കൊവിഡ് രണ്ടാം തരംഗം, ഉത്തേജക പാക്കേജിലൂടെ നേട്ടം കൊയ്യുന്ന ഓഹരികൾ ഏതെല്ലാം?
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കെെപിടിച്ച് ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന തരത്തിൽ അഭ്യുഹങ്ങൾ പ്രചരിക്കുന്നുണ്ട്. വെെറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യുകളും ലോക്ക് ഡൗണുകളും പ്രഖ്യാപിച്ചു. മിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ലോക്ക് ഡൗണിലാണ്. ഇതിന് വരുന്ന ആഴ്ചകളിൽ കൂടുതൽ ഇളവ് നൽകിയേക്കും. ചില പോസിറ്റീവ് വാർത്തകൾ ഇപ്പോൾ വരുന്നതായി കാണാം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിസർവ് ബാങ്ക് 99,122 കോടി രൂപ സർക്കാരിന് ഡിവിഡന്റായി അംഗീകരിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്. രണ്ടാം കൊവിഡ് തരംഗത്തിൽ തകർന്ന് അടിഞ്ഞ ടൂറിസം, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി വ്യവസായത്തെ കെെപിടിച്ചുയർത്തുവാൻ കേന്ദ്ര ധനമന്ത്രാലയം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഈ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചാൽ ഏതൊക്കെ ഓഹരികളാകും നേട്ടം കൊയ്യുകയെന്നതാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Indian Hotels
ഇന്ത്യൻ ഹോട്ടൽസ് കമ്പനി ഹോട്ടലുകൾ, കൊട്ടാരങ്ങൾ, റിസോർട്ടുകൾ എന്നിവ സ്വന്തമാക്കി കൈകാര്യം ചെയ്തു വരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് 1899ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ ഹോട്ടൽസ്. ടിജെ, വിവന്ത, എക്‌സ്‌പ്രഷനൻസ്, താജ്‌സാറ്റ്സ് തുടങ്ങി നിരവധി ഐക്കണിക് ഹോട്ടൽ ബ്രാൻഡുകളാണ് കമ്പനിക്ക് സ്വന്തമായുള്ളത്. നിലവിൽ ഇന്ത്യൻ ഹോട്ടലുകൾക്ക് 22 അനുബന്ധ സ്ഥാപനങ്ങളും 6 അസോസിയേറ്റുകളും 8 സംയുക്ത സംരംഭങ്ങളുമാണുള്ളത്. 10 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് കമ്പനിയുടെ ബിസിനസുകൾ എല്ലാം തന്നെ. ഇന്ത്യയിൽ 93 സ്ഥലങ്ങളിലായി കമ്പനി പ്രവർത്തിച്ച് വരുന്നു.
അടിസ്ഥാനം
മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ ഹോട്ടൽസ് 615.02 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തുകയും 97.72 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. 2020 സാമ്പത്തിക വർഷം വരുമാനം 1062.98 കോടി രൂപയും അറ്റാദായം 76.29 കോടി രൂപയുമായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും കമ്പനി ഓഹരി ഒന്നിന് 0.40 രൂപ വീതം ലാഭവിഹിതം നൽകുമെന്ന് പ്രഖ്യാപിച്ചു.
വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതാണെന്ന് തോന്നിയേക്കില്ല. എന്നാൽ ഈ സാമ്പത്തിക വർഷത്തെ ത്രൈമാസ ഫലങ്ങൾ മികച്ചതാണെന്ന് കാണാം.2020 ഒന്നാം പാദം കമ്പനിയുടെ വരുമാനം 261 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ കമ്പനിയുടെ വരുമാനം 615.02 കോടി രൂപയായി ഉയർന്നു. എന്നിരുന്നാലും നാല് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടു. എന്നാലും കമ്പനിയുടെ നിലനിൽപ്പിനെക്കുറിച്ച് ഒരാൾക്കും സംശയം ഉന്നയിക്കാൻ കഴിയില്ല.
PVR
ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ പ്രദർശന കമ്പനിയാണ് പിവിആർ. ഇന്ത്യയിലും ശ്രീലങ്കയിലും 71 നഗരങ്ങളിലായി 845 സ്ക്രീനുകളിലായാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയുടെ 52 ശതമാനം വരുമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നുമാണ് വരുന്നത്. 28 ശതമാനം വരുമാനം ഭക്ഷണ, പാനിയങ്ങൾ വിൽക്കുന്നതിലൂടെയും 11 ശതമാനം വരുമാനം പരസ്യങ്ങളിലൂടെയും ലഭിക്കുന്നു. നിലവിൽ കമ്പനിക്ക് 64.33 ശതമാനം വിപണി വിഹിതമാണുള്ളത്.
രാജ്യത്തെ പ്രധാന നഗരങ്ങൾ എല്ലാം തന്നെ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനാൽ പിവിആറിന്റെ എല്ലാ സ്ക്രീനുകളും അടച്ചിടേണ്ടി വന്നു. രോഗം പകരുമെന്ന ഭയത്താൽ തിയേറ്ററിൽ പോയി സിനിമ കാണുന്നതിനും ജനങ്ങൾ മടിച്ചു.
അടിസ്ഥാനം
കമ്പനിയുടെ നാലാം പാദഫലങ്ങൾ ഇത് വരെ പുറത്തുവന്നിട്ടില്ല. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദം നല്ലൊരു വിഭാഗം ആളുകൾ തിയേറ്ററുകൾ സന്ദർശിച്ചിരുന്നു. ഇതിനാൽ തന്നെ നാലാം പാദത്തിൽ കമ്പനി മികച്ച ഫലങ്ങൾ പുറത്തുവിട്ടേക്കും. എന്നാൽ മുൻവർഷങ്ങളേക്കാൾ മികച്ചതായിരിക്കില്ല ഇത്.
കഴിഞ്ഞ മൂന്ന് പാദത്തിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ നമുക്ക് വിലയിരുത്താം. 2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കമ്പനി 55.35 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം പാദത്തിൽ ഇത് 5 ഇരട്ടിയായി വർദ്ധിച്ച് 320.13 കോടി രൂപയായി. അവസാന വർഷം ഇതേ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 661.78 കോടി രൂപയായിരുന്നു. രണ്ടാം കൊവിഡ് തരംഗം രണ്ട് മൂന്ന് മാസത്തേക്ക് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. ഇത് വരുമാനം കുറയാൻ കാരണമായേക്കാം. മുമ്പത്തെ നാല് പാദങ്ങളിലും കമ്പനി നഷ്ടം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സർക്കാരിന്റെ ഉത്തേജക പാക്കേജ് കമ്പനിക്ക് ആവശ്യമാണെന്ന് വ്യക്തമാകുന്നു.
Delta Corp
ഇന്ത്യയിലെ ഏറ്റവും വലിയ കസിനോ ഓപ്പറേറ്റിംഗ് കമ്പനിയാണ് ഡെൽറ്റ കോർപ്പ്. കമ്പനിക്ക് ലിസ്റ്റുചെയ്ത എതിരാളികളില്ല. ഇതിനാൽ തന്നെ റീട്ടെയിൽ നിക്ഷേപകർക്ക് ഇതിൽ നിക്ഷേപിക്കാൻ സുരക്ഷിതമാണെന്ന് വിലയിരുത്താം. കമ്പനിക്ക് 50 ശതമാനം വിപണി വിഹിതമാണുള്ളത്. ഗോവയിൽ നൽകിയിട്ടുള്ള ആറ് ഓഫ്‌ഷോർ ഗെയിമിംഗ് ലൈസൻസുകളിൽ മൂന്നെണ്ണം ഡെൽറ്റ കോർപ്പറേഷന്റെതാണ്. ഡെൽറ്റിൻ റോയലിന്റെ രൂപത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ തത്സമയ ഓഫ്‌ഷോർ ഗെയിമിംഗ് കപ്പൽ കമ്പനിയുടെ പക്കലുണ്ട്. കസിനോ ബിസിനസിൽ മാത്രമല്ല ഹോസ്പിറ്റാലിറ്റി മേഖലയിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഗോവയിൽ രണ്ട് ഹോട്ടലുകളും ഒരു വില്ലയും ദമാനിൽ ഒരു ഹോട്ടലും കമ്പനിക്ക് സ്വന്തമായി ഉണ്ട്.
അടിസ്ഥാനം
2021 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 454.91 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇത് 807.45 കോടി രൂപയായിരുന്നു. കഴിഞ്ഞ ദശകത്തിൽ രണ്ടാം തവണ മാത്രമാണ് കമ്പനി അവരുടെ സാമ്പത്തിക പുസ്തകങ്ങളിൽ നഷ്ടം രേഖപ്പെടുത്തിയത്.
പോയവർഷം കമ്പനി 185.63 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയപ്പോൾ, ഈ വർഷം കമ്പനി 24.10 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറെ നാളത്തെ ലോക്ക് ഡൗണിന് ശേഷം ജനുവരി- മാർച്ച് കാലയളവിൽ ഏവരും ഗോവയിലേക്ക് ടൂർ പോവുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഈ പാദത്തിൽ കമ്പനി 221.91 കോടി രൂപയുടെ വരുമാനം നേടി. അറ്റാദായം 57 കോടി രൂപയായി രേഖപ്പെടുത്തി.ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല എന്നിവയ്ക്ക് സർക്കാരിൽ നിന്ന് ഉത്തേജനം ലഭിക്കുകയാണെങ്കിൽ നിക്ഷേപകർ ഡെൽറ്റ കോർപ്പറേഷനിലേക്ക് കൂടുതൽ അടുത്തേക്കും.
Indigo
കൊവിഡ് വെെറസ് വ്യാപനം ഏവിശേഷൻ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഇൻഡിഗോയാണ് മേഖലയിൽ മുന്നിട്ട് നൽകുന്നത്. കമ്പനിക്ക് 71 ശതമാനത്തിന് അടുത്ത് വിപണി വിഹിതമാണുള്ളത്. കമ്പനി 91 സ്ഥലങ്ങളിലായി 67 ആഭ്യന്തരവും 24 അനന്താരാഷ്ട്ര വിമാന സേവനങ്ങളും നടത്തിവരുന്നു.
പുത്തൻ തലമുറയിലെ 120 എ320 എൻ.ഇ.ഒ.എസ് വിമാനങ്ങൾ ഉൾപ്പെടെ 280 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുക, കൃത്യസമയത്ത് തടസ്സരഹിതമായ സേവനങ്ങൾ ഉറപ്പാക്കുകയെന്നതാണ് കമ്പനിയെ മുന്നിലെത്തിച്ചത്.
അടിസ്ഥാനം
ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്റെ സുപ്രധാന ശക്തിയാണ് ഇൻഡിഗോ. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം
21.1 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. വ്യവസായത്തിന്റെ മൊത്തം വരുമാനം 5 ശതമാനം മാത്രം ഉയർന്നു.
2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കമ്പനി 2844.29 കോടി രൂപയുടെ വൻ നഷ്ടം വരുത്തിവച്ചിരുന്നു. മൂന്നാം പാദത്തിൽ നഷ്ടം 620.14 കോടി രൂപയായി കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും യാത്രകൾക്ക് ഫ്ലൈറ്റുകളെ സുരക്ഷിതമാക്കുന്നതിനുള്ള നടപടികളെ തുടർന്ന് കമ്പനിയുടെ ചെലവ് വർദ്ധിച്ചു.ഈ അധികച്ചെലവ് കമ്പനിയുടെ സാമ്പത്തിക പുസ്തകങ്ങളിൽ ഏറെ നാൾ നിലനിൽക്കും. എന്നാൽ മറ്റു യാത്രകളെ അപേക്ഷിച്ച് വിമാന യാത്രകളാണ് സുരക്ഷിതമെന്ന് ജനങ്ങൾ കരുതപ്പെടുന്നു.
ഒരു വ്യക്തി ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് എയർലൈൻസ് ഉറപ്പാക്കുന്നു. ഇക്കാരണത്താൽ എയർലൈൻ യാത്രകളിൽ ആളുകൾ കൂടുതൽ ആത്മവിശ്വാസം കാണിക്കുന്നു. സർക്കാർ സഹായം ലഭിച്ചാൽ കമ്പനിക്ക് ഇത് കൂടുതൽ പ്രചോദനമാകും.
നിഗമനം
പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് ഈ സാമ്പത്തിക പാക്കേജ് ഒരു കെെത്താങ്ങാകും. ഈ മേഖലകളിലെ നാല് പ്രധാന സ്റ്റോക്കുകളെ പറ്റിയാണ് മുകളിൽ ഞങ്ങൾ സൂചിപ്പിച്ചത്. EIH Limited, Lemon tree hotels, Spicejet, INOX തുടങ്ങിയ മറ്റനേകം ഓഹരികളും ഈ പാക്കേജിലൂടെ നേട്ടം കൊയ്തേക്കാം..
ഈ ഓഹരികൾ എല്ലാം തന്നെ കുറച്ച് ദിവസങ്ങളായി ആളുകൾ വാങ്ങികൂട്ടുന്നത് കാണാം. ഒരുപക്ഷേ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് വമ്പൻ നിക്ഷേപകർ ഇതിനോട് അകം തന്നെ മനസിലാക്കിയിരിക്കണം. അതിനാൽ ഈ ഓഹരികളിൽ വ്യാപാരം നടത്തുമ്പോൾ ചാർട്ട് ടെക്നിക്കൽസ് നോക്കുക.
ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം സംഭവിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നുണ്ട്. അതിനാൽ തന്നെ ദീർഘകാലത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ഈ കമ്പനികളുടെ ഭാവി സുരക്ഷിതമാണെന്ന് പറയാനാകില്ല. ഉത്തേജക പാക്കേജ് സംബന്ധിച്ച അഭ്യുഹങ്ങളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? സർക്കാർ ഈ സ്ഥാപനങ്ങളെ സഹായിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display