ഉദിച്ചുയർന്ന ബിസിനസ് സാമ്രാജ്യം, ഹിന്ദുജ ഗ്രൂപ്പിന്റെ കഥ ഇങ്ങനെ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബെെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Hinduja Group. 107 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനം ക്രമേണ തങ്ങളുടെ ബിസിനസ് വിപുലീകരിച്ച് ഓട്ടോമോട്ടീവ്, ഇൻഫർമേഷൻ ടെക്നോളജി, മീഡിയ & എന്റർടൈൻമെന്റ്, ഓയിൽ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ്, ബാങ്കിംഗ്, ഫിനാൻസ്, വൈദ്യുതി ഉത്പാദനം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലയിലേക്ക് ചുവടുവച്ചു. 38ൽ ഏറെ രാജ്യങ്ങളിൽ നേരിട്ടും 100ൽ ഏറെ രാജ്യങ്ങളിൽ അല്ലാതെയും ഹിന്ദുജ ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു.
ഹിന്ദുജ ഗ്രൂപ്പിന്റെ ചരിത്രത്തിലേക്കും ബിസിനസുകളിലേക്കും
ചൂഴ്ന്ന് നോക്കുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്.
ഹിന്ദുജ ഗ്രൂപ്പ്- ചരിത്രം
1914ൽ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപിച്ചത്. ഒരു സിന്ധി കുടുംബത്തിൽ നിന്നും വന്ന അദ്ദേഹം സിന്ധിയിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ആദ്യമായി ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. 1919ൽ ഇറാനിൽ ഒരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രം സ്ഥാപിച്ചത് അദ്ദേത്തിന്റെ വ്യാപാര ജീവിതത്തിന് വഴിത്തിരിവായി. 1971ൽ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജ മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മക്കൾ കുടുംബ പാരമ്പര്യം ഏറ്റെടുത്തു. തുടർന്ന് Hinduja Bank എന്ന പേരിൽ സ്വിറ്റ്സർലൻഡിൽ അവർ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. അതിനൊപ്പം കമ്പനി ഗൾഫ് ബ്രാൻഡിനെ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഇത് Gulf Oil Corporation Limited എന്ന് അറിയപ്പെട്ടു.
1979ൽ ഇറാനിലുണ്ടായ ഇസ്ലാമിക്ക് വിപ്ലവത്തെ തുടർന്ന് ഹിന്ദുജ ഗ്രൂപ്പിന് തങ്ങളുടെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റേണ്ടി വന്നു. പിന്നീട് 8 വർഷങ്ങൾക്ക് ശേഷം അശോക് ലെയ്‌ലാൻഡിലെ ലാൻഡ് റോവർ ലെയ്‌ലാൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സിന്റെ വിദേശ ഓഹരി ഹിന്ദുജ ഗ്രൂപ്പ് സ്വന്തമാക്കി. ഇതിന് പിന്നാലെ ഇന്ത്യ, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലായി ഷോറുമുകൾ നിർമ്മിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. വാണിജ്യ വാഹന നിർമ്മാണം ഇപ്പോൾ ഹിന്ദുജ ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളിൽ ഒന്നാണ്. 1997ലാണ് കമ്പനി ആദ്യമായി തങ്ങളുടെ ബസ് അവതരിപ്പിക്കുന്നത്.
1994ൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയിലേക്ക് ചുവടുവച്ച കമ്പനി IndusInd Bank സ്ഥാപിച്ചു. ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിൽ ഉതാരവത്ക്കരണം നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആദ്യത്തെ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് ഇൻഡസ്ഇൻഡ് ബാങ്ക്. 1995ൽ ഇൻഡസ്ഇൻഡ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷനും ഹിന്ദുജ ഗ്രൂപ്പ് ആരംഭിച്ചു.
ഹിന്ദുജ ഗ്രൂപ്പ് 2000ൽ ആരംഭിച്ച ഐടി സേവന മാനേജ്മെന്റ് കമ്പനിയാണ് Hinduja Global Solutions. ലൈറ്റ് ഡ്യൂട്ടി ട്രക്കുകൾ നിർമ്മിക്കുന്നതിനായി 2007ൽ അശോക് ലെയ്‌ലാൻഡും ജപ്പാൻ ആസ്ഥാനമായുള്ള നിസാൻ മോട്ടോർ കോർപ്പറേഷനും സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടു. യുകെയിലെ ഇലക്ട്രിക് ബസുകളുടെ മുൻനിര നിർമ്മാതാക്കളായ ഒപ്‌റ്റെയർ പിഎൽസിയും ഹിന്ദുജ ഗ്രൂപ്പിന്റേതാണ്.
പ്രധാന കമ്പനികൾ
- Ashok Leyland Limited– ടാറ്റാ മോർട്ടോർസിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വാണിജ്യ വാഹന നിർമ്മാണ കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. ലോകത്തിലെ തന്നെ നാലാമത്തെ ബസ് നിർമ്മാണ കമ്പനിയാണിത്. ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ നിർമ്മാണ യൂണിറ്റുകൾ ലോകം മുഴുവനായി പരന്നു കിടക്കുന്നു. കൃഷി,ഊർജ്ജ മേഖലകളിലും കമ്പനി നിർണ്ണായക പങ്ക് വഹിക്കുന്നു.
- IndusInd Bank– ബാങ്കിംഗ്- ബാങ്കിംഗ് അനുബന്ധ സേവനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ഥാപനമാണ് ഇൻഡസ്ഇൻഡ് ബാങ്ക്. ഇതിനൊപ്പം പെൻഷൻ മാനേജ്മെന്റ്, പോർട്ട്ഫോളിയോ മാനേജ്മെന്റ്, മ്യൂച്ചൽ ഫണ്ട് എന്നിവയും ഇൻഡസ്ഇൻഡ് കെെകാര്യം ചെയ്തുവരുന്നു. രാജ്യവ്യാപകമായി 2000ൽ അധികം ശാഖകളാണ് ഇൻഡസ്ഇൻഡ് ബാങ്കിനുള്ളത്.
- Hinduja Global Solutions Limited– ബിസിനസ്സ് പ്രോസസ്സ് മാനേജ്മെന്റുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസ്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കമ്പനി കൂടുതലായും നടത്തിവരുന്നത്. അനുബന്ധ സ്ഥാനങ്ങളിലൂടെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുടനീളം കോൺടാക്റ്റ് സെന്റർ സൊല്യൂഷനുകളും ബാക്ക്-ഓഫീസ് ട്രാൻസാക്ഷൻ പ്രോസസ്സിംഗ് സേവനങ്ങളും ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസ് വാഗ്ദാനം ചെയ്യുന്നു.
- Gulf Oil Corporation Limited– ഖനനം, അടിസ്ഥാന വികസന സേവനങ്ങൾ എന്നിവ നൽകുന്ന കമ്പനിയാണിത്. സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, സ്ഫോടനാത്മക ബോണ്ടഡ് മെറ്റൽ ക്ലാഡുകൾ, പ്രതിരോധ, ബഹിരാകാശ സംവിധാനങ്ങൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ എന്നിവ കമ്പനി നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു.
ഹിന്ദുജ ബ്രദേഴ്സ്
പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനായ ശ്രീചന്ദ് പി ഹിന്ദുജയുടെ മേൽനോട്ടത്തിലാണ് കമ്പനി ഇപ്പോഴുള്ളത്. ഒപ്പം അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഗോപിചന്ദ് പി ഹിന്ദുജ, പ്രകാശ് പി ഹിന്ദുജ, അശോക് പി ഹിന്ദുജ എന്നിവർ കമ്പനിയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ വികസനത്തിനും വിപുലീകരണത്തിനും ഇവർ നിർണായക പങ്കുവഹിക്കുന്നു. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുകയെന്ന പിതാവിന്റെ ആഗ്രഹം മുന്നിൽ വച്ചാണ്
ഹിന്ദുജ സഹോദരങ്ങൾ ഇത്ര നാളും പ്രവർത്തിച്ച് വന്നത്. പുകലയില, മദ്യം, മാംസം എന്നിവ ഒഴികെയുള്ള എല്ലാ ചരക്ക് സാധനങ്ങളിലും കമ്പനി വ്യാപാരം നടത്തി വരുന്നുവെന്നതും ശ്രദ്ധേയമാണ്. സാമൂഹ്യ പ്രവർത്തനം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കെട്ടിപ്പടുക്കുന്നതിലും കമ്പനി ശ്രദ്ധ നൽകി. രാജ്യവ്യാപകമായി 150000-ലേറെ പേർക്കാണ് ഹിന്ദുജ ഗ്രൂപ്പ് തൊഴിൽ നിൽകിയിട്ടുള്ളത്.
ഹിന്ദുജ ഗ്രൂപ്പ് 2018ൽ 50 ബില്ല്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി. ഫോർബ്സ് കണക്കുകൾ പ്രകാരം 2020ൽ ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ സമ്പന്ന ബിസിനസുകാരായിരുന്നു ഹിന്ദുജ സഹോദരന്മാർ. 2021 മാർച്ചിലെ കണക്കുകൾ പ്രകാരം ഹിന്ദുജ ഗ്രൂപ്പിന്റെ മൊത്തം മൂല്ല്യം 14.8 ബില്ല്യൺ ഡോളറാണ്.
സമീപകാല സംഭവങ്ങൾ
നിലവിൽ ഹിന്ദുജ സഹോദരന്മാർ അവരുടെ കുടുംബസ്വത്തുമായി
ബന്ധപ്പെട്ട് യുകെയിൽ നിയമപരമായ തകർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരു സഹോദരന്റെ പേരിലുള്ള ആസ്തികള്‍ മറ്റ് സഹോദരങ്ങള്‍ക്ക് കൂടി ഉള്ളതാകുമെന്നും ഓരോ വ്യക്തിയും ബാക്കി സഹോദരന്മാരെ തന്റെ നടത്തിപ്പുകാരായി അംഗീകരിക്കുമെന്നും പറയുന്ന 2014ലെ ഒരു ഉടമ്പടിയാണ് തർക്കത്തിന് കാരണമായത്. അവകാശ തർക്കം തുടർന്നപ്പോഴും അത് ഹിന്ദുജ ഗ്രൂപ്പിന്റെ ബിസിനസിനെ ബാധിക്കില്ലെന്ന് സഹോദരമ്മാർ പറഞ്ഞു.
ഹിന്ദുജ ഗ്രൂപ്പിന്റെ വരും തലമുറ തങ്ങളുടെ സമ്പന്ന പൈതൃകം മുന്നോട്ട് കൊണ്ട് പോകാൻ ഒരുങ്ങുകയാണ്. ഈ ബിസിനസ് സാമ്രാജ്യം അവർ എങ്ങനെ മുന്നിലേക്ക് കൊണ്ട് പോകുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം.
Post your comment
No comments to display