എന്താണ് ഒപെക്ക്? ഇവർ ആഗോള ക്രൂഡ് ഓയിൽ വില നിയന്ത്രിക്കുന്നത് എങ്ങനെ?
പോയവർഷം കൊവിഡ് വെെറസ് വ്യാപാനം രൂക്ഷമായതിനെ തുടർന്ന് ലോകരാജ്യങ്ങൾ എല്ലാം തന്നെ ലോക്ക്ഡൗണിലേക്ക് നീങ്ങുകയും ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഇടിയുകയും ചെയ്തു. അസംസ്കൃത എണ്ണയുടെ അധിക വിതരണവും ആവശ്യകത കുറയാൻ കാരണമായി. ഇതോടെ എണ്ണ വില റെക്കാഡ് നിലയിലേക്ക് കൂപ്പുകുത്തി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷന്റെ (ഒപെക്ക്) കൃത്യമായ ഇടപെടലിനെ തുടർന്ന് ഇത് നിയന്ത്രിക്കാനായി. ഒപെക്ക് എന്താണെന്നും അവർ എങ്ങനെയാണ് ആഗോള വിപണിയിലെ എണ്ണ വില നിയന്ത്രിക്കുന്നതെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
എന്താണ് ഒപെക്ക്?
ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് അഥവ ഒപെക്ക് ലോകത്തിലെ 13 പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു. 1960 ൽ ഇറാഖിലെ ബാഗ്ദാദിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പ്രധാനമായും ഒപെക്ക് അസംസ്കൃത എണ്ണയുടെ വിതരണ അളവ് കൈകാര്യം ചെയ്യുന്നു. ഇതിലൂടെ ആഗോള വിപണിയിലെ എണ്ണ വില നിയന്ത്രിക്കാൻ ഇവർക്ക് സാധിക്കും. എണ്ണ നിരക്ക് സ്ഥിരമാക്കുകയും വിലയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളും സംഘടന ഉറപ്പാക്കുന്നു.
ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നിവയാണ് ഒപെക്കിന്റെ സ്ഥാപക അംഗങ്ങൾ. ലിബിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് അൾജീരിയ, നൈജീരിയ, ഗാബൺ, അംഗോള, ഇക്വറ്റോറിയൽ ഗ്വിനിയ, കോംഗോ എന്നിവയാണ് മറ്റ് അംഗരാജ്യങ്ങൾ. അസംസ്കൃത എണ്ണയുടെ ഗണ്യമായ കയറ്റുമതിക്കാരായ ഏത് രാജ്യത്തിനും ഒപെക്ക് അംഗത്വം ലഭ്യമാണ്. ഒപെക് അതിന്റെ അംഗരാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയും മറ്റ് രാജ്യങ്ങൾക്ക് നിരന്തരം അസംസ്കൃത എണ്ണ വിതരണം ചെയ്യുന്നതിലൂടെ അവർക്ക് സ്ഥിരമായ വരുമാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഉത്പാദനത്തെ ഏകോപിപ്പിക്കുന്നതിനും എണ്ണവിലയെ പിന്തുണയ്ക്കുന്നതിനുമായി ഒപെക് മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളായ റഷ്യ, മെക്സിക്കോ, കസാക്കിസ്ഥാൻ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ രാജ്യങ്ങൾ ഒന്നും തന്നെ ഒപെക്കിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആഗോള എണ്ണ വിതരണം നിയന്ത്രിക്കാൻ അവർ സംഘടനയെ സഹായിക്കുന്നു. ഒപെക്കും അതിന്റെ സഖ്യകക്ഷികളും അടങ്ങുന്ന ഈ ഗ്രൂപ്പിനെ ഒപെക്ക് പ്ലസ് എന്ന് വിളിക്കുന്നു.
ഒപെക്ക് എണ്ണ വില നിയന്ത്രിക്കുന്നത് എങ്ങനെ?
ഓരോ അംഗത്തിനും നിർദ്ദിഷ്ട സംഭരണം അനുവദിക്കുന്നതിനായി ഒപെക്ക് വർഷത്തിൽ രണ്ട് തവണ മീറ്റിംഗ് വിളിച്ച് ചേർക്കും. ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മറ്റു യോഗങ്ങളും വിളിച്ച് ചേർക്കാറുണ്ട്. ഈ യോഗത്തിൽ നിലവിലെ വിതരണത്തിന്റെയും ആവശ്യകതയുടെയും കണക്കുകളെ അടിസ്ഥാനമാക്കി ഭാവിയിലെ സാധ്യതകൾ നിർവചിച്ചു കൊണ്ട് ഓരോ അംഗരാജ്യത്തിന്റെയും ഉത്പാദനത്തെ ക്രമീകരിക്കും. എല്ലാ അംഗരാജ്യങ്ങളും ഈ സംഭരണം പാലിക്കണം എന്നതാണ് മാനദണ്ഡം.
ലോകത്തെ 79.4 ശതമാനം എണ്ണ ശേഖരം ഒപെക് അംഗരാജ്യങ്ങളിൽ നിന്നാണ്. അസംസ്കൃത എണ്ണ വിതരണത്തിലും ആഗോള വിപണി വിലയിലും ഇത് ഗണ്യമായ നിയന്ത്രണം അവർക്ക് നകുന്നു. ആവശ്യകത വർദ്ധിക്കുമ്പോൾ ഒപിക്ക് എണ്ണ വില വർദ്ധിപ്പിക്കും. വില കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിതരണവും ഉത്പാദനവും വർദ്ധിപ്പിക്കും.
ഒപെക്കിന്റെ സംഭരണ നയത്തിന്റെ പോരായ്മകൾ
ഭാവിയിലെ വിതരണത്തിനും ആവശ്യകതയ്ക്കുമുള്ള കണക്കുകൂട്ടലുകൾ എല്ലായ്പ്പോഴും കൃത്യമായിരിക്കില്ല, പ്രത്യേകിച്ചും വിപണി സാഹചര്യങ്ങൾ അനിശ്ചിതത്വത്തിലാകുകയോ അതിവേഗം മാറുകയോ ചെയ്താൽ. വിപണിയുടെ സാഹചര്യം മനസിലാക്കി ഉത്പാദനം ക്രമീകരിക്കാൻ പലപ്പോയും ഇവർക്ക് സാധിച്ചിട്ടില്ല. ഇത് എണ്ണ വിലയെ കാര്യമായി ബാധിച്ചേക്കും. മറ്റൊരു പ്രധാന പ്രശ്നം എന്നത് അംഗരാജ്യങ്ങൾ അവരുടെ സംഭരണത്തിൽ തുടർച്ചയായി ക്രമക്കേടുകൾ കാണിക്കുന്നുവെന്നതാണ്. സംഭരണത്തിൽ കൂടുതലായി രാജ്യങ്ങൾ എണ്ണ ഉത്പാദനം നടത്തുന്നു. ഇത്തരം രാജ്യങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ വ്യവസ്ഥകളില്ല. ഇതിനാൽ തന്നെ മറ്റു രാജ്യങ്ങളും എണ്ണ ഉത്പാദനം വർദ്ധിപ്പിക്കും.
ആഗോള വിപണിയിലുള്ള ഒപെക്കിന്റെ സ്വാധീനം വ്യാപക വിമർശനങ്ങൾക്ക് വഴി ഒരുക്കിയിട്ടുണ്ട്. എല്ലാ അംഗരാജ്യങ്ങളും വില ഉയർത്തി കൊണ്ട് തങ്ങളുടെ വിപണി വിഹിതം നിലനിർത്താൻ ആഗ്രഹിക്കുന്നു. എണ്ണ വിതരണം പരിമിതപ്പെടുത്തി ലാഭം കൂട്ടാനുള്ള ശ്രമത്തിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
അമേരിക്കയും ഒപെക്ക്സും
ഷെയ്ൽ ഓയിലിന്റെ ആഭ്യന്തര ഉത്പാദനം അമേരിക്ക വർദ്ധിപ്പിക്കുകയും ഇത് ഒപെക് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ മൊത്തത്തിലുള്ള ആവശ്യകത കുറയ്ക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ദശകത്തിൽ എണ്ണവില നിയന്ത്രിക്കാനുള്ള ഒപെക്കിന്റെ കഴിവ് കുറഞ്ഞുവെന്ന് പലരും അവകാശപ്പെടുന്നു. ആഗോള ഉപഭോഗം വർദ്ധിച്ചിട്ടും ക്രൂഡ് വില ഇടിയാൻ ഇത് കാരണമായി.
സമീപകാല സംഭവങ്ങൾ
കൊവിഡ് പ്രതിസന്ധി മൂലം ആവശ്യകത ഇടഞ്ഞതിനെ തുടർന്ന് എണ്ണയുടെ ഉത്പാദനം ആഗോള തലത്തിൽ വെട്ടികുറയ്ക്കാൻ ഒപെക്ക് അനുവദിച്ചിരുന്നു. എന്നിരുന്നാലും, ഇറാഖ്, നൈജീരിയ തുടങ്ങിയ നിരവധി അംഗങ്ങൾ ഒപെക് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മെയ് മാസത്തിൽ കൂടുതൽ ഉത്പാദനം ആരംഭിച്ചുവെന്നും കണ്ടെത്തി. ഇതിനാൽ ഈ രാജ്യങ്ങളോട് വരാനിരിക്കുന്ന മാസങ്ങളിൽ അവരുടെ സംഭരണം കുറച്ച് ഉത്പാദിപ്പിക്കാൻ ആവശ്യപ്പെട്ടു.
2021 ഓടെ എണ്ണ വില ഗണ്യമായി ഉയർന്നു. പല രാജ്യങ്ങളും അവരുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. വാക്സിനേഷൻ ഡ്രൈവുകൾ വലിയ തോതിൽ വിജയം കണ്ടതിന്റെ സൂചനയാണിത്. ആളുകൾ യാത്ര ചെയ്യാൻ തുടങ്ങി, വ്യവസായിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതേതുടർന്ന് ജനുവരിയിൽ മാത്രം 30 ശതമാനത്തിന്റെ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഉത്പാദനം വെട്ടിക്കുറച്ചത് ലഘൂകരിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ ഒപെക്കും സഖ്യകക്ഷികളും തീരുമാനമെടുത്തിരുന്നു. മെയ് മുതൽ ജൂലൈ വരെ പ്രതിദിനം ഏകദേശം 2.1 ദശലക്ഷം ബാരൽ വിപണിയിൽ എത്തിക്കും.
ക്രൂഡ് ഉത്പാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമായ ഇറാനിൽ നിരവധി ടാങ്കറുകളിൽ ദശലക്ഷക്കണക്കിന് ഓയിൽ ബാരലുകളാണുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിൽ നിന്നും എണ്ണ വിതരണം ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇറാനും യൂറോപ്പും അമേരിക്കയും തമ്മിൽ 2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചർച്ചയിലാണ്. ഇത് ഇറാന് മേലുള്ള വിലക്ക് നീക്കാൻ കാരണമായേക്കും. ചർച്ച വിജയിച്ചാൽ ഇറാനിൽ നിന്നും ഇന്ത്യ, ചെെന എന്നിവിടങ്ങളിലേക്ക് വലിയ അളവിൽ അസംസ്കൃത എണ്ണ എത്തിച്ചേരും. ഇത് ആഗോള വിപണിയിലെ എണ്ണ വില ഇടിയാൻ കാരണമാകും.
ഒപെക്ക് നടത്തുന്ന യോഗങ്ങളും അവരുടെ അറിയിപ്പുകളും ശ്രദ്ധിക്കുക. ആഗോള എണ്ണ വിലയിലെ മാറ്റങ്ങൾ ഇതിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.
Post your comment
No comments to display