻവലിക്കുന്നതാണ് വിപണി ഇടിയാൻ കാരണമാകുന്നത്. അവസാനമായി നിക്ഷേപകർ പണം പിൻവലിച്ചത് ലോക്ക് ഡൗണ് ഏർപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനം പൂർണ്ണമായും നിശ്ചലമാവുകയും ചെയ്ത സമയത്താണ്.
പണപ്പെരുപ്പ നിരക്ക് വളരെ ഉയർന്ന് നിൽക്കുന്നതിനാൽ തന്നെ ആഗോള സർക്കാരുകൾ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കും. യുഎസ് ഫെഡോ ഇന്ത്യയിൽ ആർബിഐയോ പലിശ നിരക്ക് വർദ്ധിപ്പിച്ചാൽ അത് വിപണിയുടെ തകർച്ചയ്ക്ക് കാരണമായേക്കാം. ഇത് ഒരു സാധ്യതമാത്രമാണ്. കരടികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി ആഗോള സമ്പത്ത് വ്യവസ്ഥയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക.
Post your comment
No comments to display