വളർന്ന് വരുന്ന ഇന്ത്യൻ ഡ്രോൺ മേഖലയിൽ വമ്പൻ നിക്ഷേപ സാധ്യതകൾ; അറിയേണ്ടതെല്ലാം
സാഹസ്യകരമായ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് മുതൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നത് വരെയുള്ള അനേകം ഉപയോഗങ്ങളാണ് ഡ്രോണുകൾ വാഗ്ദാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സർക്കാരുകളും വ്യവസായങ്ങളും ആവർത്തിച്ചുള്ളതോ അപകടകരമോ ആയ ജോലികൾ നിർവഹിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിച്ചു വരുന്നു. പുതിയ കാലത്തെ ഡ്രോണുകൾ മെച്ചപ്പെട്ട സുരക്ഷ, കൃത്യത, കാര്യക്ഷമത എന്നിവ നൽകുന്നു. കഴിഞ്ഞ ഒരു വർഷമായി, ആഭ്യന്തര ഡ്രോൺ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ സർക്കാർ വിവിധ നടപടികൾ അവതരിപ്പിച്ചിരുന്നു. വിവരസാങ്കേതികവിദ്യയിലും പരമ്പരാഗതമായ ശക്തികൾക്കൊപ്പം 2030-ഓടെ ആഗോള ഡ്രോൺ ഹബ്ബായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.
വിപ്ലവകരവുമായ ഡ്രോൺ വ്യവസായത്തിന്റെ സാധ്യതകളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
ഡ്രോൺ വ്യവസായം
മനുഷ്യ പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന ഒരു വിമാനമാണ് ഡ്രോൺ. ഇവയെ വിദൂരമായി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ നൂതന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് സ്വയം നിയന്ത്രിക്കാനും ഇവയ്ക്ക് സാധിക്കും. 1930-കളിൽ ബ്രിട്ടീഷുകാർ നിരവധി റേഡിയോ നിയന്ത്രിത വിമാനങ്ങൾ നിർമ്മിച്ചിരുന്നു, അവ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിച്ചു പോന്നിരുന്നു. അതിനുശേഷം, ഡ്രോൺ സാങ്കേതികവിദ്യ വളരെയധികം മുന്നോട്ട് പോയി. എല്ലാ ആകൃതിയിലും വലുപ്പത്തിലും വരുന്നു ഡ്രോണുകൾ ഇന്നുണ്ട്. മനുഷ്യന്റെ കൈപ്പത്തിയിൽ ഒതുങ്ങുന്നവ മുതൽ വലുതും ഉയരത്തിൽ പറക്കുന്നവയും ആയുധധാരികളും വരെ ഈകൂട്ടത്തിലുണ്ട്.
ലോകമെമ്പാടുമുള്ള സേനകളുമായി ഡ്രോണുകൾ വ്യാപകമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്റി-എയർക്രാഫ്റ്റ് ടാർഗെറ്റ് പ്രാക്ടീസ്, ഇന്റലിജൻസ് ശേഖരിക്കൽ, നിരീക്ഷണം എന്നിവയ്ക്കായി ഇത് ഉപയോഗിക്കുന്നു. സൈനിക ഡ്രോണുകൾക്ക് ദീർഘദൂരം സഞ്ചരിക്കാനും ആയുധ സംവിധാനങ്ങൾ വഹിക്കാനും സാധിക്കും. തെർമൽ ഇമേജിംഗ്, ലേസർ റേഞ്ച് ഫൈൻഡറുകൾ, സർജിക്കൽ സ്‌ട്രൈക്കുകൾ നടത്താനുള്ള ഉപകരണങ്ങൾ പോലും ഡ്രോണിൽ സജ്ജീകരിച്ചിരിക്കുന്നു.
സർക്കാർ ഏജൻസികൾ ഭൂമിശാസ്ത്രപരമായ മാപ്പിംഗിനും എളുപ്പത്തിൽ എത്തിച്ചേരാനാകാത്ത പ്രദേശങ്ങളിൽ നിരീക്ഷണം നടത്താനും ഡ്രോണുകൾ ഉപയോഗിക്കുന്നു. സമയവും ചെലവും ലാഭിക്കാൻ കർഷകർ പ്രത്യേക ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് കീടനാശിനികൾ, രാസവളങ്ങൾ എന്നിവ തളിക്കുന്നു. ഫീൽഡ് സർവേകൾ നടത്താനും കന്നുകാലികളെ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. മറുവശത്ത്, ഓട്ടോമേറ്റഡ് ലാസ്റ്റ് മൈൽ ഡെലിവറിക്കായി നിരവധി ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ് കമ്പനികൾ ഡ്രോണുകളുടെ ട്രയൽ റൺ നടത്തുന്നത് കാണാം.
കൊവിഡ് ലോക്ക്ഡൌൺ കാലത്ത് കണ്ടെയ്ൻമെന്റ് സോണുകൾ നിരീക്ഷിക്കുവാനായി സർക്കാർ ഡ്രോൺ സേവനങ്ങൾ ഉപയോഗിച്ചതായി കാണാം. ഇവ മനുഷ്യന്റെ അധ്വാനത്തെ മാറ്റിസ്ഥാപിക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഡ്രോണിന്റെ സാധ്യതകൾ തീർത്തും അനന്തമാണ്.
ഡ്രോൺ മേഖലയ്ക്കുള്ള സർക്കാർ പിന്തുണ
- 2022-23 ലേ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമല സീതാരമാൻ ഡ്രോൺ സാങ്കേതികവിദ്യയിൽ സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനെ പറ്റി പറഞ്ഞിരുന്നു. കാർഷിക മേഖലയിൽ വിളകൾ വിലയിരുത്തുന്നതിനും ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും കീടനാശിനികൾ തളിക്കുന്നതിനും ‘കിസാൻ ഡ്രോണുകൾ’ ഉപയോഗിക്കും. ഡ്രോൺ ശക്തി സ്കീമിന് കീഴിൽ ഡ്രോൺ സേവനങ്ങളുടെ വിവിധ ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ കേന്ദ്രം പ്രോത്സാഹിപ്പിക്കും.
- ഈ മാസം ആദ്യം, വിദേശ നിർമ്മിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ഡ്രോണുകൾ ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി), പ്രതിരോധം, സുരക്ഷ എന്നിവയ്ക്കായി കൃത്യമായ അനുമതി നേടിയതിന് ശേഷം മാത്രമേ ഇറക്കുമതി ചെയ്യാൻ സാധിക്കുകയുള്ളു. ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ ഇറക്കുമതിയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.
- ഡ്രോണുകളുടെയും അവയുടെ ഘടകങ്ങളുടെയും പദ്ധതിക്കായി 2021 സെപ്റ്റംബറിൽ കേന്ദ്രം ഒരു പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് അംഗീകരിച്ചിരുന്നു. ഈ പദ്ധതിക്കായി സർക്കാർ 120 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തുകയാണെങ്കിൽ, ഡ്രോണുകളുടെയും അവശ്യ ഘടകങ്ങളുടെയും നിർമ്മാതാക്കൾക്ക് 20 ശതമാനം വരെ ഇൻസെന്റീവ് ലഭിക്കും.
- ഗവേഷണ-വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ ഡ്രോൺ ഹബ്ബാക്കി മാറ്റുന്നതിനുമായി കേന്ദ്രം കഴിഞ്ഞ വർഷം ഡ്രോൺ നിയമങ്ങൾ ലഘൂകരിച്ചിരുന്നു. ഇതോടെ ഏറെ സമയമെടുക്കുന്ന അനുമതികളും അംഗീകാര നടപടിക്രമങ്ങളും ഇല്ലാതെയായി. അതിനാൽ ഇപ്പോൾ മൈക്രോ, നാനോ ഡ്രോണുകളുടെ വാണിജ്യേതര ഉപയോഗത്തിന് റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല. മാത്രമല്ല, ഡ്രോണുകളിൽ 500 കിലോഗ്രാം വരെ പേലോഡുകൾ അനുവദനീയമാണ്. ചരക്ക് വിതരണത്തിനായി സർക്കാർ ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.
മുന്നിലേക്ക് എങ്ങനെ
ഇന്ത്യയിൽ ഡ്രോൺ വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. പുതിയ നിയന്ത്രണങ്ങളുടെയും പ്രോത്സാഹന പദ്ധതികളുടെയും ഫലമായി ഡ്രോൺ നിർമ്മാണ വ്യവസായത്തിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള നിക്ഷേപം ലഭ്യമായേക്കും. വ്യവസായം പതിനാഴിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലുടനീളമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കും ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഡ്രോൺ സാങ്കേതിക വിദ്യയുടെ സാധ്യതകൾ അനന്തമായി തുടരുന്നു.
വളർന്നു വരുന്ന ഡ്രോൺ വിപണിയുടെ ഭാഗമാകാൻ അനേകം വമ്പൻ കമ്പനികൾ ശ്രമംനടത്തുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ആസ്റ്റീരിയ എയ്‌റോസ്‌പേസ് വഴി ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ, ആഗോള ഡ്രോൺ ഇക്കോസിസ്റ്റത്തിനായി ഇൻഫ്രാസ്ട്രക്ചർ വികസന സ്റ്റാർട്ടപ്പായ സ്കൈലാർക്ക് ഡ്രോണിലെ നിക്ഷേപത്തിലൂടെ ഇൻഫോ എഡ്ജ് ഈ മേഖലയിലേക്ക് പ്രവേശനം ഉറപ്പിച്ചു. ദീർഘദൂര, അതിവേഗ ഡെലിവറി ഡ്രോൺ സൊല്യൂഷനുകളുടെ മുൻനിര നിർമ്മാതാക്കളായ ടെക് ഈഗിളിനെ സൊമാറ്റോ ഏറ്റെടുത്തു.
യുഎവി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നേരിട്ടുള്ള പങ്കാളിത്തത്തിന് പരസ് എയ്‌റോസ്‌പേസ് പ്രശസ്തമാണ്. പാരസ് ഡിഫൻസ് & സ്‌പേസ് ടെക്‌നോളജീസിന്റെ അനുബന്ധ സ്ഥാപനം യൂറോപ്പ് ആസ്ഥാനമായുള്ള FIXAR, നൂർജന ടെക് എന്നിവയുമായി ചേർന്ന് കൊണ്ട് ഇന്ത്യയിലേക്ക് ഡ്രോണുകൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. അതേസമയം സെൻ ടെക്നോളജീസ് ലിമിറ്റഡ് ആന്റി-ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ഹെവി-ലിഫ്റ്റ് ലോജിസ്റ്റിക് ഡ്രോണുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
ഉയർന്ന ആവശ്യകത മൂലം അടുത്ത ദശകത്തിൽ ഇന്ത്യയുടെ ഡ്രോൺ വിപണി മൾട്ടി-ബില്യൺ ഡോളർ വ്യവസായമായി മാറാനാണ് സാധ്യത. ഡ്രോൺ മേഖലയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display