ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, അറിയാം കമ്പനിയുടെ ചരിത്രവും ബിസിനസ് രീതിയും

Home
editorial
the rp sanjiv goenka group origin businesses
undefined

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈവിധ്യമാർന്ന ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് (RPSG). 11 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച കമ്പനി പവർ ജനറേഷൻ, കാർബൺ ബ്ലാക്ക്, എഫ്എംസിജി, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മീഡിയ & എന്റർടൈൻമെന്റ് തുടങ്ങിയ വിവിധ തരം ബിസിനസ്സ് വിഭാഗങ്ങളിലേക്ക് വികസിച്ചു. 35ൽ അധികം രാജ്യങ്ങളിൽ കമ്പനി നേരിട്ട് പ്രവർത്തിക്കുന്നു. ഗ്രൂപ്പിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും വിപുലീകരണത്തിനും കുടുംബ മാനേജ്മെന്റിന്റെ കഴിവും പരിശ്രമവും കാരണമായതായി കണക്കാക്കാം.

ഇന്നത്തെ ലേഖനത്തിലൂടെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ചരിത്രത്തെ പറ്റിയും ബിസിനസ് രീതിയെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. 

ചരിത്രം ചുരുക്കത്തിൽ

ആർപിഎസ്ജി ഗ്രൂപ്പ് 2011 മുതലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഇന്ത്യൻ ബിസിനസ് രംഗത്ത് ഗോയങ്ക കുടുംബത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കാണാം.1800-കളുടെ തുടക്കത്തിൽ ചണം, തേയില മേഖലകളിൽ ഗോങ്ക കുടുംബം ഏർപ്പെട്ടിരുന്നു. 1947ൽ ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് നിന്നും തിരികെ പോകാൻ ഒരുങ്ങിയ ഒരു കമ്പനിയിൽ നിന്ന്  ഒക്ടാവിയസ് സ്റ്റീൽ സ്വന്തമാക്കി കൊണ്ടാണ്  ഗോയങ്ക കുടുംബം നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്.

1960-കളിൽ, കേശവ് പ്രസാദ് ഗോയങ്ക ഗ്രൂപ്പിന്റെ ബിസിനസിനെ ട്രേഡിംഗിൽ നിന്ന് ടെക്സ്റ്റൈൽസ്, പവർ, കേബിളുകൾ, എഞ്ചിനീയറിംഗ് എന്നിവയിലെ വ്യവസായ ഏറ്റെടുക്കലിലേക്ക് മാറ്റി. തുടർന്ന് അദ്ദേഹം തന്റെ ബിസിനസ്സ് സാമ്രാജ്യം തന്റെ മൂന്ന് ആൺമക്കൾക്ക് (രാമ പ്രസാദ്, ജഗദീഷ് പ്രസാദ്, ഗൗരി പ്രസാദ്) വിഭജിച്ചു നൽകി. രാമ പ്രസാദ് ഗോയങ്ക 1979 ൽ ആപിജി എന്റർപ്രൈസസ് സ്ഥാപിച്ചു. ഫാർമസ്യൂട്ടിക്കൽ, റീട്ടെയിൽ, പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ, എന്റർടൈൻമെന്റ് ഇൻഡസ്ട്രീസ് എന്നിവയിലെ പ്രമുഖ കമ്പനികളെ ആപിജി എന്റർപ്രൈസസ്  ഏറ്റെടുക്കാൻ തുടങ്ങി.

2010-ൽ ഗ്രൂപ്പിന്റെ ബിസിനസുകൾ രാമ പ്രസാദ് ഗോയങ്കയുടെ മക്കളായ ഹർഷിനും സഞ്ജീവിനും ഇടയിലായി വിഭജിക്കപ്പെട്ടു. തുടർന്ന് 2011 ജൂലൈയിൽ ഡോ. സഞ്ജീവ് ഗോയങ്ക ചെയർമാനായി കൊണ്ട് ആപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് സ്ഥാപിതമായി. അതേസമയം, സിയറ്റ്, കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്, സെൻസർ ടെക്നോളജീസ് എന്നിവയുടെ മാതൃ കമ്പനിയായ ആർപിജി എന്റർപ്രൈസസിന്റെ ചെയർമാനായി ഹർഷ് ഗോയങ്ക ചുമതലയേറ്റു. 

ആർപിഎസ്ജി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ

PCBL Limited (Formerly Phillips Carbon Black Ltd)

പി.സിബിഎൽ ലിമിറ്റഡ് ഇന്ത്യയിലും ലോകമെമ്പാടും കാർബൺ ബ്ലാക്ക് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനി ‘ഓറിയന്റ് ബ്ലാക്ക്’ ബ്രാൻഡിന് കീഴിൽ റബ്ബർ വ്യവസായത്തിന് വിവിധ കാർബൺ ബ്ലാക്ക് ഗ്രേഡുകൾ വാഗ്ദാനം ചെയ്യുന്നു. ഫുഡ് കോൺടാക്റ്റ് പ്ലാസ്റ്റിക്, ഫൈബർ, വയർ & കേബിൾ, ഫിലിം, പശ, ബാറ്ററി, പെയിന്റുകൾ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി ‘റോയൽ ബ്ലാക്ക്’ ബ്രാൻഡിന് കീഴിലുള്ള പ്രത്യേക ബ്ലാക്കും കമ്പനി നിർമ്മിക്കുന്നു.

കാർബൺ ബ്ലാക്ക് ഉൽപ്പാദനത്തിൽ നിന്ന് വീണ്ടെടുക്കുന്ന ടെയിൽ വാതകത്തിൽ നിന്ന് പിസിബിഎൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. 84 മെഗാവാട്ടിന്റെ മൊത്തം വൈദ്യുത ഉത്പാദന ശേഷിയാണ് കമ്പനിക്കുള്ളത്.

CESC Limited

സിഇഎസ്സി ലിമിറ്റഡ്  പശ്ചിമ ബംഗാളിൽ വൈദ്യുതി ഉൽപ്പാദനം, പ്രക്ഷേപണം, വിതരണം എന്നിവ നടത്തി വരുന്ന ഒരു സംയോജിത ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ്. കമ്പനിയുടെ ഉടമസ്ഥതയിലായി മൂന്ന് താപവൈദ്യുത നിലയങ്ങൾ പ്രവർത്തിക്കുന്നു. കൊൽക്കത്തയിലെയും ഹൗറയിലെയും 567 ചതുരശ്ര കിലോമീറ്ററിൽ 2.9 ദശലക്ഷം ആഭ്യന്തര, വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്കായി സിഇഎസ്സി സേവനം നൽകി വരുന്നു.  ഇത് കൊൽക്കത്തയെ കരണ്ട് കട്ടിൽ നിന്ന് മുക്തമാക്കുകയും, തകരാറുകളില്ലാത്ത വിതരണം, പ്രാദേശിക വൈദ്യുതി തടസങ്ങൾ വേഗത്തിൽ പരിഹരിക്കുക, ഉപഭോക്തൃ പരാതികൾ അതിവേഗം പരിഹരക്കുക എന്നിവ ചെയ്തു.

Saregama India Ltd

ശബ്ദ റെക്കോർഡിംഗിന്റെയും പ്രസിദ്ധീകരണത്തിന്റെയും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് സരിഗമ ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ സംഗീത വിഭാഗം കാർവാൻ (മുൻകൂട്ടി ലോഡുചെയ്‌ത ഗാനങ്ങളുള്ള മ്യൂസിക് പ്ലെയറുകൾ), മ്യൂസിക് കാർഡുകൾ, ഡിജിറ്റൽ ബഹുമുഖ ഡിസ്‌ക്കുകൾ എന്നിവ പോലുള്ള സംഗീത സംഭരണ ​​ഉപകരണങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇതിനൊപ്പം തന്നെ കമ്പനി സിനിമകളും ടിവി സീരിയലുകളും മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രോഗ്രാമുകളും നിർമ്മിക്കുകയും വിൽക്കുകയും സംപ്രേക്ഷണം ചെയ്യുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രതിവാര കറന്റ് അഫയേഴ്സ് മാസികയായ ഓപ്പണും പ്രസിദ്ധീകരിക്കുന്നുണ്ട്.

Firstsource Solutions Ltd

ഇന്ത്യയിലും ലോകമെമ്പാടുമുള്ള കസ്റ്റമൈസ്ഡ് ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം) സേവനങ്ങളുടെ മുൻനിര ദാതാവാണ് ഫസ്റ്റ് സോഴ്‌സ് സൊല്യൂഷൻസ് ലിമിറ്റഡ് അഥവ എഫ്എസ്എൽ. കമ്പനി പ്രാഥമികമായി ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ആശയവിനിമയം, മാധ്യമ വ്യവസായങ്ങൾ എന്നിവയെ പരിപാലിക്കുന്നു. അവരുടെ ‘ഡിജിറ്റൽ ഫസ്റ്റ്, ഡിജിറ്റൽ നൗ’ എന്ന സമീപനം കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങളും ബിസിനസ് മോഡലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. നിരവധി ഫോർച്യൂൺ 500, FTSE 100 കമ്പനികൾ ഉൾപ്പെടെ നൂറിൽ അധികം പ്രമുഖ ആഗോള ബ്രാൻഡുകളുമായി കമ്പനി ദീർഘകാല പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. യുഎസ്, യുകെ, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ 28,000-ത്തിലധികം ആളുകൾക്ക് എഫ്.എസ്.എല്ലിൽ ജോലി ചെയ്യുന്നുണ്ട്.

Spencer’s Retail Ltd

ഇന്ത്യയിലുടനീളം മൾട്ടി ഫോർമാറ്റ് റീട്ടെയിൽ സ്റ്റോറുകളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് സ്‌പെൻസേഴ്‌സ് റീട്ടെയിൽ. ഭക്ഷണം, വ്യക്തിഗത പരിചരണം, ഫാഷൻ, വീട്ടിലെ അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ചോയ്‌സ്, ടേസ്റ്റി വണ്ടേഴ്‌സ്, ക്ലീൻ ഹോം തുടങ്ങിയ സ്വന്തം ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ, ഇന്ത്യയിലെ 35ൽ അധികം നഗരങ്ങളിലായി 37 ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ 120 സ്റ്റോറുകൾ സ്പെൻസേഴ്സ് നടത്തിവരുന്നു.

മറ്റു കമ്പനികളും ബ്രാൻഡുകളും

അവസരിപ്പിച്ച് കൊണ്ട് 2017ൽ കമ്പനി എഫ്.എം.സി.ജി വിഭാഗത്തിലേക്ക് ചുവടുവച്ചു. വിരാട് കോഹ്ലി അഭിനയിച്ച ഇതിന്റെ പരസ്യം ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുണ്ടാകാം. ‘എവിറ്റ’ ബ്രാൻഡിന് കീഴിൽ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ വിൽക്കുന്ന ആപ്രിക്കോട്ട് ഫുഡ്സ് ഏറ്റെടുത്ത് കൊണ്ട് കമ്പനി എഫ്എംസിജി ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കാണാം. വാഫിൾ വല്ലാ, ബോംബെ ടോസ്റ്റീ, ബിരിയാണി ബത്തൂട്ട എന്നിവയ്‌ക്കൊപ്പം ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകളും ആർപിഎസ്ജി ഗ്രൂപ്പ് നടത്തി വരുന്നു.

2018ലാണ് ഗ്രൂപ്പ് ആർപിഎസ്ജി വെഞ്ചേഴ്‌സ് സ്ഥാപിക്കുന്നത്. നൂതനമായ ബിസിനസ്സ് ടു കൺസ്യൂമർ (B2C) സ്റ്റാർട്ടപ്പുകൾക്കുള്ള ഉപഭോക്തൃ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടാണിത്. രുചികരമായ ഭക്ഷണത്തിന്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയ്ക്ക് പേരുകേട്ട റീട്ടെയിൽ ശൃംഖലയായ നേച്ചേഴ്‌സ് ബാസ്‌ക്കറ്റിന്റെ തന്ത്രപരമായ ഏറ്റെടുക്കലും കമ്പനി നടത്തി. ഓർഗാനിക് ഭക്ഷണവും ഇറക്കുമതി ചെയ്ത ചേരുവകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ കായിക വ്യവസായത്തിലും ആർപിഎസ്ജി ഗ്രൂപ്പ്  സജീവമാണ്. കൊൽക്കത്തയിലെ മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബിലും ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലുമുള്ള ഭൂരിഭാഗം ഓഹരികളും കമ്പനി കൈവശംവച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിൽ ഗ്രൂപ്പ് പുനരുപയോഗ ഊർജ മേഖലയിലേക്ക് കൂടി കടന്നതായി കാണാം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിൽ കാറ്റാടി സൗരോർജ്ജ പ്ലാന്റുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

സമ്പന്നമായ പൈതൃകത്തോടെ, ആർ‌പി‌എസ്‌ജി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും ആദരണീയമായ ബിസിനസ്സ് കമ്പനികളിലൊന്നായി മാറി കഴിഞ്ഞു. കമ്പനി എങ്ങനെ ഭാവി പദ്ധതികൾ നടപ്പിലാക്കുമെന്നും കൂടുതൽ വിപുലീകരിക്കുമെന്നും കാത്തിരുന്ന് കാണേണ്ടതുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023