ആർബിഎൽ ബാങ്കിന്റെ ഓഹരി ഈ വർഷം ഇടിഞ്ഞത് 60 ശതമാനം, കാരണം അറിയാം
ജൂണിലെ രണ്ടാമത്തെ ആഴ്ചയിൽ മാത്രം ആർബിഎൽ ബാങ്കിന്റെ ഓഹരി 30 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പോയവർഷം നോക്കിയാൽ 62 ശതമാനത്തിന്റെ ഇടിവും ഓഹരിയിൽ ഉണ്ടായതായി കാണാം. ബാങ്കിന്റെ മാനേജ്മെന്റ്, നിലവിലെ സാമ്പത്തിക സ്ഥിതി, ആസ്തിയുടെ ഗുണമേന്മ എന്നവ ചോദ്യംചെയ്യപ്പെടുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ആർബിഎൽ ബാങ്ക് ഓഹരി വീണത് എന്ത് കൊണ്ടാണെന്നാണ് മാർക്കറ്റ്ഫീഡ് വിശദീകരിക്കുന്നത്.
ആർബിഎൽ ബാങ്കിന്റെ ഓഹരി ഇടിഞ്ഞത് എന്ത് കൊണ്ട്?
മാനേജ്മെന്റിൽ മൊത്തത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഓഹരി കുത്തനെ താഴേക്ക് വീണത്. 2022 ജൂൺ 10-ന് ആർ. സുബ്രഹ്മണ്യകുമാറിനെ ആർബിഎൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും CEO ആയും നിയമിച്ചു. എംഡിയും സിഇഒയുമായ വിശ്വവീർ അഹൂജയുടെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ബാങ്ക് മാനേജ്മെന്റിന്റെ തലപ്പത്ത് മാറ്റം സംഭവിച്ചത്.
1980-ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ കരിയർ ആരംഭിച്ച ആർ. സുബ്രഹ്മണ്യകുമാറിന് 40 വർഷത്തെ പ്രവർത്തിപരിചയമാണ് ബാങ്കിംഗ് മേഖലയിലുള്ളത്. മൂന്ന് വർഷം പിഎൻബിയിൽ ബിസിനസ് ട്രാൻസ്ഫോർമേഷന്റെ തലവനായ അദ്ദേഹം ഡിജിറ്റൽ, എച്ച്ആർ, എംഎസ്എംഇ, റീട്ടെയിൽ, ഓവർസീസ് എന്നീ തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ബാങ്കിലും ഇന്ത്യൻ ഓവർസീസ് ബാങ്കിലും എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എംഡി & സിഇഒ എന്നീ സ്ഥാനങ്ങളും സുബ്രഹ്മണ്യകുമാർ വഹിച്ചിട്ടുണ്ട്. ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) അഡ്മിനിസ്ട്രേറ്റർ കൂടി ആയിരുന്നു ആർ. സുബ്രഹ്മണ്യകുമാർ.
ഡിഎച്ച്‌എഫ്‌എല്ലുമായുള്ള സുബ്രഹ്മണ്യകുമാറിന്റെ ബന്ധമാണ് നിക്ഷേപകരെ ഞെട്ടിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൗസിംഗ് ഫിനാൻസ് കമ്പനി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. സെബി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, മഹാരാഷ്ട്ര പോലീസ് തുടങ്ങിയ റെഗുലേറ്ററി, അഡ്മിനിസ്‌ട്രേറ്റീവ് അധികാരികൾ ഡിഎച്ച്‌എഫ്‌എല്ലിനെതിരെ അന്വേഷണം നടത്തി വരികയാണ്. ഡിച്ച്എഫ്എൽ നിലവിൽ പാപ്പരത്ത നടപടിക്ക് വിധേയമാണ്.
മോശം നിലവാരമുള്ള ആസ്തി, മുന്നിലേക്ക് എന്താകും?
2022 ആർബിഎല്ലിന്റെ നിഷ്ക്രിയ ആസ്തി(എൻപിഐ) എന്നത് 4.4 ശതമാനമാണ്. നെറ്റ് എൻപിഎ 2.1 ശതമാനമാണ്. അഞ്ച് വർഷത്തിൽ ബാങ്കിന്റെ എൻപിഎ 3.2 ശതമാനത്തിൽ അധികം വർദ്ധനവാണ് കാഴ്ചവച്ചത്. നെറ്റ് എൻപിഎ 0.66 ശതമാനമായി രേഖപ്പെടുത്തി. ബാങ്കിന്റെ റിട്ടേൺ ഓഫ് അസറ്റും റിട്ടേൺ ഓൺ ഇക്വുറ്റിയും നെഗറ്റീവ് ആയി. 2022 സാമ്പത്തിക വർഷത്തിൽ ആദ്യമായി ബാങ്ക് 74.7 രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആർബിഎല്ലിന്റെ ഓഹരി വില 7 ശതമാനം ഇടിഞ്ഞു. ഒരു വർഷം കൊണ്ട് ഓഹരിയുടെ മൂല്യം 62 ശതമാനം കുറഞ്ഞു. ജൂണിലെ രണ്ടാമത്തെ ആഴ്ചയിൽ മാത്രമായി 30 ശതമാനത്തിന്റെ ഇടിവാണ് ഓഹരിയിൽ ഉണ്ടായത്. ആസ്തിയുടെ ഗുണനിലവാരം കുറഞ്ഞതും നേതൃത്വ പ്രതിസന്ധിയും മൂലമാണ് ഓഹരി വില ഇടിഞ്ഞത്. പുതുതായി നിയമിതനായ സിഇഒയും എംഡിയും ബാങ്കിന്റെ ആസ്തി നിലവാരം, പണമൊഴുക്ക്, മൊത്തത്തിലുള്ള നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിക്ഷേപകർക്ക് അത് പ്രതീക്ഷ നൽകിയേക്കും.
ആർബിഎൽ ബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display