ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദന രാജ്യമായി അമേരിക്ക മാറിയത് എങ്ങനെ? ക്രൂഡ് ഓയിലിന് ബദലായി യുഎസിൽ നടന്നത് ഷെയ്ൽ ഓയിൽ വിപ്ലവം
ഇന്ത്യയിൽ പെട്രോൾ വില 100 കടന്നിരിക്കുകയാണ്. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ വില കുറയ്ക്കാനുള്ള നടപടി സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ എണ്ണ ഉത്പാദന രാജ്യങ്ങൾ സ്വീകരിക്കുന്നില്ല. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വ്യവസായം പ്രതിസന്ധി നേരിടുമ്പോൾ അസംസ്കൃത എണ്ണയുടെ ബദൽ ഉറവിടം യുഎസിൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. ഷെയ്ൽ ഓയിൽ ഗ്യാസ് ഇൻഡസ്ട്രി എന്നാണ് ഇത് അറിയപ്പെടുക. 1949 ന് ശേഷം ആദ്യമായി 2020 ൽ ‘പെട്രോളിയം’ കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക മാറി. സൗദി, റഷ്യ എന്നീ രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനേക്കൾ കൂടുതൽ പെട്രോളിയമാണ് നിലവിൽ അമേരിക്ക ഉത്പാദിപ്പിക്കുന്നത്. ഇത് എങ്ങനെയാണെന്ന് അല്ലെ നിങ്ങൾ ചിന്തിക്കുന്നത്. യുഎസിലെ ഷെയ്ൽ വിപ്ലവത്തെ പറ്റിയും ക്രൂഡ് ഓയിലുമായുള്ള ഷെയ്ലിന്റെ വ്യത്യാസത്തെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് ഷെയ്ൽ ഓയിൽ? ക്രൂഡ് ഓയിലിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നത് എന്ത് ?
പരമ്പരാഗത അസംസ്കൃത എണ്ണ എന്നാൽ ഭൂമിയുടെ ഉപരിതലത്തിനടിയിൽ കാണപ്പെടുന്ന ഒരു വിസ്കോസ് ദ്രാവക പദാർത്ഥമാണ്. ഇത് കടലിലും കരയിലുമായി ഒരുപോലെ കാണപ്പെടുന്നു. ക്രൂഡ് ഓയിൽ വളരെ എളുപ്പത്തിൽ നേരിട്ട് തന്നെ വേർതിരിച്ചെടുക്കാൻ കഴിയും. ഇത് ഗതാഗതത്തിനും, പ്രോസസ് ചെയ്യുന്നതിനും, റിഫെെൻ ചെയ്യുന്നതിനും വളരെ എളുപ്പമാണ്. ലോകമെമ്പാടുമായി അനേകം ക്രൂഡ് ഓയിൽ ശേഖരമുണ്ട്.
ഷെയ്ൽ ഓയിൽ കൂടുതലായും കരയിലാണ് കാണപ്പെടുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഇത് ജല തടങ്ങൾക്കടിയിലും കാണപ്പെട്ടേക്കാം. ഓയിൽ ഷെയ്ൽസ് എന്ന പാറകളിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ഫ്രെക്കിംഗ് എന്ന പ്രക്രിയയിലൂടെ ഈ പാറകൾ കൃത്രിമമായി തകർക്കും. ഈ പാറകളിൽ നിന്ന് എണ്ണയുടെയും വാതകത്തിന്റെയും മിശ്രിതം പൊട്ടിപ്പുറപ്പെടുന്നു, ഇവ പിന്നീട് വേർതിരിച്ചെടുത്താണ് ഷെയ്ൽ ഓയിൽ ഉണ്ടാക്കുന്നത്. ഷെയ്ൽ ഗ്യാസ് എന്നറിയപ്പെടുന്ന വാതകം ഉണ്ടാക്കാനും ഇത് ഉപയോഗിക്കും. ഷെയ്ൽ ഓയിലും ഗ്യാസും ക്രൂഡ് ഓയിലിനും നാച്ചുറൽ ഗ്യാസിനും സമാനമാണ്. ‘ഷെയ്ൽസ്’ എന്ന പ്രത്യേക പാറയിൽ നിന്ന് ഇവ ലഭിച്ചാൽ മാത്രം മതിയാകും.
ഷെയ്ൽ താരതമ്യേന പുതിയ പ്രക്രിയയാണ്. ഇത് പരിസ്ഥിതി സൗഹൃദമാണോ അല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. യുഎസിൽ ഇതിന് എതിരെ ഒരു വിഭാഗം ആളുകൾ പ്രതിഷേധം ഉയർത്തുന്നതും കാണാം.
ഷെയ്ൽ ഇക്കണോമിക്സ്
2015-2020 കാലഘട്ടങ്ങളിൽ ഓയിൽ ഉത്പാദനത്തിൽ വളരെ വലിയ കുതിപ്പാണ് അമേരിക്ക നടത്തിയത്. ഷെയ്ൽ ഓയിൽ കണ്ടെത്തുന്നതിനായി യുഎസ് തീവ്രമായി നിക്ഷേപം നടത്തിയ കാലഘട്ടമായിരുന്നു ഇത്. 2020 ഓടെ യുഎസിൽ ഉത്പാദിപ്പിക്കുന്ന മൊത്തം അസംസ്കൃത എണ്ണയുടെ 65 ശതമാനവും ഷെയ്ൽ ഓയിലിൽ നിന്നുമായി. ഇത് വളരെ വലിയ സംഖ്യയാണ്.
ഷെയ്ൽ ഓയിൽ ഉയർത്തുന്ന രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്. ഒന്ന് ഇത് വേർതിരിച്ചെടുക്കുക എന്നത് ചെലവേറിയ കാര്യമാണ്. രണ്ട് ഷെയ്ൽ പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു. ക്രൂഡ് ഓയിൽ ശേഖരത്തേക്കാൾ കൂടുതലാണ് ഷെയ്ൽ ഓയിൽ. ഭൂമിയുടെ ഉപരിതലം കുഴിച്ച് മാത്രമെ ഇത് എടുക്കാൻ സാധിക്കുകയുള്ളു. ഇത് ക്രൂഡ് ഓയിലും പെട്രോളിയവുമാക്കി മാറ്റുന്ന പ്രക്രിയയാണ് അടുത്ത വെല്ലുവിളി. ഒരു ബാരൽ ഷെയ്ൽ ഓയിൽ ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് എന്നത് ഏകദേശ 35 മുതൽ 65 ഡോളർ വരെയാണ്.ആഗോള അസംസ്കൃത എണ്ണവില ഉൽപാദനച്ചെലവിനേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ഷെയ്ൽ ഓയിൽ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കുകയുള്ളു.
ഷെയ്ൽ കമ്പനികൾ ലാഭത്തിലാണോ എന്ന ചോദ്യമാണ് വിദഗ്ദ്ധർ ഉന്നയിക്കുന്നത്. ഇതിന് വ്യക്തമായ ഒരു ഉത്തരം ഇല്ലെന്നതാണ് സത്യം. ചില ഷെയ്ൽ കമ്പനികൾ എണ്ണ കിണറുകൾ കുഴിച്ച് ചെലവ് ചുരുക്കി, ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 40 ഡോളർ ആയിരിക്കുമ്പോൾ പോലും ലാഭകരമായിരുന്നു, ഇത് ബ്രേക്ക്‌വെൻ വിലയേക്കാൾ വളരെ കുറവാണ്.
ട്രംപ് ഭരണകൂടത്തിന് കീഴിൽ ഷെയ്ൽ ഓയിൽ വ്യവസായം വളരെയധികം വളർച്ച കൈവരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിപുലീകരണ നയമാണ് പിന്തുടർന്നിരുന്നത്. അമേരിക്ക ഒരു ഊർജ സ്വതന്ത്ര രാജ്യമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ട്രംപ് ഭരണകൂടം യുഎസിലെ എണ്ണ-വാതക വ്യവസായത്തിൽ വളരെ വലിയ നിക്ഷേപം നടത്തി. പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തുന്നതിനും സ്ഥാപിക്കുന്നതിനും ഇത് സഹായകരമായി. എന്നാൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ എണ്ണ-വാതക വ്യവസായത്തിന്റെ കാര്യത്തിൽ യാഥാസ്ഥിതികനാണ്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സമുദ്രജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഉത്പാദനം വെട്ടിക്കുറയ്ക്കാനും വില കുറയ്ക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. പുനരുപയോഗ ഊർജ സ്രോതസ്സുകളോടാണ് അദ്ദേഹത്തിന് താത്പര്യം. ഇത് ഷെയ്ൽ ഓയിൽ വ്യവസായത്തിന് തിരിച്ചടിയായേക്കും.
ഷെയ്ൽ വേർതിരിച്ചെടുക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പറയുകയാണെങ്കിൽ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ യുഎസിൽ ഇതിന് എതിരെ ഒരു പ്രസ്ഥാനം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഫ്രാൻസ്, നെതർലാന്റ്സ്, സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ്, ഡെൻമാർക്ക്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ ഷെയ്ൽ ഓയിലിന് പുറത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഒഎൻജിസി ഷെയ്ൽ ഗ്യാസ് പര്യവേക്ഷണത്തോടെയാണ് ആരംഭിച്ചതെങ്കിലും ഇത് ഫലം കണ്ടില്ല. മറ്റ് രാജ്യങ്ങളിലെ പര്യവേക്ഷണ പദ്ധതികളും പരാജയപ്പെട്ടു. ഷെയ്ൽ ഓയിൽ ലാഭകരമായ ഒരു സംരംഭമാക്കി മാറ്റുന്നതിൽ വിജയിച്ചത് അമേരിക്ക മാത്രമാണ്.
Post your comment
No comments to display