ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ പെട്രോളിയം കരുതൽ ശേഖരം ഉപയോഗിക്കാൻ തീരുമാനിച്ചത് എന്ത് കൊണ്ട്?
എണ്ണ വില വർദ്ധനവിനെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ അവരുടെ കരുതൽ എണ്ണ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രണവിധേയമാക്കുന്നതിനും എണ്ണ വിതരണം വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിനുമാണ് യുഎസിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം. തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിന്റെ പ്രാധാന്യവും ഇന്ത്യയിൽ എണ്ണവില ഉയരുന്നതിന്റെ പ്രശ്നങ്ങളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്.
എന്താണ് പെട്രോളിയം കരുതൽ ശേഖരം?
സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) എന്നത് രാജ്യങ്ങൾ പരിപാലിക്കുന്ന എണ്ണയുടെ കരുതൽ/ശേഖരമാണ്. ദുരന്തങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ഇന്ധന ക്ഷാമം അല്ലെങ്കിൽ മറ്റ് സാമ്പത്തിക പ്രതിസന്ധികൾ എന്നിവ ഉണ്ടാകുമ്പോൾ രാജ്യങ്ങൾക്ക് ഈ അടിയന്തര സ്റ്റോക്ക്പൈൽ ആക്സസ് ചെയ്യാൻ സാധിക്കും. ഇന്ത്യയിൽ, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ISPRL) ആണ് സ്ട്രാറ്റജിക് പെട്രോളിയം കരുതൽ പരിപാലിക്കുന്നത്.
2005-ൽ സ്ഥാപിതമായ ISPRL-ന് ഇന്ത്യയിലുടനീളം 5.33 മില്യൺ മെട്രിക് ടൺ സംഭരണശേഷിയുള്ള നാല് സംഭരണ കേന്ദ്രങ്ങളുണ്ട്. നിലവിലെ ഉപഭോഗ നിരക്ക് അനുസരിച്ച്, കരുതൽ ശേഖരത്തിലുള്ള ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും 74 ദിവസം വരെ ഉപയോഗിക്കാനാകും.
ഒപെക്ക്, ഒപെക്ക് പ്ലസ്
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഒരു സംഘടനയാണ് ഒപെക്ക്. ലോകത്തെ 13 പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങൾ ചേർന്ന് 1960ലാണ് ഒപെക്ക് സ്ഥാപിച്ചത്. ആഗോള എണ്ണ വിതരണവും വില നിയന്ത്രണവുമാണ് സംഘടനയുടെ ലക്ഷ്യം. ഇതിലൂടെ എല്ലാ രാജ്യങ്ങൾക്കും ന്യായമായ വിലയിൽ ഇന്ധനം ലഭിക്കും. ലോകമെമ്പാടുമുള്ള എണ്ണയുടെ 40 ശതമാനവും ഇവർ നിയന്ത്രിക്കുന്നു. കണക്കുകൾ പ്രകാരം, ലോകത്തിലെ തെളിയിക്കപ്പെട്ട എണ്ണ ശേഖരത്തിന്റെ 79.4 ശതമാനവും ഒപെക് അംഗരാജ്യങ്ങളിലാണ്. നൈജീരിയ, അംഗോള, കോംഗോ, ഇക്വഡോർ, ഇക്വറ്റോറിയൽ ഗിനിയ, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലിബിയ, നൈജീരിയ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വെനിസ്വേല എന്നിവ ഒപെക്കിന്റെ ഭാഗമാണ്.
ഒപെക്കിലെ തന്നെ മറ്റു 10 രാജ്യങ്ങൾ ചേർന്ന് കൊണ്ട് 2016-ലാണ് ഒപെക്ക് പ്ലസ് സ്ഥാപിച്ചത്. ഇതിൽ അസർബൈജാൻ, ബഹ്‌റൈൻ, ബ്രൂണൈ, കസാക്കിസ്ഥാൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, ദക്ഷിണ സുഡാൻ, സുഡാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടും. പിന്നീട് ഒപെക്കും ഒപെക്ക് പ്ലസും ഒരുമിച്ച് ചേർന്ന് കൊണ്ട് 23 രാജ്യങ്ങളുടെ സംഘടനായി. ഒപെക്കിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
എന്തുകൊണ്ടാണ് രാജ്യങ്ങൾ എണ്ണ ശേഖരം പുറത്തെടുത്തത്?
കഴിഞ്ഞ വർഷം ആഗോളതലത്തിൽ എണ്ണ വിപണിക്ക് ഗുണകരമായിരുന്നു. ആദ്യം സൗദി-റഷ്യ എണ്ണ വില യുദ്ധം അരങ്ങേറിയിരുന്നു. പിന്നീട് എണ്ണയെച്ചൊല്ലി സൗദി-യുഎഇ ഏറ്റുമുട്ടുന്നതും നമ്മൾ കണ്ടിരുന്നു. കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. കൊവിഡിന് ശേഷം ആവശ്യകത കുറഞ്ഞതിനാൽ രാജ്യങ്ങൾ വിതരണം വെട്ടിക്കുറച്ചു. ഇതോടെ എണ്ണ വില കുറഞ്ഞിരുന്നു. കൊവിഡ് കുറഞ്ഞതിന് പിന്നാലെ സ്ഥിതി പഴയത് പോലെ ആകുകയും എണ്ണയുടെ ആവശ്യകത വർദ്ധിക്കുകയും ചെയ്കു. എന്നാൽ ഒപെക്ക് പ്ലസ് രാജ്യങ്ങൾ രാജ്യങ്ങൾ ആനുപാതികമായി വിതരണം വർദ്ധിപ്പിച്ചില്ല. ഇത് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾക്ക് അനുകൂലമായി ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ സഹായകരമായി.
രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ ഫലമായി, ലോകമെമ്പാടും പണപ്പെരുപ്പം കുതിച്ചുയർന്നു. ഗവൺമെന്റ് വിപണിയിലേക്ക് പമ്പ് ചെയ്ത പണമെല്ലാം ഒന്നുകിൽ ഓഹരി വിപണിയിലേക്കോ അല്ലെങ്കിൽ പൊതുവെ ഉപഭോഗം വർദ്ധിപ്പിക്കുകയോ ചെയ്തതായി കാണാം. എണ്ണവില കൂടുമ്പോൾ, എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകൾ പൊതുവെ വർധിക്കും. ഇത് പണപ്പെരുപ്പത്തിന് അധിക ബാധ്യതയാണ്. എണ്ണവില കുറയുകയാണെങ്കിൽ, അത് എല്ലാ രാജ്യങ്ങളുടെയും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിക്കും.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, മറ്റ് രാജ്യങ്ങൾ എന്നിവയുടെ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും, ഒപെക് + എണ്ണ വിതരണം വർദ്ധിപ്പിക്കാൻ തയ്യാറായില്ല. 2022 വരെ ഓരോ മാസവും പ്രതിദിനം 400,000 ബാരൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതിയിൽ ഒപെക് പ്ലസ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, മറ്റ് രാജ്യങ്ങൾ അതിനേക്കാൾ കൂടുതലാണ് ഇത് പ്രതീക്ഷിക്കുന്നത്. കൊവിഡിന്റെ പുതിയ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം, ഒപെക് പ്ലസ് അതിനും ബ്രേക്ക് നൽകിയേക്കാം. ഒപെക് പ്ലസിന്റെ പിടിവാശി പരിഹരിക്കാൻ യുഎസ്, ജപ്പാൻ, ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണ ശേഖരം ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ ‘സമുദ്രത്തിലെ തുള്ളി’ പോലെയാണ് ഈ നീക്കം എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. എണ്ണ ശേഖരം പുറത്തുവിടുന്നത് എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക്ക് പ്ലസിനെ നിർബന്ധിതമാക്കില്ല. എന്നിരുന്നാലും, തന്ത്രപ്രധാനമായ എണ്ണ ശേഖരം പുറത്തിറക്കുമെന്ന് രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, ആഗോള ക്രൂഡ് ഓയിൽ വില ഏകദേശം 10 ശതമാനം ഇടിഞ്ഞു. ഇത് ക്രൂഡ് ഓയിൽ വിലയിൽ സ്വാധീനം ചെലുത്തിയതായി കാണാം.
മുന്നിലേക്ക് എങ്ങനെ?
2021ൽ ഇന്ത്യയിലെ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. എണ്ണ, വാതക ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉയർന്ന എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാൻ സർക്കാർ ഏറെക്കാലമായി വിസമ്മതിച്ചിരുന്നു. ഒടുവിൽ 2021 നവംബറിൽ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചു. പല സംസ്ഥാന സർക്കാരുകളും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകി.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്‌റോൺ ഭയം കാരണം ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിൽ വില 10 മുതൽ 15 ശതമാനം വരെ ഇടിഞ്ഞു. എണ്ണവില ഉയരുന്നത് ഇന്ത്യയിലെ പണപ്പെരുപ്പം രൂക്ഷമാകാൻ കാരണമാകും. വേരിയന്റിനെക്കുറിച്ചുള്ള ഭയം എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്ക് കൂടുതൽ എണ്ണ വിതരണം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഒരു ഒഴികഴിവായി മാറരുത്. പണപ്പെരുപ്പത്തിലെ വർദ്ധനവ് വിപണിയിലെ ഇന്ത്യൻ രൂപയുടെ മൂല്യത്തെയും ബാധിക്കും. ഒരു രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് മറ്റൊന്നിനേക്കാൾ കുറവാണെങ്കിൽ അവരുടെ കറൻസി മൂല്യം വർദ്ധിക്കും. ഉയർന്ന എണ്ണവില ലോകമെമ്പാടുമുള്ള പണപ്പെരുപ്പത്തെ ബാധിക്കും. ഗതാഗതച്ചെലവ് വർദ്ധിക്കുന്നതിനാൽ ഇത് വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ നീക്കം മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെ സാരമായി ബാധിക്കും. എന്നാൽ ഇപ്പോ ഒപെക് ഇതര രാജ്യങ്ങൾ ആഗോള എണ്ണ വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ വിജയിച്ചതായി കാണാം. ഇതിനാൽ തന്നെ എണ്ണ വിലയിൽ ഇടിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Post your comment
No comments to display