എന്താണ് ഇ-റുപ്പി? രാജ്യത്തെ ഇടപാടുകൾക്ക് ഇനി പുതിയ മുഖം
ഡിജിറ്റല്‍ പേയ്‌മെന്റിനായുള്ള പണരഹിത സമ്പര്‍ക്കരഹിത ഉപാധിയായ ഇ-റുപ്പിക്ക് തുടക്കം കുറിച്ചതായി ആഗസ്റ്റ് 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, നാഷണൽ ഹെൽത്ത് അതോറിറ്റി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് സർക്കാർ ഇത് നടപ്പാക്കുന്നത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നോക്കുന്ന അതേസ്ഥാപനമാണിത്.
നോട്ടുകൾക്ക് പകരം ഇ-റുപ്പി സംവിധാനം വരുമ്പോൾ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാകുകയെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
ഇ-റുപ്പിയെന്ന ആശയം
റെസ്റ്റോറന്റുകൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവിടങ്ങളിൽ സാധാരണയായി നമ്മൾ കണ്ടുവരുന്ന റിഡീം ചെയ്യുന്ന ഗിഫ്റ്റ് വൗച്ചറുകൾക്ക് സമാനമാണ് ഇ-റൂപ്പി. കാർഡ്, ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായമില്ലാതെ ഒരു വ്യക്തിക്ക് ഇ -റുപ്പി സ്വീകരിക്കുന്ന ഏത് കേന്ദ്രത്തിലും വൗച്ചർ സമർപ്പിച്ച് കൊണ്ട് ഒറ്റത്തവണ സമ്പർക്കരഹിത പേയ്മെന്റ് നടത്താവുന്നതാണ്. ഹോസ്പ്പിറ്റൽ, ബാങ്കുകൾ, സ്റ്റോറുകൾ എന്നിവിടെ ഇ-റുപ്പി സ്വീകരിക്കപ്പെടും. സാധനങ്ങൾ വീങ്ങുന്നതിനോ സേവനങ്ങൾക്കായോ ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത മൂല്യമുള്ള ഇ-റൂപ്പി വൗച്ചറുകൾ റിഡീം ചെയ്യാൻ സാധിക്കും.
ആരാണ് ഈ ഇ-റുപ്പി വൗച്ചറുകൾ നൽകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഡിജിറ്റല്‍ പണം ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് വൗച്ചര്‍ അധിഷ്ഠിത ഇടപാട് സംവിധാനമായ ഇറുപ്പിയ്ക്ക് തുടക്കമിട്ടത്. ഇതിനായി രാജ്യത്തെ 11 ബാങ്കുകളുമായി എൻപിസിഐ കെെകോർത്തു.
ഇ-റുപ്പി എങ്ങനെ കർഷകർക്ക് ഉപകാരപ്പെടും?
ഇ-റുപ്പിക്ക് മുമ്പ്
കർഷകർക്കാണ് സാധാരണയായി സർക്കാരിൽ നിന്നും അനേകം പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും സാമ്പത്തിക സാക്ഷരതയുള്ളവരോ സാങ്കേതികമായി അറിവുള്ളവരോ അല്ല. വളവുമായി ബന്ധപ്പെട്ട സബ്സിഡി സംബന്ധിച്ച ഒരു ഉദാഹരണം നോക്കാം. 2010ന് മുമ്പായി രാജ്യത്തെ ഭൂരിഭാഗം കർഷകർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. അതിന് മുമ്പ് വരെ ആനുകൂല്യങ്ങൾക്കായി ഇവർ മണിക്കൂറുകളോളം സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ക്യൂ നിന്നിരുന്നു. കെെകൂലി,മോശം വള വിത്ത് എന്നിവ വാങ്ങി നൽകുക തുടങ്ങിയ ക്രമക്കേടുകളും അക്കാലയളവിൽ നടന്നിരുന്നു.
പ്രധാനമന്ത്രി-ജൻ ധൻ യോജന വന്നതോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ആർക്കും ഒരു പരിധിയോ ഉപാധികളോ തടസ്സങ്ങളോ ഇല്ലാതെ ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയുന്ന സാമ്പത്തിക ഉൾപ്പെടുത്തൽ സുഗമമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതോടെ ഏജൻസികൾ സബ്സിഡി പണം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാൻ തുടങ്ങി. ഇതിനെയാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ അഥവ ഡിബിടി എന്ന് പറയുന്നത്.
എന്നാൽ ഡിബിടി സംവിധാനത്തിൽ വിവര സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഭരണപരമായ പ്രശ്നങ്ങൾ, തകരാറുകൾ, സ്വകാര്യത, തട്ടിപ്പുകൾ തുടങ്ങിയ പ്രശ്നങ്ങളും ഇതിൽ ഉണ്ടായിരുന്നു. അതേസമയം എല്ലാം കർഷകർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിച്ചിരുന്നില്ലെന്നതും മറ്റൊരു പ്രശ്നമായിരുന്നു. ഇ-റുപ്പിയുടെ വരവോടെ ഇവയെല്ലാം തന്നെ പരിഹരിക്കപ്പെടുന്നതാണ്.
ഇ-റുപ്പിക്ക് ശേഷം
ഒരു പ്രത്യേക സബ്‌സിഡിക്ക് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഇ-റുപ്പി വഴി, കർഷകന് ഒരു ക്യുആർ കോഡോ മറ്റ് എൻക്രിപ്റ്റ് ചെയ്ത വിശദാംശങ്ങളോ അടങ്ങുന്ന ഒരു ടെക്സ്റ്റ് മെസേജ് ലഭിക്കും. വ്യാപാരിയുടെ അടുത്ത് ഈ ക്യുആർ കോഡ് കാണിച്ചാൽ കർഷകന് സബ്സിഡി നിരക്കിൽ വളം ലഭിക്കും. മറുവശത്ത് വ്യാപാരിക്ക് മുഴുവൻ പണവും ലഭിക്കും. ഇ-റുപ്പി സംവിധാനം ഒരുപോലെ കർഷകനും വ്യാപാരിക്കും പ്രയോജനം ചെയ്യും.
ഇ-റുപിയുടെ പ്രയോജനങ്ങൾ
- രണ്ട് ഘട്ടങ്ങളുള്ള സമ്പർക്കരഹിത ഇടപാടാകും ഇത്.
- ആപ്പോ, കാർഡോ, ബാങ്ക് അക്കൗണ്ടോ ഇതിന് ആവശ്യമില്ല.
- ബാങ്ക് അക്കൗണ്ടില്ലാത്ത വ്യക്തികൾക്ക് പോലും ഇ-റൂപ്പി ഉപയോഗിച്ച് ഇടപാട് നടത്താൻ സാധിക്കുന്നതിനാൽ കൂടുതൽ പേയ്‌മെന്റുകൾ സുഗമമായി നടക്കും.
- ഇടപാടുകൾക്കായി വ്യക്തിഗത വിവരങ്ങൾ ആവശ്യമില്ലാത്തതിനാൽ ഇത് കൂടുതൽ സുരക്ഷിതമായിരിക്കും.
ഇ-റുപ്പിയുടെ ആപ്ലിക്കേഷൻ
ശിശു ക്ഷേമ പദ്ധതികൾ, വൈദ്യുതി, ജല സബ്സിഡി, ആരോഗ്യ പരിരക്ഷാ സബ്സിഡി, വളം സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ ഇ-റുപ്പി സഹായകരമാകും.
ജീവനക്കാരുടെ ക്ഷേമത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമുകൾക്കുമായി സ്വകാര്യ കമ്പനികൾക്കും ഇ-റുപ്പി സേവനം ഉപയോഗിക്കാവുന്നതാണ്.
പുതിയ ഡിജിറ്റൽ കറൻസിയോ?
ഇ-റുപ്പി ക്രിപ്‌റ്റോകറൻസിയാണെന്ന് വിപണിയിൽ ഒരു സംസാരമുണ്ട്. എന്നാൽ ഇ-റുപ്പി എന്നത് ഒരു ക്രിപ്റ്റോകറൻസി അല്ല. ഇതിന്റെ പ്രവർത്തനവും ക്രിപ്റ്റോകറൻസിയുടേത് പോലെയല്ല. ക്രിപ്റ്റോകറൻസിക്ക് മേൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല എന്നാൽ ഇ-റൂപ്പി ഇന്ത്യൻ സർക്കാർ നിയന്ത്രിക്കുകയും അതിന്റെ മൂല്യം ഇന്ത്യൻ രൂപയിൽ നിന്ന് നേടുകയും ചെയ്യും.
ഇ-റുപ്പി ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണെന്ന മറ്റൊരു തെറ്റിദ്ധാരണയും നിൽക്കുന്നുണ്ട്. ഇ-റുപ്പി ഒരു കറൻസി അല്ല. അതിനാൽ തന്നെ ആർബിഐ ഇതിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തില്ല. അങ്ങനെയാണെങ്കിലും സിബിഡിസി, ക്രിപ്‌റ്റോകറൻസി പോലുള്ള ഇതര പേയ്‌മെന്റ് സ്രോതസ്സുകൾക്ക് വഴിയൊരുക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഇ-റൂപ്പി സിസ്റ്റം.
Post your comment
No comments to display