Zomato IPO; ആഴത്തിൽ അറിയാം
നിക്ഷേപകർ ഏറെ നാളായി കാത്തിരുന്ന സൊമാറ്റോയുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ഭക്ഷണ- സാങ്കേതിക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ച സൊമാറ്റോയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
സെമാറ്റോയിലെ നിക്ഷേപ സാധ്യതകളെ അടിസ്ഥാനമാക്കി ഞങ്ങൾ മുമ്പ് തയ്യാറാക്കിയിട്ടുള്ള ലേഖനം വായിച്ചാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ഇതിലൂടെ കമ്പനിയുടെ ബിസിനസ് രീതിയും സാമ്പത്തിക സ്ഥിതിയും നിങ്ങൾ മനസിലാക്കാൻ സാധിക്കും. ഇന്നത്തെ ലേഖനത്തിലൂടെ ഐപിഒയെ പറ്റി ആഴയത്തിൽ അറിയാം.
Zomato Ltd
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് സോമാറ്റോ ലിമിറ്റഡ്. ഇത് ഉപഭോക്താക്കളെയും റെസ്റ്റോറന്റുകളെയും ഡെലിവറി പങ്കാളികളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. കമ്പനിയുടെ ബിസിനസ്-ടു-കൺസ്യൂമർ വിഭാഗം ഭക്ഷണ വിതരണവും ഡൈനിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് റെസ്റ്റോറന്റുകൾ എളുപ്പത്തിൽ കണ്ടെത്താനും ഭക്ഷണം ഓർഡർ ചെയ്യാനും സാധിക്കും. ഇതിനൊപ്പം കമ്പനിയുടെ ബിസിനസ് ടു ബിസിനസ് വിഭാഗം ഹൈപ്പർപ്യൂറിലൂടെ വരുമാനം ഉണ്ടാക്കുന്നു. ഉയർന്ന നിലവാരമുള്ള കിച്ചൺ ഉത്പന്നങ്ങൾ റെസ്റ്റോറന്റുകൾക്ക് വിതരണം ചെയ്യുന്നതാണ് ഈ ബിസിനസ്. ഭക്ഷണ ശാലകളിലേക്ക് ആവശ്യമായ പച്ചക്കറികൾ, പഴങ്ങൾ, മത്സ്യ മാംസങ്ങൾ എന്നിവ കർഷകരിൽ നിന്നും സമാഹരിച്ച് ഇതിലൂടെ നൽകും.
Zomato Pro എന്ന പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ വരിക്കാർക്ക് മികച്ച റെസ്റ്റോറന്റുകളിൽ നിന്നും ആനുകൂല്യങ്ങളും കിഴിവും ലഭിക്കുന്നു. ഇതിലൂടെ വിൽപ്പന കൂട്ടാനും വരുമാനം വർദ്ധിപ്പിക്കാനും സൊമാറ്റോക്ക് സാധിച്ചു. മികച്ച ഭക്ഷണശാലകൾ, സംഗീതജ്ഞർ, ഡിജെകൾ, ഹാസ്യനടന്മാർ എന്നിവരെ ഉൾകൊള്ളിച്ച് Zomaland, എന്ന ഭക്ഷണ-വിനോദ കാർണിവലും കമ്പനി സംഘടിപ്പിക്കുന്നു.
രാജ്യത്ത് എല്ലായിടത്തും തന്നെ സൊമാറ്റോ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കഴിഞ്ഞു. വിശാലമായ ഹൈപ്പർലോക്കൽ നെറ്റ്‌വർക്കും കമ്പനിക്കുണ്ട്. 2020ൽ യൂബർ ഈറ്റ്സ് ഏറ്റെടുത്തത് സൊമാറ്റോയുടെ നേട്ടങ്ങളിലെ നാഴിക കല്ലായിരുന്നു. അടുത്തിടെ ഓൺലെെൻ പലചരക്ക് കമ്പനിയായ Grofers-ന്റെ 9.3 ശതമാനം ഓഹരി ഏറ്റെടുക്കാൻ കമ്പനിക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
ഫാക്ട് ഷീറ്റ്
ഐഒഎസ് ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ ഫുഡ് ആൻഡ് ഡ്രിങ്ക്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട അപ്ലിക്കേഷനാണ് സൊമാറ്റോ. ഇതിനാൽ തന്നെ പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ പേരുകൾ മികച്ച രീതിയിൽ കാണുന്നതിന് റെസ്റ്റോറന്റുകൾ കമ്പനിക്ക് ഫീസ് അടയ്‌ക്കുന്നു. നിലവിൽ 1.69 ലക്ഷത്തിലധികം ഡെലിവറി പങ്കാളികളും 3.89 ലക്ഷം സജീവ റെസ്റ്റോറന്റ് ലിസ്റ്റിംഗുകളുമാണ് കമ്പനിക്കുള്ളത്. 15 ലക്ഷം സൊമാറ്റോ പ്രോ അംഗങ്ങളും പ്രതിമാസം 2 3.2 കോടി സജീവ ഉപയോക്താക്കളും സൊമാറ്റോക്ക് ഉണ്ട്. ഇന്ത്യയിൽ 500ൽ ഏറെ നഗരങ്ങളിലാണ് നിലവിൽ സൊമാറ്റോ പ്രവർത്തിച്ച് വരുന്നത്. ഓസ്‌ട്രേലിയ, യുഎഇ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ 25 ഓളം രാജ്യങ്ങളിലും കമ്പനി പ്രവർത്തിച്ച് വരുന്നു.
ഐപിഒ എങ്ങനെ?
ജൂലെെ 14ന് ആരംഭിച്ച സൊമാറ്റോയുടെ ഐപിഒ ജൂലെെ 16 ന് അവസാനിക്കും. 72-76 രൂപയാണ് ഐപിഒക്കായി നിശ്ചയിച്ചിട്ടുള്ള പ്രെെസ് ബാൻഡ്.
ഒരു രൂപ മുഖ വിലയ്ക്ക് 9000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഓഫർ ഫോർ സെയിലിലൂടെ കമ്പനിയുടെ പ്രൊമോട്ടറായ Info Edge India Ltd 375 കോടി രൂപയുടെ ഓഹരിയും വിറ്റഴിക്കും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 195 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,820 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 2,535 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.
ഐപിഒ വഴി സമാഹരിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായി സൊമാറ്റോ ഉപയോഗിക്കും
- 75 ശതമാനം പണവും വളർച്ചാ സംരംഭങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കും.
- 25 ശതമാനം തുക കമ്പനിയുടെ കോർപ്പറേറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാനായി ഉപയോഗിക്കും.
ഐപിഒയുടെ ഘടന പരിശോധിച്ചാൽ വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സോമാറ്റോ മുൻഗണന നൽകുമെന്ന് നമുക്ക് പറയാനാകും. കമ്പനിയിൽ വിശ്വാസം അർപ്പിക്കുന്ന പ്രെമോട്ടർമാർ ഓഹരി വിഹിതം കെെവശം സൂക്ഷിക്കുന്നത് കാണാം.
സാമ്പത്തിക സ്ഥിതി
മുകളിലെ പട്ടികയിൽ നിന്നും കമ്പനി വളരെ വലിയ നഷ്ടത്തിലാണുള്ളതെന്ന് കാണാം. കമ്പനി വലിയ രീതിയിൽ വിപുലീകരിക്കുന്നതിനാലാണ് ഈ നഷ്ടം നേരിടുന്നത്. ഉപഭോക്താക്കളെ ആകർഷികാനും, പരസ്യങ്ങൾക്കായും എല്ലാം കോടികളാണ് കമ്പനി ചെലവാക്കുന്നത്. കിഴിവുകളും റഫറൽ ബോണസുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ സ്വന്തമാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
പാൻഡെമിക് സമയത്ത് കമ്പനിയുടെ ശരാശരി ഓർഡർ മൂല്യം വർദ്ധിച്ചതായി കാണാം. 2019 മാർച്ചിൽ 264 രൂപ ആയിരുന്ന ശരാശരി ഓർഡർ മൂല്യം 2020 മാർച്ചിൽ 400 രൂപയായി. ലോക്ക് ഡൗണ് കാലയളവിൽ ഉപഭോക്താക്കൾ സൊമാറ്റോയിലൂടെ ഭക്ഷണം കൂടുതലായി ഓർഡർ ചെയ്തതായി കാണാം.
കഴിഞ്ഞ മൂന്ന് വർഷമായി സൊമാറ്റോ നെഗറ്റീവ് ഇ.പി.എസ് (-2.99) ആണ് രേഖപ്പെടുത്തുന്നത്. ഉടൻ ലാഭം പ്രതീക്ഷിക്കുന്നില്ലെന്ന് കമ്പനി തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മോശമായ സാമ്പത്തിക സ്ഥിതിയെ തുടർന്ന് വിദഗ്ദ്ധരും സാമ്പത്തിക അനലിസ്റ്റുകളും ഐപിഒയിൽ നിന്ന് വിട്ട് നിൽക്കുന്നതായി കാണാം.
അപകട സാധ്യതകൾ
സൊമാറ്റോയുടെ ഡിആർഎച്ച്പിയിൽ പരാമർശിച്ചിരിക്കുന്ന ചില അപകട സാധ്യതകൾ
- കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൊമാറ്റോ വികസിക്കുകയും വളരെയധികം വളരുകയും ചെയ്തു. എന്നിരുന്നാലും, ചരിത്രപരമായ വളർച്ചാ നിരക്ക് നിലനിർത്താൻ കഴിഞ്ഞേക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ചരിത്രപരമായ പ്രകടനം ഭാവിയിലെ വളർച്ചയെയും സാമ്പത്തിക ഫലങ്ങളെയും സൂചിപ്പിക്കുന്നതായിരിക്കില്ല.
- കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും കമ്പനി വളരെ വലിയ സാമ്പത്തിക നഷ്ടമാണ് രേഖപ്പെടുത്തിയത്. ചെലവുകൾ വർദ്ധിക്കുന്നതിനാൽ ഭാവിയിൽ ഇനിയും നഷ്ടമുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. വരുമാനം വർദ്ധിപ്പിക്കാനും ചെലവ് നിയന്ത്രിക്കാനും മതിയായ പണമൊഴുക്ക് നിലനിർത്താനും കഴിഞ്ഞില്ലെങ്കിലും സൊമാറ്റോയുടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തെയും പ്രവർത്തനങ്ങളെയും അത് പ്രതികൂലമായി ബാധിക്കും.
- ലോക്ക് ഡൗണിനെ തുടർന്ന് മിക്ക റെസ്റ്റോറന്റുകളും അടച്ചിരുന്നതിനാൽ കമ്പനിയുടെ ഭക്ഷ്യ വിതരണ ബിസിനസ്സിനെയും സേവനങ്ങളെയും അത് സാരമായി ബാധിച്ചു.
- നിലവിലുള്ള റെസ്റ്റോറന്റ് പങ്കാളികളെയോ ഭക്ഷണ വിതരണ പങ്കാളികളെയോ നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിച്ചേക്കും.
- ഭക്ഷണ വിതരണത്തിലും മറ്റ് ബിസിനസുകളിലും കമ്പനി കടുത്ത മത്സരം നേരിടുന്നു. സ്വിഗ്ഗിക്ക് പുറമെ പ്രാദേശികവത്കൃത ഭക്ഷ്യ വിതരണ ആപ്ലിക്കേഷനുകൾ ഇന്ത്യയിലുടനീളം പ്രചാരം നേടുന്നുതും കമ്പനിക്ക് ഭീഷണിയാണ്.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി ഇന്ത്യ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ), ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. 2021 ഏപ്രിലിലാണ് കമ്പനി ഐപിഒക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ചത്.
നിഗമനം
ഏവർക്കും ഇഷ്ടമുള്ള ബ്രാൻഡാണ് സൊമാറ്റോ. ഇതിനാൽ തന്നെ സെമാറ്റോയുടെ ഐപിഒ ആദ്യ ദിവസം തന്നെ ഓവർ സബ്‌സ്‌ക്രൈബ് ആകാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലാണ് സൊമാറ്റോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം ഹൈപ്പർപുർ, സൊമാറ്റോ പ്രോ ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഓവർ സബ്‌സ്‌ക്രിപ്‌ഷനും ഗ്രേ മാർക്കറ്റ് പ്രീമിയവും കാരണം ഐപിഒ ലിസ്റ്റിംഗ് ഗെയിൻ നേടാനാണ് സാധ്യത.
അതേസമയം സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൂല്യം വളരെ വലുതാണെന്നാണ് പലരും കരുതുന്നത്. മറ്റു ലിസ്റ്റഡ് കമ്പനികളുമായി സൊമാറ്റോയെ ഇപ്പോൾ താരതമ്യം ചെയ്യാൻ സാധിക്കില്ല. മോശമായ സമ്പത്തിക സ്ഥിതിയെ തുടർന്ന് നിരവധി നിക്ഷേപകർ ഐപിഒയിൽ നിന്നും വിട്ട് നിൽക്കുന്നത് കാണാം. ആമസോൺ ഓൺലെെൻ ഫുഡ് വിഭാഗത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് വിപണിയിൽ സൊമാറ്റോക്ക് വെല്ലുവിളി ഉയർത്തും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ ആഗോള ഏറ്റെടുക്കലുകളിൽ പലതും പരാജയമായിരുന്നു. നിരവധി അനിശ്ചിതത്വങ്ങളാണ് സൊമാറ്റോയെ ചുറ്റിപറ്റിയുള്ളത്. ജൂലെെ 13ന് സൊമാറ്റോയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 10 ശതമാനം ഇടിഞ്ഞ് 7.75 രൂപയായി. 25 ശതമാനത്തിന് മുകളിൽ പ്രീമിയത്തിലാണ് കഴിഞ്ഞ ആഴ്ച ഗ്രേ മാർക്കറ്റിൽ ഓഹരി ഉണ്ടായിരുന്നത്.
സൊമാറ്റോയുടെ ഐപിഒയിൽ പങ്കെടുക്കണമോ എന്നുള്ളത് നിങ്ങളുടെ വ്യക്തിപരമായ തീരമാനം മാത്രമാണ്. അപേക്ഷിക്കുന്നതിന് മുമ്പായി കമ്പനിയുടെ അവസരങ്ങളെ പറ്റിയും അപകട സാധ്യതകളെ പറ്റിയും മനസിലാക്കിയിരിക്കുക.
Post your comment
No comments to display