നിക്ഷേപകർക്ക് തലവേദനയായി യുഎസിൽ വർദ്ധിച്ചു വരുന്ന ബോണ്ട് വരുമാനം; കൂടുതൽ അറിയാം
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസ് ബോണ്ട് വരുമാനത്തിൽ വൻവർദ്ധനവാണ് കാണപ്പെടുന്നത്. മാർച്ച് 4ന് 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ് ബോണ്ടുകൾ രേഖപ്പെടുത്തിയത്. ഇതേ ദിവസം ഡൗ ജോൺസ് ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. S&P 500 2021ലെ എല്ലാ നേട്ടങ്ങളും ഒറ്റദിവസം കൊണ്ട് നഷ്ടപ്പെടുത്തുകയും ചെയ്തു. ബോണ്ട് വരുമാനം വർദ്ധിക്കുന്നതിനൊപ്പം ആഗോള വിപണികൾ എല്ലാം തന്നെ കൂപ്പുകുത്താൻ ആരംഭിച്ചു. നിങ്ങൾക്ക് ഓർമ്മയുണ്ടാകും കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 500 പോയിന്റുകളോളം താഴേക്ക് വീണത്. ബോണ്ട് വരുമാനത്തിലെ വർദ്ധനവിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
പ്രാരംഭ ഘട്ടം
പണം സമാഹരിക്കുവാനായി സർക്കാരുകളും കോർപ്പറേറ്റ് സ്ഥാപനങ്ങളും വിതരണം ചെയ്യുന്നതാണ് ബോണ്ടുകൾ അഥവാ കടപത്രങ്ങൾ. ഇതിലൂടെ നിക്ഷേപകർക്ക് സുരക്ഷിതമായ നിശ്ചിത ശതമാനം തുക പലിശയിനത്തിൽ ലഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് യുഎസ് ഫെഡറൽ റിസർവ് 2020 മാർച്ചിൽ പലിശനിരക്ക് പൂജ്യത്തിന് അടുത്തായി കുറച്ചിരുന്നു. ഇതിലൂടെ കുറഞ്ഞ പലിശ നിരക്കിൽ ആളുകൾ കൂടുതൽ പണം വായ്പ്പയെടുക്കുകയും ഇത് അടിസ്ഥാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ഇതിലൂടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറുമെന്ന് അധികൃതർ കണക്കുകൂട്ടി.
യുഎസ് ഫെഡറൽ റിസർവ് പലിശ വെട്ടികുറച്ചപ്പോൾ സ്ഥിര വരുമാനം നൽകുന്ന ബോണ്ടുകൾ ഏറെ ശ്രദ്ധേയമായി. ഇതോടെ ബോണ്ടുകളുടെ ആവശ്യകത വർദ്ധിച്ചു. ഇത് ബോണ്ടുകളുടെ വില വർദ്ധനവിന് കാരണമായി. ഇതോടെ നിക്ഷേപകർക്ക് നിശ്ചിത വരുമാനം മാത്രം തരുന്ന ബോണ്ടുകൾക്കായി ഉയർന്ന വിലനൽകേണ്ടി വന്നു. അതേസമയം 2020 മാർച്ച്-ഏപ്രിൽ കാലയളവിൽ വിപണി ഇടിയുമെന്ന ഭീതിയിൽ ഏവരും തന്നെ ഓഹരികൾ വിറ്റഴിച്ച് വരുകയായിരുന്നു.
നിലവിലെ സാഹചര്യം
കഴിഞ്ഞ ചില മാസങ്ങളായി ഈ അവസ്ഥയിൽ നിന്നും വളരെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് വാക്സിൻ കണ്ടെത്തുകയും യുഎസിൽ സാമ്പത്തിക മുന്നേറ്റത്തിനായി 1.9 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നിക്ഷേപകർ ബോണ്ടുകളിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ച് ഉയർന്ന വരുമാനം നൽകുന്ന ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കാൻ തുടങ്ങി. ഇതോടെ ബോണ്ടുകളുടെ വില കുത്തനെ ഇടിയാൻ തുടങ്ങി. ഇതോടെയാണ് ബോണ്ട് വരുമാനം ഉയരാൻ ആരംഭിച്ചത്.
2021 ആദ്യം ബോണ്ട് വരുമാനം 0.9 ശതമാനത്തിൽ നിന്നും 1.57 ശതമാനത്തിലേക്ക് ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി
ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങുമെന്നതിന്റെ സൂചനയാണ് ബോണ്ടു വരുമാനത്തിലെ വർദ്ധനവ് എന്ന് കരുതുന്നു. യുഎസിൽ സമ്പദ് വ്യവസ്ഥ മെച്ചപ്പെടാൻ ആരംഭിച്ചാൽ ഒപ്പം പണപ്പെരുപ്പവും വർദ്ധിക്കുമെന്നത് തീർച്ചയാണ്. പലിശ നിരക്ക് വർദ്ധിച്ചാൽ ആളുകൾ വായ്പ്പ എടുക്കുന്നതിൽ നിന്നും പിന്തിരിയും ഇതോടെ വിപണിയിൽ ലിക്യുഡിറ്റി കുറയും. ഇങ്ങനെ സംഭവിച്ചാൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് ഏറെ അപകടമാണ്. ഈ ഭയത്തിലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യപോലെയുള്ള സാമ്പത്തിക വളർച്ച കെെവരിക്കുന്ന രാജ്യങ്ങളിലെ നിക്ഷേപം പിൻവലിച്ച് മാറി നിൽക്കുന്നത്.
പോർട്ട് ഫോളിയോ സുരക്ഷിതമാക്കി കൊണ്ട് തങ്ങളുടെ പണം അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളിലേക്ക് മാറ്റുകയാണ് വലിയ നിക്ഷേപ സ്ഥാപനങ്ങൾ ഇപ്പോൾ. ഓഹരികൾ എല്ലാം വിറ്റുകൊണ്ട് യുഎസ് ബോണ്ടുകൾ വാങ്ങി കൂട്ടുകയാണ് ഇത്തരം നിക്ഷേപ സ്ഥാപനങ്ങൾ. ഇക്കാരണത്താലാണ് ഇന്ത്യൻ വിപണിയിൽ വളരെ വലിയ ഒരു സെൽ ഓഫ് അടുത്തിടെ അരങ്ങേറിയത്.
നിഗമനം
ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ വിപണി ഏറെ ബുള്ളിഷാണെന്ന് തന്നെ പറയാം. ബെഞ്ച്മാർക്ക് സൂചികകൾ ഏക്കാലത്തേയും ഉയർന്ന നിലകെെവരിച്ചതായി നമുക്ക് കാണാം. എന്നാൽ ഇപ്പോൾ യുഎസിൽ ഉയർന്ന് വരുന്ന ബോണ്ടുകൾ നിക്ഷേപകർക്ക് ഒരു തലവേദനയായി മാറിയിരിക്കുകയാണ്. യുകെയിലും ബോണ്ട് വിലവർദ്ധിച്ചുവരുന്നതായി കാണാം. ഇതോടെ വിപണിയിൽ ചാഞ്ചാട്ടം വർദ്ധിക്കുകയും സൂചികകൾ പ്രവചനാതീതമാവുകയും ചെയ്തു. കറൻസി വിപണിയേയും ഇത് സാരമായി ബാധിച്ചു. മാർച്ച് 1ന് യുഎസ് ഡോളറിന് എതിരായി റുപ്പി 73.47 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതേകാരണത്താൽ സ്വർണ്ണവിലയിലും വൻ ഇടിവ് സംഭവിച്ചു.
അതേസമയം ബോണ്ട് വരുമാനത്തിൽ അടുത്തിടെയുണ്ടായ വർദ്ധനവ് അവരുടെ നിലവിലുള്ള നയങ്ങളെ ബാധിക്കില്ലെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥ സമ്പൂർണ്ണ തൊഴിലിൽ എത്തുന്നതുവരെ പലിശനിരക്ക് പൂജ്യത്തിനടുത്തായി തുടരുമെന്നും ഫെഡറൽ റിസർവ് കൂട്ടിച്ചേർത്തു. ഇത് ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.
ബോണ്ടു വരുമാനം ഇനിയും മുകളിലേക്ക് ഉയർന്നാൽ ഓഹരി വിപണി കൂപ്പുകുത്തുമെന്ന് നിരവധി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലെ ജി.ഡി.പി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവിലാണെന്നാണ്. റിയൽ എസ്റ്റേറ്റ്,സേവന മേഖല എല്ലാം തന്നെ ശക്തമായ വളർച്ചയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വാർത്തകൾ എല്ലാം തന്നെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഓഹരി വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും പണം നിക്ഷേപിക്കാൻ നിർബന്ധിതരാക്കൂകയും ചെയ്യും. നിലവിലുള്ള ഇടിവ് വിപണിയിലെ സാധാരണ പ്രതിഭാസം മാത്രമാണ്. വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങുന്ന സമയത്തിനായി കാത്തിരിക്കുക.
Post your comment
No comments to display