Zomato IPO- നിക്ഷേപ സാധ്യതകൾ എന്തെല്ലാം?
ഓൺലെെനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ നിങ്ങൾ ആദ്യം തിരയുന്ന ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. നമ്മളിൽ പലരും തന്നെ ഒരുപക്ഷേ സൊമാറ്റോയുടെ ഉപഭോക്താക്കളായിരിക്കാം. ഓൺലൈൻ ഫുഡ് ഡെലിവറി സ്‌റ്റാർട്ടപ്പ് കമ്പനി ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനി കഴിഞ്ഞ ആഴ്ച ഇതിനായുള്ള അപേക്ഷ (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്) സെബിക്ക് സമർപ്പിച്ചു.
പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 8520 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ പ്രീ-ഐ.പി.ഒയും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണത്തിന്റെ 75 ശതമാനവും കമ്പനിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കും. ബാക്കി 25 ശതമാനം തുക അഡ്മിനിസ്ട്രേഷൻ ചെലവുകൾക്കായി ഉപയോഗിക്കും. കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, മോർഗൻ സ്റ്റാൻലി, സിറ്റി ബാങ്ക്, ക്രെഡിറ്റ് സ്യൂസെ, ബാങ്ക് ഓഫ് അമേരിക്ക എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പരിശോധിച്ചു കൊണ്ട് ഐപിഒയെ പറ്റി കൂടുതൽ മനസിലാക്കാൻ ശ്രമിക്കുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്.
Zomato
ഉപഭോക്താക്കളെയും റെസ്റ്റോറന്റുകളെയും ഡെലിവറി പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഒരു സാങ്കേതിക പ്ലാറ്റ്ഫോമാണ് സൊമാറ്റോ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള റെസ്റ്റോറന്റുകളിൽ നിന്നും ഇഷ്ടമുള്ള ഭക്ഷണം അതിന്റെ ചിത്രങ്ങൾ കണ്ട് കൊണ്ട് തെരഞ്ഞെടുത്ത് ഓർഡർ ചെയ്യാൻ സാധിക്കും. സൊമാറ്റോ എന്നത് വെറും ഒരു ഫുഡ് ടെക് കമ്പനി മാത്രമല്ല. മറിച്ച് ഓൺലെെൻ ഫുഡ് ഡെലിവറി മേഖലയിലെ തന്നെ ഭീമനാണ്. ഇന്ത്യയിലെ 500 നഗരങ്ങളിലും 25 ഓളം വിദേശ രാജ്യങ്ങളിലുമായി കമ്പനി പ്രവർത്തിച്ചു വരുന്നു.
എന്നെയോ നിങ്ങളെയോ പോലെയുള്ള സാധാരണ ഉപഭോക്താക്കൾക്ക് മാത്രമല്ല കമ്പനിയുടെ സേവനം ലഭിക്കുന്നത്. മറിച്ച് വ്യവസായ-നിർദ്ദിഷ്ട മാർക്കറ്റിംഗ് ഉപകരണങ്ങൾ നൽകിക്കൊണ്ട് റെസ്റ്റോറന്റുകളെയും അവർ സേവിക്കുന്നു. ഇത് സൊമാറ്റോയുടെ ബിസിനസ് വളർത്താൻ സഹായിക്കും. iOS Appstore, Google Play എന്നിവയിൽ നിന്നായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോയാണ്.
1,61,637 വിതരണ പങ്കാളികളും 350174 റെസ്റ്റോറന്റുകളുമാണ് നിലവിൽ സൊമാറ്റോയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രെെം മെമ്പർഷിപ്പിലൂടെ കമ്പനി ഉപഭോക്താക്കൾക്ക് ഏറെ വിലകിഴിവ് നൽകുന്നു. നിലവിൽ സൊമാറ്റോക്ക് 14 ലക്ഷം പ്രോ മെമ്പേഴ്സും 25350ൽ അധികം പ്രോ റെസ്റ്റോറന്റ് വരിക്കാരുമുണ്ട്.
നഷ്ടം മാത്രം ഉണ്ടാക്കുന്ന കമ്പനിയോ?
2018 സാമ്പത്തിക വർഷം സൊമാറ്റോ 107 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2019 ൽ നഷ്ടം 1010 കോടി രൂപയായും 2020ൽ നഷ്ടം 2386 കോടി രൂപയായും ഉയർന്നു. 2021ലെ മൂന്നാം പാദത്തിൽ പോലും കമ്പനി 682 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ അറ്റാദായം രേഖപ്പെടുത്താൻ സാധിക്കാത്ത കമ്പനികളിൽ ഒന്നാണ് സൊമാറ്റോ എന്നാണ് കാണപ്പെടുന്നത്.
എന്നാൽ ഇപ്പോൾ ലാഭമുണ്ടാക്കണമെന്ന ആഗ്രഹം സൊമാറ്റോക്ക് തന്നെയില്ല. ഭാവിയിൽ വലിയ രീതിയിലുള്ള വിപുലീകരണങ്ങൾക്കായി കമ്പനി പദ്ധതിയിടുന്നതായും അതിനാൽ വരും വർഷങ്ങളിൽ ചെലവ് വർദ്ധിച്ചേക്കുമെന്നും സൊമാറ്റോ സൂചിപ്പിച്ചു. ഈ പദ്ധതികൾക്കായി ഇനിയും പണം മുടക്കേണ്ടി വരും.
പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കാൻ കമ്പനി ആഗ്രഹിക്കുന്നില്ല. എന്നാൽ കമ്പനി തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു.
കഴിഞ്ഞ് മൂന്ന് വർഷത്തിൽ കമ്പനി പണമൊഴുക്ക് രേഖപ്പെടുത്തിയിരുന്നു. 2021 സാമ്പത്തിക വർഷം ഇക്കഴിഞ്ഞ 9 മാസങ്ങളിലും കമ്പനിയുടെ പണമൊഴുക്ക് നെഗറ്റീവ് ആയിരുന്നു. എന്നാൽ കമ്പനി തങ്ങളുടെ മുന്നോട്ട് ഉള്ള വളർച്ചയിൽ വിശ്വാസം അർപ്പിക്കുന്നു. സ്ഥിരമായി ഉണ്ടാക്കി വരുന്ന നഷ്ടങ്ങളെ പറ്റി സൊമാറ്റോ ഓഹരി ഉടമകളോട് തുറന്നു പറയുന്നു. അധികം കമ്പനികൾ ഒന്നും തന്നെ തങ്ങളുടെ നഷ്ടം തുറന്ന് പറഞ്ഞ് കൊണ്ട് അടുത്തിടെ മുന്നിലേക്ക് വന്നിട്ടില്ല.
കമ്പനി ഇത്രയും വലിയ നഷ്ടങ്ങൾ നേരിടുന്നതിന് കാരണം ഉയർന്ന പലിശ നൽകുന്നതോ, കടബാധ്യതയുള്ളത് കൊണ്ടോ അല്ല. മറിച്ച് കമ്പനി വളരെ വലിയ രീതിയിലുള്ള വിപുലീകരണ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനാലാണ്. വിപണി കെെയ്യടക്കുന്നതിനായി കമ്പനി കൂടുതൽ വളർത്തിയെടുക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി നിക്ഷേപകരെ ഒട്ടും തന്നെ ആകർഷിക്കുകയില്ല. പ്രത്യേകിച്ച് ഹ്രസ്വകാലത്തിൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെ.
കമ്പനിയുടെ ഭാവിയും വർത്തമാനവും
സൊമാറ്റോ അവരുടെ ഭാവികാല വളർച്ചയിലേക്ക് ലക്ഷ്യം വയ്ക്കുന്നു എന്ന് വേണം മനസിലാക്കാൻ. എന്നാൽ ഈ കമ്പനിയിൽ നിക്ഷേപം നടത്തണോ വേണ്ടേ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങളെ മാത്രമല്ല. ഏവരെയും ആശങ്കപെടുത്തുന്ന ചോദ്യമാണ്.
2020ൽ അമേരിക്കൻ വാഹന നിർമാണ കമ്പനിയായ ടെസ്ല അവരുടെ നിക്ഷേപകർക്ക് അതിഭീകരമായ ലാഭം നേടി കൊടുത്തു. ഇത് കമ്പനി വളരെ വലിയ ലാഭം ഉണ്ടാക്കിയത് കൊണ്ടാണോ? അതോ കമ്പനി അത്രമാത്രം അടിസ്ഥാനപരമായി ഉറച്ചതായത് കൊണ്ടാണോ? അല്ല. സത്യത്തിൽ കമ്പനിയുടെ നിക്ഷേപം വളരെ ഉയർന്നതാണെന്ന് ലോക നിക്ഷേപകർ വിശ്വസിക്കുന്നു. എന്നാൽ ടെസ്ലയുടെ ഭാവി വളർച്ചയിൽ നിക്ഷേപകർ ഏറെ വിശ്വാസം അർപ്പിക്കുന്നു. ഭാവിയിൽ സാങ്കേതികവിദ്യ ഏറെ മുന്നിലായിരിക്കും, സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്ഫോമിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നു. ഇതിനാൽ തന്നെ ഭാവിയിൽ സൊമാറ്റോ വളർച്ച കെെവരിച്ചേക്കാം.
ഇന്ത്യയിലെ സൊമാറ്റോയെ യുഎസ് കമ്പനി ടെസ്ലയുമായി താരതമ്യം ചെയ്യാനാകുമോ? പൂർണമായും കഴിയില്ല. എന്നാൽ സൊമാറ്റോയ്ക്ക് തങ്ങളുടെ ബിസിനസിൽ പൂർണ വിശ്വാസമുണ്ട്. ഹ്രസ്വകാല നേട്ടങ്ങൾ മറന്നു കൊണ്ട് ഭാവിയിലെ വിജയത്തിനായി പ്രവർത്തിക്കുകയെന്നതാണ് കമ്പനിയുടെ നയം. പിൽക്കാലങ്ങളിലേക്ക് നോക്കിയാൽ കമ്പനിയുടെ സ്വപ്നങ്ങളെ അവിശ്വാസിക്കാൻ ഒരു കാരണവുമില്ല. 2018 സാമ്പത്തിക വർഷം സൊമാറ്റോക്ക് 3.06 കോടി രൂപയുടെ ഓർഡറുകളാണ് ലഭിച്ചിരുന്നത്. 2020ൽ ഇത് 10 ഇരട്ടി വർദ്ധിച്ച് 40.31 കോടിയായി.
ഇന്ത്യയിലെ പുതുതലമുറയ്ക്ക് വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിനേക്കൾ ഏറെ പ്രീയം ഹോട്ടൽ ഭക്ഷണങ്ങളാണ്. ഇതിന് ഭക്ഷണത്തിന്റെ രൂചി ഉൾപ്പെടെ അനേകം കാരണങ്ങളുണ്ടാകാം. എന്നാൽ കൊവിഡ് പകർച്ചവ്യാധി ഉണ്ടായപ്പോൾ പോലും ഇതിന് മാറ്റം സംഭവിച്ചില്ല. ലോക്ക്ഡൗണിൽ വീടുകളിൽ കഴിഞ്ഞവർക്ക് തങ്ങളുടെ പ്രിയപെട്ട ഹോട്ടൽ ഭക്ഷണങ്ങൾ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ ഓൺലെെൻ ഫുഡ് ഡെലിവറി മേഖലയിലെ ഏകാധിപതിയായി തുടരാനായാൽ സൊമാറ്റോയ്ക്ക് ദീർഘകാല അടിസ്ഥാനത്തിൽ വളരെ വലിയ ലാഭം കൊയ്യാനാകും. ഇത് തന്നെയാകും കമ്പനി ലക്ഷ്യം വയ്ക്കുന്നതും.
വ്യക്തിപരമായി ഞാൻ സൊമാറ്റോ ഐപിഒയിൽ താത്പരനാണ്. എന്നാൽ ഇതിന് അർത്ഥം ഞാൻ ഉറപ്പായും ഓഹരിയിൽ നിക്ഷേപിക്കും എന്നല്ല. നിരവധി കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമാകും നിർണയത്തിൽ എത്തുക. സൊമാറ്റോയുടെ ഐപിഒ ദിവസം അറിഞ്ഞതിന് ശേഷം കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് മറ്റൊരു ലേഖനം ഞങ്ങൾ പ്രസ്ദ്ധീകരിക്കുന്നതാണ്. അതിലൂടെ ഐപിഒയെ പറ്റി കൂടുതൽ വിവരങ്ങൾ മനസിലാക്കാനും ഉചിതമായ തീരുമാനം എടുക്കാനും നിങ്ങൾക്ക് സാധിക്കു.
സൊമാറ്റോയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമ്പനിയുടെ ഭാവി വളർച്ചയിൽ നിങ്ങൾ വിശ്വാസിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display