ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന ഏവരും പിന്തുടരേണ്ട വ്യക്തിത്വം, വിജയ് കെഡിയയുടെ വളര്‍ച്ചാ നാൾവഴികൾ ഇങ്ങനെ
നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതിനായി അനേകം വ്യക്തികളാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ഭാഗമായിട്ടുള്ളത്. ഇത്തരം വ്യക്തികളെ പിന്തുടർന്നും ആരാധിച്ചുമാണ് പലരും പുതുതായി ഓഹരി വിപണിയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇത്തരത്തിൽ ഒരു വ്യക്തിയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ തന്റെതായ വ്യക്തി മുദ്രപതിപ്പിച്ച വിജയ് കെഡിയ. വളരെ ചെറുപ്പത്തിൽ തന്നെ ഓഹരി വിപണിയുടെ ഭാഗമായ അദ്ദേഹം നിക്ഷേപ സ്ഥാപനമായ കെഡിയ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. വിജയ് കിഷൻലാൽ കെഡിയയുടെ സ്റ്റോക്ക് മാർക്കറ്റ് ജീവിതത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
വിജയ് കെഡിയ
കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ബ്രോക്കിംഗ് കുടുംബത്തിലാണ് വിജയ് കെഡിയ ജനിച്ചത്. 14 വയസിൽ തന്റെ മുത്തച്ഛന്റെ സഹായത്തോടെ ഓഹരി വിപണിയെ പറ്റി പഠിക്കാൻ ആരംഭിച്ച വിജയ് അതിനെ തന്റെ പാഷനാക്കി മാറ്റി. പിതാവിന്റെ മരണശേഷം 19ാം വയസിൽ സ്റ്റോക്ക് ബ്രോക്കിംഗ് ബിസിനസിലേക്ക് കടന്ന വിജയ് കെഡിയ മൂന്ന് വർഷങ്ങൾക്ക് ശേഷം ബിസിനസ് ഉപേക്ഷിച്ച് ട്രേഡിംഗ് ആരംഭിച്ചു.
ആദ്യഘട്ടത്തിൽ വ്യാപാരത്തിലുടെ ലാഭം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പതിയെ പതിയെ അദ്ദേഹം മൂലധനം വർദ്ധിപ്പിച്ചു കൊണ്ട് വ്യാപാരം നടത്തിയെങ്കിലും അപ്രതീക്ഷിതമായി വളരെ വലിയ നഷ്ടം നേരിടേണ്ടി വന്നു. ഇത്ര കാലവും കെെവരിച്ച ലാഭമെല്ലാം തന്നെ നിമിഷനേരം കൊണ്ട് ഇല്ലാതെയായി. കെഡിയയുടെ മൂലധനത്തിന്റെ നല്ലൊരു ഭാഗം തന്നെ നഷ്ടം വിഴുങ്ങി. ഒരുപക്ഷേ കെഡിയയുടെ ഇതെ അവസ്ഥ നിങ്ങൾക്കും സംഭവിച്ചിട്ടുണ്ടാകാം. അല്ലെ? എന്നിരുന്നാലും ഇവിടം കൊണ്ട് നിർത്തി പിന്തിരിഞ്ഞ് ഓടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ തെറ്റുകൾ മനസിലാക്കിയ കെഡിയ നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാനുള്ള ആ ശരിയായ വഴി കണ്ടെത്തി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മറ്റിമറിച്ച തീരുമാനമായിരുന്നു. അദ്ദേഹം ഫണ്ടമെൻഡൽ അനാലിസസിനെ പറ്റിയും ഗ്രോത്ത് ഇൻവസ്റ്റ്മെന്റിനെ പറ്റിയും പഠിക്കാൻ തുടങ്ങി.
1990 ഓടെ സ്വന്തമായി മൾട്ടിബാഗർ സ്റ്റോക്ക് കണ്ടെത്താനുള്ള കഴിവ് വിജയ് കെഡിയ കെെവരിച്ചു. 1992ൽ അദ്ദേഹം 300 രൂപയ്ക്ക് വാങ്ങിയ എസിസി ഓഹരി അടുത്ത വർഷം 3000 രൂപയ്ക്കാണ് വിറ്റഴിച്ചത്. സമാനമായി അതുൽ ഓട്ടോ, ഏജിസ് ലോജിസ്റ്റിക്സ്, സെറ സാനിറ്ററിവെയർ എന്നീ ഓഹരികൾ 10 വർഷം കൊണ്ട് 1000 ശതമാനത്തിന് മുകളിൽ നേട്ടമാണ് കെഡിയക്ക് നൽകിയത്. മറ്റുള്ളവർ ഓഹരികൾ കണ്ടെത്തുന്നതിന് മുന്നേ തന്നെ ഇത് കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. 2012ൽ ഇന്ത്യൻ വിപണിയിൽ ശക്തമായ കാളയോട്ടം അരങ്ങേറുമെന്ന് വിജയ് കെഡിയ പറഞ്ഞിരുന്നു. എന്നാൽ മറ്റെല്ലാ അനലിസ്റ്റുകളും വിപണി തകരുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഏവരുടെയും പ്രതീക്ഷ തെറ്റിച്ച് കൊണ്ട് കത്തിക്കയറിയ വിപണി കെഡിയയുടെ പ്രവചനം ശരിയാണെന്ന് തെളിയിച്ചു.
2021 ജൂണിൽ സമർപ്പിച്ച കോർപ്പറേറ്റ് ഷെയർഹോൾഡിംഗ്സ് പ്രകാരം വിജയ് കെഡിയ 16 ഓഹരികളാണ് കെെവശംവച്ചിട്ടുള്ളത്. 810.06 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. വൈഭവ് ഗ്ലോബൽ, തേജസ് നെറ്റ്‌വർക്ക്സ്, സുദർശൻ കെമിക്കൽ ഇൻഡസ്ട്രീസ്, സെറ സാനിറ്ററിവെയർ, റാംകോ സിസ്റ്റംസ് എന്നിവ ഇതിൽ ഉൾപ്പെടും.
വിജയ് കെഡിയയുടെ ജീവിതത്തിൽ നിന്നും ഉൾകൊള്ളേണ്ട പാഠങ്ങൾ
ട്രേഡിംങ്ങിലൂടെ നേരിട്ട നഷ്ടങ്ങളും പരാജയങ്ങളുമാണ് വിജയ് കെഡിയയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളാക്കി മാറ്റിയത്. സ്വന്തം തെറ്റുകൾ മനസിലാക്കാനും അതിൽ നിന്നും മറ്റുള്ളവരുടെ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അദ്ദേഹത്തിന് സാധിച്ചു. പത്രങ്ങൾ, ബിസിനസ് മാസികകൾ, കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ എന്നിവ നിരന്തരം വായിച്ചുകൊണ്ട് അദ്ദേഹം സ്വയം അപ്ഡേറ്റ് ചെയ്യ്തിരുന്നു. കമ്പനികളുടെ ഭാവി പദ്ധതികളെ പറ്റി അറിയാൻ അദ്ദേഹം സിഇഒമാരുടെ അഭിമുഖങ്ങളും നിരന്തരം കണ്ടിരുന്നു.
ഒരു മികച്ച നിക്ഷേപകനാകണമെങ്കിൽ സ്വന്തമായി ഓഹരികൾ കണ്ടെത്താനുള്ള അറിവ് ആർജ്ജിക്കണമെന്നും മതിയായ ചിലവിൽ അവ വാങ്ങാനുള്ള ധൈര്യം ഉണ്ടായിരിക്കണമെന്നും കെഡിയ പറയുന്നു. പ്രധനമായും വിപണി അതിന്റെ യഥാർത്ഥ മൂല്യം കണ്ടെത്തുന്നതുവരെ ഓഹരികൾ കൈവശം വയ്ക്കുന്നതിനുള്ള ക്ഷമ വികസിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.
സ്മൈൽ(SMILE) ഇൻവെസ്റ്റിംഗ് തത്വമാണ് കെഡിയ മുന്നോട്ട് വയ്ക്കുന്നത്. എസ് എന്നാൽ സ്മോൾ ഇൻ സെെസ് അഥവ ചെറിയ മാർക്കറ്റ്ക്യാപ്പ്, എം എന്നാൽ മീഡിയം ഇൻ മാനേജ്മെന്റ്, എൽ എന്നാൽ ലാർജ് ഇൻ ആസ്പിറേഷൻ, ഇ എന്നാൽ എക്സ്ട്രാ ലാർജ് മാർക്കറ്റ് പൊട്ടെൻഷ്യൽ. ദീർഘകാല നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കും മുമ്പ് അദ്ദേഹം കമ്പനിയെ പറ്റിയും മാനേജ്മെന്റിനെ പറ്റിയും അടിസ്ഥാനപരമായ വിശകലനവും പഠനവും നടത്തും. മോശം മാനേജ്‌മെന്റിലൂടെ മികച്ച ബിസിനസുകൾ നശിപ്പിക്കപ്പെടുമെന്നും മികച്ച മാനേജുമെന്റിലൂടെ മോശം ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പരിചയസമ്പന്നരായ ഒരു മാനേജ്മെന്റ് ടീം സ്വന്തം സമ്പത്തും പ്രശസ്തിയും സംരക്ഷിക്കുന്നതിനായി നിങ്ങളുടെ നിക്ഷേപത്തെ സംരക്ഷിക്കും. നിക്ഷേപകൻ കമ്പനിയുടെ ഭാവി സാധ്യതകൾ വിശകലനം ചെയ്യുകയും ലക്ഷ്യങ്ങൾ കെെവരിക്കാൻ മാനേജ്മെന്റ് പ്രാപ്തമാണോ എന്ന് പരിശോധിക്കുകയും വേണം.
“ഓഹരി വിപണി എന്നത് ഒരു ഹെെ റിസ്ക്ക് ഹെെ ഗെയിൻ ബിസിനസാണെന്ന് ഏവരും മനസിലാക്കുക. ഇതിന് ഇതിന്റെതായ അനേകം നിയമങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചിരിക്കണം. നിങ്ങൾക്ക് വിപണിയെ പറ്റിയുള്ള ധാരണ അനുസരിച്ച് നിങ്ങൾക്ക് വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും. നിങ്ങൾ ഇതിനെ ഒരു ഉഹകച്ചവടമായി മാത്രം കണ്ടൽ നിങ്ങൾക്ക് അത് മാത്രമാകും ലഭിക്കുക.” – വിജയ് കെഡിയ.
Post your comment
No comments to display