ഒമെെക്രോൺ വ്യാപനം പിവിആറിന് ഭീഷണി ആകുന്നത് എങ്ങനെ?
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ മേഖലയാണ് സിനിമ വ്യവസായം. ലോക്ക് ഡൗണ് സമയങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ പോലും പിടിച്ചു നിൽക്കാൻ ഇന്ത്യൻ സിനിമ മേഖലയ്ക്ക് സാധിച്ചു. 2021 ജൂലായ് 31 മുതൽ ചില സിനിമാ തിയേറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചതോടെ സിനിമ പ്രേമികൾ ഒന്നടങ്കം മേഖലയെ കെെപിടിച്ച് ഉയർത്തുകയും വരുമാനം നേടി കൊടുക്കുകയും ചെയ്തു. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വച്ച് നോക്കിയാൽ സിനിമാശാലകളും സിനിമാ ഹാളുകളും പ്രവർത്തിപ്പിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് പിവിആർ. കൊവിഡ് പകർച്ച വ്യാധിയെ തുടർന്നുള്ള തരംഗങ്ങൾക്ക് ശേഷം കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചു. പിവിആറിന്റെ നിലവിലെ സ്ഥിതി എന്താണെന്നും ഒമെെക്രോണും മൂന്നാം തരംഗവും കമ്പനിയുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
രണ്ടാം പാദത്തിലെ പ്രകടനം
ജൂലെെ- സെപ്റ്റംബർ പാദത്തിൽ പിവിആർ തങ്ങളുടെ സിനിമ തിയേറ്ററുകൾ ഏറെയും തുറന്ന് പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്ര, കേരളം, അസം, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടെയുള്ള തിയേറ്ററുകൾ സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം സെപ്റ്റംബർ 30 വരെ അടച്ചിടേണ്ടി വന്നിരുന്നു. ഈ സംസ്ഥാനങ്ങളിൽ മിക്കതും ഒക്ടോബർ അവസാനത്തോടെ സിനിമാശാലകൾ വീണ്ടും തുറക്കാൻ അനുവദിച്ചു. അതായത് വർഷാവസാനം രണ്ട് മാസം മാത്രമാണ് വരുമാനം ലഭിച്ചത്.
കൊവിഡിന്റെ വിവിധ തരംഗങ്ങൾ അലയടിച്ചതോടെ പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പിവിആറിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു. സംസ്ഥാന സർക്കാരുകൾ സിനിമാശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ അധികം വൈകാതെ വരുമാനം വർധിച്ചു. 2021 സെപ്റ്റംബർ രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 266 ശതമാനം വർദ്ധിച്ച് 264 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ അറ്റനഷ്ടം മുൻ പാദത്തേക്കാൾ 31 ശതമാനം കുറഞ്ഞ് 148 കോടി രൂപയായി രേഖപ്പെടുത്തി. 2021 സെപ്റ്റംബർ 31 വരെ, ആകെയുള്ള 855 സ്‌ക്രീനുകളിൽ 588 സ്‌ക്രീനുകൾ പ്രവർത്തനക്ഷമമായിരുന്നു.
വാടക ഒഴിവാക്കാനുള്ള നീക്കം
രണ്ടാം പാദത്തിൽ വാടക ഇളവുകൾ ഉറപ്പാക്കുകയും കോമൺ ഏരിയ മെയിന്റനൻസ് (CAM) ചാർജുകൾ കുറയ്ക്കുകയും ചെയ്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പിവിആറിന് കഴിഞ്ഞു. കമ്പനി അതിന്റെ വസ്തുവകകളുടെ 80 ശതമാനം വാടക ഇളവുകൾ ഉറപ്പാക്കി. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനി 75 ശതമാനം വരെ വാടക കിഴിവും നേടി. ഇത്തരം വാടക ഇളവുകൾ താത്കാലികമായിരുന്നു, കൂടാതെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇല്ലെങ്കിൽ അത് ഒരു ബാധ്യതയായി മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.
പ്രാദേശിക രംഗത്തെ മുന്നേറ്റം
ഇന്ത്യൻ സിനിമയുടെ ഭൂരി ഭാഗ ഉള്ളടക്കവും ഉണ്ടാക്കുന്നത് ബോളിവുഡ്, ഹിന്ദി സിനിമയിൽ നിന്നാണ്. “അതിശയകരമെന്നു പറയട്ടെ, പ്രാദേശിക ഉള്ളടക്കത്തിന്റെ വ്യൂവർഷിപ്പിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും തിയേറ്ററുകളിലേക്ക് വരാനുള്ള പ്രേക്ഷകരുടെ ആഗ്രഹം പ്രാദേശിക സിനിമകളുടെ മിന്നും പ്രകടനത്തിൽ നിന്ന് മനസ്സിലാക്കാം. അടുത്തിടെ പുറത്തിറങ്ങിയ പഞ്ചാബി, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇവയെല്ലാം കഴിഞ്ഞ രണ്ട് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്,” പിവിആർ ലിമിറ്റഡ് ചെയർമാൻ അജയ് ബിജിലി പറഞ്ഞു.
പഞ്ചാബി, തെലുങ്ക്, തമിഴ്, ഹോളിവുഡ് സിനിമകൾ, മാർവൽ ചിത്രങ്ങൾ, യുഎസ് റിലീസിനൊപ്പം മികച്ച പ്രതികരണമാണ് കാഴ്ചവച്ചെതെന്നും ഇത് വളരെ പോസിറ്റീവാണെന്നും പിവിആർ പിക്ചേഴ്സ് ലിമിറ്റഡ് സിഇഒ കമൽ ജിയാൻചന്ദാനി കൂട്ടിച്ചേർത്തു.
പിവിആറിന് ഒമെെക്രോൺ ഉയർത്തുന്ന ഭീഷണി
ഒടിടി ഫ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് മുതലായവ വെെകാതെ തന്നെ പരമ്പരാഗത സിനിമയെ ഏറ്റെടുക്കുമെന്നാണ് പൊതുവെയുള്ള ധാരണ. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ തുടർന്നാൽ ഇതിനുള്ള സാധ്യത ഏറെയാണ്. 1997 മുതൽ സിനിമ ബിസിനസ് നടത്തി വരുന്ന കമ്പനിയാണ് പിവിആർ. കമ്പനിക്ക് ചെലവുകളും ബാധ്യതകളും ക്രമീകരിക്കാനും മുന്നോട്ട് പോകാനും കഴിഞ്ഞു. കമ്പനി മുൻകാലങ്ങളിൽ നേടിയ ഇളവുകൾ ഉടൻ തന്നെ ബാധ്യതകളായി മാറിയേക്കാം. സിനിമ വ്യവസായത്തെ സർക്കാർ സഹായിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിലാണ് കാര്യങ്ങൾ ഇപ്പോഴുള്ളത്.
ചെറിയ സിംഗിൾ സ്‌ക്രീൻ ഓപ്പറേറ്റർമാരും കുറഞ്ഞ ശേഷിയുള്ള ഓപ്പറേറ്റർമാരും കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇരയായി. കൊവിഡ് മഹാമാരി പൂർണമായും തുടച്ചുനീക്കപ്പെട്ടാലും പരമ്പരാഗത സിനിമാ വ്യവസായം പഴയതുപോലെയാകില്ല. സിനിമയുടെ പ്രമോഷനുകൾ ഓൺലൈനിൽ ശക്തമായി തന്നെ നടക്കുന്നുണ്ട്. നിർമ്മാതാക്കൾ, സ്രഷ്‌ടാക്കൾ, അഭിനേതാക്കൾ എന്നിവർ ഡിജിറ്റൽ മീഡിയ വഴി അവരുടെ ഒടിടി സൃഷ്ടികൾ പ്രമോട്ട് ചെയ്യുന്നു. വൻകിട ഒടിടി ബിസിനസ്സിന്റെ വരവോടെ പരമ്പരാഗത സിനിമയെ ചുറ്റിപ്പറ്റിയുള്ള ആഡംബരവും പ്രദർശനവും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗണ്യമായി കുറഞ്ഞുവരികയാണ്.
പരമ്പരാഗത സിനിമ എന്നത് ഒടിടിയുമായി താരതമ്യപ്പെടുത്താനാവാത്ത ഒരു അനുഭവമാണെന്ന കാര്യം വളരെ ശ്രദ്ധേയമാണ്. ഇതിനാൽ തന്നെ പരമ്പരാഗത സിനിമ പെട്ടന്ന് ഒന്നും തന്നെ ഇല്ലാതെയാകില്ല.
Post your comment
No comments to display